വെളിപ്പാട് 18:2-17
വെളിപ്പാട് 18:2-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ഉറക്കെ വിളിച്ചുപറഞ്ഞത്: വീണുപോയി; മഹതിയാം ബാബിലോൻ വീണുപോയി; ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറപ്പുമുള്ള സകല പക്ഷികളുടെയും തടവുമായിത്തീർന്നു. അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകല ജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാർ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികൾ അവളുടെ പുളപ്പിന്റെ ആധിക്യത്താൽ സമ്പന്നരാകയും ചെയ്തു. വേറൊരു ശബ്ദം സ്വർഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടത്: എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ട്. അവൾ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങൾ അവൾക്ക് പകരം ചെയ്വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്ക് ഇരട്ടിച്ചു കൊടുപ്പിൻ; അവൾ കലക്കിത്തന്ന പാനപാത്രത്തിൽ അവൾക്ക് ഇരട്ടി കലക്കിക്കൊടുപ്പിൻ; അവൾ തന്നെത്താൻ മഹത്ത്വപ്പെടുത്തി പുളച്ചേടത്തോളം അവൾക്കു പീഡയും ദുഃഖവും കൊടുപ്പിൻ. രാജ്ഞിയായിട്ട് ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ദുഃഖം കാൺകയുമില്ല എന്ന് അവൾ ഹൃദയംകൊണ്ടു പറയുന്നു. അതുനിമിത്തം മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽതന്നെ വരും; അവളെ തീയിൽ ഇട്ടു ചുട്ടുകളയും; അവളെ ന്യായം വിധിച്ച ദൈവമായ കർത്താവ് ശക്തനല്ലോ. അവളോടുകൂടെ വേശ്യാസംഗം ചെയ്തു പുളച്ചിരിക്കുന്ന ഭൂരാജാക്കന്മാർ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ട് അവളുടെ ദഹനത്തിന്റെ പുക കാണുമ്പോൾ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ടു: അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും. ഭൂമിയിലെ വ്യാപാരികൾ പൊന്ന്, വെള്ളി, രത്നം, മുത്ത്, നേരിയതുണി, ധൂമ്രവസ്ത്രം, പട്ട്, കടുംചുവപ്പ്, ചന്ദനത്തരങ്ങൾ, ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങൾ, വിലയേറിയ മരവും പിച്ചളയും ഇരുമ്പും മർമരക്കല്ലുംകൊണ്ടുള്ള ഓരോ സാമാനം, ലവംഗം, ഏലം, ധൂപവർഗം, മൂറ്, കുന്തുരുക്കം, വീഞ്ഞ്, എണ്ണ, നേരിയ മാവ്, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്ക് ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു. നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി; സ്വാദും ശോഭയും ഉള്ളതെല്ലാം നിനക്ക് ഇല്ലാതെയായി; നീ ഇനി അവയെ ഒരിക്കലും കാണുകയില്ല. ഈ വകകൊണ്ടു വ്യാപാരം ചെയ്ത് അവളാൽ സമ്പന്നരായവർ അവൾക്കുള്ള പീഡ ഭയപ്പെട്ടു ദൂരത്തു നിന്നു: അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവർണവും കടുംചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്ര വലിയ സമ്പത്ത് ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും. ഏതു മാലുമിയും ഓരോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പൽക്കാരും കടലിൽ തൊഴിൽ ചെയ്യുന്നവരൊക്കെയും
വെളിപ്പാട് 18:2-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ ദൈവദൂതൻ ഗംഭീരസ്വരത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “വീണുപോയി! മഹാബാബിലോൺ വീണുപോയി! അത് ദുർഭൂതങ്ങളുടെ പാർപ്പിടമായിത്തീർന്നിരിക്കുന്നു. സകല അശുദ്ധാത്മാക്കളുടെയും അഭയസ്ഥാനവും അറപ്പുതോന്നുന്ന സകല അശുദ്ധ പക്ഷികളുടെയും താവളവും ആകുന്നു. എല്ലാ ജനതകളും മാദകലഹരി പിടിപ്പിക്കുന്ന, അവളുടെ വേശ്യാവൃത്തിയാകുന്ന വീഞ്ഞുകുടിച്ചിരിക്കുന്നു. ഭൂമിയിലെ രാജാക്കന്മാർ അവളുമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും അവളുടെ ദുർവൃത്തിയുടെ ധനംകൊണ്ട് ഭൂമിയിലെ വ്യാപാരികൾ സമ്പന്നരാകുകയും ചെയ്തു. അനന്തരം സ്വർഗത്തിൽനിന്ന് ഇപ്രകാരം മറ്റൊരു ശബ്ദം ഞാൻ കേട്ടു: “എന്റെ ജനമേ, അവളെ വിട്ടുപോരുക! അവളുടെ പാപങ്ങളിൽ പങ്കാളികളാകാതിരിക്കുന്നതിനും, ബാധകളുടെ ഓഹരി പറ്റാതിരിക്കുന്നതിനും, അവളെ വിട്ടു പോരുക! അവളുടെ പാപം ആകാശം മുട്ടെയുള്ള കൂമ്പാരമായിത്തീർന്നിരിക്കുന്നു! ദൈവം അവളുടെ അധർമങ്ങൾ വിസ്മരിക്കുന്നില്ല. അവൾ ചെയ്തതുപോലെ അവൾക്കു നിങ്ങൾ പകരം ചെയ്യുക; അവളുടെ പ്രവൃത്തികൾക്ക് ഇരട്ടി തിരിച്ചുകൊടുക്കുക; അവൾ കലർത്തുന്ന പാനപാത്രത്തിൽ അവൾക്ക് ഇരട്ടി കലർത്തിക്കൊടുക്കുക. അവൾ തന്നെത്തന്നെ എത്രമാത്രം മഹത്ത്വപ്പെടുത്തുകയും സുഖലോലുപതയിൽ മുഴുകുകയും ചെയ്തുവോ, അത്രയ്‍ക്ക് അവൾക്കു പീഡനവും ദുഃഖവും നല്‌കുക. ‘ഞാൻ ഒരു രാജ്ഞിയായി വാഴുന്നു; വിധവയല്ല; ദുഃഖം ഞാൻ കാണുകയുമില്ല!’ എന്ന് അവൾ ആത്മഗതം ചെയ്യുന്നു. അതുകൊണ്ട് മരണം, ദുഃഖം, ക്ഷാമം മുതലായ ബാധകൾ ഒരു ദിവസംതന്നെ അവൾക്കുണ്ടാകും; അവളെ തീയിലിട്ടു ചുട്ടുകളയും; അവളെ വിധിക്കുന്ന സർവേശ്വരനായ ദൈവം മഹാശക്തനാണല്ലോ.” അവളോടൊത്തു വ്യഭിചരിക്കുകയും ആഡംബരങ്ങളിൽ മുഴുകുകയും ചെയ്ത ഭൂമിയിലെ രാജാക്കന്മാർ അവളുടെ ചിതയിൽനിന്നു പൊങ്ങുന്ന പുക കാണുമ്പോൾ അവളെച്ചൊല്ലി കരയുകയും മാറത്തടിച്ചു വിലപിക്കുകയും ചെയ്യും. അവളുടെ ദണ്ഡനത്തെക്കുറിച്ചുള്ള ഭയം നിമിത്തം അകലെ മാറിനിന്നുകൊണ്ട് “കഷ്ടം! കഷ്ടം! മഹാ നഗരമേ! ബലിഷ്ഠനഗരമായ ബാബിലോണേ, ഒരു നാഴികകൊണ്ട് നിന്റെ വിധി വന്നുകഴിഞ്ഞല്ലോ” എന്നു പറഞ്ഞു വിലപിക്കും. ഭൂമിയിലെ വ്യാപാരികൾ അവളെച്ചൊല്ലി കരയുകയും സങ്കടപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ അവരുടെ ചരക്കുകൾ ഇനി വാങ്ങാൻ ആരുമില്ല. സ്വർണം, വെള്ളി, രത്നങ്ങൾ, മുത്തുകൾ, മൃദുലവസ്ത്രം, ധൂമ്രവസ്ത്രം, പട്ട്, കടുംചെമപ്പുതുണി, സുരഭിലമായ തടികൾ, ദന്തനിർമിതമായ ശില്പവസ്തുക്കൾ, വിലയേറിയ തടി, പിച്ചള, ഇരുമ്പ്, മാർബിൾ ഇവകൊണ്ടു നിർമിച്ചവസ്തുക്കൾ, ഇലവർഗം, ഏലം, ധൂപദ്രവ്യങ്ങൾ; മീറ, കുന്തുരുക്കം, വീഞ്ഞ്, എണ്ണ, നേർത്ത മാവ്, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥങ്ങൾ, അടിമകൾ, അതായത്, ആത്മാവുള്ള മനുഷ്യർ, ഈ വകകളൊക്കെ ആയിരുന്നു അവർ വ്യാപാരം ചെയ്തു വന്നിരുന്നത്. “നിന്റെ ആത്മാവ് അതിയായി ആശിച്ച ഫലം കൈവിട്ടുപോയി; സ്വാദിഷ്ഠവും പകിട്ടുള്ളവയുമായ എല്ലാ വസ്തുക്കളും നിനക്കു നഷ്ടപ്പെട്ടിരിക്കുന്നു. അവ ഇനി ഒരിക്കലും കാണപ്പെടുകയില്ല!” എന്ന് അവർ പറയുന്നു. മേൽപ്പറഞ്ഞ ചരക്കുകളുടെ വ്യാപാരംകൊണ്ട് അവളിൽനിന്നു ധനം ആർജിച്ച വ്യാപാരികൾ അവൾക്കു നേരിട്ട കഠിന യാതനയെക്കുറിച്ചുള്ള ഭയംകൊണ്ട് അകലെ മാറി നിന്ന് “അയ്യോ! കഷ്ടം! മഹാനഗരമേ! മൃദുലമനോഹരമായ ഉടയാടയും ധൂമ്രവർണവും കടുംചെമപ്പുള്ള വസ്ത്രങ്ങളും സ്വർണവും രത്നവും മുത്തും അണിഞ്ഞവളേ, ഒരു നാഴികകൊണ്ട് ഈ സമ്പത്തെല്ലാം നശിച്ചുപോയല്ലോ! എന്നു പറഞ്ഞുകൊണ്ട് ഉച്ചത്തിൽ അലമുറയിട്ടു കരയും. എല്ലാ കപ്പിത്താന്മാരും, സമുദ്രസഞ്ചാരികളും, നാവികരും, എന്നല്ല കടലിൽ ജോലി ചെയ്യുന്ന സകലരും, അകലെ നിന്ന്, അവൾ കത്തിയെരിയുന്നതിന്റെ പുക കണ്ട്
വെളിപ്പാട് 18:2-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ ഉറക്കെ വിളിച്ചുപറഞ്ഞത്: “വീണുപോയി! മഹതിയാം ബാബേല്‍ വീണുപോയി; അവൾ ഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും വാസസ്ഥലവും അശുദ്ധിയും അറപ്പുമുണ്ടാക്കുന്ന സകലപക്ഷികളുടെയും താവളവുമായിത്തീർന്നിരിക്കുന്നു. അവളുടെമേൽ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചിരിക്കുന്നു; ഭൂമിയിലെ രാജാക്കന്മാർ അവളോട് വേശ്യാസംഗം ചെയ്തു; ഭൂമിയിലെ വ്യാപാരികൾ അവളുടെ അതിമോഹത്താൽ സമ്പന്നരായിത്തീർന്നു.” പിന്നെ വേറൊരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടു: ”എന്‍റെ ജനങ്ങളേ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാതെയും അവളുടെ ബാധകൾ ഒന്നുംതന്നെ തട്ടാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ. അവളുടെ പാപം സ്വർഗ്ഗത്തോളം കൂമ്പാരമായിരിക്കുന്നു; അവളുടെ ദുഷ്കർമ്മങ്ങൾ ദൈവം ഓർത്തിട്ടുമുണ്ട്. അവൾ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങൾ അവൾക്കും പകരം ചെയ്വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്ക് ഇരട്ടിയിരട്ടിയായി പകരം കൊടുക്കുവിൻ; അവൾ നിറച്ചു തന്ന പാനപാത്രത്തിൽ തന്നെ അവൾക്ക് ഇരട്ടി നിറച്ചു കൊടുക്കുവിൻ; അവൾ എത്രത്തോളം തന്നെത്താൻ പുകഴ്ത്തി മോഹപരവശയായി ജീവിച്ചുവോ, അത്രത്തോളം പീഢയും ദുഃഖവും അവൾക്ക് കൊടുക്കുവിൻ. രാജ്ഞിയായി ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ഞാൻ ഒരിക്കലും ദുഃഖം കാണുകയില്ല എന്നു അവൾ ഹൃദയംകൊണ്ട് പറയുന്നു. അതുകൊണ്ട് മരണം, വിലാപം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നെ വരും; അവളെ തീയിൽ ഇട്ടു നിശേഷം ചുട്ടുകളയും; അവളെ ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനല്ലോ.” അവളോട് കൂടെ വേശ്യാസംഗം ചെയ്തു മോഹപരവശരായിരുന്ന ഭൂരാജാക്കന്മാർ അവളുടെ ദഹനത്തിന്റെ പുക കണ്ടു അവളെച്ചൊല്ലി മുറയിടുകയും വിലപിക്കുകയും ചെയ്യും. അവളുടെ പീഢ കണ്ടു ഭയപ്പെട്ട് ദൂരെ നിന്നുകൊണ്ട്: ”മഹാനഗരമായ ബാബേലേ, ബലമേറിയ പട്ടണമേ, കഷ്ടം, കഷ്ടം!, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ” എന്നു പറയും പൊന്നു, വെള്ളി, രത്നം, മുത്ത്, നേരിയ തുണി, ധൂമ്രവസ്ത്രം, പട്ട്, കടുഞ്ചുവപ്പ്, ചന്ദനത്തരങ്ങൾ, ആനക്കൊമ്പുകൊണ്ടുള്ള സകലവിധ പാത്രങ്ങൾ, വിലയേറിയ മരം പിച്ചള ഇരുമ്പ് മർമ്മരക്കല്ല് എന്നിവകൊണ്ടുള്ള സകല സാമാനങ്ങളും, ലവംഗം, സുഗന്ധദ്രവ്യങ്ങൾ, ലേപനങ്ങൾ, ധൂപവർഗ്ഗങ്ങൾ, വീഞ്ഞ്, എണ്ണ, നേരിയ മാവു, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥങ്ങൾ, അടിമകൾ, മാനുഷപ്രാണൻ എന്നിങ്ങനെ അവളുടെ ചരക്കുകൾ ഇനി ആരും വാങ്ങായ്കയാൽ ഭൂമിയിലെ വ്യാപാരികൾ അവളെച്ചൊല്ലി കരഞ്ഞു വിലപിക്കും. നിന്‍റെ മുഴുശക്തിയോടെ നീ ഏറ്റവും കൊതിച്ച കായ്കനികൾ നിനക്കു നഷ്ടമായി; നിന്‍റെ സ്വാദിഷ്ട ഭോജ്യങ്ങളും അവയുടെ രുചിയും ഇല്ലാതെയായി; നീ ഇനി ഒരിക്കലും അവ കാണുകയില്ല. ഈ സാധനങ്ങളെകൊണ്ട് അവളാൽ സമ്പന്നരായ വ്യാപാരികൾ അവളുടെ പീഢ കണ്ടു ഭയപ്പെട്ട് കരഞ്ഞും അലമുറയിട്ടും കൊണ്ടു ദൂരത്ത് മാറിനിൽക്കും. നേരിയ തുണിയും ധൂമ്രവർണ്ണവും കടുഞ്ചുവപ്പും ധരിച്ച് പൊന്നും രത്നവും മുത്തും അണിഞ്ഞ മഹാനഗരമേ, കഷ്ടം, കഷ്ടം! ഇത്രവലിയ സമ്പത്ത് ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു അവർ പറയും. എല്ലാ കപ്പിത്താന്മാരും ഓരോ ദിക്കിലേക്കും കപ്പലേറി പോകുന്നവരും നാവികരും കടലിൽ വ്യാപാരം ചെയ്യുന്നവരൊക്കെയും
വെളിപ്പാട് 18:2-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ഉറക്കെ വിളിച്ചുപറഞ്ഞതു: വീണുപോയി: മഹതിയാം ബാബിലോൻ വീണുപോയി; ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറെപ്പുമുള്ള സകലപക്ഷികളുടെയും തടവുമായിത്തീർന്നു. അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാർ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികൾ അവളുടെ പുളെപ്പിന്റെ ആധിക്യത്താൽ സമ്പന്നരാകയും ചെയ്തു. വേറോരു ശബ്ദം സ്വർഗ്ഗത്തിൽ നിന്നു പറയുന്നതായി ഞാൻ കേട്ടതു: എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ടു. അവൾ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങൾ അവൾക്കു പകരം ചെയ്വിൻ; അവളുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവൾക്കു ഇരട്ടിച്ചു കൊടുപ്പിൻ; അവൾ കലക്കിത്തന്ന പാനപാത്രത്തിൽ അവൾക്കു ഇരട്ടി കലക്കിക്കൊടുപ്പിൻ; അവൾ തന്നെത്താൻ മഹത്വപ്പെടുത്തി പുളെച്ചേടത്തോളം അവൾക്കു പീഡയും ദുഃഖവും കൊടുപ്പിൻ. രാജ്ഞിയായിട്ടു ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ദുഃഖം കാൺകയുമില്ല എന്നു അവൾ ഹൃദയംകൊണ്ടു പറയുന്നു. അതുനിമിത്തം മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നേ വരും; അവളെ തീയിൽ ഇട്ടു ചുട്ടുകളയും; അവളെ ന്യായം വിധിച്ച ദൈവമായ കർത്താവു ശക്തനല്ലോ. അവളോടു കൂടെ വേശ്യാസംഗം ചെയ്തു പുളെച്ചിരിക്കുന്ന ഭൂരാജാക്കന്മാർ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ടു അവളുടെ ദഹനത്തിന്റെ പുക കാണുമ്പോൾ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ടു: അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും ഭൂമിയിലെ വ്യാപാരികൾ പൊന്നു, വെള്ളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്രവസ്ത്രം, പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങൾ, ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങൾ, വിലയേറിയ മരവും പിച്ചളയും ഇരിമ്പും മർമ്മരക്കല്ലുംകൊണ്ടുള്ള ഓരോ സാമാനം, ലവംഗം, ഏലം, ധൂപവർഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു. നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി; സ്വാദും ശോഭയും ഉള്ളതെല്ലാം നിനക്കു ഇല്ലാതെയായി; നീ ഇനി അവയെ ഒരിക്കലും കാണുകയില്ല. ഈ വകകൊണ്ടു വ്യാപാരം ചെയ്തു അവളാൽ സമ്പന്നരായവർ അവൾക്കുള്ള പീഡ ഭയപ്പെട്ടു ദൂരത്തുനിന്നു: അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവർണ്ണവും കടുഞ്ചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്രവലിയ സമ്പത്തു ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും. ഏതു മാലുമിയും ഓരോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പൽക്കാരും കടലിൽ തൊഴിൽ ചെയ്യുന്നവരൊക്കയും
വെളിപ്പാട് 18:2-17 സമകാലിക മലയാളവിവർത്തനം (MCV)
ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “ ‘നിലംപതിച്ചിരിക്കുന്നു!’ അതേ, ‘മഹാനഗരമായ ബാബേൽ നിലംപതിച്ചിരിക്കുന്നു!’ അവൾ ഭൂതാവേശിതസ്ഥലവും സകല അശുദ്ധാത്മാക്കളുടെ നിവാസസ്ഥാനവും അശുദ്ധമായ സകലപക്ഷികളുടെ സങ്കേതവും അശുദ്ധവും അറപ്പുളവാക്കുന്നതുമായ സകലമൃഗങ്ങളുടെയും ഒളിത്താവളവുമായിത്തീർന്നിരിക്കുന്നു. അവളുടെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യംകുടിച്ചു ജനതകളെല്ലാം ഉൻമത്തരായിരിക്കുന്നു. ഭൂമിയിലെ രാജാക്കന്മാർ അവളുമായി വ്യഭിചാരംചെയ്തു; ഭൂമിയിലെ വ്യാപാരികൾ അവളുടെ സുഖലോലുപതയുടെ വൈഭവത്താൽ സമ്പന്നരായിത്തീർന്നു.” സ്വർഗത്തിൽനിന്ന് അരുളിച്ചെയ്ത മറ്റൊരു ശബ്ദം ഞാൻ കേട്ടത്: “ ‘എന്റെ ജനമേ, അവളെ വിട്ടു പുറത്തുവരിക,’ അവളുടെ പാപങ്ങളിൽ പങ്കാളികളായി അവളുടെ ബാധകൾ ഒന്നും നിങ്ങളെ ഏശാതിരിക്കേണ്ടതിന് അവളെ വിട്ടുവരിക. അവളുടെ പാപങ്ങൾ കുമിഞ്ഞുകൂടി ആകാശംവരെ എത്തിയിരിക്കുന്നു. അവളുടെ ഹീനകൃത്യങ്ങൾ ദൈവം ഓർത്തുമിരിക്കുന്നു. അവൾക്കു മടക്കിക്കൊടുക്കുക; അവൾ ചെയ്തതനുസരിച്ചുതന്നെ. അവളുടെ പ്രവൃത്തികൾക്കനുസരിച്ച് അവൾക്ക് ഇരട്ടിയായി തിരികെക്കൊടുക്കുക. അവൾ കലക്കിയ പാനപാത്രത്തിൽ ഇരട്ടിയായിത്തന്നെ അവൾക്കു കലക്കിക്കൊടുക്കുക. അവൾക്കു ദണ്ഡനവും ദുഃഖവും നൽകുക; അവൾ സ്വയം പ്രശംസിക്കുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്തതിന്റെ അതേ അളവിൽത്തന്നെ. ‘ഞാൻ രാജ്ഞിപദത്തിലിരിക്കുന്നു. ഞാനൊരു വിധവയല്ല; ഞാൻ ഒരിക്കലും ദുഃഖിക്കുകയുമില്ല,’ എന്ന് അവൾ ഹൃദയത്തിൽ അഹങ്കരിച്ചല്ലോ. അതുകൊണ്ട്, ഒരൊറ്റ ദിവസംകൊണ്ടുതന്നെ മരണം, വിലാപം, ക്ഷാമം എന്നീ അത്യാപത്തുകൾ അവളുടെമേൽ വരും; ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനാകുകയാൽ അവളെ തീയിൽ ദഹിപ്പിച്ചുകളയും. “അവളുമായി വ്യഭിചാരകർമത്തിലേർപ്പെടുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്ത ഭൂമിയിലെ രാജാക്കന്മാർ അവൾ കത്തിയമരുന്നതിന്റെ പുക കണ്ട് അവളെക്കുറിച്ച് കരയുകയും മുറവിളിക്കുകയും ചെയ്യും. അവളുടെ ദണ്ഡനത്തിന്റെ ഭയാനകതകണ്ട് അവർ ദൂരെ നിന്നുകൊണ്ട്: “ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമായ, ബാബേലേ! ശക്തിയുള്ള നഗരമേ! ഒറ്റ മണിക്കൂറിനുള്ളിൽത്തന്നെ നിന്റെ ന്യായവിധി വന്നല്ലോ!’ എന്നു പറയും. “സ്വർണം, വെള്ളി, അമൂല്യരത്നങ്ങൾ, മുത്തുകൾ; മൃദുലവസ്ത്രങ്ങൾ, ഊതവസ്ത്രം, പട്ട്, രക്താംബരം; സുഗന്ധത്തടികൾ, ദന്തനിർമിതവസ്തുക്കൾ, വിലകൂടിയ മരം; വെങ്കലം, ഇരുമ്പ്, മാർബിൾ എന്നിവകൊണ്ടുള്ള വസ്തുക്കളും; കറുവപ്പട്ട, ഏലം, മീറ, കുന്തിരിക്കം, മറ്റു സുഗന്ധദ്രവ്യങ്ങളും വീഞ്ഞും ഒലിവെണ്ണയും നേരിയമാവും ഗോതമ്പും ആടുകളും കന്നുകാലികളും കുതിരകളും രഥങ്ങളും മനുഷ്യശരീരങ്ങളും ജീവനും തുടങ്ങി തങ്ങൾക്കുള്ള കച്ചവടസാധനങ്ങളൊന്നും ആരും വാങ്ങാതിരിക്കുകയാൽ ഭൂമിയിലെ വ്യാപാരികൾ അവളെക്കുറിച്ചു കരഞ്ഞു മുറവിളികൂട്ടും. “നീ അതിയായി മോഹിച്ച ഫലം നിന്നെവിട്ടു പോയിരിക്കുന്നു. നിന്റെ സകല ആഡംബരവസ്തുക്കളും നിന്നിൽനിന്ന് പൊയ്പ്പോയിരിക്കുന്നു. അവയുടെ മനോഹാരിത ഇനിയൊരിക്കലും തിരികെ കിട്ടാത്തവിധം നിന്നിൽനിന്ന് നഷ്ടമായിരിക്കുന്നു. ഈ വസ്തുക്കൾകൊണ്ടു വ്യാപാരംചെയ്ത് അവൾമൂലം സമ്പന്നരായവർ അവളുടെ ദണ്ഡനത്തിന്റെ ഭീകരത നിമിത്തം ദൂരത്തുനിന്നുകൊണ്ട്: “ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ, മൃദുലവസ്ത്രവും ഊതവസ്ത്രവും രക്താംബരവും ധരിച്ച്; സ്വർണം, വിലയേറിയ രത്നങ്ങൾ, മുത്തുകൾ എന്നിവയണിഞ്ഞ് ശോഭിച്ചിരുന്നവളേ! ഇത്ര ഭീമമായ സമ്പത്ത് ഒറ്റ മണിക്കൂറിൽ നശിച്ചുപോയല്ലോ!’ എന്നു പറഞ്ഞ് അതിദുഃഖത്തോടെ വിലപിക്കും. “എല്ലാ കപ്പലുകളിലെയും സകലയാത്രികരും നാവികരും കപ്പിത്താന്മാരും സമുദ്രത്തിൽ തൊഴിലെടുക്കുന്ന സകലരും ദൂരത്തുനിന്ന്