വെളിപ്പാട് 14:6-20

വെളിപ്പാട് 14:6-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വേറൊരു ദൂതൻ ആകാശമധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോട് അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ട് അവന് മഹത്ത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്ന് അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു. രണ്ടാമത് വേറൊരു ദൂതൻ പിൻചെന്നു; വീണുപോയി; തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൻ വീണുപോയി എന്നു പറഞ്ഞു. മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്ന് അത്യുച്ചത്തിൽ പറഞ്ഞത്: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവൻ ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാർക്കും കുഞ്ഞാടിനും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും. അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവനും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല. ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ട് ഇവിടെ ആവശ്യം. ഞാൻ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം കേട്ടു; അതു പറഞ്ഞത്: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതെ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്ന് ആത്മാവ് പറയുന്നു. പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രനു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കൈയിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. മറ്റൊരു ദൂതൻ ദൈവാലയത്തിൽനിന്നും പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോട്: കൊയ്ത്തിനു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. മേഘത്തിന്മേൽ ഇരിക്കുന്നവൻ അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞു; ഭൂമിയിൽ കൊയ്ത്തു നടന്നു. മറ്റൊരു ദൂതൻ സ്വർഗത്തിലെ ആലയത്തിൽനിന്നു പുറപ്പെട്ടു; അവൻ മൂർച്ചയുള്ളൊരു കോങ്കത്തി പിടിച്ചിരുന്നു. തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽനിന്നു പുറപ്പെട്ടു, മൂർച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോട്: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ദൂതൻ കോങ്കത്തി ഭൂമിയിലേക്ക് എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു. ചക്കു നഗരത്തിനു പുറത്തുവച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.

വെളിപ്പാട് 14:6-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീട് മറ്റൊരു മാലാഖ ആകാശമധ്യത്തിൽ പറക്കുന്നതായി ഞാൻ ദർശിച്ചു. എല്ലാ വർഗക്കാരും എല്ലാ ഗോത്രക്കാരും എല്ലാ ഭാഷക്കാരും സർവ ദേശക്കാരും ആയ സമസ്ത ഭൂവാസികളോടും വിളംബരം ചെയ്യാനുള്ള നിത്യസുവിശേഷം ആ മാലാഖയുടെ പക്കൽ ഉണ്ടായിരുന്നു. “വിധിയുടെ നാഴിക വന്നുകഴിഞ്ഞിരിക്കുന്നു. ദൈവത്തെ ഭയപ്പെടുകയും ദൈവത്തിന്റെ മഹത്ത്വത്തെ പ്രകീർത്തിക്കുകയും ചെയ്യുക; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും സൃഷ്‍ടിച്ചവനെ നമസ്കരിക്കുക” എന്ന് ആ മാലാഖ ഉച്ചസ്വരത്തിൽ പറഞ്ഞു. രണ്ടാമത് മറ്റൊരു മാലാഖ പിന്നാലെ വന്നു. “വീണുപോയി! എല്ലാ ജനതകളെയും ദുർവൃത്തിയുടെ മാദകലഹരിയുള്ള വീഞ്ഞു കുടിപ്പിച്ചു മഹാബാബിലോൺ വീണുപോയി!” എന്ന് ആ മാലാഖ പറഞ്ഞു. മൂന്നാമതു വേറൊരു മാലാഖ അവരുടെ പിന്നാലെ വന്ന് അത്യുച്ചസ്വരത്തിൽ പറഞ്ഞു: “മൃഗത്തെയോ അതിന്റെ പ്രതിമയെയോ വന്ദിക്കുകയും, നെറ്റിയിലോ കൈയിലോ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവൻ ദൈവത്തിന്റെ ഉഗ്രകോപമാകുന്ന വീഞ്ഞു കുടിക്കേണ്ടിവരും. വീര്യം കുറയ്‍ക്കാത്ത ആ വീഞ്ഞ് ദൈവത്തിന്റെ കോപമാകുന്ന പാനപാത്രത്തിൽ പകർന്നിരിക്കുന്നു. വിശുദ്ധമാലാഖമാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ അവർ ഗന്ധകാഗ്നിയിൽ ദണ്ഡിപ്പിക്കപ്പെടും. അവരെ പീഡിപ്പിക്കുന്ന അഗ്നിയുടെ പുക എന്നേക്കും ഉയരുന്നു; മൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നവർക്കും അതിന്റെ നാമമുദ്ര സ്വീകരിക്കുന്നവർക്കും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാവുകയില്ല. യേശുവിലുള്ള വിശ്വാസവും ദൈവകല്പനകളും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുത ഇവിടെയാണു പ്രകടമാകുന്നത്. പിന്നീട് സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “എഴുതിക്കൊള്ളുക; ഇന്നുമുതൽ കർത്താവിനോടു വിശ്വസ്തരായിരുന്നു മൃതിയടയുന്നവർ അനുഗൃഹീതർ!” “അതെ, നിശ്ചയമായും തങ്ങളുടെ അധ്വാനങ്ങളിൽനിന്നു വിരമിച്ച് അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ പിന്തുടരുന്നു” എന്ന് ആത്മാവു പറയുന്നു. അതിനുശേഷം അതാ ഒരു വെൺമേഘം! മേഘത്തിന്മേൽ മനുഷ്യപുത്രനു സദൃശനായ ഒരുവൻ തലയിൽ പൊൻകിരീടവും കൈയിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നു. പിന്നീട് മറ്റൊരു മാലാഖ ദേവാലയത്തിൽനിന്നു പുറത്തുവന്ന് മേഘാരൂഢനായിരിക്കുന്ന ആളിനോട് ഉച്ചത്തിൽ പറഞ്ഞു: “കൊയ്ത്തിനു സമയമായിരിക്കുന്നു; നിന്റെ അരിവാളെടുത്തു കൊയ്യുക; ഭൂമി കൊയ്ത്തിനു വിളഞ്ഞു പാകമായിരിക്കുന്നു.” അപ്പോൾ മേഘത്തിന്മേൽ ഇരുന്നയാൾ അരിവാൾ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ കൊയ്ത്തു നടക്കുകയും ചെയ്തു. അനന്തരം വേറൊരു മാലാഖ സ്വർഗത്തിലെ ദേവാലയത്തിൽനിന്ന് ഇറങ്ങിവന്നു. ആ ദൂതന്റെ കൈയിലും ഉണ്ട് മൂർച്ചയുള്ള ഒരു അരിവാൾ. അഗ്നിയുടെമേൽ അധികാരമുള്ള ഒരു മാലാഖ ബലിപീഠത്തിൽനിന്നു പുറത്തുവന്ന് മൂർച്ചയുള്ള അരിവാൾ കൈയിലുള്ളവനോട്, “ഭൂമിയിലെ മുന്തിരിയുടെ ഫലങ്ങൾ പാകമായിരിക്കുന്നു. അരിവാൾ എറിഞ്ഞ് മുന്തിരിവള്ളിയിൽനിന്ന് കുലകൾ അറുത്തെടുക്കുക” എന്ന് ഉച്ചത്തിൽ പറഞ്ഞു. ആ മാലാഖ അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞു; മുന്തിരിവള്ളിയിൽനിന്ന് കുലകൾ അറുത്തെടുത്ത് നഗരത്തിനു പുറത്തുള്ള ചക്കിൽ ഇട്ടു ഞെക്കിപ്പിഴിഞ്ഞു. ദൈവത്തിന്റെ ഉഗ്രരോഷമാകുന്ന ആ മുന്തിരിച്ചക്കിൽനിന്ന് രക്തം കുതിരയുടെ കടിഞ്ഞാണോളം ഉയരത്തിൽ മുന്നൂറു കിലോമീറ്റർ ദൂരം ഒഴുകി.

വെളിപ്പാട് 14:6-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വേറൊരു ദൂതൻ ആകാശമധ്യേ പറക്കുന്നത് ഞാൻ കണ്ടു; ഭൂമിയിൽ വസിക്കുന്ന സകലജനതയും ഗോത്രവും ഭാഷയും വംശവും ആയവരോട് അറിയിക്കുവാൻ അവന്‍റെ പക്കൽ നിത്യസുവിശേഷം ഉണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ടു അവനു മഹത്വം കൊടുക്കുവിൻ; അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ ആരാധിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു. വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി! തന്‍റെ ദുർന്നടപ്പിൻ്റെ ക്രോധമദ്യം സകലജനതകളെയും കുടിപ്പിച്ചതുകൊണ്ട് മഹാനഗരമായ ബാബേല്‍ വീണുപോയി എന്നു പറഞ്ഞുകൊണ്ടിരുന്നു. മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ ചെന്നു അത്യുച്ചത്തിൽ പറഞ്ഞത്: മൃഗത്തെയോ അതിന്‍റെ പ്രതിമയേയോ ആരാധിക്കുകയും തന്‍റെ നെറ്റിയിലോ കൈമേലോ അവന്‍റെ മുദ്ര സ്വീകരിക്കുകയും ചെയ്യുന്നവൻ ആരായിരുന്നാലും അവൻ ദൈവകോപത്തിന്‍റെ പാനപാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവത്തിന്‍റെ ക്രോധമദ്യം കുടിക്കേണ്ടിവരും; അവൻ വിശുദ്ധദൂതന്മാരുടേയും കുഞ്ഞാടിൻ്റെയും മുമ്പാകെ തീയിലും ഗന്ധകത്തിലും ദണ്ഡിപ്പിക്കപ്പെടുകയും ചെയ്യും. അവരുടെ ദണ്ഡനത്തിൻ്റെ പുക എന്നെന്നേക്കും പൊങ്ങിക്കൊണ്ടിരിക്കും; മൃഗത്തെയും അതിന്‍റെ പ്രതിമയേയും ആരാധിക്കുന്നവർക്കും അതിന്‍റെ പേരിന്‍റെ മുദ്ര സ്വീകരിക്കുന്ന ഏവർക്കും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല. ദൈവകല്പന അനുസരിക്കുന്നവരും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്നവരുമായ വിശുദ്ധന്മാരുടെ സഹനം കൊണ്ടു ഇവിടെ ആവശ്യം. സ്വർഗ്ഗത്തിൽനിന്ന് ഒരു ശബ്ദം എന്നോട് പറയുന്നത് ഞാൻ കേട്ടു; “ഇതു എഴുതുക: ഇന്ന് മുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതെ, അവരുടെ അദ്ധ്വാനങ്ങളിൽ നിന്നു അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ പിന്തുടരും എന്നു ആത്മാവ് പറയുന്നു.” പിന്നെ ഞാൻ നോക്കിയപ്പോൾ, ഇതാ ഒരു വെളുത്ത മേഘം, മേഘത്തിന്മേൽ മനുഷ്യപുത്രനെപ്പോലെ ഒരുവൻ ഇരിക്കുന്നത് ഞാൻ കണ്ടു. അവന്‍റെ തലയിൽ ഒരു സ്വർണ്ണകിരീടവും കയ്യിൽ മൂർച്ചയുള്ളൊരു അരിവാളും ഉണ്ടായിരുന്നു. പിന്നെ മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറത്തു വന്നു, മേഘത്തിന്മേൽ ഇരിക്കുന്നവനോട്: “നിന്‍റെ അരിവാൾ എടുത്തു കൊയ്യുവാൻ തുടങ്ങുക; ഭൂമിയിലെ വിളവ് വിളഞ്ഞിരിക്കുന്നതിനാൽ കൊയ്ത്തിന് സമയം ആയിരിക്കുന്നു“ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോൾ മേഘത്തിന്മേൽ ഇരിക്കുന്നവൻ അവന്‍റെ അരിവാൾ ഭൂമിക്കുമീതെ വീശി, ഭൂമിയിലെ വിളവെടുക്കപ്പെടുകയും ചെയ്തു. മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആലയത്തിൽനിന്ന് പുറത്തു വന്നു; മൂർച്ചയുള്ളൊരു അരിവാൾ അവനും ഉണ്ടായിരുന്നു. പിന്നീട് തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽ നിന്നു പുറത്തു വന്നു, അവൻ മൂർച്ചയുള്ള അരിവാൾ പിടിച്ചിരുന്നവനോട്: “മുന്തിരിങ്ങ നന്നായി പഴുത്തിരിക്കയാൽ നിന്‍റെ മൂർച്ചയുള്ള അരിവാൾ എടുത്തു ഭൂമിയിലെ മുന്തിരിക്കുലകളെ അറുത്തെടുക്കുക“ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ദൂതൻ തന്‍റെ അരിവാൾ ഭൂമിയിലേക്കു വീശി, ഭൂമിയിലെ മുന്തിരിക്കുലകൾ ശേഖരിച്ച്, ദൈവകോപത്തിന്‍റെ വലിയ മുന്തിരിച്ചക്കിൽ ഇട്ടു. മുന്തിരിച്ചക്ക് നഗരത്തിന് പുറത്തുവച്ച് ചവിട്ടി; ചക്കിൽനിന്ന് രക്തം രണ്ടു മീറ്റര്‍ ഉയരത്തില്‍ മുന്നൂറ് കിലോമീറ്ററോളം ദൂരത്തോളം ഒഴുകി.

വെളിപ്പാട് 14:6-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു. രണ്ടാമതു വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി; തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൻ വീണുപോയി എന്നു പറഞ്ഞു. മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തിൽ പറഞ്ഞതു: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവൻ ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാർക്കും കുഞ്ഞാടിന്നും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും. അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല. ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം. ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു. പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. മേഘത്തിന്മേൽ ഇരിക്കുന്നവൻ അരിവാൾ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയിൽ കൊയ്ത്തു നടന്നു. മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ആലയത്തിൽനിന്നു പുറപ്പെട്ടു; അവൻ മൂർച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു. തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽ നിന്നു പുറപ്പെട്ടു, മൂർച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടു: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. ദൂതൻ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു. ചക്കു നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.

വെളിപ്പാട് 14:6-20 സമകാലിക മലയാളവിവർത്തനം (MCV)

മറ്റൊരു ദൂതൻ ആകാശമധ്യത്തിൽ പറക്കുന്നതു ഞാൻ കണ്ടു. ഭൂമിയിലുള്ള സകലരാജ്യങ്ങളോടും ഗോത്രങ്ങളോടും ഭാഷകളോടും ജനവിഭാഗങ്ങളോടും അറിയിക്കാനുള്ള നിത്യസുവിശേഷം അവന്റെ കൈവശമുണ്ടായിരുന്നു. “ദൈവത്തെ ഭയപ്പെട്ട് അവിടത്തേക്കു മഹത്ത്വംകൊടുക്കുക; അവിടത്തെ ന്യായവിധിയുടെ സമയം വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും എല്ലാ നീരുറവകളും സൃഷ്ടിച്ചവനെ ആരാധിക്കുക!” എന്നിങ്ങനെ ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. തുടർന്നു രണ്ടാമത്തെ ദൂതൻ വിളിച്ചുപറഞ്ഞത്: “ ‘നിലംപതിച്ചിരിക്കുന്നു!’ തന്റെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യം സകലരാജ്യങ്ങളെയും കുടിപ്പിച്ച ‘മഹാനഗരമായ ബാബേൽ ഇതാ നിലംപതിച്ചിരിക്കുന്നു!’” അതിന്റെശേഷം മൂന്നാമത്തെ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “ആരെങ്കിലും മൃഗത്തെയും അവന്റെ പ്രതിമയെയും ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ അവന്റെ അടയാളം സ്വീകരിക്കുകയോ ചെയ്താൽ ദൈവകോപത്തിന്റെ ചഷകത്തിൽ പൂർണവീര്യത്തോടെ പകർന്നുവെച്ചിരിക്കുന്ന ദൈവക്രോധമെന്ന മദ്യം അയാൾ കുടിക്കേണ്ടിവരും. വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ തീയിലും ഗന്ധകത്തിലും അവർ ദണ്ഡനം അനുഭവിക്കും. അവരുടെ ദണ്ഡനത്തിന്റെ പുക യുഗാനുയുഗം ഉയർന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുകയോ അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുകയോ ചെയ്യുന്നവർക്ക് രാപകൽ സ്വസ്ഥത അന്യമായിരിക്കും.” ദൈവകൽപ്പനകൾ അനുസരിക്കുകയും യേശുവിലുള്ള വിശ്വാസം സൂക്ഷിക്കുകയുംചെയ്യുന്ന ദൈവജനത്തിന് സഹിഷ്ണുത ഇവിടെ അത്യാവശ്യമായിരിക്കുന്നു. അപ്പോൾ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടത്, “എഴുതുക; ഇപ്പോൾമുതൽ കർത്താവിൽ മരിക്കുന്നവർ അനുഗൃഹീതർ.” “അതേ,” ദൈവാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, “തങ്ങളുടെ അധ്വാനങ്ങളിൽനിന്ന് അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ അനുഗമിക്കും.” അതിനുശേഷം ഒരു വെൺമേഘം ഞാൻ കണ്ടു. ഇതാ, ആ മേഘത്തിനുമീതേ മനുഷ്യപുത്രന് തുല്യനായ ഒരുവൻ തലയിൽ തങ്കക്കിരീടമണിഞ്ഞും കൈയിൽ മൂർച്ചയുള്ള അരിവാളേന്തിയും ഇരിക്കുന്നു. അപ്പോൾ മറ്റൊരു ദൂതൻ ദൈവാലയത്തിൽനിന്ന് പുറത്തുവന്നു മേഘത്തിന്മേൽ ഇരിക്കുന്നവനോട് അത്യുച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഭൂമിയിലെ വിളവു കൊയ്ത്തിനു പാകമായിരിക്കുന്നു. കൊയ്ത്തിനുള്ള സമയവും ഇതാ വന്നിരിക്കുന്നു. അതുകൊണ്ട്, ഇപ്പോൾ നിന്റെ അരിവാൾ എടുത്തു കൊയ്ത്ത് ആരംഭിക്കുക.” മേഘത്തിന്മേൽ ഇരിക്കുന്നവൻ തന്റെ അരിവാൾ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു; അങ്ങനെ ഭൂമിയിൽ കൊയ്ത്തു നടന്നു. വേറൊരു ദൂതനും സ്വർഗത്തിലെ ദൈവാലയത്തിൽനിന്ന് വന്നു. അവന്റെ കൈയിൽ മൂർച്ചയുള്ള ഒരു അരിവാൾ ഉണ്ടായിരുന്നു. അഗ്നിയുടെമേൽ അധികാരമുള്ള മറ്റൊരു ദൂതൻ യാഗപീഠത്തിൽനിന്ന് വന്ന് മൂർച്ചയുള്ള അരിവാൾ പിടിച്ചിരുന്നവനോട്, “ഭൂമിയിൽ മുന്തിരിങ്ങ പാകമായിരിക്കുകയാൽ നിന്റെ മൂർച്ചയുള്ള അരിവാൾ എറിഞ്ഞ് മുന്തിരിവള്ളിയിൽനിന്ന് മുന്തിരിക്കുലകൾ മുറിച്ചെടുക്കുക” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. ദൂതൻ അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞ് മുന്തിരിവിളവ് ശേഖരിച്ചു ദൈവക്രോധത്തിന്റെ വലിയ ചക്കിലേക്ക് എറിഞ്ഞു. നഗരത്തിനു പുറത്തുവെച്ച് മുന്തിരിക്കുല ചക്കിൽ ചവിട്ടിമെതിച്ചു. ചക്കിൽനിന്ന് രക്തം പുറപ്പെട്ട് ഒരു കുതിരയുടെ കടിഞ്ഞാണുള്ള ഉയരംവരെ പൊങ്ങി, 300 കിലോമീറ്റർ ദൂരംവരെ ഒഴുകി.