വെളിപ്പാട് 3:7-11
വെളിപ്പാട് 3:7-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഫിലദെൽഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവച്ചിരിക്കുന്നു; അത് ആർക്കും അടച്ചുകൂടാ. നിനക്ക് അല്പമേ ശക്തിയുള്ളൂ എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല. യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പള്ളിയിൽനിന്നു വരുത്തും; അവർ നിന്റെ കാല്ക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്ന് അറിവാനും സംഗതി വരുത്തും. സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്ത് ഞാനും നിന്നെ കാക്കും. ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാൻ തക്കവണ്ണം നിനക്കുള്ളത് പിടിച്ചുകൊൾക.
വെളിപ്പാട് 3:7-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഫിലദെൽഫിയയിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “പരിശുദ്ധനും, സത്യവാനും, ദാവീദിന്റെ താക്കോൽ കൈവശമുള്ളവനും ആർക്കും അടയ്‍ക്കുവാൻ കഴിയാത്തവണ്ണം തുറക്കുന്നവനും, ആർക്കും തുറക്കുവാൻ കഴിയാത്തവണ്ണം അടയ്‍ക്കുന്നവനുമായവൻ അരുൾചെയ്യുന്നു: നിന്റെ പ്രവൃത്തികൾ ഞാൻ അറിയുന്നു. ഇതാ നിന്റെ മുമ്പിൽ ആർക്കും അടയ്‍ക്കുവാൻ കഴിയാത്തവിധം തുറന്നിരിക്കുന്ന ഒരു വാതിൽ ഞാൻ സ്ഥാപിച്ചിരിക്കുന്നു. നിനക്കു പരിമിതമായ ശക്തിയേ ഉള്ളൂ. എങ്കിലും നീ എന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചിട്ടുമില്ല. യഥാർഥത്തിൽ യെഹൂദന്മാരല്ലാതിരിക്കെ തങ്ങൾ യെഹൂദന്മാരാണെന്നു വ്യാജം പറയുന്ന ചിലരെ ഞാൻ സാത്താന്റെ സുനഗോഗിൽനിന്നു വരുത്തി നിങ്ങളുടെ മുമ്പിൽ സാഷ്ടാംഗപ്രണാമം ചെയ്യിക്കും. ഞാൻ നിന്നെ സ്നേഹിച്ചു എന്ന് അവർ മനസ്സിലാക്കും. എന്റെ ക്ഷമയോടുകൂടിയ സഹനത്തിന്റെ വചനം നീ ജീവിതത്തിൽ പാലിച്ചതുകൊണ്ട്, ഭൂമിയിൽ നിവസിക്കുന്നവരെ ശോധന ചെയ്യുന്നതിനായി പ്രപഞ്ചത്തിന് ആകമാനമുണ്ടാകുന്ന അഗ്നിപരീക്ഷണകാലത്ത്, ഞാൻ നിന്നെ സംരക്ഷിക്കും. ഞാൻ വേഗം വരുന്നു. നിനക്കുള്ളതിനെ മുറുകെപ്പിടിച്ചുകൊള്ളുക. നിന്റെ വിജയകിരീടം ആരും തട്ടിയെടുക്കാതിരിക്കട്ടെ.
വെളിപ്പാട് 3:7-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഫിലദെൽഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോൽ കയ്യിൽ ഉള്ളവനും ആർക്കും അടച്ചുകൂടാതവണ്ണം തുറക്കുന്നവനും ആർക്കും തുറക്കാനാകാത്ത വിധം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ആർക്കും അടയ്ക്കുവാൻ കഴിയാത്തതായ ഒരു തുറന്ന വാതിൽ ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിനക്കു അല്പം ശക്തി മാത്രമേയുള്ളൂ എങ്കിലും നീ എന്റെ വചനം അനുസരിച്ചു, എന്‍റെ പേർ തള്ളികളഞ്ഞിട്ടും ഇല്ല. ജാഗ്രതയായിരിക്ക! യെഹൂദരല്ലാതിരിക്കെ യഹൂദരെന്ന് കളവായി പറയുന്ന സാത്താന്‍റെ പള്ളിക്കാരായവരെ ഞാൻ വരുത്തുകയും നിന്‍റെ പാദത്തിൽ നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അവർ അറിയുവാനും ഇടവരുത്തും. ക്ഷമയോടുകൂടി ഇരിപ്പാനുള്ള എന്‍റെ കല്പന നീ കാത്തുസൂക്ഷിച്ചതിനാൽ ഭൂമിയിൽ ഒക്കെയും ഉള്ളവരെ ശോധന ചെയ്യേണ്ടതിന് ലോകത്തിൽ വരുവാനുള്ള ശോധനാകാലത്ത് ഞാനും നിന്നെ കാത്തുസൂക്ഷിക്കും. ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും തട്ടിയെടുക്കാതിരിക്കുവാൻ തക്കവണ്ണം നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾക.
വെളിപ്പാട് 3:7-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അതു ആർക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല. യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പള്ളിയിൽ നിന്നു വരുത്തും; അവർ നിന്റെ കാൽക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും. സഹിഷ്ണതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും. ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക.
വെളിപ്പാട് 3:7-11 സമകാലിക മലയാളവിവർത്തനം (MCV)
“ഫിലദെൽഫിയയിലെ സഭയുടെ ദൂതന് എഴുതുക: “വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആരും അടയ്ക്കാത്തവിധം തുറക്കുന്നവനും ആരും തുറക്കാത്തവിധം അടയ്ക്കുന്നവനുമായ ഞാൻ അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു. നോക്കൂ, ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു തുറന്ന വാതിൽ ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. നിനക്കു ശക്തി അൽപ്പമേ അവശേഷിച്ചിട്ടുള്ളൂ എങ്കിലും എന്റെ വചനം അനുസരിക്കുകകയും എന്റെ നാമം നിഷേധിക്കാതിരിക്കുകയും ചെയ്തു. തങ്ങൾ യെഹൂദർ അല്ലാതിരിക്കെ, യെഹൂദരെന്ന വ്യാജേന മിഥ്യാഭിമാനം പുലർത്തുന്നവരാണ് സാത്താന്റെ പള്ളിക്കാർ. ഞാൻ നിന്നെ വാസ്തവമായി സ്നേഹിച്ചു എന്ന് അവർ ഗ്രഹിച്ചിട്ട് നിന്റെ കാൽക്കൽ വീഴാനിടയാക്കുന്നതു നീ കണ്ടുകൊള്ളുക. സഹിഷ്ണുതയെ സംബന്ധിച്ച എന്റെ വചനം നീ അനുസരിച്ചതിനാൽ സകലഭൂവാസികളെയും പരിശോധിക്കുന്ന പരീക്ഷാസമയത്തിൽനിന്ന് ഞാൻ നിന്നെ സംരക്ഷിക്കും. “ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിക്കേണ്ടതിന് നിനക്കുള്ളതു മുറുകെപ്പിടിക്കുക.