വെളിപ്പാട് 9:1-21
വെളിപ്പാട് 9:1-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നത് ഞാൻ കണ്ടു; അവന് അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു. അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുംചൂളയിലെ പുകപോലെ കൂപത്തിൽനിന്നു പുക പൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി. പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു. അതിനു ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചു. നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലെ പുല്ലിനും പച്ചയായതൊന്നിനും യാതൊരു വൃക്ഷത്തിനും കേടു വരുത്തരുത് എന്ന് അതിനു കല്പന ഉണ്ടായി. അവരെ കൊല്ലുവാനല്ല, അഞ്ചു മാസം ദണ്ഡിപ്പിപ്പാനത്രേ അതിന് അധികാരം ലഭിച്ചത്; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉള്ള വേദനപോലെ തന്നെ. ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാൺകയില്ലതാനും; മരിപ്പാൻ കൊതിക്കും; മരണം അവരെ വിട്ട് ഓടിപ്പോകും. വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിനു ചമയിച്ച കുതിരയ്ക്കു സമം; തലയിൽ പൊൻകിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു. സ്ത്രീകളുടെ മുടിപോലെ അതിനു മുടി ഉണ്ട്; പല്ല് സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു. ഇരുമ്പുകവചംപോലെ കവചം ഉണ്ട്; ചിറകിന്റെ ഒച്ച പടയ്ക്ക് ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു. തേളിനുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ട്; മനുഷ്യരെ അഞ്ചു മാസം ഉപദ്രവിപ്പാൻ അതിനുള്ള ശക്തി വാലിൽ ആയിരുന്നു. അഗാധദൂതൻ അതിനു രാജാവായിരുന്നു; അവന് എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ. കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു. ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണപീഠത്തിന്റെ കൊമ്പുകളിൽനിന്ന് ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോട്: യൂഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു. ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ട്, മാസം, ദിവസം, നാഴികയ്ക്ക് ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു. കുതിരപ്പടയുടെ സംഖ്യ പതിനായിരം മടങ്ങ് ഇരുപതിനായിരം എന്നു ഞാൻ കേട്ടു. ഞാൻ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടത് എങ്ങനെയെന്നാൽ: അവർക്കു തീ നിറവും രക്തനീലവും ഗന്ധകവർണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽനിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു. വായിൽനിന്നു പുറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചുപോയി. കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സർപ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു; ഇവയാലത്രേ കേടു വരുത്തുന്നത്. ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുർഭൂതങ്ങളെയും, കാൺമാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്ന്, വെള്ളി, ചെമ്പ്, കല്ല്, മരം ഇവകൊണ്ടുളള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല. തങ്ങളുടെ കൊലപാതകം, ക്ഷുദ്രം, ദുർന്നടപ്പ്, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.
വെളിപ്പാട് 9:1-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനന്തരം അഞ്ചാമത്തെ മാലാഖ കാഹളമൂതി. ആകാശത്തുനിന്നു ഭൂമിയിൽ നിപതിച്ച ഒരു നക്ഷത്രം ഞാൻ കണ്ടു. അവന് അഗാധപാതാളത്തിന്റെ താക്കോൽ നല്‌കപ്പെട്ടു. അവൻ അതിന്റെ പ്രവേശനദ്വാരം തുറന്നു. അതിൽനിന്ന് ഒരു വലിയ തീച്ചൂളയിൽ നിന്നെന്നപോലെ പുക പൊങ്ങി. സൂര്യനും വായുമണ്ഡലവും പുകകൊണ്ട് ഇരുണ്ടുപോയി. പുകയിൽനിന്ന് വെട്ടുക്കിളി ഭൂമിയിലേക്കു വന്നു. ഭൂമിയിലെ തേളുകൾക്കുള്ളതുപോലെയുള്ള ശക്തി അവയ്‍ക്കു നല്‌കപ്പെട്ടു. നെറ്റിത്തടത്തിൽ സർവേശ്വരന്റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയെങ്കിലുമോ ഏതെങ്കിലും വൃക്ഷത്തെയോ പച്ചിലച്ചെടിയെയോ പുൽക്കൊടിയെയോ ദ്രോഹിക്കരുതെന്ന് അവയോടു കല്പിച്ചിരുന്നു. അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിക്കുവാനത്രേ അതിന് അധികാരം നല്‌കപ്പെട്ടത്. അവ ഉണ്ടാക്കുന്ന വേദന തേളു കുത്തുമ്പോഴുള്ള വേദനപോലെ ആയിരിക്കും. ആ നാളുകളിൽ മനുഷ്യൻ മരണത്തെ തേടും, പക്ഷേ കണ്ടെത്തുകയില്ല. അവർ മരിക്കാൻ ആഗ്രഹിക്കും, എന്നാൽ മരണം അവരെ വിട്ട് ഓടിയകലും. യുദ്ധത്തിനുവേണ്ടി ചമയിച്ച് ഒരുക്കിനിറുത്തുന്ന പടക്കുതിരയെപ്പോലെയാണ് വെട്ടുക്കിളിയുടെ ആകൃതി. അവയുടെ മുഖം മനുഷ്യൻറേതുപോലെയും തലയിൽ സ്വർണക്കിരീടം വച്ചിരിക്കുന്നതുപോലെയും കാണപ്പെട്ടു. സ്‍ത്രീകളുടേതുപോലെയുള്ള മുടി അവയ്‍ക്കുണ്ട്. സിംഹത്തിൻറേതുപോലെയുള്ള പല്ലുകളും ഇരുമ്പുകവചംപോലെയുള്ള ചെതുമ്പലുകളും അവയ്‍ക്കുണ്ടായിരുന്നു. കുതിരകളെ പൂട്ടിയ അനേകം രഥങ്ങൾ പടക്കളത്തിലേക്കു പായുമ്പോഴുള്ള ശബ്ദം പോലെയാണ് അവയുടെ ചിറകടിയുടെ ശബ്ദം. തേളിൻറേതുപോലെയുള്ള വാലും വിഷമുള്ളും അവയ്‍ക്കുണ്ട്. മനുഷ്യനെ അഞ്ചുമാസം വേദനിപ്പിക്കുന്നതിനുള്ള ശക്തി അവയുടെ വാലുകൾക്കുണ്ട്. പാതാളത്തിന്റെ മാലാഖയാണ് അവയുടെ രാജാവ്. ആ മാലാഖയുടെ പേർ എബ്രായഭാഷയിൽ ‘അബദ്ദോൻ’ എന്നും ഗ്രീക്കുഭാഷയിൽ ‘അപ്പൊല്ലുവോൻ’ അഥവാ ‘നശിപ്പിക്കുന്നവൻ’ എന്നുമാണ്. ഒന്നാമത്തെ കഷ്ടത കഴിഞ്ഞു. ഇനി രണ്ടു കഷ്ടതകൾ കൂടി വരുവാനുണ്ട്. പിന്നീട് ആറാമത്തെ മാലാഖ കാഹളമൂതി. അപ്പോൾ ദൈവത്തിന്റെ മുമ്പിലുള്ള സ്വർണബലിപീഠത്തിന്റെ നാലു കൊമ്പുകളിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടു. കാഹളം കൈയിലുള്ള മാലാഖയോട്, “യൂഫ്രട്ടീസ് നദിയുടെ തീരത്തു ബന്ധിച്ചിരിക്കുന്ന നാലു മാലാഖമാരെയും അഴിച്ചുവിടുക” എന്നു പറയുന്നതായിരുന്നു ആ ശബ്ദം. ഉടനെ ആ മാലാഖമാരെ അഴിച്ചുവിട്ടു. മനുഷ്യരാശിയുടെ മൂന്നിലൊന്നു ഭാഗത്തെ കൊന്നൊടുക്കുവാനുള്ള നാഴികയ്‍ക്കും ദിവസത്തിനും മാസത്തിനും വർഷത്തിനുംവേണ്ടി ഒരുക്കപ്പെട്ടവരാണ് അവർ. കുതിരപ്പടയുടെ സംഖ്യ പതിനായിരത്തിന്റെ ഇരുപതിനായിരം മടങ്ങ് എന്നു ഞാൻ കേട്ടു. ആ കുതിരപ്പടയെ ദർശനത്തിൽ ഞാൻ കണ്ടത് ഇങ്ങനെയാണ്: കുതിരപ്പുറത്തിരുന്നവർ അഗ്നിയുടെയും ഇന്ദ്രനീലത്തിന്റെയും ഗന്ധകത്തിന്റെയും നിറമുള്ള കവചം ധരിച്ചിരിക്കുന്നു. സിംഹത്തിൻറേതുപോലെ തലയുള്ള കുതിരയുടെ വായിൽനിന്നു തീയും ഗന്ധകവും പുകയും പുറപ്പെട്ടിരുന്നു. ഈ മൂന്നു മഹാമാരികൾമൂലം മനുഷ്യരാശിയുടെ മൂന്നിലൊന്നു നശിച്ചുപോയി. ആ കുതിരയുടെ വായിൽനിന്നു പുറപ്പെട്ട അഗ്നിയും പുകയും ഗന്ധകവുംകൊണ്ടു തന്നെ. എന്തെന്നാൽ ആ കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ആണ്. സർപ്പാകൃതിയും തലയുമുള്ളവ ആയിരുന്നു അവയുടെ വാലുകൾ. ആ വാലുകൊണ്ട് അവ ക്ഷതമേല്പിക്കുന്നു. ഈ മഹാമാരികൾകൊണ്ടു കൊല്ലപ്പെടാതെ അവശേഷിച്ചവർ തങ്ങളുടെ കൈകളുടെ പ്രവൃത്തിയെക്കുറിച്ച് അനുതപിച്ചില്ല; പിശാചുപൂജയും വിഗ്രഹാരാധനയും തുടർന്നുപോന്നു. പൊന്നും വെള്ളിയും വെള്ളോടും കല്ലും മരവുംകൊണ്ട് ഉണ്ടാക്കിയിട്ടുള്ളവയാണ് അവർ ആരാധിക്കുന്ന വിഗ്രഹങ്ങൾ. അവയ്‍ക്കു കാണുവാനോ, കേൾക്കുവാനോ, നടക്കുവാനോ ഉള്ള കഴിവില്ലല്ലോ. തങ്ങളുടെ കൊലപാതകങ്ങൾ, ആഭിചാരം, ദുർവൃത്തികൾ, മോഷണങ്ങൾ ഇവയെക്കുറിച്ച് അവർ അനുതപിച്ചതുമില്ല.
വെളിപ്പാട് 9:1-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നെ അഞ്ചാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീഴുന്നത് ഞാൻ കണ്ടു; അഗാധഗർത്തത്തിൻ്റെ താക്കോൽ അവനു കൊടുത്തു. അവൻ അഗാധഗർത്തം തുറന്നു; ഒരു വലിയ ചൂളയിൽ നിന്നുള്ള പുകപോലെ ഗർത്തത്തിൽനിന്ന് പുകപൊങ്ങി; ഗർത്തത്തിൽ നിന്നും ഉയർന്ന പുകയാൽ സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. പുകയിൽ നിന്ന് വെട്ടുക്കിളികൾ ഭൂമിമേൽ വന്നു, അവയ്ക്ക് ഭൂമിയിലെ തേളുകൾക്കുള്ളതുപോലെയുള്ള ശക്തി കൊടുക്കപ്പെടുകയും ചെയ്തു. നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലുള്ള പുല്ലിനും, യാതൊരു പച്ചയായ സസ്യത്തിനും, വൃക്ഷത്തിനും കേടുവരുത്തരുത് എന്നു അതിന് കല്പന ലഭിച്ചു. അവരെ കൊല്ലുവാനല്ല, എന്നാൽ അഞ്ചുമാസക്കാലം അവരെ ഉപദ്രവിക്കുവാനത്രേ അവയ്ക്ക് അനുവാദം നൽകിയത്; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉണ്ടാകുന്ന വേദനപോലെ തന്നെ. ആ കാലത്ത് മനുഷ്യർ മരണം അന്വേഷിക്കും; പക്ഷേ അത് കണ്ടെത്തുകയില്ല; അവർ മരിക്കുവാൻ ആശിക്കും; എന്നാൽ മരണം അവരിൽ നിന്നു പറന്നുപോകും. വെട്ടുക്കിളികളുടെ രൂപം യുദ്ധത്തിന് ഒരുക്കിയ കുതിരകളെപ്പോലെ; അവയുടെ തലകളിൽ സ്വർണ്ണകിരീടങ്ങൾ പോലെ എന്തോ ഉണ്ടായിരുന്നു; അവയുടെ മുഖങ്ങൾ മനുഷ്യരുടെ മുഖങ്ങൾ പോലെയും ആയിരുന്നു. സ്ത്രീകളുടെ മുടിപോലെ അവയ്ക്ക് മുടി ഉണ്ടായിരുന്നു; അവയുടെ പല്ലുകൾ സിംഹത്തിന്‍റെ പല്ലുകൾ പോലെ ആയിരുന്നു. ഇരുമ്പുകവചംപോലെ അവയ്ക്ക് കവചങ്ങൾ ഉണ്ട്; അവയുടെ ചിറകുകളുടെ ശബ്ദം യുദ്ധത്തിനു ഓടുന്ന അനേകം രഥങ്ങളും കുതിരകളും ഉണ്ടാക്കുന്ന ശബ്ദംപോലെയും ആയിരുന്നു. അവയ്ക്ക് തേളുകളെപ്പോലെ വാലുകൾ ഉണ്ട്; അവയിൽ വിഷമുള്ളുകളും ഉണ്ടായിരുന്നു; മനുഷ്യരെ അഞ്ചുമാസക്കാലം ഉപദ്രവിക്കുവാനുള്ള ശക്തി അവയ്ക്ക് ഉണ്ടായിരുന്നു. അഗാധഗർത്തത്തിൻ്റെ ദൂതൻ അവയുടെമേൽ രാജാവായി ഉണ്ടായിരുന്നു; അവന്‍റെ പേര് എബ്രായ ഭാഷയിൽ അബദ്ദോൻ എന്നാകുന്നു, എന്നാൽ ഗ്രീക്ക് ഭാഷയിൽ അത് അപ്പൊല്ലുവോൻ എന്നും ആകുന്നു. ആദ്യത്തെ കഷ്ടം കഴിഞ്ഞുപോയി. ജാഗ്രതയായിരിക്ക! ഇനിയും രണ്ടു കഷ്ടങ്ങൾ കൂടെ വരുവാനുണ്ട്. ആറാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ദൈവസന്നിധിയിലുള്ള സ്വർണ്ണയാഗപീഠത്തിലെ നാലു കൊമ്പുകളിൽനിന്ന് ഒരു ശബ്ദം വരുന്നത് ഞാൻ കേട്ടു. ആ ശബ്ദം കാഹളം കയ്യിലുള്ള ആറാം ദൂതനോട് പറഞ്ഞത്, “യൂഫ്രട്ടീസ് എന്ന മഹാനദിക്കരികെ ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെ അഴിച്ചുവിടുക.” മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാനായി, ഒരു മണിക്കൂറിനും ഒരു ദിവസത്തിനും ഒരു മാസത്തിനും ഒരു വർഷത്തിനും ഒരുക്കിയിരുന്ന നാലു ദൂതന്മാരെ അഴിച്ചുവിട്ടു. കുതിരപ്പടയുടെ സംഖ്യ ആയിരം മടങ്ങ് രണ്ടുലക്ഷം എന്നു ഞാൻ കേട്ടു. ഞാൻ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരെയും എന്‍റെ ദർശനത്തിൽ കണ്ടത് എങ്ങനെ എന്നാൽ: അവരുടെ മാർകവചങ്ങൾ തീകൊണ്ടുള്ളതും, ചുവന്ന സ്ഫടികവും ഗന്ധകവും പോലെ ഉള്ളതും ആയിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; അവയുടെ വായിൽ നിന്നും തീയും പുകയും ഗന്ധകവും വമിച്ചു. അവയുടെ വായിൽനിന്നു പുറപ്പെട്ട തീ, പുക, ഗന്ധകം എന്നിവയാൽ മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെട്ടു. അവയുടെ ശക്തി വായിലും വാലിലും ആയിരുന്നു; അവയുടെ വാലുകൾ സർപ്പങ്ങളെപ്പോലെ ആയിരുന്നു; മനുഷ്യനെ ദണ്ഡിപ്പിക്കുന്നതിന് അവയ്ക്ക് തലകളും ഉണ്ടായിരുന്നു. ഈ ബാധകളാൽ കൊല്ലപ്പെടാത്ത ബാക്കി മനുഷ്യരോ അവർ ചെയ്തിരുന്ന പ്രവൃത്തി വിട്ടു മാനസാന്തരപ്പെട്ടില്ല, ദുർഭൂതങ്ങളെയും, കാണുവാനും കേൾക്കുവാനും നടക്കുവാനും കഴിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ല്, മരം എന്നിവകൊണ്ടുള്ള ബിംബങ്ങളെയും ആരാധിക്കുന്നതും അവർ നിർത്തിയില്ല. അവരുടെ കൊലപാതകം, മന്ത്രവാദം, ദുർന്നടപ്പ്, മോഷണം എന്നീ പ്രവൃത്തികള്‍ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.
വെളിപ്പാട് 9:1-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു. അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തിൽനിന്നു പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി. പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു. നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി. അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉള്ള വേദനപോലെ തന്നേ. ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാൺകയില്ലതാനും; മരിപ്പാൻ കൊതിക്കും; മരണം അവരെ വിട്ടു ഓടിപ്പോകും. വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയിൽ പൊൻകിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു. സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു. ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു. തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാൻ അതിന്നുള്ള ശക്തി വാലിൽ ആയിരുന്നു. അഗാധദൂതൻ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ. കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു. ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണ്ണ പീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു: യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു. ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു. കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാൻ കേട്ടു. ഞാൻ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടതു എങ്ങനെ എന്നാൽ: അവർക്കു തീനിറവും രക്തനീലവും ഗന്ധകവർണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു. വായിൽ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചുപോയി. കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സർപ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു; ഇവയാലത്രേ കേടു വരുത്തുന്നതു. ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുർഭൂതങ്ങളെയും, കാണ്മാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല. തങ്ങളുടെ കൊലപാതകം, ക്ഷുദ്രം, ദുർന്നടപ്പു, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.
വെളിപ്പാട് 9:1-21 സമകാലിക മലയാളവിവർത്തനം (MCV)
അഞ്ചാമത്തെദൂതൻ കാഹളം ഊതി. അപ്പോൾ ആകാശത്തുനിന്ന് ഒരു നക്ഷത്രം ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു. അതിന് അഗാധഗർത്തത്തിന്റെ തുരങ്കത്തിന്റെ താക്കോൽ ലഭിച്ചു. ആ നക്ഷത്രം അഗാധഗർത്തിന്റെ തുരങ്കം തുറന്നപ്പോൾ വലിയ തീച്ചൂളയിലെ പുകപോലെ അതിൽനിന്ന് പുക പൊങ്ങി. ആ പുകയിൽ സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. പുകയിൽനിന്ന് വെട്ടുക്കിളികൾ പുറപ്പെട്ടു ഭൂമിയിലേക്കിറങ്ങിവന്നു. അവയ്ക്കു ഭൂമിയിലെ തേളുകൾക്കുള്ള ശക്തി ലഭിച്ചു. നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കൊഴികെ മറ്റാർക്കുമോ ഭൂമിയിലെ പുല്ലിനോ സസ്യത്തിനോ വൃക്ഷത്തിനോ കേടുവരുത്തരുത് എന്ന് അവയ്ക്കു കൽപ്പന ലഭിച്ചു. അവരെ അഞ്ചുമാസത്തേക്ക് ഉപദ്രവിക്കാനല്ലാതെ, കൊല്ലാനുള്ള അധികാരം അവയ്ക്കു നൽകപ്പെട്ടിരുന്നില്ല. അവയിൽനിന്ന് മനുഷ്യർക്കുണ്ടാകുന്ന വേദന തേൾ ഇറുക്കുന്നതുപോലെ ആയിരുന്നു. ആ ദിവസങ്ങളിൽ മനുഷ്യർ മരണം അന്വേഷിക്കും; എന്നാൽ കണ്ടെത്തുകയില്ല; അവർ മരിക്കാൻ ആഗ്രഹിക്കും; എന്നാൽ മരണം അവരെ വിട്ട് ഓടിപ്പോകും. ആ വെട്ടുക്കിളികളുടെ രൂപം യുദ്ധത്തിനണിയിച്ചൊരുക്കിയ കുതിരകളുടേതിനു തുല്യം. അവയുടെ തലകളിൽ സ്വർണക്കിരീടംപോലെ എന്തോ ഒന്ന് അണിഞ്ഞിരുന്നു; അവയുടെ മുഖം മനുഷ്യരുടെ മുഖങ്ങൾപോലെയും ആയിരുന്നു. അവയ്ക്ക് സ്ത്രീകളുടെ മുടിപോലെ മുടിയും സിംഹങ്ങളുടേതുപോലെ പല്ലുകളും ഉണ്ടായിരുന്നു. ഇരുമ്പു കവചങ്ങൾക്കു തുല്യമായ കവചങ്ങൾ അവയ്ക്കുണ്ടായിരുന്നു. അവയുടെ ചിറകുകളുടെ ഇരമ്പൽ യുദ്ധത്തിനായി പായുന്ന അനേകം കുതിരകളുടെയും രഥങ്ങളുടെയും മുഴക്കത്തിനു തുല്യമായിരുന്നു. അവയ്ക്കു തേളുകളുടേതുപോലെ വാലും വിഷമുള്ളുകളും ഉണ്ട്. മനുഷ്യരെ അഞ്ചുമാസത്തേക്കു ദണ്ഡിപ്പിക്കാനുള്ള ശക്തി അവയുടെ വാലിൽ ഉണ്ട്. അഗാധഗർത്തത്തിന്റെ ദൂതനാണ് അവയുടെ രാജാവ്. അവന്റെ പേര് എബ്രായഭാഷയിൽ അബദ്ദോൻ എന്നും ഗ്രീക്കുഭാഷയിൽ അപ്പൊല്യോൻ എന്നുമാണ്. ഒന്നാമത്തെ ഭീകരാനുഭവം കഴിഞ്ഞു; ഇതാ, ഇനിയും രണ്ട് ഭീകരാനുഭവങ്ങൾകൂടി വരുന്നു. ആറാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ ദൈവസന്നിധിയിലുള്ള തങ്കയാഗപീഠത്തിന്റെ നാലു കൊമ്പുകളിൽനിന്നും ഒരു ശബ്ദം വരുന്നതു ഞാൻ കേട്ടു. കാഹളം വഹിച്ചിരുന്ന ആറാമത്തെ ദൂതനോട് ആ ശബ്ദം, “യൂഫ്രട്ടീസ് മഹാനദിയുടെ തീരത്തു ബന്ധിതരായിട്ടുള്ള നാലു ദൂതന്മാരെയും അഴിച്ചുവിടുക” എന്നു പറഞ്ഞു. ഈ വർഷം, ഈമാസം, ഈ ദിവസം, ഈ മണിക്കൂറിൽ മനുഷ്യരിൽ മൂന്നിലൊന്നു ഭാഗത്തെ കൊന്നുകളയുന്നതിനുവേണ്ടി തയ്യാറാക്കി നിർത്തിയിരുന്ന നാലു ദൂതന്മാരെയും അപ്പോൾ അഴിച്ചുവിട്ടു. അശ്വാരൂഢരായ സൈനികരുടെ എണ്ണം ഇരുപതുകോടിയാണ് എന്നു പറയുന്നതു ഞാൻ കേട്ടു. തുടർന്ന്, കുതിരകളെയും അതിന്മേൽ ഇരിക്കുന്നവരെയും ഞാൻ ദർശനത്തിൽ കണ്ടു. കുതിരപ്പുറത്തിരിക്കുന്നവരുടെ കവചങ്ങൾ തീയുടെനിറവും കടുംനീലയും ഗന്ധകവർണവുമായിരുന്നു. കുതിരകളുടെ തല സിംഹങ്ങളുടേതുപോലെ ആയിരുന്നു. അവയുടെ വായിൽനിന്ന് തീയും പുകയും ഗന്ധകവും വമിച്ചുകൊണ്ടിരുന്നു. അങ്ങനെ ബഹിർഗമിച്ചുകൊണ്ടിരുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധകളാൽ മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെട്ടു. കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ആയിരുന്നു; സർപ്പത്തെപ്പോലെ തലയുള്ള വാൽ ഉപയോഗിച്ചാണ് അവ മുറിവേൽപ്പിച്ചിരുന്നത്. ഈ ബാധകളാൽ കൊല്ലപ്പെടാതെ അവശേഷിച്ച മനുഷ്യർ എന്നിട്ടും തങ്ങളുടെ ദുഷ്‌പ്രവൃത്തികളിൽനിന്ന് മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിഞ്ഞില്ല. അവർ സ്വർണം, വെള്ളി, വെങ്കലം, കല്ല്, തടി എന്നിവകൊണ്ടു നിർമിച്ചതും കാണാനും കേൾക്കാനും നടക്കാനും കഴിവില്ലാത്തതുമായ വിഗ്രഹങ്ങളെയും ഭൂതങ്ങളെയും ഭജിക്കുന്നത് അവസാനിപ്പിച്ചില്ല. തങ്ങൾചെയ്ത കൊലപാതകം, മന്ത്രവാദം, അസാന്മാർഗികത, മോഷണം എന്നിവയെപ്പറ്റി അവർ അനുതപിച്ചതുമില്ല.