വെളിപ്പാട് 17:5-18
വെളിപ്പാട് 17:5-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മർമം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ട്. വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ടു; അവളെ കണ്ടിട്ട് അത്യന്തം ആശ്ചര്യപ്പെട്ടു. ദൂതൻ എന്നോടു പറഞ്ഞത്: നീ ആശ്ചര്യപ്പെടുന്നത് എന്ത്? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്റെയും മർമം ഞാൻ പറഞ്ഞുതരാം. നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനംമുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ട് അതിശയിക്കും. ഇവിടെ ജ്ഞാനബുദ്ധി ഉണ്ട്; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചു പേർ വീണുപോയി; ഒരുത്തൻ ഉണ്ട്; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്ന് ഇരിക്കേണ്ടതാകുന്നു. ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നെ; അവൻ നാശത്തിലേക്കു പോകുന്നു. നീ കണ്ട പത്തു കൊമ്പ് പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോട് ഒന്നിച്ച് ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരെപ്പോലെ അധികാരം പ്രാപിക്കുംതാനും. ഇവർ ഒരേ അഭിപ്രായമുള്ളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു ഏല്പിച്ചുകൊടുക്കുന്നു. അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും. പിന്നെ അവൻ എന്നോടു പറഞ്ഞത്: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ. നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും. ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങളുടെ രാജത്വം മൃഗത്തിനു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു. നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെമേൽ രാജത്വമുള്ള മഹാനഗരംതന്നെ.
വെളിപ്പാട് 17:5-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവളുടെ നെറ്റിത്തടത്തിൽ “മഹാബാബിലോൺ-വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്” എന്ന നിഗൂഢനാമം ആലേഖനം ചെയ്തിരുന്നു. വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും പാനംചെയ്ത് അവൾ ലഹരി പിടിച്ചിരിക്കുന്നതായി ഞാൻ കണ്ടു. അവളെ കണ്ടപ്പോൾ ഞാൻ അത്യധികം അദ്ഭുതപ്പെട്ടു. എന്നാൽ ആ മാലാഖ എന്നോടു പറഞ്ഞു: “എന്തിനാണ് നീ അദ്ഭുതപ്പെടുന്നത്? ആ സ്‍ത്രീയെയും, അവൾ വഹിക്കുന്ന ഏഴു തലയും പത്തു കൊമ്പുമുള്ള മൃഗത്തെയും സംബന്ധിച്ചുള്ള നിഗൂഢസത്യം ഞാൻ പറഞ്ഞുതരാം. നീ കണ്ട മൃഗമാകട്ടെ, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി പാതാളത്തിൽനിന്നു കയറിവരാനിരിക്കുന്നതും വിനാശത്തിലേക്കു നീങ്ങുന്നതുമാകുന്നു. ലോകസ്ഥാപനംമുതൽ ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂനിവാസികൾ, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും വരുവാനിരിക്കുന്നതുമായ ആ മൃഗത്തെ കണ്ടു വിസ്മയഭരിതരാകും. “ഇവിടെയാണ് ജ്ഞാനസമന്വിതമായ ബുദ്ധിയുടെ ആവശ്യം. ആ സ്‍ത്രീ ഇരിക്കുന്ന ഏഴു മലകളാണ് ഏഴു തലകൾ. മാത്രമല്ല, അവ ഏഴു രാജാക്കന്മാരുമാകുന്നു. അവരിൽ അഞ്ചുപേർ വീണുപോയി. ഒരാൾ ഇപ്പോൾ ഉണ്ട്. അപരൻ ഇനി വരുവാനിരിക്കുന്നതേയുള്ളൂ. അയാൾ വന്ന് അല്പകാലം ഇരിക്കേണ്ടതാകുന്നു. ഉണ്ടായിരുന്നവനും ഇപ്പോൾ ഇല്ലാത്തവനുമായ മൃഗം എട്ടാമത്തെ ആളാണ്, എങ്കിലും ആ ഏഴു പേരിലുൾപ്പെടുന്നു. അവൻ നാശത്തിലേക്കു പോകുന്നു. “നീ കണ്ട പത്തുകൊമ്പ് പത്തു രാജാക്കന്മാരാണ്. അവർ ഇതുവരെ രാജത്വം ലഭിച്ചവരല്ല. എങ്കിലും മൃഗത്തോടൊപ്പം ഒരു മണിക്കൂർ അവർ രാജാധികാരം പ്രാപിക്കേണ്ടവരാണ്. ഏക മനസ്സുള്ളവരായ ഇവർ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നല്‌കുന്നു. അവർ കുഞ്ഞാടിനോടു പോരാടും; കുഞ്ഞാട് അവരെ ജയിക്കും; എന്തുകൊണ്ടെന്നാൽ അവിടുന്ന് കർത്താധികർത്താവും രാജാധിരാജനും ആകുന്നു. അവിടുത്തോടുകൂടിയുള്ളവർ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരും ആകുന്നു. പിന്നീട് മാലാഖ എന്നോടു പറഞ്ഞു: “വേശ്യയുടെ ഇരിപ്പിടമായി നീ കണ്ട ജലസഞ്ചയം വിവിധ വർഗങ്ങളുടെയും വിവിധ രാഷ്ട്രങ്ങളുടെയും ജനതകളുടെയും വിവിധ ഭാഷക്കാരുടെയും സമൂഹമാണ്. നീ കണ്ട പത്തു കൊമ്പുകളും മൃഗവും വേശ്യയെ ദ്വേഷിക്കും; അവളെ ഏകാകിനിയും നഗ്നയുമാക്കി, അവളുടെ മാംസം വിഴുങ്ങുകയും അവളെ അഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്യും. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ വചനങ്ങൾ സംഭവിക്കുന്നതുവരെ, ഏകമനസ്സോടെ ദൈവത്തിന്റെ ഉദ്ദേശ്യം പൂർത്തീകരിക്കുവാനും തങ്ങളുടെ രാജാധികാരം മൃഗത്തിനു നല്‌കുവാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു. “നീ കണ്ട സ്‍ത്രീ ഭൂമിയിലെ രാജാക്കന്മാരുടെമേൽ അധികാരമുള്ള മഹാനഗരം തന്നെ.”
വെളിപ്പാട് 17:5-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മർമ്മം: മഹതിയാം ബാബേല്‍; വേശ്യകളുടേയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ട്. വിശുദ്ധന്മാരുടെ രക്തവും യേശുവിനു വേണ്ടി സാക്ഷികളായവരുടെ രക്തവും കുടിച്ച് സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ടു; അവളെ കണ്ടപ്പോൾ, ഞാൻ അത്യന്തം ആശ്ചര്യപ്പെട്ടു. ദൂതൻ എന്നോട് പറഞ്ഞത്: ”നീ ആശ്ചര്യപ്പെടുന്നത് എന്ത്? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ള അവളെ ചുമക്കുന്ന മൃഗത്തിൻ്റെയും അർത്ഥം ഞാൻ നിനക്കു വിശദീകരിച്ചു തരാം. നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധഗർത്തത്തിൽനിന്നും കയറി നാശത്തിലേക്കു പോകുവാൻ ഉള്ളതും ആകുന്നു; ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതപ്പെടാതിരിക്കുന്ന ഭൂവാസികൾ ഒക്കെയും, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ കാണുമ്പോൾ അതിശയിക്കും. ”ഇവിടെ ജ്ഞാനമുള്ള മനസ്സ് ആവശ്യം; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലകളാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുരാജാക്കന്മാർ വീണുപോയി; ഒരുവൻ ഉണ്ട്; മറ്റൊരുവൻ ഇതുവരെ വന്നിട്ടില്ല; അവൻ വരുമ്പോൾ, അവനു അല്പകാലം ഇരിക്കേണ്ടിവരും. ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഒരുവനും നാശത്തിലേക്കു പോകുന്നവനും ആകുന്നു. ”നീ കണ്ട പത്തു കൊമ്പുകളും ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ലാത്ത പത്തു രാജാക്കന്മാർ; എന്നാൽ അവർ മൃഗത്തോടു കൂടെ ഒരു നാഴിക നേരത്തേക്ക് രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും. ഇവർ ഒരേ മനസ്സുള്ളവർ; അവർ അവരുടെ ശക്തിയും അധികാരവും മൃഗത്തിന് ഏല്പിച്ചുകൊടുക്കും. അവർ കുഞ്ഞാടിനെതിരെ യുദ്ധം ചെയ്യും; എന്നാൽ താൻ കർത്താധികർത്താവും രാജാധിരാജാവും ആയതുകൊണ്ട് കുഞ്ഞാട് അവരുടെ മേൽ ജയംപ്രാപിക്കും. അവനോട് കൂടെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരും എന്നു വിളിക്കപ്പെടും.” ദൂതൻ എന്നോട് പറഞ്ഞത്: ”നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും ജനങ്ങളും ജനതകളും ഭാഷകളും അത്രേ. നീ കണ്ട മൃഗത്തിന്മേലുള്ള കൊമ്പുകളും വേശ്യയെ വെറുക്കുകയും അവർ അവളെ നിർമ്മൂലവും നഗ്നയുമാക്കി അവളുടെ മാംസം തിന്നുകളയുകയും അവളെ തീകൊണ്ട് ചുട്ടുകളയുകയും ചെയ്യും. ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം, ദൈവഹിതം നടത്തുന്നതിന്, മൃഗത്തിനു ഏല്പിച്ചുകൊടുക്കുവാൻ തക്കവണ്ണം ദൈവം അവരുടെ ഹൃദയങ്ങളിൽ ആലോചന നൽകി. നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേൽ വാഴുന്ന മഹാനഗരം തന്നെ.”
വെളിപ്പാട് 17:5-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു. വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു. ദൂതൻ എന്നോടു പറഞ്ഞതു: നീ ആശ്ചര്യപ്പെടുന്നതു എന്തു? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്റെയും മർമ്മം ഞാൻ പറഞ്ഞുതരാം. നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും. ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു. ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു. നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും. ഇവർ ഒരേ അഭിപ്രായമുള്ളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു. അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും. പിന്നെ അവൻ എന്നോടു പറഞ്ഞതു: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ. നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും. ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു. നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം തന്നേ.
വെളിപ്പാട് 17:5-18 സമകാലിക മലയാളവിവർത്തനം (MCV)
രഹസ്യം: മഹതിയാം ബാബേൽ, ഭൂമിയിലെ വേശ്യകളുടെയും മ്ലേച്ഛതകളുടെയും മാതാവ്. ഇങ്ങനെ നിഗൂഢമായ ഒരു പേരും അവളുടെ നെറ്റിയിൽ എഴുതിയിരുന്നു. വിശുദ്ധരുടെയും യേശുവിന്റെ സാക്ഷ്യംവഹിച്ചവരുടെയും രക്തം കുടിച്ച് അവൾ ലഹരിപിടിച്ചിരിക്കുന്നതു ഞാൻ കണ്ടു. അവളെ കണ്ടപ്പോൾ ഞാൻ അത്യന്തം അതിശയിച്ചു. ദൂതൻ എന്നോടു പറഞ്ഞത്: “നീ അതിശയിക്കുന്നതെന്തിന്? ഏഴു തലയും പത്തു കൊമ്പുള്ളതുമായ മൃഗത്തിന്റെയും അതിന്മേൽ ഇരിക്കുന്ന സ്ത്രീയുടെയും രഹസ്യം ഞാൻ നിനക്കു പറഞ്ഞുതരാം. മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും, അഗാധഗർത്തത്തിൽനിന്ന് കയറിവന്ന് നാശത്തിലേക്കു പോകാനുള്ളതുമായ മൃഗത്തെയാണ് നീ കണ്ടത്. ലോകസൃഷ്ടിമുതൽ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികൾ—മുമ്പേ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാതായതും ഇനി വെളിപ്പെടാനിരിക്കുന്നതുമായ—ആ മൃഗത്തെക്കണ്ടു വിസ്മയിക്കും. “വിവേകത്തോടുകൂടിയ ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. ഏഴു തല സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു; അവ ഏഴു രാജാക്കന്മാരുമാകുന്നു. അവരിൽ അഞ്ചുപേർ നിപതിച്ചുപോയി. ഒരാൾ ഇപ്പോൾ ഉണ്ട്. മറ്റേയാൾ ഇതുവരെയും വന്നിട്ടില്ല. അയാൾ വന്നിട്ട് അൽപ്പകാലം വാഴേണ്ടതാണ്. മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ മൃഗം ഏഴുപേരുടെ ഗണത്തിൽ ഉൾപ്പെട്ടവനും എട്ടാമനായി വരുന്നവനുമാണ്. അവന്റെ നാശം ആസന്നമായിരിക്കുന്നു. “നീ കണ്ട പത്തു കൊമ്പുകൾ ഇതുവരെയും രാജത്വം ഏറ്റെടുത്തിട്ടില്ലാത്ത പത്തു രാജാക്കന്മാരാണ്. അവർക്ക് ഒരു മണിക്കൂർ സമയത്തേക്കു രാജാക്കന്മാരെപ്പോലെ മൃഗത്തോടൊപ്പം അധികാരം ലഭിക്കും. ഇവരുടെ ലക്ഷ്യം ഒന്നായിരിക്കുകയാൽ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നൽകുന്നു. ഇവർ കുഞ്ഞാടിനോടു യുദ്ധംചെയ്യും. കുഞ്ഞാട് കർത്താധികർത്താവും രാജാധിരാജാവുമാകുകയാൽ അവരുടെമേൽ ജയം നേടും. വിളിക്കപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട വിശ്വസ്തഅനുയായികൾ കുഞ്ഞാടിനോടൊപ്പം ഉണ്ടായിരിക്കും.” ദൂതൻ പിന്നെയും എന്നോടു പറഞ്ഞത്: “വേശ്യ ഇരിക്കുന്നതായി നീ കണ്ട പെരുവെള്ളം ജനതകളും സമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാകുന്നു. നീ ദർശിച്ച പത്തു കൊമ്പുകളും മൃഗവുംചേർന്ന് വേശ്യയെ വെറുത്ത് അവളെ ശൂന്യയും വിവസ്ത്രയുമാക്കി അവളുടെ മാംസം തിന്നുകയും അവളെ അഗ്നിയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും. ദൈവത്തിന്റെ വചനം നിവൃത്തിയാകുന്നതുവരെയും തങ്ങളുടെ രാജകീയ അധികാരം ഇവർ മൃഗത്തിനു സമർപ്പിക്കുന്നതിന് ഏകാഭിപ്രായമുള്ളവരായിത്തീരാൻ ദൈവം അവരുടെ ഹൃദയങ്ങളിൽ തോന്നിച്ചു. ഇത് ദൈവികപദ്ധതിയുടെ നിർവഹണമായിരുന്നു. നീ കണ്ട സ്ത്രീയോ ഭൂമിയിലെ രാജാക്കന്മാരുടെമേൽ ഭരണംനടത്തുന്ന മഹാനഗരമാണ്.”