സങ്കീർത്തനങ്ങൾ 87:1-7

സങ്കീർത്തനങ്ങൾ 87:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ വിശുദ്ധപർവതത്തിൽ സ്ഥാപിച്ച നഗരത്തെ, സീയോന്റെ പടിവാതിലുകളെത്തന്നെ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു. ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്ത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. സേലാ. ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവൻ അവിടെ ജനിച്ചു. ഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും; അത്യുന്നതൻ തന്നെ അതിനെ സ്ഥാപിച്ചിരിക്കുന്നു. യഹോവ വംശങ്ങളെ എഴുതുമ്പോൾ: ഇവൻ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും. സേലാ. എന്റെ ഉറവുകളൊക്കെയും നിന്നിൽ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.

സങ്കീർത്തനങ്ങൾ 87:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ തന്റെ നഗരം വിശുദ്ധ പർവതത്തിൽ സ്ഥാപിച്ചു. ഇസ്രായേലിലെ എല്ലാ സ്ഥലങ്ങളെക്കാളും അവിടുന്നു സീയോനെ സ്നേഹിക്കുന്നു. ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്തായ കാര്യങ്ങൾ ദൈവം അരുളിച്ചെയ്തിരിക്കുന്നു. എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ, ഈജിപ്തും ബാബിലോണും ഉൾപ്പെടുന്നു. ഫെലിസ്ത്യരും സോർ നിവാസികളും എത്യോപ്യരും ‘ഇവൻ അവിടെ ജനിച്ചവൻ’ എന്ന് അഭിമാനിക്കും. സകല ജനതകളും തങ്ങൾ സീയോനിൽ ജനിച്ചവരാണെന്നു പറയും. അത്യുന്നതനായ ദൈവമാണ് ആ നഗരം സ്ഥാപിച്ചത്. സർവേശ്വരൻ ജനതകളുടെ കണക്കെടുക്കുമ്പോൾ, എല്ലാവരും സീയോനിൽ ജനിച്ചവരെന്നു രേഖപ്പെടുത്തും. ‘സീയോനാണ് ഞങ്ങളുടെ അനുഗ്രഹങ്ങളുടെ ഉറവിടം’ എന്ന് എല്ലാവരും പാടി നൃത്തം ചെയ്യും.

സങ്കീർത്തനങ്ങൾ 87:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവ തന്‍റെ നഗരത്തെ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ചിരിക്കുന്നു. യഹോവ സീയോൻ്റെ പടിവാതിലുകളെ, യാക്കോബിന്‍റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു. ദൈവത്തിന്‍റെ നഗരമേ, നിന്നെക്കുറിച്ച് മഹത്ത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. സേലാ. ഞാൻ എന്‍റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും കുറിച്ച് പ്രസ്താവിക്കും; “ഇവൻ അവിടെ ജനിച്ചു. ഇവനും അവനും അവിടെ ജനിച്ചു” എന്നു സീയോനെക്കുറിച്ച് പറയും; അത്യുന്നതൻ തന്നെ അതിനെ സ്ഥാപിച്ചിരിക്കുന്നു. യഹോവ വംശങ്ങളെ എഴുതുമ്പോൾ: “ഇവൻ അവിടെ ജനിച്ചു” എന്നിങ്ങനെ എണ്ണും സേലാ. “എന്‍റെ ഉറവുകൾ എല്ലാം ദൈവത്തിൽ ആകുന്നു” എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.

സങ്കീർത്തനങ്ങൾ 87:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ച നഗരത്തെ, സീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു. ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. സേലാ. ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവൻ അവിടെ ജനിച്ചു. ഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും; അത്യുന്നതൻ തന്നേ അതിനെ സ്ഥാപിച്ചിരിക്കുന്നു. യഹോവ വംശങ്ങളെ എഴുതുമ്പോൾ: ഇവൻ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും സേലാ. എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.

സങ്കീർത്തനങ്ങൾ 87:1-7 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ വിശുദ്ധപർവതത്തിൽ തന്റെ നഗരം സ്ഥാപിച്ചിരിക്കുന്നു. യാക്കോബിന്റെ സകലനിവാസസ്ഥാനങ്ങളെക്കാളും സീയോന്റെ കവാടങ്ങളെ അവിടന്ന് സ്നേഹിക്കുന്നു. ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്തരമായ കാര്യങ്ങൾ പറയപ്പെട്ടിരിക്കുന്നു: സേലാ. “എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ രഹബിനെയും ബാബേലിനെയും രേഖപ്പെടുത്തും— ഫെലിസ്ത്യദേശവും സോരും കൂശും അക്കൂട്ടത്തിലുണ്ട്— ‘ഇവൻ സീയോനിൽ ജനിച്ചു,’ എന്നു പറയപ്പെടും.” സീയോനെപ്പറ്റി ഇപ്രകാരം പറയും, നിശ്ചയം, “ഇവനും അവനും ജനിച്ചത് ഇവിടെയാണ്, അത്യുന്നതൻതന്നെയാണ് സീയോനെ സ്ഥാപിച്ചിരിക്കുന്നത്.” യഹോവ ജനതകളുടെ ജനസംഖ്യ എടുക്കുമ്പോൾ: “ഈ ആൾ സീയോനിൽ ജനിച്ചു,” എന്നു രേഖപ്പെടുത്തും. സേലാ. ഗായകരെപ്പോലെ നർത്തകരും “എന്റെ എല്ലാ ഉറവിടവും അങ്ങയിൽ ആകുന്നു,” എന്നു പാടും. ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; സംഗീതസംവിധായകന്; മഹലത്ത് രാഗത്തിൽ.