വെളിപ്പാട് 14:1-5
വെളിപ്പാട് 14:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ ഞാൻ സീയോൻമലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു. പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും വലിയൊരു ഇടിമുഴക്കംപോലെയും സ്വർഗത്തിൽനിന്ന് ഒരു ഘോഷം കേട്ടു; ഞാൻ കേട്ട ഘോഷം വൈണികന്മാർ വീണമീട്ടുന്നതുപോലെ ആയിരുന്നു. അവർ സിംഹാസനത്തിനും നാലു ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ ഒരു പുതിയ പാട്ടു പാടി; ഭൂമിയിൽനിന്നു വിലയ്ക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല. അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു. ഭോഷ്ക് അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ തന്നെ.
വെളിപ്പാട് 14:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് സിയോൻമലയിൽ കുഞ്ഞാടും നെറ്റിയിൽ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതപ്പെട്ടിട്ടുള്ള നൂറ്റിനാല്പത്തിനാലായിരം പേരും നില്‌ക്കുന്നതു ഞാൻ കണ്ടു. വെള്ളച്ചാട്ടത്തിന്റെ ഗർജനംപോലെയും ഗംഭീരമായ ഇടിമുഴക്കംപോലെയും സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടു. ഞാൻ കേട്ടത് വൈണികരുടെ വീണകളിൽനിന്നു പുറപ്പെടുന്ന ശബ്ദംപോലെ ആയിരുന്നു. അവർ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും ശ്രേഷ്ഠപുരുഷന്മാരുടെയും മുമ്പിൽ ഒരു പുതിയ ഗാനം ആലപിച്ചു. ഭൂമിയിൽനിന്നു വീണ്ടെടുക്കപ്പെട്ട നൂറ്റിനാല്പത്തിനാലായിരം പേർക്കല്ലാതെ ആ ഗാനം പഠിക്കുവാൻ കഴിഞ്ഞില്ല. സ്‍ത്രീകളോടു ബന്ധം പുലർത്താത്ത ജിതേന്ദ്രിയരാണവർ. കുഞ്ഞാട് എവിടെ പോയാലും അവർ കുഞ്ഞാടിനെ അനുഗമിക്കുന്നു. മനുഷ്യവർഗത്തിൽനിന്ന് അവർ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. അവർ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ആദ്യഫലം അത്രേ. അവരുടെ വായിൽനിന്ന് അസത്യവാക്കു പുറപ്പെട്ടിരുന്നില്ല. അവർ നിഷ്കളങ്കരാണ്.
വെളിപ്പാട് 14:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ നോക്കിയപ്പോൾ സീയോൻമലയിൽ കുഞ്ഞാട് നില്ക്കുന്നതു കണ്ടു. അവന്‍റെ നാമവും അവന്റെ പിതാവിന്റെ നാമവും നെറ്റിയിൽ എഴുതിയിരിക്കുന്നവരായ നൂറ്റിനാല്പത്തിനാലായിരം (1,44,000) പേർ അവനോടുകൂടെ ഉണ്ടായിരുന്നു. പെരുവെള്ളത്തിന്‍റെ ഇരച്ചിൽപോലെയും വലിയൊരു ഇടിമുഴക്കംപോലെയും സ്വർഗ്ഗത്തിൽനിന്ന് ഒരു ഘോഷം ഞാൻ കേട്ടു; ഞാൻ കേട്ട ഘോഷം വീണ വായനക്കാർ അവരുടെ വീണകൾ മീട്ടുന്നതുപോലെയും ആയിരുന്നു. അവർ സിംഹാസനത്തിനും നാലു ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയിൽനിന്നു വീണ്ടെടുക്കപ്പെട്ടവരായ 1,44,000 പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല. അവർ സ്ത്രീകളാൽ മാലിന്യപ്പെടാത്തവർ; ശുദ്ധിയുള്ളവരായി സൂക്ഷിച്ചവർ തന്നെ. കുഞ്ഞാട് പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽ നിന്ന് വീണ്ടെടുക്കപ്പെട്ടവർ ആയിരുന്നു ഇവർ. കള്ളം അവരുടെ വായിൽ ഉണ്ടായിരുന്നില്ല; ദൈവസിംഹാസനത്തിന്മുമ്പിൽ അവർ കുറ്റമില്ലാത്തവർ തന്നെ.
വെളിപ്പാട് 14:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ ഞാൻ സീയോൻമലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു. പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വർഗ്ഗത്തിൽനിന്നു ഒരു ഘോഷം കേട്ടു; ഞാൻ കേട്ട ഘോഷം വൈണികന്മാർ വീണമീട്ടുന്നതുപോലെ ആയിരുന്നു. അവർ സിംഹാസനത്തിന്നും നാലു ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയിൽ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല. അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു. ഭോഷ്കു അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ തന്നേ.
വെളിപ്പാട് 14:1-5 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ നോക്കി: അപ്പോൾ സീയോൻ മലയിൽ കുഞ്ഞാടും അവിടത്തോടൊപ്പം നെറ്റിയിൽ കുഞ്ഞാടിന്റെയും പിതാവിന്റെയും നാമം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന 1,44,000 പേരും ഇതാ നിൽക്കുന്നു! സ്വർഗത്തിൽനിന്നൊരു ശബ്ദം ഞാൻ കേട്ടു. അത് അലറുന്ന തിരമാലപോലെയും മഹാമേഘഗർജനംപോലെയും ആയിരുന്നു. ആ ശബ്ദം അനേകം വൈണികന്മാർ ഒരുമിച്ചു വീണമീട്ടുന്നതിനു സമാനവുമായിരുന്നു. സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കുംമുമ്പാകെ അവർ പുതിയൊരു ഗീതം ആലപിച്ചു. ഭൂമിയിൽനിന്ന് വീണ്ടെടുക്കപ്പെട്ട 1,44,000 പേർക്കല്ലാതെ ആർക്കും ആ ഗീതം പഠിക്കാൻ കഴിഞ്ഞില്ല. അവർ സ്ത്രീകളുമായി മലിനപ്പെടാതെ സ്വയം കാത്തതിനാൽ, ചാരിത്ര്യം നഷ്ടപ്പെടാത്തവരാണ്. കുഞ്ഞാട് പോകുന്നിടത്തെല്ലാം അവർ അവിടത്തെ അനുഗമിക്കുന്നു. ദൈവത്തിനും കുഞ്ഞാടിനും പ്രഥമഫലമായി സമർപ്പിക്കാൻ അവരെ മനുഷ്യരിൽനിന്ന് വിലയ്ക്കു വാങ്ങിയിരിക്കുന്നു. അവരുടെ അധരങ്ങളിൽ ഒരിക്കലും വ്യാജം ഉണ്ടായിരുന്നില്ല; അവർ നിഷ്കളങ്കരാണ്.