വെളിപ്പാട് 19:1-7

വെളിപ്പാട് 19:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ഞാൻ സ്വർഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടത്: ഹല്ലേലൂയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്. വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്ക് അവൻ ശിക്ഷ വിധിച്ചു. തന്റെ ദാസന്മാരുടെ രക്തം അവളുടെ കൈയിൽനിന്നു ചോദിച്ച് പ്രതികാരം ചെയ്കകൊണ്ട് അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ. അവർ പിന്നെയും: ഹല്ലേലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു. ഇരുപത്തിനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലേലൂയ്യാ! എന്നു പറഞ്ഞ് സിംഹാസനത്തിലിരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു. നമ്മുടെ ദൈവത്തിന്റെ സകല ദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നൊരു ശബ്ദം സിംഹാസനത്തിൽനിന്നു പുറപ്പെട്ടു. അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടത്: ഹല്ലേലൂയ്യാ! സർവശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവ് രാജത്വം ഏറ്റിരിക്കുന്നു. നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്ത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.

വെളിപ്പാട് 19:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതിനുശേഷം ഒരു വലിയ ജനക്കൂട്ടത്തിൻറേതുപോലെ തോന്നിക്കുന്ന ഒരു ഗംഭീരശബ്ദം സ്വർഗത്തിൽ ഞാൻ കേട്ടു. “ഹല്ലേല്ലൂയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്. അവിടുത്തെ വിധികൾ സത്യവും നീതിയുക്തവുമാകുന്നു. വേശ്യാവൃത്തികൊണ്ടു ലോകത്തെ നശിപ്പിച്ച മഹാവേശ്യയെ അവിടുന്നു വിധിച്ചു. തന്റെ ദാസന്മാരുടെ രക്തത്തിനുവേണ്ടി അവിടുന്ന് അവളോടു പകരം ചോദിച്ചു” എന്നാണു ഞാൻ കേട്ടത്. അവർ പിന്നെയും “ഹല്ലേല്ലൂയ്യ അവളിൽ നിന്നുള്ള പുക എന്നേക്കും ഉയരും” എന്നു പറഞ്ഞു. ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാരും നാലു ജീവികളും “ആമേൻ, ഹല്ലേലൂയ്യാ” എന്നു പറഞ്ഞ് സിംഹാസനത്തിൽ ഉപവിഷ്ടനായ ദൈവത്തെ സാഷ്ടാംഗം പ്രണമിച്ചു. അനന്തരം സിംഹാസനത്തിൽനിന്ന് ഇങ്ങനെ പറയുന്ന ഒരു ശബ്ദം ഞാൻ കേട്ടു: “ചെറിയവരോ വലിയവരോ ആയി ദൈവത്തെ ഭയപ്പെടുന്ന അവിടുത്തെ ദാസന്മാരായ നിങ്ങൾ എല്ലാവരും അവിടുത്തെ വാഴ്ത്തുക!” പിന്നീടു ഞാൻ കേട്ടത് ഒരു വമ്പിച്ച ജനാവലിയുടെ ആരവംപോലെയും പെരുവെള്ളത്തിന്റെ ഇരമ്പൽപോലെയുമുള്ള ഒരു ശബ്ദം ആയിരുന്നു. “ഹല്ലേലൂയ്യാ! സർവശക്തനും നമ്മുടെ ദൈവവുമായ കർത്താവു വാഴുന്നു! നമുക്ക് ആനന്ദിക്കുകയും ആഹ്ലാദിച്ച് ആർപ്പുവിളിക്കുകയും ദൈവത്തെ പ്രകീർത്തിക്കുകയും ചെയ്യാം! എന്തെന്നാൽ കുഞ്ഞാടിന്റെ വിവാഹസമയം വന്നു കഴിഞ്ഞു. അവിടുത്തെ മണവാട്ടിയും അണിഞ്ഞൊരുങ്ങിയിരിക്കുന്നു.

വെളിപ്പാട് 19:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഈ സംഭവങ്ങൾക്ക് ശേഷം സ്വർഗ്ഗത്തിൽ വലിയൊരു പുരുഷാരത്തിന്‍റെ മഹാഘോഷം ഞാൻ കേട്ടു: “ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ബഹുമാനവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്. തന്‍റെ വേശ്യാവൃത്തികൊണ്ട് ഭൂമിയെ വഷളാക്കിയ മഹാവേശ്യയെ അവൻ ന്യായം വിധിച്ചതുകൊണ്ട് അവന്‍റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ. അവൾ ചൊരിഞ്ഞ അവന്‍റെ ദാസന്മാരുടെ രക്തത്തിന് അവൻ പ്രതികാരം ചെയ്തു.” അവർ രണ്ടാം പ്രാവശ്യം, ഹല്ലെലൂയ്യാ! എന്നു പാടി. അവളിൽ നിന്നും പുക എന്നെന്നേക്കും പൊങ്ങിക്കൊണ്ടിരുന്നു. ഇരുപത്തിനാല് മൂപ്പന്മാരും നാലു ജീവികളും, ‘ആമേൻ, ഹല്ലെലൂയ്യാ!’ എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു. അവന്‍റെ ദൈവത്തിന്‍റെ സകലദാസന്മാരും അവനെ ഭയപ്പെടുന്നവരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നൊരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു. അപ്പോൾ വലിയ പുരുഷാരത്തിന്‍റെ ഘോഷംപോലെയും പെരുവെള്ളത്തിന്‍റെ ഇരച്ചിൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും പറയുന്നത് ഞാൻ കേട്ടു; ഹല്ലെലൂയ്യാ! പരിപൂർണ്ണാധികാരി ആയ ദൈവമായ കർത്താവ് വാഴുന്നു. നമുക്ക് സന്തോഷിക്കാം, ആനന്ദിക്കാം അവനു ബഹുമാനം കൊടുക്കാം. കുഞ്ഞാടിൻ്റെ കല്യാണം വന്നിരിക്കുന്നു. അവന്‍റെ മണവാട്ടിയും തന്നെത്താൻ ഒരുങ്ങിയിരിക്കുന്നു.

വെളിപ്പാട് 19:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ഞാൻ സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു. വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു അവൻ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം ചെയ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ. അവർ പിന്നെയും: ഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു. ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു. നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു. അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു. നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.

വെളിപ്പാട് 19:1-7 സമകാലിക മലയാളവിവർത്തനം (MCV)

ഇതിനുശേഷം ഞാൻ വലിയൊരു ജനാരവംപോലെ സ്വർഗത്തിൽനിന്ന് പറയുന്നതു കേട്ടു: “ഹല്ലേലുയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതുമാത്രം, അവിടത്തെ ന്യായവിധികൾ സത്യവും നീതിയുമുള്ളവതന്നെ. വേശ്യാവൃത്തികൊണ്ടു ഭൂമിയെ മലീമസമാക്കിയ മഹാവേശ്യയുടെ ന്യായവിധി അവിടന്നു നടപ്പാക്കിയിരിക്കുന്നു; ദൈവം തന്റെ ദാസന്മാരുടെ രക്തത്തിന് അവളോടു പ്രതികാരം ചെയ്തിരിക്കുന്നു.” പിന്നെയും അവരുടെ ഘോഷം മുഴങ്ങിയത്: “ഹല്ലേലുയ്യാ! അവളുടെ ന്യായവിധിയുടെ പുക എന്നെന്നേക്കും ഉയർന്നുകൊണ്ടിരിക്കുന്നു.” ഇരുപത്തിനാലു മുഖ്യന്മാരും നാലു ജീവികളും സിംഹാസനസ്ഥനായ ദൈവത്തിനുമുമ്പാകെ വീണു വണങ്ങിക്കൊണ്ട്, “ആമേൻ, ഹല്ലേലുയ്യാ!” എന്ന് ആർത്തു. അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു ശബ്ദം കേൾക്കുമാറായി: “വലിയവരും ചെറിയവരുമായി ദൈവഭക്തരായവരേ, സകലസേവകരുമേ, നമ്മുടെ ദൈവത്തെ സ്തുതിക്കുക.” അപ്പോൾ വലിയ ജനാരവംപോലെയും വൻ ജലപ്രവാഹത്തിന്റെ ഇരമ്പൽപോലെയും അതിശക്തമായ ഇടിമുഴക്കംപോലെയുമുള്ള ഒരു ശബ്ദം ഞാൻ കേട്ടത്: “ഹല്ലേലുയ്യാ! സർവശക്തിയുള്ള ദൈവമായ നമ്മുടെ കർത്താവ് വാണരുളുന്നു. നമുക്ക് ആനന്ദത്തോടും ആഹ്ലാദത്തോടും അവിടത്തേക്ക് മഹത്ത്വം നൽകാം; കുഞ്ഞാടിന്റെ വിവാഹം വന്നുചേർന്നല്ലോ; മണവാട്ടിയും അതിനായി സ്വയം ഒരുങ്ങിയിരിക്കുന്നു.