വെളിപ്പാട് 18:1-4
വെളിപ്പാട് 18:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ഞാൻ വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങുന്നതു കണ്ടു; അവന്റെ തേജസ്സിനാൽ ഭൂമി പ്രകാശിച്ചു. അവൻ ഉറക്കെ വിളിച്ചുപറഞ്ഞത്: വീണുപോയി; മഹതിയാം ബാബിലോൻ വീണുപോയി; ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറപ്പുമുള്ള സകല പക്ഷികളുടെയും തടവുമായിത്തീർന്നു. അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകല ജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാർ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികൾ അവളുടെ പുളപ്പിന്റെ ആധിക്യത്താൽ സമ്പന്നരാകയും ചെയ്തു. വേറൊരു ശബ്ദം സ്വർഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടത്: എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ.
വെളിപ്പാട് 18:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനന്തരം വലിയ അധികാരമുള്ള മറ്റൊരു മാലാഖ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. ആ മാലാഖയുടെ തേജസ്സുകൊണ്ട് ഭൂമി പ്രകാശപൂരിതമായിത്തീർന്നു. ആ ദൈവദൂതൻ ഗംഭീരസ്വരത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “വീണുപോയി! മഹാബാബിലോൺ വീണുപോയി! അത് ദുർഭൂതങ്ങളുടെ പാർപ്പിടമായിത്തീർന്നിരിക്കുന്നു. സകല അശുദ്ധാത്മാക്കളുടെയും അഭയസ്ഥാനവും അറപ്പുതോന്നുന്ന സകല അശുദ്ധ പക്ഷികളുടെയും താവളവും ആകുന്നു. എല്ലാ ജനതകളും മാദകലഹരി പിടിപ്പിക്കുന്ന, അവളുടെ വേശ്യാവൃത്തിയാകുന്ന വീഞ്ഞുകുടിച്ചിരിക്കുന്നു. ഭൂമിയിലെ രാജാക്കന്മാർ അവളുമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും അവളുടെ ദുർവൃത്തിയുടെ ധനംകൊണ്ട് ഭൂമിയിലെ വ്യാപാരികൾ സമ്പന്നരാകുകയും ചെയ്തു. അനന്തരം സ്വർഗത്തിൽനിന്ന് ഇപ്രകാരം മറ്റൊരു ശബ്ദം ഞാൻ കേട്ടു: “എന്റെ ജനമേ, അവളെ വിട്ടുപോരുക! അവളുടെ പാപങ്ങളിൽ പങ്കാളികളാകാതിരിക്കുന്നതിനും, ബാധകളുടെ ഓഹരി പറ്റാതിരിക്കുന്നതിനും, അവളെ വിട്ടു പോരുക!
വെളിപ്പാട് 18:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഈ സംഭവങ്ങൾക്കുശേഷം വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടു; അവന്റെ തേജസ്സിനാൽ ഭൂമി മുഴുവനും പ്രകാശിച്ചു. അവൻ ഉറക്കെ വിളിച്ചുപറഞ്ഞത്: “വീണുപോയി! മഹതിയാം ബാബേല്‍ വീണുപോയി; അവൾ ഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും വാസസ്ഥലവും അശുദ്ധിയും അറപ്പുമുണ്ടാക്കുന്ന സകലപക്ഷികളുടെയും താവളവുമായിത്തീർന്നിരിക്കുന്നു. അവളുടെമേൽ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചിരിക്കുന്നു; ഭൂമിയിലെ രാജാക്കന്മാർ അവളോട് വേശ്യാസംഗം ചെയ്തു; ഭൂമിയിലെ വ്യാപാരികൾ അവളുടെ അതിമോഹത്താൽ സമ്പന്നരായിത്തീർന്നു.” പിന്നെ വേറൊരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടു: ”എന്‍റെ ജനങ്ങളേ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാതെയും അവളുടെ ബാധകൾ ഒന്നുംതന്നെ തട്ടാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.
വെളിപ്പാട് 18:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ഞാൻ വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു കണ്ടു; അവന്റെ തേജസ്സിനാൽ ഭൂമി പ്രകാശിച്ചു. അവൻ ഉറക്കെ വിളിച്ചുപറഞ്ഞതു: വീണുപോയി: മഹതിയാം ബാബിലോൻ വീണുപോയി; ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറെപ്പുമുള്ള സകലപക്ഷികളുടെയും തടവുമായിത്തീർന്നു. അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാർ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികൾ അവളുടെ പുളെപ്പിന്റെ ആധിക്യത്താൽ സമ്പന്നരാകയും ചെയ്തു. വേറോരു ശബ്ദം സ്വർഗ്ഗത്തിൽ നിന്നു പറയുന്നതായി ഞാൻ കേട്ടതു: എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.
വെളിപ്പാട് 18:1-4 സമകാലിക മലയാളവിവർത്തനം (MCV)
ഇവയ്ക്കുശേഷം ഉന്നതാധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അവന്റെ തേജസ്സുകൊണ്ട് ഭൂമി പ്രകാശിച്ചു. ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “ ‘നിലംപതിച്ചിരിക്കുന്നു!’ അതേ, ‘മഹാനഗരമായ ബാബേൽ നിലംപതിച്ചിരിക്കുന്നു!’ അവൾ ഭൂതാവേശിതസ്ഥലവും സകല അശുദ്ധാത്മാക്കളുടെ നിവാസസ്ഥാനവും അശുദ്ധമായ സകലപക്ഷികളുടെ സങ്കേതവും അശുദ്ധവും അറപ്പുളവാക്കുന്നതുമായ സകലമൃഗങ്ങളുടെയും ഒളിത്താവളവുമായിത്തീർന്നിരിക്കുന്നു. അവളുടെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യംകുടിച്ചു ജനതകളെല്ലാം ഉൻമത്തരായിരിക്കുന്നു. ഭൂമിയിലെ രാജാക്കന്മാർ അവളുമായി വ്യഭിചാരംചെയ്തു; ഭൂമിയിലെ വ്യാപാരികൾ അവളുടെ സുഖലോലുപതയുടെ വൈഭവത്താൽ സമ്പന്നരായിത്തീർന്നു.” സ്വർഗത്തിൽനിന്ന് അരുളിച്ചെയ്ത മറ്റൊരു ശബ്ദം ഞാൻ കേട്ടത്: “ ‘എന്റെ ജനമേ, അവളെ വിട്ടു പുറത്തുവരിക,’ അവളുടെ പാപങ്ങളിൽ പങ്കാളികളായി അവളുടെ ബാധകൾ ഒന്നും നിങ്ങളെ ഏശാതിരിക്കേണ്ടതിന് അവളെ വിട്ടുവരിക.