വെളിപ്പാട് 16:1-7
വെളിപ്പാട് 16:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ പോയി ക്രോധകലശം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്ന് ഒരു മഹാശബ്ദം ദൈവാലയത്തിൽനിന്ന് ഏഴു ദൂതന്മാരോടും പറയുന്നതു ഞാൻ കേട്ടു. ഒന്നാമത്തവൻ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു; അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യർക്കു വല്ലാത്ത ദുർവ്രണം ഉണ്ടായി. രണ്ടാമത്തവൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചു; അപ്പോൾ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ ജീവജന്തുവൊക്കെയും ചത്തുപോയി. മൂന്നാമത്തെ ദൂതൻ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീർന്നു. അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാൻ ആകുന്നു. വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ട് നീ അവർക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന് അവർ യോഗ്യർതന്നെ. അവ്വണ്ണം യാഗപീഠവും: അതേ, സർവശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു.
വെളിപ്പാട് 16:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നിങ്ങൾ പോയി ദൈവത്തിന്റെ ഉഗ്രരോഷം നിറച്ച ഏഴു കലശങ്ങൾ ഭൂമിയിലേക്ക് ഒഴിക്കുക” എന്ന് ആ ഏഴു മാലാഖമാരോട് ഉച്ചത്തിൽ പറയുന്ന ഒരു ശബ്ദം ദേവാലയത്തിൽനിന്ന് ഞാൻ പിന്നീടു കേട്ടു. ഒന്നാമത്തെ മാലാഖ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു. അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യർക്ക് കഠിന വേദന ഉളവാക്കുന്ന വല്ലാത്ത വ്രണങ്ങളുണ്ടായി. രണ്ടാമത്തെ മാലാഖ തന്റെ കലശം സമുദ്രത്തിൽ പകർന്നു. അത് മരിച്ച മനുഷ്യന്റെ രക്തംപോലെ ആയിത്തീർന്നു. സമുദ്രത്തിലുള്ള സകല ജീവികളും ചത്തുപോയി. മൂന്നാമത്തെ മാലാഖ നദികളിലും നീരുറവുകളിലുമാണ് തന്റെ കലശം ഒഴിച്ചത്. അവയും രക്തമായിത്തീർന്നു. അപ്പോൾ ജലത്തിന്റെ അധിപനായ മാലാഖ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഉണ്ടായിരുന്നവനും, ഇപ്പോഴും ഉള്ളവനും, പരിശുദ്ധനുമായ അങ്ങ് അവിടുത്തെ ന്യായവിധികളിൽ നീതിമാനാകുന്നു. മനുഷ്യർ വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം ചിന്തിയതിനാൽ അങ്ങ് അവരെ രക്തം കുടിപ്പിച്ചു. അതാണ് അവർ അർഹിക്കുന്നത്.” ബലിപീഠവും ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “അതേ, സർവശക്തനും ദൈവവുമായ സർവേശ്വരാ, അങ്ങയുടെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ തന്നെ.”
വെളിപ്പാട് 16:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങൾ പോയി ദൈവക്രോധത്തിൻ്റെ പാത്രങ്ങൾ ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഏഴു ദൂതന്മാരോടും വിളിച്ചുപറയുന്ന ഒരു മഹാശബ്ദം അതിവിശുദ്ധ സ്ഥലത്തിൽ നിന്നു ഞാൻ കേട്ടു. ഒന്നാമത്തെ ദൂതൻ പോയി തന്‍റെ പാത്രം ഭൂമിയിൽ ഒഴിച്ചു; മൃഗത്തിന്‍റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിച്ചവരുമായ മനുഷ്യരുടെമേൽ നാറ്റമുണ്ടാക്കുന്ന ദുഷിച്ച വ്രണം ഉണ്ടായി. രണ്ടാമത്തെ ദൂതൻ തന്‍റെ പാത്രം സമുദ്രത്തിൽ ഒഴിച്ചു; അത് മരിച്ചവൻ്റെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ ജീവജന്തുക്കൾ ഒക്കെയും ചത്തുപോയി. മൂന്നാമത്തെ ദൂതൻ തന്‍റെ പാത്രം നദികളിലും നീരുറവുകളിലും ഒഴിച്ചു, അവ രക്തമായിത്തീർന്നു. അപ്പോൾ ജലത്തിനധിപനായ ദൂതൻ പറയുന്നതായി ഞാൻ കേട്ടത്: “ഇരിക്കുന്നവനും ഇരുന്നവനും വരുവാനുള്ളവനുമായ കർത്താവേ, നീ ഇങ്ങനെ ഈ ന്യായവിധി നടത്തിയതുകൊണ്ട് നീ നീതിമാൻ ആകുന്നു. വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ഒഴുക്കിയതുകൊണ്ട് നീ അവർക്ക് രക്തം കുടിക്കുവാൻ കൊടുത്തു; അതിന് അവർ യോഗ്യർ തന്നെ.” അതുപോലെ യാഗപീഠത്തിൽ നിന്നും: “അതേ, സർവ്വശക്തനായ ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ” എന്നു പറയുന്നതായി ഞാൻ കേട്ടു.
വെളിപ്പാട് 16:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ പോയി ക്രോധകലശം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തിൽനിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാൻ കേട്ടു. ഒന്നാമത്തവൻ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു; അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യർക്കു വല്ലാത്ത ദുർവ്രണം ഉണ്ടായി. രണ്ടാമത്തവൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചു; അപ്പോൾ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി. മൂന്നാമത്തെ ദൂതൻ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു, അവ രക്തമായിത്തീർന്നു. അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാൻ ആകുന്നു. വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവർക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ. അവ്വണ്ണം യാഗപീഠവും: അതേ, സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു.
വെളിപ്പാട് 16:1-7 സമകാലിക മലയാളവിവർത്തനം (MCV)
തുടർന്ന് ആ ഏഴു ദൂതന്മാരോട്, “നിങ്ങൾ പോയി ദൈവക്രോധത്തിന്റെ ഏഴു കുംഭങ്ങളും ഭൂമിയിലേക്ക് ഒഴിക്കുക” എന്നു ദൈവാലയത്തിൽനിന്ന് അത്യുച്ചത്തിൽ അരുളിച്ചെയ്യുന്ന ഒരു ശബ്ദം ഞാൻ കേട്ടു. അപ്പോൾ ഒന്നാമത്തെ ദൂതൻ പുറപ്പെട്ടു തന്റെ കുംഭം ഭൂമിയിൽ ഒഴിച്ചു. മൃഗത്തിന്റെ മുദ്രയുള്ളവരുടെയും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുടെയുംമേൽ ബീഭത്സവും ചീഞ്ഞുനാറുന്നതുമായ വ്രണങ്ങളുണ്ടായി. രണ്ടാമത്തെ ദൂതൻ തന്റെ കുംഭം സമുദ്രത്തിൽ ഒഴിച്ചു; സമുദ്രത്തിലെ ജലം ശവശരീരത്തിലെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ സകലജീവജാലങ്ങളും ചത്തുപോയി. മൂന്നാമത്തെ ദൂതൻ തന്റെ കുംഭം നദികളിലും ജലസ്രോതസ്സുകളിലും ഒഴിച്ചു; അവ രക്തമായിത്തീർന്നു. ജലത്തിന്റെമേൽ അധികാരമുള്ള ദൂതൻ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഭൂത, വർത്തമാന ഭേദമില്ലാത്ത പരിശുദ്ധനേ, ഈ വിധം ന്യായംവിധിച്ചിരിക്കുകയാൽ അങ്ങ് നീതിമാൻതന്നെ! അങ്ങയുടെ വിശുദ്ധരുടെയും പ്രവാചകരുടെയും രക്തം ചൊരിഞ്ഞവർക്ക്, രക്തം കുടിക്കാൻ കൊടുത്തത് അവർ അർഹിക്കുന്ന ശിക്ഷയല്ലോ!” ഇതിനു യാഗപീഠം പ്രതിവചിച്ചത് ഞാൻ കേട്ടു: “സർവശക്തിയുള്ള ദൈവമായ കർത്താവേ, അങ്ങയുടെ വിധികൾ സത്യവും നീതിയുള്ളവയുംതന്നെ, നിശ്ചയം!”