വെളിപ്പാട് 13:1-4
വെളിപ്പാട് 13:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളൊരു മൃഗം സമുദ്രത്തിൽനിന്നു കയറുന്നത് ഞാൻ കണ്ടു. ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിനു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു. അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു. മൃഗത്തിന് അധികാരം കൊടുത്തതുകൊണ്ട് അവർ മഹാസർപ്പത്തെ നമസ്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുതുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു.
വെളിപ്പാട് 13:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് സമുദ്രത്തിൽനിന്ന് ഒരു മൃഗം കയറി വരുന്നതായി ഞാൻ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജകീയ കിരീടവും ഓരോ തലയിലും ദൈവനിന്ദാസൂചകമായ ഓരോ നാമവും ഉണ്ടായിരുന്നു. ഞാൻ കണ്ട ആ മൃഗം പുള്ളിപ്പുലിയെപ്പോലെ ആയിരുന്നെങ്കിലും അതിന്റെ കാല് കരടിയുടേതുപോലെയും വായ് സിംഹത്തിൻറേതുപോലെയും ആയിരുന്നു. ഉഗ്രസർപ്പം തന്റെ അധികാരവും ശക്തിയും സിംഹാസനവും അതിനു നല്‌കി. അതിന്റെ ഒരു തലയിൽ മാരകമായ മുറിവേറ്റിരുന്നതുപോലെ കാണപ്പെട്ടു; എങ്കിലും ആ മുറിവു പൊറുത്തിരുന്നു; സമസ്തലോകവും ആ മൃഗത്തെക്കുറിച്ചു വിസ്മയിച്ചു. തന്റെ അധികാരം മൃഗത്തിനു നല്‌കിയതുകൊണ്ട് ഉഗ്രസർപ്പത്തെ മനുഷ്യർ നമസ്കരിച്ചു. “ഈ മൃഗത്തോടു സമൻ ആരുണ്ട്? ഇതിനോടു പോരാടുവാൻ ആർക്കു കഴിയും?” എന്നു പറഞ്ഞുകൊണ്ട് മനുഷ്യർ അതിനെയും നമസ്കരിച്ചു.
വെളിപ്പാട് 13:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ പത്തു കൊമ്പുകളും ഏഴു തലകളും കൊമ്പുകളിൽ പത്തു കിരീടങ്ങളും തലയിൽ ദൈവത്തെ നിന്ദിക്കുന്ന പേരുകളും ഉള്ളൊരു മൃഗം സമുദ്രത്തിൽനിന്നു കയറി വരുന്നത് ഞാൻ കണ്ടു. ഞാൻ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലെയും അതിന്‍റെ കാലുകൾ കരടിയുടെ കാലുകൾ പോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിന് സർപ്പം തന്‍റെ ശക്തിയും ഇരിപ്പിടവും വലിയ അധികാരവും കൊടുത്തു. മൃഗത്തിന്‍റെ തലകളിൽ ഒന്നിൽ മാരകമായ ഒരു മുറിവുള്ളതായി കാണപ്പെട്ടു; എന്നാൽ മാരകമായ ആ മുറിവ് സൗഖ്യമായി; സർവ്വഭൂമിയും മൃഗത്തെ കണ്ടു അതിശയിച്ചു. മൃഗത്തിന് തന്‍റെ അധികാരം കൊടുത്ത മഹാസർപ്പത്തെ അവർ ആരാധിച്ചു: മൃഗത്തെപ്പോലെ ആരുള്ളു? അതിന് എതിരെ പൊരുതുവാൻ ആർക്ക് കഴിയും? എന്നു പറഞ്ഞുകൊണ്ട് അവർ മൃഗത്തെയും ആരാധിച്ചു.
വെളിപ്പാട് 13:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു. ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു. അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു. മൃഗത്തിന്നു അധികാരം കൊടുത്തതുകൊണ്ടു അവർ മഹാസർപ്പത്തെ നമസ്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു.
വെളിപ്പാട് 13:1-4 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ സമുദ്രത്തിൽനിന്ന് ഒരു മൃഗം കയറിവരുന്നതു ഞാൻ കണ്ടു. അതിന് പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു കിരീടവും ഓരോ തലയിലും ദൈവത്തെ നിന്ദിക്കുന്ന നാമങ്ങളും എഴുതപ്പെട്ടിരുന്നു. ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ പാദങ്ങൾ കരടിയുടേതുപോലെയും വായ് സിംഹത്തിന്റേതുപോലെയും ആയിരുന്നു. മഹാവ്യാളി തന്റെ ശക്തിയും സിംഹാസനവും വിപുലമായ അധികാരവും മൃഗത്തിനു കൈമാറി. മൃഗത്തിന്റെ ഒരു തലയിൽ മാരകമായൊരു മുറിവേറ്റിട്ടുണ്ടായിരുന്നതായി കണ്ടു; എന്നാൽ ഇപ്പോൾ അത് ഉണങ്ങിയിരുന്നു. സർവഭൂമിയും അത്ഭുതപ്പെട്ട് മൃഗത്തിന്റെ അനുയായികളായിത്തീർന്നു. മൃഗത്തിന് അധികാരം നൽകിയതു നിമിത്തം മനുഷ്യർ മഹാവ്യാളിയെ ആരാധിച്ചു. “മൃഗത്തിനു തുല്യൻ ആര്? അവനോടു യുദ്ധംചെയ്യാൻ ആർക്കു കഴിയും?” എന്നു പറഞ്ഞ് അവർ മൃഗത്തെ നമസ്കരിച്ചു.