വെളിപ്പാട് 1:1-7

വെളിപ്പാട് 1:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശുക്രിസ്തുവിന്റെ വെളിപ്പാട്: വേഗത്തിൽ സംഭവിപ്പാനുള്ളത് തന്റെ ദാസന്മാരെ കാണിക്കേണ്ടതിനു ദൈവം അത് അവനു കൊടുത്തു. അവൻ അത് തന്റെ ദൂതൻ മുഖാന്തരം അയച്ച് തന്റെ ദാസനായ യോഹന്നാനു പ്രദർശിപ്പിച്ചു. അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു. ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു. യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്ത്വവും ബലവും; ആമേൻ. ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങളൊക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വ്, ആമേൻ.

വെളിപ്പാട് 1:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സമീപഭാവിയിൽ സംഭവിക്കുവാനുള്ള കാര്യങ്ങൾ തന്റെ ദാസന്മാർക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്തുവിനു നല്‌കിയ വെളിപാട്. അത് അവിടുത്തെ മാലാഖയെ അയച്ച് അവിടുത്തെ ദാസനായ യോഹന്നാനു വെളിപ്പെടുത്തി. ദൈവത്തിന്റെ സന്ദേശമായും യേശുക്രിസ്തുവിന്റെ വെളിപാടായും താൻ കണ്ട എല്ലാറ്റിനും യോഹന്നാൻ സാക്ഷ്യം വഹിച്ചു. ഈ പ്രവചനത്തിലെ വാക്കുകൾ വായിക്കുന്നവരും വായിച്ചുകേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതർ. എന്തെന്നാൽ സമയം സമീപിച്ചിരിക്കുന്നു. യോഹന്നാൻ ഏഷ്യയിലെ ഏഴു സഭകൾക്ക് എഴുതുന്നത്: ഇപ്പോൾ ഉള്ളവനും, ഉണ്ടായിരുന്നവനും വരുവാനിരിക്കുന്നവനുമായ ദൈവത്തിൽനിന്നും, അവിടുത്തെ സിംഹാസനത്തിന്റെ മുമ്പിലുള്ള ഏഴ് ആത്മാക്കളിൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽനിന്ന് ആദ്യമായി ഉത്ഥാനം ചെയ്തവനും, ഭൂമിയിലെ രാജാധിരാജനുമായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മെ സ്നേഹിക്കുകയും, തന്റെ രക്തത്താൽ പാപത്തിൽനിന്നു വിമോചിപ്പിച്ച് നമ്മെ ഒരു രാജ്യവും, തന്റെ ദൈവവും പിതാവുമായവന്റെ പുരോഹിതന്മാരും ആക്കിത്തീർക്കുകയും ചെയ്ത ക്രിസ്തുവിന് എന്നും എന്നേക്കും മഹത്ത്വവും ആധിപത്യവും ഉണ്ടാകട്ടെ. ആമേൻ. ഇതാ അവിടുന്ന് മേഘാരൂഢനായി എഴുന്നള്ളുന്നു. എല്ലാ നേത്രങ്ങളും അവിടുത്തെ ദർശിക്കും. അവിടുത്തെ കുത്തിത്തുളച്ചവരും അവിടുത്തെ കാണും. ഭൂമിയിലെ സകല ഗോത്രങ്ങളും അവിടുത്തെപ്രതി വിലപിക്കും. അതെ, അങ്ങനെതന്നെ; ആമേൻ.

വെളിപ്പാട് 1:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യേശുക്രിസ്തുവിന്‍റെ വെളിപ്പാട്: വേഗത്തിൽ സംഭവിക്കുവാനുള്ളത് തന്‍റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവനു കൊടുത്തു. അവൻ അത് തന്‍റെ ദൂതൻ മുഖാന്തരം അയച്ച് തന്‍റെ ദാസനായ യോഹന്നാനെ കാണിച്ചു. യോഹന്നാൻ ദൈവവചനവും യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യവുമായി താൻ കണ്ടതെല്ലാം സാക്ഷീകരിച്ചു. സമയം അടുത്തിരിക്കുന്നതുകൊണ്ട് ഈ പ്രവചനത്തിന്‍റെ വാക്കുകളെ വായിക്കുന്നവനും അവയെ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും ഭാഗ്യവാന്മാർ. യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും, അവന്‍റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ അടുക്കൽനിന്നും, വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാർക്കു ഭരണകർത്താവുമായ യേശുക്രിസ്തുവിങ്കൽ നിന്നും, നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മെ സ്നേഹിച്ചവനും തന്‍റെ രക്തത്താൽ നമ്മുടെ പാപങ്ങളിൽ നിന്നു നമ്മെ മോചിപ്പിച്ചു തന്‍റെ പിതാവായ ദൈവത്തിന് നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏത് കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും; ഭൂമിയിലെ സകലഗോത്രങ്ങളും അവനെച്ചൊല്ലി വിലപിക്കും. അതെ, ആമേൻ.

വെളിപ്പാട് 1:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു. അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു. ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു. യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.

വെളിപ്പാട് 1:1-7 സമകാലിക മലയാളവിവർത്തനം (MCV)

യേശുക്രിസ്തുവിന്റെ വെളിപ്പാട്. വേഗത്തിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ യേശുക്രിസ്തുവിന്റെ ദാസർക്കു കാണിച്ചുകൊടുക്കുന്നതിനായി ദൈവം അത് യേശുക്രിസ്തുവിന് നൽകി. അവിടന്ന് ഒരു ദൂതനെ അയച്ച് അവിടത്തെ ദാസനായ യോഹന്നാന് അതു വെളിപ്പെടുത്തി. അദ്ദേഹം ദൈവവചനത്തിന്റെയും യേശുക്രിസ്തുവിന്റെയും സാക്ഷ്യത്തിനായി താൻ കണ്ടതെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു. സമയം അടുത്തിരിക്കുന്നതിനാൽ, ഈ പ്രവചനപുസ്തകത്തിൽ എഴുതിയിരിക്കുന്ന വാക്കുകൾ വായിച്ചുകേൾപ്പിക്കുന്നവരും കേൾക്കുന്നവരും അവ അനുസരിക്കുന്നവരും അനുഗൃഹീതർ. യോഹന്നാൻ, ഏഷ്യാപ്രവിശ്യയിലെ ഏഴു സഭകൾക്ക് എഴുതുന്നത്: ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ ദൈവത്തിൽനിന്നും അവിടത്തെ സിംഹാസനത്തിന്റെ മുമ്പിലുള്ള ഏഴ് ആത്മാക്കളിൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യം ഉയിർത്തെഴുന്നേറ്റവനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപനുമായ യേശുക്രിസ്തുവിൽനിന്ന് നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. നമ്മെ സ്നേഹിച്ച് സ്വന്തം രക്തത്താൽ, നമ്മുടെ പാപങ്ങളിൽനിന്ന് നമ്മെ വിടുവിച്ച് അവിടത്തെ ദൈവവും പിതാവുമായവനുവേണ്ടി നമ്മെ രാജ്യവും പുരോഹിതന്മാരുമാക്കിത്തീർത്ത യേശുക്രിസ്തുവിന് എന്നെന്നേക്കും മഹത്ത്വവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ. “ഇതാ, അവിടന്നു മേഘങ്ങളിലേറി വരുന്നു,” “എല്ലാ കണ്ണുകളും—തന്നെ കുത്തിത്തുളച്ചവർപോലും അദ്ദേഹത്തെ കാണും.” ഭൂമിയിലെ സകലഗോത്രങ്ങളും “അദ്ദേഹത്തെക്കുറിച്ചു വിലപിക്കും.” അതേ, ആമേൻ.