വെളിപ്പാട് 17:3-14
വെളിപ്പാട് 17:3-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുംചുവപ്പുള്ളൊരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു. ആ സ്ത്രീ ധൂമ്രവർണവും കടുംചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ച് പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യാവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണപാനപാത്രം കൈയിൽ പിടിച്ചിരുന്നു. മർമം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ട്. വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ടു; അവളെ കണ്ടിട്ട് അത്യന്തം ആശ്ചര്യപ്പെട്ടു. ദൂതൻ എന്നോടു പറഞ്ഞത്: നീ ആശ്ചര്യപ്പെടുന്നത് എന്ത്? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്റെയും മർമം ഞാൻ പറഞ്ഞുതരാം. നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനംമുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ട് അതിശയിക്കും. ഇവിടെ ജ്ഞാനബുദ്ധി ഉണ്ട്; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചു പേർ വീണുപോയി; ഒരുത്തൻ ഉണ്ട്; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്ന് ഇരിക്കേണ്ടതാകുന്നു. ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നെ; അവൻ നാശത്തിലേക്കു പോകുന്നു. നീ കണ്ട പത്തു കൊമ്പ് പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോട് ഒന്നിച്ച് ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരെപ്പോലെ അധികാരം പ്രാപിക്കുംതാനും. ഇവർ ഒരേ അഭിപ്രായമുള്ളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു ഏല്പിച്ചുകൊടുക്കുന്നു. അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.
വെളിപ്പാട് 17:3-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ മാലാഖ ആത്മാവിൽ എന്നെ വിജനസ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ദൈവദൂഷണപരമായ നാമങ്ങൾ നിറഞ്ഞ കടുംചെമപ്പുനിറമുള്ള ഒരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു കണ്ടു. ആ മൃഗത്തിന് ഏഴു തലയും പത്തു കൊമ്പും ഉണ്ടായിരുന്നു. ധൂമ്രവർണവും കടുംചെമപ്പു നിറവുമുള്ള വസ്ത്രമാണ് അവൾ ധരിച്ചിരുന്നത്. പൊന്നും രത്നങ്ങളും മുത്തും അവൾ അണിഞ്ഞിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധിയും മ്ലേച്ഛതയും നിറഞ്ഞ സ്വർണപാനപാത്രവും അവളുടെ കൈയിലുണ്ടായിരുന്നു. അവളുടെ നെറ്റിത്തടത്തിൽ “മഹാബാബിലോൺ-വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്” എന്ന നിഗൂഢനാമം ആലേഖനം ചെയ്തിരുന്നു. വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും പാനംചെയ്ത് അവൾ ലഹരി പിടിച്ചിരിക്കുന്നതായി ഞാൻ കണ്ടു. അവളെ കണ്ടപ്പോൾ ഞാൻ അത്യധികം അദ്ഭുതപ്പെട്ടു. എന്നാൽ ആ മാലാഖ എന്നോടു പറഞ്ഞു: “എന്തിനാണ് നീ അദ്ഭുതപ്പെടുന്നത്? ആ സ്‍ത്രീയെയും, അവൾ വഹിക്കുന്ന ഏഴു തലയും പത്തു കൊമ്പുമുള്ള മൃഗത്തെയും സംബന്ധിച്ചുള്ള നിഗൂഢസത്യം ഞാൻ പറഞ്ഞുതരാം. നീ കണ്ട മൃഗമാകട്ടെ, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി പാതാളത്തിൽനിന്നു കയറിവരാനിരിക്കുന്നതും വിനാശത്തിലേക്കു നീങ്ങുന്നതുമാകുന്നു. ലോകസ്ഥാപനംമുതൽ ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂനിവാസികൾ, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും വരുവാനിരിക്കുന്നതുമായ ആ മൃഗത്തെ കണ്ടു വിസ്മയഭരിതരാകും. “ഇവിടെയാണ് ജ്ഞാനസമന്വിതമായ ബുദ്ധിയുടെ ആവശ്യം. ആ സ്‍ത്രീ ഇരിക്കുന്ന ഏഴു മലകളാണ് ഏഴു തലകൾ. മാത്രമല്ല, അവ ഏഴു രാജാക്കന്മാരുമാകുന്നു. അവരിൽ അഞ്ചുപേർ വീണുപോയി. ഒരാൾ ഇപ്പോൾ ഉണ്ട്. അപരൻ ഇനി വരുവാനിരിക്കുന്നതേയുള്ളൂ. അയാൾ വന്ന് അല്പകാലം ഇരിക്കേണ്ടതാകുന്നു. ഉണ്ടായിരുന്നവനും ഇപ്പോൾ ഇല്ലാത്തവനുമായ മൃഗം എട്ടാമത്തെ ആളാണ്, എങ്കിലും ആ ഏഴു പേരിലുൾപ്പെടുന്നു. അവൻ നാശത്തിലേക്കു പോകുന്നു. “നീ കണ്ട പത്തുകൊമ്പ് പത്തു രാജാക്കന്മാരാണ്. അവർ ഇതുവരെ രാജത്വം ലഭിച്ചവരല്ല. എങ്കിലും മൃഗത്തോടൊപ്പം ഒരു മണിക്കൂർ അവർ രാജാധികാരം പ്രാപിക്കേണ്ടവരാണ്. ഏക മനസ്സുള്ളവരായ ഇവർ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നല്‌കുന്നു. അവർ കുഞ്ഞാടിനോടു പോരാടും; കുഞ്ഞാട് അവരെ ജയിക്കും; എന്തുകൊണ്ടെന്നാൽ അവിടുന്ന് കർത്താധികർത്താവും രാജാധിരാജനും ആകുന്നു. അവിടുത്തോടുകൂടിയുള്ളവർ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരും ആകുന്നു.
വെളിപ്പാട് 17:3-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആ ദൂതൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്ക് കൊണ്ടുപോയി. അപ്പോൾ ഏഴു തലകളും പത്തു കൊമ്പുകളും ഉള്ള, ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളൊരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു. ആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പ് നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി, അവളുടെ വേശ്യാവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു. മർമ്മം: മഹതിയാം ബാബേല്‍; വേശ്യകളുടേയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ട്. വിശുദ്ധന്മാരുടെ രക്തവും യേശുവിനു വേണ്ടി സാക്ഷികളായവരുടെ രക്തവും കുടിച്ച് സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ടു; അവളെ കണ്ടപ്പോൾ, ഞാൻ അത്യന്തം ആശ്ചര്യപ്പെട്ടു. ദൂതൻ എന്നോട് പറഞ്ഞത്: ”നീ ആശ്ചര്യപ്പെടുന്നത് എന്ത്? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ള അവളെ ചുമക്കുന്ന മൃഗത്തിൻ്റെയും അർത്ഥം ഞാൻ നിനക്കു വിശദീകരിച്ചു തരാം. നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധഗർത്തത്തിൽനിന്നും കയറി നാശത്തിലേക്കു പോകുവാൻ ഉള്ളതും ആകുന്നു; ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതപ്പെടാതിരിക്കുന്ന ഭൂവാസികൾ ഒക്കെയും, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ കാണുമ്പോൾ അതിശയിക്കും. ”ഇവിടെ ജ്ഞാനമുള്ള മനസ്സ് ആവശ്യം; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലകളാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുരാജാക്കന്മാർ വീണുപോയി; ഒരുവൻ ഉണ്ട്; മറ്റൊരുവൻ ഇതുവരെ വന്നിട്ടില്ല; അവൻ വരുമ്പോൾ, അവനു അല്പകാലം ഇരിക്കേണ്ടിവരും. ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഒരുവനും നാശത്തിലേക്കു പോകുന്നവനും ആകുന്നു. ”നീ കണ്ട പത്തു കൊമ്പുകളും ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ലാത്ത പത്തു രാജാക്കന്മാർ; എന്നാൽ അവർ മൃഗത്തോടു കൂടെ ഒരു നാഴിക നേരത്തേക്ക് രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും. ഇവർ ഒരേ മനസ്സുള്ളവർ; അവർ അവരുടെ ശക്തിയും അധികാരവും മൃഗത്തിന് ഏല്പിച്ചുകൊടുക്കും. അവർ കുഞ്ഞാടിനെതിരെ യുദ്ധം ചെയ്യും; എന്നാൽ താൻ കർത്താധികർത്താവും രാജാധിരാജാവും ആയതുകൊണ്ട് കുഞ്ഞാട് അവരുടെ മേൽ ജയംപ്രാപിക്കും. അവനോട് കൂടെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരും എന്നു വിളിക്കപ്പെടും.”
വെളിപ്പാട് 17:3-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു. ആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു. മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു. വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു. ദൂതൻ എന്നോടു പറഞ്ഞതു: നീ ആശ്ചര്യപ്പെടുന്നതു എന്തു? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്റെയും മർമ്മം ഞാൻ പറഞ്ഞുതരാം. നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും. ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു. ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു. നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും. ഇവർ ഒരേ അഭിപ്രായമുള്ളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു. അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.
വെളിപ്പാട് 17:3-14 സമകാലിക മലയാളവിവർത്തനം (MCV)
ദൂതൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. ഏഴു തലയും പത്തു കൊമ്പും ഉള്ളതും ദൈവത്തെ ദുഷിക്കുന്ന നാമങ്ങൾകൊണ്ടു നിറഞ്ഞതും കടുംചെമപ്പുമായ മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു. അവൾ ഊതവും കടുംചെമപ്പുമായ വസ്ത്രങ്ങൾ ധരിച്ചും സ്വർണം, വിലയേറിയ കല്ലുകൾ, മുത്തുകൾ എന്നിവയണിഞ്ഞും ഇരുന്നു. തന്റെ വേശ്യാവൃത്തിയുടെ മ്ലേച്ഛതകളും അശുദ്ധികളും നിറഞ്ഞ ഒരു സ്വർണചഷകം അവൾ കൈയിൽ പിടിച്ചിരുന്നു. രഹസ്യം: മഹതിയാം ബാബേൽ, ഭൂമിയിലെ വേശ്യകളുടെയും മ്ലേച്ഛതകളുടെയും മാതാവ്. ഇങ്ങനെ നിഗൂഢമായ ഒരു പേരും അവളുടെ നെറ്റിയിൽ എഴുതിയിരുന്നു. വിശുദ്ധരുടെയും യേശുവിന്റെ സാക്ഷ്യംവഹിച്ചവരുടെയും രക്തം കുടിച്ച് അവൾ ലഹരിപിടിച്ചിരിക്കുന്നതു ഞാൻ കണ്ടു. അവളെ കണ്ടപ്പോൾ ഞാൻ അത്യന്തം അതിശയിച്ചു. ദൂതൻ എന്നോടു പറഞ്ഞത്: “നീ അതിശയിക്കുന്നതെന്തിന്? ഏഴു തലയും പത്തു കൊമ്പുള്ളതുമായ മൃഗത്തിന്റെയും അതിന്മേൽ ഇരിക്കുന്ന സ്ത്രീയുടെയും രഹസ്യം ഞാൻ നിനക്കു പറഞ്ഞുതരാം. മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും, അഗാധഗർത്തത്തിൽനിന്ന് കയറിവന്ന് നാശത്തിലേക്കു പോകാനുള്ളതുമായ മൃഗത്തെയാണ് നീ കണ്ടത്. ലോകസൃഷ്ടിമുതൽ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികൾ—മുമ്പേ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാതായതും ഇനി വെളിപ്പെടാനിരിക്കുന്നതുമായ—ആ മൃഗത്തെക്കണ്ടു വിസ്മയിക്കും. “വിവേകത്തോടുകൂടിയ ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. ഏഴു തല സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു; അവ ഏഴു രാജാക്കന്മാരുമാകുന്നു. അവരിൽ അഞ്ചുപേർ നിപതിച്ചുപോയി. ഒരാൾ ഇപ്പോൾ ഉണ്ട്. മറ്റേയാൾ ഇതുവരെയും വന്നിട്ടില്ല. അയാൾ വന്നിട്ട് അൽപ്പകാലം വാഴേണ്ടതാണ്. മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ മൃഗം ഏഴുപേരുടെ ഗണത്തിൽ ഉൾപ്പെട്ടവനും എട്ടാമനായി വരുന്നവനുമാണ്. അവന്റെ നാശം ആസന്നമായിരിക്കുന്നു. “നീ കണ്ട പത്തു കൊമ്പുകൾ ഇതുവരെയും രാജത്വം ഏറ്റെടുത്തിട്ടില്ലാത്ത പത്തു രാജാക്കന്മാരാണ്. അവർക്ക് ഒരു മണിക്കൂർ സമയത്തേക്കു രാജാക്കന്മാരെപ്പോലെ മൃഗത്തോടൊപ്പം അധികാരം ലഭിക്കും. ഇവരുടെ ലക്ഷ്യം ഒന്നായിരിക്കുകയാൽ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നൽകുന്നു. ഇവർ കുഞ്ഞാടിനോടു യുദ്ധംചെയ്യും. കുഞ്ഞാട് കർത്താധികർത്താവും രാജാധിരാജാവുമാകുകയാൽ അവരുടെമേൽ ജയം നേടും. വിളിക്കപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട വിശ്വസ്തഅനുയായികൾ കുഞ്ഞാടിനോടൊപ്പം ഉണ്ടായിരിക്കും.”