വെളിപ്പാട് 22:6-21
വെളിപ്പാട് 22:6-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അവൻ എന്നോട്: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവ് വേഗത്തിൽ സംഭവിക്കേണ്ടതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു. ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു. ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നെ. കേൾക്കയും കാണുകയും ചെയ്തശേഷം അത് എനിക്കു കാണിച്ചുതന്ന ദൂതന്റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു. എന്നാൽ അവൻ എന്നോട്: അതരുത്; ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു. അവൻ പിന്നെയും എന്നോടു പറഞ്ഞത്: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്. അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു. ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്ക് അധികാരം ഉണ്ടാകേണ്ടതിനും ഗോപുരങ്ങളിൽക്കൂടി നഗരത്തിൽ കടക്കേണ്ടതിനും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ. നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നെ. യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോട് ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു. വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ. ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. ഈ പ്രവചനപുസ്തകത്തിലെ വചനത്തിൽനിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും. ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്ന് അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ. കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.
വെളിപ്പാട് 22:6-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് മാലാഖ എന്നോടു പറഞ്ഞു: “ഈ വചനങ്ങൾ വിശ്വാസയോഗ്യവും സത്യവും ആകുന്നു. സംഭവിക്കേണ്ട കാര്യങ്ങൾ തന്റെ ദാസന്മാർക്ക് കാണിച്ചുകൊടുക്കുവാൻ പ്രവാചകാത്മാക്കളുടെ ദൈവമായ കർത്താവ് തന്റെ ദൂതനെ അയച്ചിരിക്കുന്നു. “ഇതാ, ഞാൻ വേഗം വരുന്നു! ഈ പുസ്തകത്തിലെ പ്രവചനങ്ങൾ അനുസരിക്കുന്നവൻ അനുഗൃഹീതൻ!” യോഹന്നാൻ എന്ന ഞാൻ ആണ് ഇവയെല്ലാം കാണുകയും കേൾക്കുകയും ചെയ്തത്; ഞാൻ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ അവ കാണിച്ചുതന്ന മാലാഖയെ പ്രണമിക്കുന്നതിനായി സാഷ്ടാംഗം വീണു. എന്നാൽ മാലാഖ എന്നോടു പറഞ്ഞു: “അങ്ങനെ ചെയ്യരുത്! ഞാൻ താങ്കളുടെയും താങ്കളുടെ സഹോദരരായ പ്രവാചകരുടെയും ഈ പുസ്തകത്തിലെ വചനങ്ങൾ അനുസരിക്കുന്നവരുടെയും സഹഭൃത്യനത്രേ. ദൈവത്തെ മാത്രം ആരാധിക്കുക.” വീണ്ടും മാലാഖ എന്നോട് ഇപ്രകാരം പറഞ്ഞു: “ഇവയെല്ലാം സംഭവിക്കുവാനുള്ള സമയം ആസന്നമായിരിക്കുകയാൽ ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങൾ മുദ്രവച്ച് രഹസ്യമായി വയ്‍ക്കരുത്. ദുഷ്കർമി ഇനിയും ദുഷ്ടത പ്രവർത്തിച്ചുകൊള്ളട്ടെ. അഴുക്കു പറ്റിയവൻ അഴുക്കിൽതന്നെ കഴിയട്ടെ; നീതിമാൻ മേലിലും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. “ഇതാ, ഞാൻ വേഗം വരുന്നു! അവരവർ ചെയ്ത പ്രവൃത്തിക്കു തക്കവണ്ണം ഓരോ വ്യക്തിക്കും നല്‌കുവാനുള്ള പ്രതിഫലവുമായിട്ടാണ് ഞാൻ വരുന്നത്. ഞാൻ അല്ഫയും ഓമേഗയും ആണ്-ആദ്യനും അന്ത്യനും-ആദിയും അന്ത്യവും ഞാൻ തന്നെ. ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുവാനും ഗോപുരത്തിൽ കൂടി നഗരത്തിൽ പ്രവേശിക്കുവാനും അവകാശം ലഭിക്കുവാനായി തങ്ങളുടെ വസ്ത്രം അലക്കി വെളുപ്പിക്കുന്നവർ അനുഗൃഹീതർ! നായ്‍ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും വ്യാജം പറയുവാനും പ്രവർത്തിക്കുവാനും ഇഷ്ടപ്പെടുന്നവരും നഗരത്തിനു പുറത്താണ്. “സഭകൾക്കുള്ള സാക്ഷ്യവുമായി, യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്താനവും അത്രേ. ഭാസുരമായ ഉദയനക്ഷത്രം.” ആത്മാവും മണവാട്ടിയും പറയുന്നു: “വന്നാലും!” കേൾക്കുന്നവനും പറയട്ടെ, “വന്നാലും!” എന്ന്. ദാഹിക്കുന്നവൻ വരട്ടെ; ജീവജലം വേണമെന്ന് ആഗ്രഹിക്കുന്നവർ അതു വിലകൂടാതെ വാങ്ങിക്കൊള്ളട്ടെ. ഈ ഗ്രന്ഥത്തിലെ പ്രധാന വചസ്സുകൾ കേൾക്കുന്ന എല്ലാവർക്കും ഞാൻ മുന്നറിയിപ്പു നല്‌കുന്നു: ആരെങ്കിലും ഇവയോട് എന്തെങ്കിലും കൂട്ടിച്ചേർത്താൽ അങ്ങനെയുള്ളവന് ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ള മഹാമാരികൾ ദൈവം വരുത്തും. ഈ പ്രവചനഗ്രന്ഥത്തിലെ വചനങ്ങളിൽനിന്ന് ഏതെങ്കിലും എടുത്തുകളയുന്നവനിൽനിന്ന് ഇതിൽ വിവരിച്ചിട്ടുള്ള ജീവവൃക്ഷത്തിന്റെയും വിശുദ്ധനഗരത്തിന്റെയും ഓഹരിയും എടുത്തുകളയും. ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നവൻ പറയുന്നു: “നിശ്ചയമായും, ഞാൻ വേഗം വരുന്നു!” ആമേൻ, കർത്താവായ യേശുവേ, വേഗം വന്നാലും! കർത്താവായ യേശുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ. ആമേൻ.
വെളിപ്പാട് 22:6-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ എന്നോട്: “ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; വിശുദ്ധ പ്രവാചകന്മാരുടെ കർത്താവായ ദൈവം വേഗത്തിൽ സംഭവിപ്പാനുള്ളത് തന്‍റെ ദാസന്മാരെ കാണിക്കേണ്ടതിന് തന്‍റെ ദൂതനെ അയച്ചു.“ ഇതാ, ഞാൻ വേഗം വരുന്നു; ഈ പുസ്തകത്തിലെ പ്രവചനത്തിന്‍റെ വചനങ്ങളെ കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ. യോഹന്നാൻ എന്ന ഞാൻ ഈ കാര്യങ്ങൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്തു. ഞാൻ കേൾക്കുകയും കാൺകയും ചെയ്തപ്പോൾ അത് എനിക്ക് കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിന് ഞാൻ കാൽക്കൽ വീണു. അവൻ എന്നോട്: “നീ അത് ചെയ്യരുത്: ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടേടെയും ഈ പുസ്തകത്തിലെ വചനം അനുസരിക്കുന്നവരുടെയും കൂട്ടുദാസനത്രേ; ദൈവത്തെ ആരാധിക്ക“ എന്നു പറഞ്ഞു. അവൻ എന്നോട് പറഞ്ഞത്: “സമയം അടുത്തിരിക്കുകയാൽ ഈ പുസ്തകത്തിലെ പ്രവചനത്തിന്‍റെ വചനങ്ങളെ മുദ്രയിടരുതു. അനീതിയുള്ളവൻ ഇനിയും അനീതി ചെയ്യട്ടെ; മ്ലേച്ഛനായവൻ ഇനിയും മ്ലേച്ഛനായിരിക്കട്ടെ; നീതിമാൻ ഇനിയും നീതിമാനായിരിക്കട്ടെ; വിശുദ്ധൻ ഇനിയും വിശുദ്ധനായിരിക്കട്ടെ.“ ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുക്കുവാൻ പ്രതിഫലം എന്‍റെ അടുക്കൽ ഉണ്ട്. ഞാൻ അല്ഫയും ഓമേഗയും ആരംഭവും അവസാനവും ആദിയും അന്ത്യവും ആകുന്നു. ജീവന്റെ വൃക്ഷത്തിൽ പങ്ക് ലഭിക്കേണ്ടതിനും വാതിലുകളിൽകൂടി നഗരത്തിൽ കടക്കേണ്ടതിനും അവന്‍റെ പ്രമാണങ്ങളെ അനുസരിക്കുന്നവരായ തങ്ങളുടെ വസ്ത്രങ്ങളെ അലക്കുന്നവര്‍ ഭാഗ്യവാന്മാർ. നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും വ്യാജത്തെ ഇഷ്ടപ്പെടുകയും പ്രവർത്തിക്കയും ചെയ്യുന്ന എല്ലാവരും പുറത്തുതന്നെ. സഭകളിൽ ഈ കാര്യങ്ങൾ സാക്ഷീകരിക്കേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു; ഞാൻ ദാവീദിന്റെ വേരും വംശവും തേജസ്സുള്ള ഉദയനക്ഷത്രവുമാകുന്നു. വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ആശിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ. ഈ പുസ്തകത്തിലെ പ്രവചനത്തിന്‍റെ വാക്കുകൾ കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നത്: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ബാധകൾ ദൈവം അവനു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനങ്ങളിൽ നിന്നു ആരെങ്കിലും എന്തെങ്കിലും നീക്കിക്കളഞ്ഞാൽ ജീവന്‍റെ പുസ്തകത്തിലേയും വിശുദ്ധനഗരത്തിലേയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന മറ്റെല്ലാത്തിലും അവനുള്ള ഓഹരി ദൈവം നീക്കിക്കളയും. ഈ കാര്യങ്ങളെ സാക്ഷീകരിക്കുന്നവൻ അരുളിച്ചെയ്യുന്നത്: അതേ, ഞാൻ വേഗം വരുന്നു. ആമേൻ, അതെ, കർത്താവായ യേശുവേ, വരേണമേ. കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.
വെളിപ്പാട് 22:6-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു. ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നേ. കേൾക്കയും കാൺകയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു. എന്നാൽ അവൻ എന്നോടു: അതരുതു: ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു. അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു. അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു. ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ. നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ. യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു. വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ. ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും. ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ, കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.
വെളിപ്പാട് 22:6-21 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം ദൂതൻ എന്നോടു പറഞ്ഞത്: “പ്രവാചകന്മാർക്ക് പ്രചോദനമേകിയ ദൈവമായ കർത്താവുതന്നെയാണ് സമീപഭാവിയിൽ സംഭവിക്കാനുള്ളത് അവിടത്തെ ദാസർക്കു പ്രദർശിപ്പിക്കാൻ അവിടത്തെ ദൂതനെ നിയോഗിച്ചിരിക്കുന്നത്, ആയതിനാൽ ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവും ആകുന്നു.” “ഇതാ, ഞാൻ ഉടനെ വരുന്നു! ഈ പ്രവചനപുസ്തകത്തിലെ വചനങ്ങൾ അനുസരിക്കുന്നവർ അനുഗൃഹീതർ.” യോഹന്നാൻ എന്ന ഞാൻതന്നെയാണ് ഈ കാര്യങ്ങൾ കേൾക്കുകയും കാണുകയുംചെയ്തത്. കേൾക്കുകയും കാണുകയുംചെയ്തശേഷം ഇവ എനിക്കു കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിനു ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു. എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിങ്ങളെപ്പോലെ ഒരു ദാസൻമാത്രമാണ്. ഞാൻ നിനക്കും നിന്റെ സഹോദരങ്ങളായ പ്രവാചകർക്കും ഈ പുസ്തകത്തിലെ തിരുവചനങ്ങൾ അനുസരിക്കുന്നവർക്കും സമൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക” എന്നു പറഞ്ഞു. തുടർന്ന് ദൂതൻ എന്നോടു പറഞ്ഞത്: “ഈ പ്രവചനങ്ങൾ നിവൃത്തിയാകുന്ന സമയം ആസന്നമായിരിക്കുകയാൽ, ഈ പുസ്തകത്തിലെ പ്രവചനവാക്യങ്ങൾക്ക് മുദ്രവെക്കരുത്. അധർമികൾ ഇനിയും അധർമികളായിത്തന്നെ തുടരട്ടെ; അശുദ്ധർ ഇനിയും അശുദ്ധരായിത്തന്നെ തുടരട്ടെ. ധർമിഷ്ടർ നീതിപ്രവൃത്തികൾ ചെയ്യട്ടെ; വിശുദ്ധർ ഇനിയും വിശുദ്ധീകരിക്കട്ടെ.” “ഇതാ, ഞാൻ ഉടനെ വരുന്നു! എന്റെപക്കൽ, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി നൽകാനുള്ള പ്രതിഫലം ഉണ്ട്. ഞാൻ ആൽഫയും ഒമേഗയും—ആദ്യനും അന്ത്യനും—ആരംഭവും അവസാനവും—ആകുന്നു. “നഗരകവാടങ്ങളിലൂടെ പ്രവേശിക്കാനും ജീവവൃക്ഷഫലം ആസ്വദിക്കാനുള്ള അധികാരം ലഭിക്കാനും യോഗ്യത നേടേണ്ടതിന് ശുദ്ധീകരിക്കപ്പെട്ട വസ്ത്രങ്ങൾ ഉള്ളവർ അനുഗൃഹീതർ. എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, കൊലയാളികൾ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ. “സഭകൾക്കുവേണ്ടി ഇവയൊക്കെയും നിങ്ങളോടു സാക്ഷ്യപ്പെടുത്തേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്തതിയുമായ, ഉജ്ജ്വലിക്കുന്ന പ്രഭാതനക്ഷത്രമാണ്.” ആത്മാവും മണവാട്ടിയും പറയുന്നു, “വരിക!” ശ്രോതാവും പറയട്ടെ “വരിക!” ദാഹിക്കുന്നവർ വരിക, ജീവജലം ആഗ്രഹിക്കുന്നവർ സൗജന്യമായി സ്വീകരിക്കട്ടെ. ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ കേൾക്കുന്ന എല്ലാവരോടും ഞാൻ സാക്ഷ്യപ്പെടുത്തുന്നത്: ആരെങ്കിലും ഈ വാക്കുകളോടു കൂട്ടിച്ചേർത്താൽ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാധകൾ ദൈവം അവരോടും കൂട്ടിച്ചേർക്കും. ആരെങ്കിലും ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ നീക്കംചെയ്താൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ജീവവൃക്ഷത്തിൽനിന്നും വിശുദ്ധനഗരത്തിൽനിന്നും അവർക്കുള്ള ഓഹരി ദൈവം നീക്കിക്കളയും. ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നയാൾ അരുളിച്ചെയ്യുന്നത്, “ഞാൻ ഉടനെ വരുന്നു, നിശ്ചയം!” ആമേൻ! കർത്താവായ യേശുവേ, വരണമേ. കർത്താവായ യേശുവിന്റെ കൃപ ദൈവജനത്തോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.