വെളിപ്പാട് 21:1-3

വെളിപ്പാട് 21:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതിനുശേഷം പുതിയ ആകാശവും പുതിയ ഭൂമിയും ഞാൻ കണ്ടു; ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി. സമുദ്രവും ഇല്ലാതായി. പിന്നീട് വിശുദ്ധനഗരമായ നവയെരൂശലേം വരനെ എതിരേല്‌ക്കാൻ അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെപ്പോലെ സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽ നിന്നുതന്നെ ഇറങ്ങിവരുന്നതും ഞാൻ കണ്ടു. അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: “ഇതാ, ദൈവത്തിന്റെ വാസം മനുഷ്യരോടുകൂടി ആയിരിക്കുന്നു. അവിടുന്ന് അവരോടുകൂടി വസിക്കും; അവർ അവിടുത്തെ ജനമായിരിക്കും; ദൈവംതന്നെ അവരോടുകൂടി ഉണ്ടായിരിക്കും. അവിടുന്ന് അവരുടെ ദൈവം ആയിരിക്കുകയും ചെയ്യും.

വെളിപ്പാട് 21:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ ഞാൻ പുതിയ ഒരു ആകാശവും പുതിയ ഒരു ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഇല്ലാതെ ആയി; സമുദ്രവും ഇനി മേൽ ഇല്ല. ഭർത്താവിനായി അണിയിച്ചൊരുക്കിയ മണവാട്ടിയെപ്പോലെ പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽ, ദൈവസന്നിധിയിൽനിന്ന് തന്നെ, ഇറങ്ങി വരുന്നത് ഞാൻ കണ്ടു. സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്‍റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്‍റെ ജനമായിരിക്കും; ദൈവം താൻതന്നെ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.

വെളിപ്പാട് 21:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു. സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.

വെളിപ്പാട് 21:1-3 സമകാലിക മലയാളവിവർത്തനം (MCV)

പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല. മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും.