വെളിപ്പാട് 19:6-21
വെളിപ്പാട് 19:6-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടത്: ഹല്ലേലൂയ്യാ! സർവശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവ് രാജത്വം ഏറ്റിരിക്കുന്നു. നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്ത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നെ. പിന്നെ അവൻ എന്നോട്: കുഞ്ഞാടിന്റെ കല്യാണസദ്യക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്ന് എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു. ഞാൻ അവനെ നമസ്കരിക്കേണ്ടതിന് അവന്റെ കാല്ക്കൽ വീണു; അപ്പോൾ അവൻ എന്നോട്: അതരുത്: ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യമുള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നെ എന്നു പറഞ്ഞു. അനന്തരം സ്വർഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവനു വിശ്വസ്തനും സത്യവാനും എന്നു പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണ് അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവനുണ്ട്; അത് അവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവനു ദൈവവചനം എന്നു പേർ പറയുന്നു. സ്വർഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു. ജാതികളെ വെട്ടുവാൻ അവന്റെ വായിൽനിന്നു മൂർച്ചയുള്ള വാൾ പുറപ്പെടുന്നു; അവൻ ഇരുമ്പുകോൽകൊണ്ട് അവരെ മേയിക്കും; സർവശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്ക് അവൻ മെതിക്കുന്നു. രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു. ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നത് ഞാൻ കണ്ടു; അവൻ ആകാശമധ്യേ പറക്കുന്ന സകലപക്ഷികളോടും; രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിനു വന്നുകൂടുവിൻ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്വാൻ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നുകൂടിയതു ഞാൻ കണ്ടു. മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചുകെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു. ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു. അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.
വെളിപ്പാട് 19:6-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീടു ഞാൻ കേട്ടത് ഒരു വമ്പിച്ച ജനാവലിയുടെ ആരവംപോലെയും പെരുവെള്ളത്തിന്റെ ഇരമ്പൽപോലെയുമുള്ള ഒരു ശബ്ദം ആയിരുന്നു. “ഹല്ലേലൂയ്യാ! സർവശക്തനും നമ്മുടെ ദൈവവുമായ കർത്താവു വാഴുന്നു! നമുക്ക് ആനന്ദിക്കുകയും ആഹ്ലാദിച്ച് ആർപ്പുവിളിക്കുകയും ദൈവത്തെ പ്രകീർത്തിക്കുകയും ചെയ്യാം! എന്തെന്നാൽ കുഞ്ഞാടിന്റെ വിവാഹസമയം വന്നു കഴിഞ്ഞു. അവിടുത്തെ മണവാട്ടിയും അണിഞ്ഞൊരുങ്ങിയിരിക്കുന്നു. അവൾക്കു മൃദുലവും നിർമ്മലവും ശോഭയുള്ളതുമായ വസ്ത്രം ധരിക്കുവാൻ അനുഗ്രഹം ലഭിച്ചിരിക്കുന്നു” (വിശുദ്ധന്മാരുടെ നീതിനിഷ്ഠമായ പ്രവൃത്തികൾതന്നെയാണല്ലോ മൃദുലവസ്ത്രം). പിന്നീടു മാലാഖ എന്നോടു പറഞ്ഞു: “കുഞ്ഞാടിന്റെ വിവാഹസദ്യക്കു ക്ഷണിക്കപ്പെട്ടവർ അനുഗൃഹീതർ എന്നെഴുതുക. ഇവ ദൈവത്തിന്റെ സത്യവചനങ്ങളാകുന്നു” എന്നു പറഞ്ഞു. അപ്പോൾ ആ ദൂതനെ നമസ്കരിക്കുന്നതിനായി ഞാൻ കാല്‌ക്കൽ മുട്ടുകുത്തി. ദൂതൻ: “അതു പാടില്ല, താങ്കളെപ്പോലെയും യേശുക്രിസ്തുവിന്റെ സാക്ഷ്യം വഹിച്ചിട്ടുള്ള ഇതര സഹോദരന്മാരെപ്പോലെയുമുള്ള ഒരു ഭൃത്യൻ മാത്രമാണു ഞാൻ; ദൈവത്തെ മാത്രം ആരാധിക്കുക; യേശുവിന്റെ സാക്ഷ്യമാകട്ടെ, പ്രവചനത്തിന്റെ ആത്മാവാകുന്നു” എന്നു പറഞ്ഞു. സ്വർഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു. അതാ, ഒരു വെള്ളക്കുതിര! അതിന്റെ പുറത്തിരിക്കുന്ന ആൾ വിശ്വസ്തനും സത്യവാനും ആയവൻ എന്നു വിളിക്കപ്പെടുന്നു. അവിടുന്നു നീതിയോടെ വിധിക്കുകയും പോരാടുകയും ചെയ്യുന്നു. അവിടുത്തെ കണ്ണുകൾ അഗ്നിജ്വാലയ്‍ക്കു സദൃശം. ശിരസ്സിൽ അനേകം രാജകിരീടങ്ങൾ ഉണ്ട്. ആലേഖനം ചെയ്യപ്പെട്ട ഒരു നാമം അവിടുത്തേക്കുണ്ട്. പക്ഷേ, അവിടുത്തേക്കല്ലാതെ മറ്റാർക്കും അത് അറിഞ്ഞുകൂടാ. രക്തത്തിൽ മുക്കിയ വസ്ത്രം അവിടുന്നു ധരിച്ചിരിക്കുന്നു. ‘ദൈവത്തിന്റെ വചനം’ എന്നാണ് അവിടുത്തെ നാമം. സ്വർഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ മൃദുലവസ്ത്രം ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവിടുത്തെ അനുഗമിക്കുന്നു. സകല ജാതികളെയും അരിയുന്നതിന് അവിടുത്തെ വായിൽനിന്ന് മൂർച്ചയേറിയ വാൾ പുറപ്പെടുന്നു. ഇരുമ്പുചെങ്കോൽകൊണ്ട് അവിടുന്ന് അവരെ ഭരിക്കും. സർവശക്തനായ ദൈവത്തിന്റെ ഉഗ്രരോഷമാകുന്ന മുന്തിരിച്ചക്ക് അവിടുന്നു ചവിട്ടും. അവിടുത്തെ തുടയിലും മേലങ്കിയിലും രാജാധിരാജനും കർത്താധികർത്താവും ആയവൻ എന്ന നാമം ആലേഖനം ചെയ്തിരിക്കുന്നു. ഒരു മാലാഖ സൂര്യനിൽ നില്‌ക്കുന്നതാണു ഞാൻ പിന്നീടു കണ്ടത്. ആ ദൂതൻ മധ്യാകാശത്തിൽ പറന്നു നടക്കുന്ന സകല പക്ഷികളോടും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “രാജാക്കന്മാരുടെയും പടത്തലവന്മാരുടെയും വീരയോദ്ധാക്കളുടെയും കുതിരകളുടെയും അവയുടെ പുറത്തിരിക്കുന്നവരുടെയും സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരുമായ സകല മനുഷ്യരുടെയും മാംസം ഭക്ഷിക്കുവാൻ സർവേശ്വരന്റെ വലിയ അത്താഴത്തിന് ഒരുമിച്ചുകൂടുക.” അപ്പോൾ അശ്വാരൂഢനോടും അദ്ദേഹത്തിന്റെ സൈന്യത്തോടും യുദ്ധംചെയ്യുവാൻ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യവും ഒന്നിച്ചുകൂടിയതു ഞാൻ കണ്ടു. മൃഗത്തെയും, അതിന്റെ മുമ്പിൽ അദ്ഭുതങ്ങൾ കാട്ടി മൃഗത്തിന്റെ മുദ്ര സ്വീകരിക്കുകയും അതിന്റെ വിഗ്രഹത്തെ നമസ്കരിക്കുകയും ചെയ്ത മനുഷ്യരെ വഴിതെറ്റിച്ച വ്യാജപ്രവാചകനെയും പിടികൂടി. ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിലേക്ക് ജീവനോടെ എറിഞ്ഞുകളഞ്ഞു. ശേഷിച്ചവരെ അശ്വാരൂഢന്റെ വായിൽനിന്നു പുറപ്പെട്ട വാളിനാൽ വെട്ടിക്കൊന്നു. അവരുടെ മാംസം തിന്ന് പക്ഷികൾക്കു തൃപ്തിവന്നു.
വെളിപ്പാട് 19:6-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും പറയുന്നത് ഞാൻ കേട്ടു; ഹല്ലെലൂയ്യാ! പരിപൂർണ്ണാധികാരി ആയ ദൈവമായ കർത്താവ് വാഴുന്നു. നമുക്ക് സന്തോഷിക്കാം, ആനന്ദിക്കാം അവനു ബഹുമാനം കൊടുക്കാം. കുഞ്ഞാടിൻ്റെ കല്യാണം വന്നിരിക്കുന്നു. അവന്‍റെ മണവാട്ടിയും തന്നെത്താൻ ഒരുങ്ങിയിരിക്കുന്നു. അവളെ ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം കൊണ്ടു അലങ്കരിക്കുവാൻ അനുവാദം ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നെ. അവൻ എന്നോട് പറഞ്ഞത്: ”ഇതു എഴുതുക, കുഞ്ഞാടിൻ്റെ കല്യാണസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ; ഇതു ദൈവത്തിന്‍റെ സത്യവചനങ്ങൾ ആകുന്നു.” എന്നും അവൻ എന്നോട് പറഞ്ഞു. ഞാൻ അവനെ നമസ്കരിക്കേണ്ടതിന് അവന്റെ കാല്ക്കൽ വീണു; എന്നാൽ അവൻ എന്നോട് പറഞ്ഞത്: “നീ അത് ചെയ്യരുത്; ഞാൻ നിനക്കും യേശുവിനെകുറിച്ചു സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും കൂട്ടുദാസനത്രേ; ദൈവത്തെ ആരാധിക്ക; പ്രവചനത്തിന്‍റെ ആത്മാവ് എന്നത് യേശുവിനെകുറിച്ചുള്ള സാക്ഷ്യം തന്നെ.” പിന്നെ സ്വർഗ്ഗം തുറന്നിരിക്കുന്നത് ഞാൻ കണ്ടു; ഞാൻ നോക്കിയപ്പോൾ ഒരു വെള്ളക്കുതിര; അതിന്മേൽ ഇരിക്കുന്നവന് വിശ്വസ്തനും സത്യവാനും എന്നു പേർ, അവൻ നീതിയോടെ ന്യായം വിധിക്കുകയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണ് അഗ്നിജ്വാലപോലെ; അവന്‍റെ തലയിൽ അനേകം കിരീടങ്ങൾ; അവനല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാതെ എഴുതപ്പെട്ടിട്ടുള്ള ഒരു നാമവും അവനുണ്ട്. രക്തത്തിൽ മുക്കിയിരിക്കുന്ന ഒരു അങ്കിയും അവൻ ധരിച്ചിരിക്കുന്നു; ദൈവവചനം എന്നു അവനു പേർ പറയുന്നു. സ്വർഗ്ഗത്തിലെ സൈന്യം ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ച് വെള്ളക്കുതിരകളുടെ പുറത്തു അവനെ അനുഗമിച്ചു. ജനതകളെ വെട്ടേണ്ടതിന് അവന്‍റെ വായിൽനിന്നു മൂർച്ചയുള്ള ഒരു വാള്‍ പുറപ്പെടുന്നു. ഇരുമ്പുകോൽ കൊണ്ടു അവൻ അവരെ ഭരിക്കും; സർവ്വശക്തനായ ദൈവത്തിന്‍റെ ക്രോധവും കോപാഗ്നിയുമായ മുന്തിരിച്ചക്ക് അവൻ മെതിക്കുന്നു. രാജാധിരാജാവും കർത്താധികർത്താവും എന്നൊരു നാമം അവന്‍റെ അങ്കിമേലും തുടമേലും എഴുതിയിരിക്കുന്നു. ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശത്തുകൂടി പറക്കുന്ന സകല പക്ഷികളോടും: “ദൈവത്തിന്‍റെ വലിയ അത്താഴത്തിന് വന്നുകൂടുവിൻ, രാജാക്കന്മാരുടെ മാംസവും സേനാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും അതിന്‍റെ പുറത്തു ഇരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും അടിമകളും ചെറിയവരും വലിയവരുമായ സകലമനുഷ്യരുടെയും മാംസവും ഭക്ഷിക്കുവിൻ” എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്വാൻ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ച് കൂടിയത് ഞാൻ കണ്ടു. മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ച് മൃഗത്തിന്‍റെ മുദ്ര ഏല്പിക്കുകയും അതിന്‍റെ പ്രതിമയെ ആരാധിപ്പിക്കുകയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ച് കെട്ടി. അവർ ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു. ശേഷിച്ചവർ കുതിരപ്പുറത്തിരിക്കുന്നവൻ്റെ വായിൽനിന്നു പുറപ്പെട്ട വാളിനാൽ കൊല്ലപ്പെട്ടു, അവരുടെ മാംസം സകല പക്ഷികളും തിന്ന് തൃപ്തരായി.
വെളിപ്പാട് 19:6-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു. നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. പിന്നെ അവൻ എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു. ഞാൻ അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാല്ക്കൽ വീണു; അപ്പോൾ അവൻ എന്നോടു: അതരുതു; ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു. അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണു അഗ്നിജ്വാല; തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു. സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു. ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു. രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു. ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും: രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിൻ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്വാൻ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാൻ കണ്ടു. മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു. ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.
വെളിപ്പാട് 19:6-21 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ വലിയ ജനാരവംപോലെയും വൻ ജലപ്രവാഹത്തിന്റെ ഇരമ്പൽപോലെയും അതിശക്തമായ ഇടിമുഴക്കംപോലെയുമുള്ള ഒരു ശബ്ദം ഞാൻ കേട്ടത്: “ഹല്ലേലുയ്യാ! സർവശക്തിയുള്ള ദൈവമായ നമ്മുടെ കർത്താവ് വാണരുളുന്നു. നമുക്ക് ആനന്ദത്തോടും ആഹ്ലാദത്തോടും അവിടത്തേക്ക് മഹത്ത്വം നൽകാം; കുഞ്ഞാടിന്റെ വിവാഹം വന്നുചേർന്നല്ലോ; മണവാട്ടിയും അതിനായി സ്വയം ഒരുങ്ങിയിരിക്കുന്നു. ശുദ്ധശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം അവൾക്കു ധരിക്കാൻ നൽകപ്പെട്ടിരിക്കുന്നു.” ആ മൃദുലചണവസ്ത്രം വിശുദ്ധരുടെ നീതിപ്രവൃത്തികളാണ്. പിന്നെ, ദൂതൻ എന്നോടു പറഞ്ഞത്: “ഇങ്ങനെ എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു ക്ഷണം ലഭിച്ചവർ അനുഗൃഹീതർ.” തുടർന്ന് എന്നോട്, “ഇവ ദൈവത്തിന്റെ സത്യവചനങ്ങൾതന്നെ” എന്നും പറഞ്ഞു. ഇതു കേട്ടമാത്രയിൽ ദൂതനെ നമസ്കരിക്കാൻ ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു. എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യംവഹിക്കുന്ന നിന്റെ സഹോദരങ്ങൾക്കുമൊപ്പം ഒരു സഹദാസൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക; യേശുവിന്റെ സാക്ഷ്യംവഹിക്കുകയാണ് പ്രവചനത്തിന്റെ അന്തസ്സത്ത” എന്നു പറഞ്ഞു. പിന്നീട്, സ്വർഗം തുറക്കപ്പെട്ടിരിക്കുന്നതു ഞാൻ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര! അതിന്റെ പുറത്തിരിക്കുന്നയാൾ വിശ്വസ്തൻ എന്നും സത്യവാൻ എന്നും വിളിക്കപ്പെടുന്നു. അദ്ദേഹം ന്യായംവിധിക്കുന്നതും അടരാടുന്നതും നീതിയോടെയായിരിക്കും. അദ്ദേഹത്തിന്റെ കണ്ണുകൾ അഗ്നിജ്വാലയ്ക്കു സമാനമായിരുന്നു. ശിരസ്സിൽ അനേകം കിരീടങ്ങളും ധരിച്ചിരുന്നു; മറ്റാർക്കും അറിയാൻ കഴിയാത്ത എഴുതപ്പെട്ട ഒരു നാമം അദ്ദേഹത്തിനുണ്ട്. രക്തത്തിൽ മുക്കിയെടുത്ത ഒരു വസ്ത്രം അദ്ദേഹം ധരിച്ചിരിക്കുന്നു; ദൈവവചനം എന്നാകുന്നു അദ്ദേഹത്തിന്റെ നാമധേയം. ശുദ്ധവും ശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം ധരിച്ച സ്വർഗീയസൈന്യങ്ങൾ വെള്ളക്കുതിരകളിന്മേൽ അദ്ദേഹത്തെ അനുഗമിച്ചു. ജനതകളെ വെട്ടിവീഴ്ത്താൻവേണ്ടി മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്നു പുറപ്പെടുന്നു. “ഇരുമ്പു ചെങ്കോൽകൊണ്ട് അദ്ദേഹം അവരെ ഭരിക്കും.” സർവശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധം എന്ന മുന്തിരിച്ചക്ക് അദ്ദേഹം ചവിട്ടിമെതിക്കുന്നു. രാജാധിരാജാവ്, കർത്താധികർത്താവ്, എന്ന നാമം അദ്ദേഹത്തിന്റെ വസ്ത്രത്തിന്മേലും തുടയിന്മേലും ആലേഖനംചെയ്തിരിക്കുന്നു. ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നതു ഞാൻ കണ്ടു. ആകാശമധ്യേ പറക്കുന്ന സകലപക്ഷികളോടും അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “ദൈവം ഒരുക്കുന്ന വലിയ അത്താഴവിരുന്നിൽ രാജാക്കന്മാർ, സൈന്യാധിപന്മാർ, വീരന്മാർ; കുതിരകളും അവയുടെമേൽ സവാരി ചെയ്യുന്നവരും; സ്വതന്ത്രർ, അടിമകൾ, ചെറിയവർ, വലിയവർ എന്നിങ്ങനെയുള്ള സകലരുടെയും മാംസം ഭക്ഷിക്കാൻ വന്നുകൂടുക,” എന്നായിരുന്നു. അപ്പോൾ, കുതിരപ്പുറത്തിരിക്കുന്നയാളിനോടും അദ്ദേഹത്തിന്റെ സൈന്യത്തോടും യുദ്ധംചെയ്യാൻ ഒരുങ്ങി മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ച് അണിനിരന്നിരിക്കുന്നതു ഞാൻ കണ്ടു. അത്ഭുതചിഹ്നങ്ങൾ കാട്ടി മനുഷ്യനെ ഭ്രമിപ്പിച്ച് മൃഗത്തിന്റെ മുദ്ര സ്വീകരിക്കാനും അതിന്റെ പ്രതിമയെ നമസ്കരിക്കാനും ഇടയാക്കിയ വ്യാജപ്രവാചകനെയും ആ മൃഗത്തെയും ബന്ധനസ്ഥരാക്കി എരിയുന്ന ഗന്ധകപ്പൊയ്കയിൽ ജീവനോടെ എറിഞ്ഞുകളഞ്ഞു. ശേഷിച്ചവരെ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെട്ട വാൾകൊണ്ടു കൊന്നുകളയുകയും സകലപക്ഷികളും അവരുടെ മാംസം തിന്നു തൃപ്തിയടയുകയും ചെയ്തു.