വെളിപ്പാട് 18:17-24
വെളിപ്പാട് 18:17-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇത്ര വലിയ സമ്പത്ത് ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും. ഏതു മാലുമിയും ഓരോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പൽക്കാരും കടലിൽ തൊഴിൽ ചെയ്യുന്നവരൊക്കെയും ദൂരത്തുനിന്ന് അവളുടെ ദഹനത്തിന്റെ പുക കണ്ട്: മഹാനഗരത്തോടു തുല്യമായ നഗരം ഏത് എന്നു നിലവിളിച്ചുപറഞ്ഞു. അവർ തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്: അയ്യോ, അയ്യോ, കടലിൽ കപ്പലുള്ളവർക്ക് എല്ലാം തന്റെ ഐശ്വര്യത്താൽ സമ്പത്ത് വർധിപ്പിച്ച മഹാനഗരം ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞ് കരഞ്ഞും ദുഃഖിച്ചുംകൊണ്ടു നിലവിളിച്ചു. സ്വർഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോട് നിങ്ങൾക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ട് അവളെച്ചൊല്ലി ആനന്ദിപ്പിൻ. പിന്നെ ശക്തനായൊരു ദൂതൻ തിരികല്ലോളം വലുതായൊരു കല്ല് എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞത്: ഇങ്ങനെ ബാബിലോൻ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല. വൈണികന്മാർ, വാദ്യക്കാർ, കുഴലൂത്തുകാർ, കാഹളക്കാർ എന്നിവരുടെ സ്വരം നിന്നിൽ ഇനി കേൾക്കയില്ല; യാതൊരു കൗശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഇനി നിന്നിൽ കേൾക്കയില്ല. വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ ക്ഷുദ്രത്താൽ സകല ജാതികളും വശീകരിക്കപ്പെട്ടിരുന്നു. പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽ വച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടത്.
വെളിപ്പാട് 18:17-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാ കപ്പിത്താന്മാരും, സമുദ്രസഞ്ചാരികളും, നാവികരും, എന്നല്ല കടലിൽ ജോലി ചെയ്യുന്ന സകലരും, അകലെ നിന്ന്, അവൾ കത്തിയെരിയുന്നതിന്റെ പുക കണ്ട്, “ഈ മഹാനഗരത്തിനു തുല്യമായ നഗരം എവിടെയുണ്ട്? എന്നു പറഞ്ഞു നിലവിളിച്ചു. അവർ തലയിൽ പൂഴി വാരി ഇട്ടുകൊണ്ട്, “അയ്യോ! കഷ്ടം! കപ്പൽക്കച്ചവടം ചെയ്യുന്നവർക്കെല്ലാം തന്റെ ഐശ്വര്യസമൃദ്ധികൊണ്ട് സമ്പത്തു വർധിപ്പിച്ച മഹാനഗരമേ, നീ ഒരു മണിക്കൂറുകൊണ്ടു നിശ്ശേഷം നശിച്ചുപോയല്ലോ!” എന്നു പറഞ്ഞു സങ്കടപ്പെട്ടു നിലവിളിച്ചു. അല്ലയോ സ്വർഗമേ, വിശുദ്ധന്മാരേ, അപ്പോസ്തോലന്മാരേ, പ്രവാചകന്മാരേ, ദൈവം നിങ്ങൾക്കുവേണ്ടി അവളോടു പ്രതികാരം ചെയ്തിരിക്കുന്നതുകൊണ്ട് ആനന്ദിക്കുക. പിന്നീട് അതിശക്തനായ ഒരു മാലാഖ വലിയ തിരികല്ലുപോലെയുള്ള ഒരു കല്ലെടുത്ത് കടലിൽ എറിഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇതുപോലെ ബാബിലോൺനഗരത്തെ ആഞ്ഞ് എറിഞ്ഞുകളയും; ഇനി ഒരിക്കലും അതിനെ കാണുകയില്ല. വൈണികരുടെയും ഗായകരുടെയും കുഴലൂത്തുകാരുടെയും കാഹളം മുഴക്കുന്നവരുടെയും സ്വരം നിന്നിൽനിന്നു കേൾക്കുകയില്ല. കരകൗശലവിദഗ്ധരായ ശില്പികളിൽ ആരെയും ഇനിമേൽ നിന്നിൽ കാണുകയില്ല. തിരികല്ലു തിരിക്കുന്ന ശബ്ദം ഇനി നിന്നിൽ കേൾക്കുകയില്ല. വിളക്കിന്റെ വെളിച്ചം ഇനിമേൽ പ്രകാശിക്കുകയില്ല. വധൂവരന്മാരുടെ ആഹ്ലാദശബ്ദം ഇനി ഒരിക്കലും കേൾക്കുകയില്ല. നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹാന്മാരായിരുന്നു. നിന്റെ ഇന്ദ്രജാലപ്രയോഗത്താൽ എല്ലാ ജനതകളും വഞ്ചിക്കപ്പെട്ടു.” പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും എന്നല്ല ഭൂമിയിൽ വച്ചു കൊല്ലപ്പെട്ട എല്ലാവരുടെയും രക്തം ആ നഗരത്തിലാണല്ലോ കണ്ടത്.
വെളിപ്പാട് 18:17-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എല്ലാ കപ്പിത്താന്മാരും ഓരോ ദിക്കിലേക്കും കപ്പലേറി പോകുന്നവരും നാവികരും കടലിൽ വ്യാപാരം ചെയ്യുന്നവരൊക്കെയും ദൂരത്തുനിന്ന് അവളുടെ ദഹനത്തിന്റെ പുക കണ്ടപ്പോൾ, ഈ മഹാനഗരത്തോട് തുല്യമായി മറ്റേത് നഗരം ഉണ്ട്? എന്നു നിലവിളിച്ചുപറഞ്ഞു. അവർ തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്: കടലിൽ കപ്പലുള്ളവർക്കെല്ലാം തന്‍റെ ധനത്താൽ സമ്പത്ത് വർദ്ധിപ്പിച്ച മഹാനഗരമേ, കഷ്ടം, കഷ്ടം! ഒറ്റ മണിക്കൂറുകൊണ്ടു അവൾ നശിച്ചുപോയല്ലോ എന്നു പറഞ്ഞ് അവർ വിലപിച്ചും നിലവിളിച്ചും കരഞ്ഞു. സ്വർഗ്ഗമേ, വിശുദ്ധ അപ്പൊസ്തലന്മാരും പ്രവാചകന്മാരുമേ, ആനന്ദിക്ക! ദൈവം നിങ്ങൾക്കുവേണ്ടി അവളോട് പ്രതികാരം നടത്തിയല്ലോ. പിന്നെ, ശക്തനായൊരു ദൂതൻ തിരികല്ല് പോലെ വലിയ ഒരു കല്ല് എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞത്: ഇങ്ങനെ ബാബേല്‍ എന്ന മഹാനഗരത്തെ ശക്തിയോടെ എറിഞ്ഞുകളയും; ഇനി അതിനെ ഒരിക്കലും കാണുകയില്ല. വീണ വായിക്കുന്നവരുടെയും, സംഗീതക്കാരുടെയും, കുഴലൂത്തുകാരുടെയും, കാഹളക്കാരുടെയും സ്വരം നിന്നിൽ ഇനി ഒരിക്കലും കേൾക്കുകയില്ല; ഒരു തരത്തിലുമുള്ള കൗശലപ്പണിക്കാരും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഒരിക്കലും നിന്നിൽ കേൾക്കുകയുമില്ല. വിളക്കിൻ്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കുകയില്ല; മണവാളൻ്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കുകയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്‍റെ മന്ത്രവാദത്താൽ എല്ലാ ജാതികളും വഞ്ചിക്കപ്പെട്ടിരുന്നു. പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവെച്ചു കൊല ചെയ്യപ്പെട്ട എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടത്.
വെളിപ്പാട് 18:17-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഏതു മാലുമിയും ഓരോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പൽക്കാരും കടലിൽ തൊഴിൽ ചെയ്യുന്നവരൊക്കയും ദൂരത്തുനിന്നു അവളുടെ ദഹനത്തിന്റെ പുക കണ്ടു: മഹാനഗരത്തോടു തുല്യമായ നഗരം ഏതു എന്നു നിലവിളിച്ചുപറഞ്ഞു. അവർ തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു: അയ്യോ, അയ്യോ, കടലിൽ കപ്പലുള്ളവർക്കു എല്ലാം തന്റെ ഐശ്വര്യത്താൽ സമ്പത്തു വർദ്ധിപ്പിച്ച മഹാനഗരം ഒരു മണിക്കൂറുകൊണ്ടു നശിച്ചു പോയല്ലോ എന്നു പറഞ്ഞു കരഞ്ഞും ദുഃഖിച്ചുംകൊണ്ടു നിലവിളിച്ചു. സ്വർഗ്ഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോടു നിങ്ങൾക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ടു അവളെച്ചൊല്ലി ആനന്ദിപ്പിൻ. പിന്നെ ശക്തനായോരു ദൂതൻ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബിലോൻ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല. വൈണികന്മാർ, വാദ്യക്കാർ, കുഴലൂത്തുകാർ, കാഹളക്കാർ എന്നിവരുടെ സ്വരം നിന്നിൽ ഇനി കേൾക്കയില്ല; യാതൊരു കൗശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഇനി നിന്നിൽ കേൾക്കയില്ല. വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ ക്ഷുദ്രത്താൽ സകലജാതികളും വശീകരിക്കപ്പെട്ടിരുന്നു. പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടതു.
വെളിപ്പാട് 18:17-24 സമകാലിക മലയാളവിവർത്തനം (MCV)
ഇത്ര ഭീമമായ സമ്പത്ത് ഒറ്റ മണിക്കൂറിൽ നശിച്ചുപോയല്ലോ!’ എന്നു പറഞ്ഞ് അതിദുഃഖത്തോടെ വിലപിക്കും. “എല്ലാ കപ്പലുകളിലെയും സകലയാത്രികരും നാവികരും കപ്പിത്താന്മാരും സമുദ്രത്തിൽ തൊഴിലെടുക്കുന്ന സകലരും ദൂരത്തുനിന്ന് അവൾ കത്തിയമരുന്നതിന്റെ പുക കണ്ട്, ‘ഈ മഹാനഗരംപോലൊരു നഗരം വേറെ ഏതുണ്ടായിരുന്നിട്ടുള്ളൂ?’ എന്നു പറഞ്ഞു വിലപിക്കും. അവർ തങ്ങളുടെ തലയിൽ പൂഴി വാരിയിട്ട് ദുഃഖിച്ചുകൊണ്ട് ഇങ്ങനെ വിലപിക്കും: “ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ, കപ്പലുടമകളെയെല്ലാം നിന്റെ ഐശ്വര്യംകൊണ്ടു സമ്പന്നയാക്കിയവളേ, നീ ഒറ്റ മണിക്കൂറിൽ ഭസ്മീകൃതമായല്ലോ!’ “ദൂതൻ തുടർന്നു പറഞ്ഞത്: “ ‘അല്ലയോ, സ്വർഗമേ, വിശുദ്ധരേ, അപ്പൊസ്തലന്മാരേ, പ്രവാചകന്മാരേ, അവളെച്ചൊല്ലി ആനന്ദിക്കുക!’ ദൈവം നിങ്ങൾക്കുവേണ്ടി അവളെ ന്യായംവിധിച്ചിരിക്കുന്നു അവൾ നിങ്ങളെ ശിക്ഷിച്ച ശിക്ഷയാൽത്തന്നെ ദൈവം അവളെ ന്യായംവിധിച്ചിരിക്കുന്നു.” ശക്തനായൊരു ദൂതൻ തിരികല്ലുപോലെയുള്ള ഒരു വലിയ കല്ലെടുത്തു സമുദ്രത്തിലേക്കെറിഞ്ഞുകൊണ്ടു പറഞ്ഞത്: “മഹാനഗരമായ ബാബേൽ ഇങ്ങനെ അതിശക്തിയോടെ വലിച്ചെറിയപ്പെടും, പിന്നീടൊരിക്കലും അതിനെ കണ്ടെത്തുകയുമില്ല. വൈണികന്മാർ, സംഗീതജ്ഞർ, ഓടക്കുഴൽ വാദനക്കാർ, കാഹളം മുഴക്കുന്നവർ എന്നിവരുടെ സംഗീതം ഇനിയൊരിക്കലും നിന്നിൽനിന്നു കേൾക്കുകയില്ല. ഒരുതരത്തിലുമുള്ള കരകൗശലവിദഗ്ധരെയും ഇനി നിന്നിൽ കാണുകയില്ല. ഇനിയൊരിക്കലും തിരികല്ലിന്റെ ശബ്ദം നിന്നിൽനിന്ന് ഉയരുകയുമില്ല. ഒരു ദീപവും ഇനി നിന്നിൽ ജ്വലിക്കുകയില്ല. വധൂവരന്മാരുടെ ഉല്ലാസഘോഷം ഇനി നിന്നിൽ കേൾക്കുകയില്ല. നിന്റെ വ്യാപാരികൾ ഭൂമിയിലെ പ്രധാനികളായിരുന്നു. ആഭിചാരത്താൽ നീ സകലജനതയെയും വഞ്ചിച്ചിരുന്നു. ഭൂമിയിൽ സംഹരിക്കപ്പെട്ട എല്ലാ പ്രവാചകരുടെയും വിശുദ്ധരുടെയും രക്തം നിന്നിലല്ലോ കാണപ്പെട്ടത്.”