സങ്കീർത്തനങ്ങൾ 86:1-13
സങ്കീർത്തനങ്ങൾ 86:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു. എന്റെ പ്രാണനെ കാക്കേണമേ; ഞാൻ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ. കർത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാൻ നിന്നോടു നിലവിളിക്കുന്നു. അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു. കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോട് അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവുമാകുന്നു. യഹോവേ, എന്റെ പ്രാർഥനയെ ചെവിക്കൊള്ളേണമേ; എന്റെ യാചനകളെ ശ്രദ്ധിക്കേണമേ. നീ എനിക്കുത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു. കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല. കർത്താവേ, നീ ഉണ്ടാക്കിയ സകല ജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവർ നിന്റെ നാമത്തെ മഹത്ത്വപ്പെടുത്തും. നീ വലിയവനും അദ്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു. യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ. എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്ത്വപ്പെടുത്തും. എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തിൽനിന്നു രക്ഷിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 86:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, എങ്കലേക്കു തിരിഞ്ഞ് എനിക്ക് ഉത്തരമരുളണമേ; ഞാൻ ദരിദ്രനും എളിയവനുമാണല്ലോ. എന്റെ പ്രാണനെ കാത്തുകൊള്ളണമേ; ഞാൻ അവിടുത്തെ ഭക്തനല്ലോ. അങ്ങയിൽ ശരണപ്പെടുന്ന ഈ ദാസനെ രക്ഷിക്കണമേ. അങ്ങാണെന്റെ ദൈവം. സർവേശ്വരാ, എന്നോടു കരുണ കാട്ടണമേ; ഞാൻ അങ്ങയെ ഇടവിടാതെ വിളിച്ചപേക്ഷിക്കുന്നു. അങ്ങയുടെ ദാസനെ സന്തോഷിപ്പിക്കണമേ. സർവേശ്വരാ, ഞാൻ അങ്ങയോടാണല്ലോ പ്രാർഥിക്കുന്നത്. നാഥാ, അവിടുന്നു നല്ലവനും ക്ഷമിക്കുന്നവനുമാണ്. അവിടുത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ അവിടുന്ന് അളവറ്റ സ്നേഹം ചൊരിയുന്നു. സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ! എന്റെ യാചനയ്‍ക്കു ചെവി തരണമേ. കഷ്ടകാലത്ത് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കും. അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു. സർവേശ്വരാ, ദേവന്മാരിൽ അങ്ങേക്കു തുല്യനായി ആരുമില്ല. അങ്ങയുടെ പ്രവൃത്തികൾ നിസ്തുലമാണ്. സർവേശ്വരാ, അവിടുന്നു സൃഷ്‍ടിച്ച സർവജനതകളും വന്ന് അങ്ങയെ നമിക്കുകയും പ്രകീർത്തിക്കുകയും ചെയ്യും. അവിടുന്ന് വലിയവനും അദ്ഭുതം പ്രവർത്തിക്കുന്നവനുമല്ലോ. അവിടുന്നു മാത്രമാണ് ദൈവം. സർവേശ്വരാ, അവിടുത്തെ വഴി എനിക്ക് ഉപദേശിച്ചുതരണമേ. അവിടുത്തോടുള്ള വിശ്വസ്തതയിൽ ഞാൻ നടക്കട്ടെ. ഭയഭക്തിയോടെ അങ്ങയെ ആരാധിക്കാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ. എന്റെ ദൈവമായ സർവേശ്വരാ, പൂർണഹൃദയത്തോടെ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും. തിരുനാമത്തെ ഞാൻ എന്നും പ്രകീർത്തിക്കും. എന്നോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം എത്ര വലുതാണ്. അവിടുന്ന് എന്നെ മരണത്തിന്റെ പിടിയിൽ നിന്നു മോചിപ്പിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 86:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു. എന്റെ പ്രാണനെ കാക്കേണമേ; ഞാൻ അങ്ങേയുടെ ഭക്തനാകുന്നുവല്ലോ; എന്‍റെ ദൈവമേ, അങ്ങയിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ. കർത്താവേ, എന്നോട് കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാൻ അങ്ങേയോട് നിലവിളിക്കുന്നു. അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു. കർത്താവേ, അവിടുന്ന് നല്ലവനും ക്ഷമിക്കുന്നവനും അങ്ങേയോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു. യഹോവേ, എന്‍റെ പ്രാർത്ഥന ചെവിക്കൊള്ളേണമേ; എന്‍റെ യാചനകൾ ശ്രദ്ധിക്കേണമേ. അവിടുന്ന് എനിക്ക് ഉത്തരമരുളുകയാൽ എന്‍റെ കഷ്ടദിവസത്തിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. കർത്താവേ, ദേവന്മാരിൽ അങ്ങേക്ക് തുല്യനായി ആരുമില്ല. അങ്ങേയുടെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല. കർത്താവേ, അവിടുന്ന് ഉണ്ടാക്കിയ സകലജനതകളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും; അവർ അങ്ങേയുടെ നാമത്തെ മഹത്വപ്പെടുത്തും. അവിടുന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ? അവിടുന്ന് മാത്രം ദൈവമാകുന്നു. യഹോവേ, അങ്ങേയുടെ വഴി എന്നെ പഠിപ്പിക്കേണമേ; എന്നാൽ ഞാൻ അങ്ങേയുടെ സത്യത്തിൽ നടക്കും; അങ്ങേയുടെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ. എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും; അങ്ങേയുടെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും. എന്നോടുള്ള അങ്ങേയുടെ ദയ വലിയതാണല്ലോ; അവിടുന്ന് എന്‍റെ പ്രാണനെ പാതാളത്തിന്‍റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 86:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു. എന്റെ പ്രാണനെ കാക്കേണമേ; ഞാൻ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ. കർത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാൻ നിന്നോടു നിലവിളിക്കുന്നു. അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു. കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു. യഹോവേ, എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ; എന്റെ യാചനകളെ ശ്രദ്ധിക്കേണമേ. നീ എനിക്കുത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു. കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല. കർത്താവേ, നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും. നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു. യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ. എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും. എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തിൽ നിന്നു രക്ഷിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 86:1-13 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, ചെവിചായ്ച്ച് എനിക്ക് ഉത്തരമരുളണമേ, കാരണം ഞാൻ ദരിദ്രനും നിസ്സഹായനുമാണ്. എന്റെ ജീവനെ സംരക്ഷിക്കണമേ, ഞാൻ അവിടത്തെ ഭക്തനല്ലോ; അങ്ങയിൽ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ. എന്റെ ദൈവം അവിടന്ന് ആകുന്നു; കർത്താവേ, എന്നോട് കരുണയുണ്ടാകണമേ, ദിവസംമുഴുവനും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നല്ലോ. കർത്താവേ, അങ്ങയുടെ ദാസന് ആനന്ദം പകരണമേ, എന്റെ ആശ്രയം ഞാൻ അങ്ങയിൽ അർപ്പിക്കുന്നു. കർത്താവേ, അവിടന്ന് നല്ലവനും ക്ഷമാശീലനും ആകുന്നു, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരെയെല്ലാം അചഞ്ചലമായി സ്നേഹിക്കുന്നവനും ആകുന്നു. യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ. എന്റെ ദുരിതദിനങ്ങളിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, അവിടന്ന് എനിക്ക് ഉത്തരമരുളുമല്ലോ. കർത്താവേ, ദേവന്മാരിൽ അങ്ങേക്കുതുല്യൻ ആരുമില്ലല്ലോ; അങ്ങയുടെ പ്രവൃത്തികളോടു തുലനംചെയ്യാൻ കഴിയുന്ന യാതൊന്നുമില്ല. കർത്താവേ, അവിടന്ന് നിർമിച്ച സകലരാഷ്ട്രങ്ങളും തിരുമുമ്പിൽവന്ന് അങ്ങയെ നമസ്കരിക്കും; അവർ തിരുനാമത്തെ മഹത്ത്വപ്പെടുത്തും. കാരണം അവിടന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമാണ്; അങ്ങുമാത്രമാണ് ദൈവം. യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ; അപ്പോൾ ഞാൻ അങ്ങയുടെ സത്യത്തിന് അനുസൃതമായി ജീവിക്കും; തിരുനാമം ഭയപ്പെടാൻ തക്കവിധം ഏകാഗ്രമായ ഒരു ഹൃദയം എനിക്കു നൽകണമേ. എന്റെ കർത്താവായ ദൈവമേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും; തിരുനാമത്തെ ഞാൻ എന്നേക്കും മഹത്ത്വപ്പെടുത്തും. എന്നോടുള്ള അങ്ങയുടെ അചഞ്ചലസ്നേഹം അതിവിപുലമാണ്; ആഴത്തിൽനിന്ന് എന്റെ ജീവനെ അവിടന്ന് വിടുവിച്ചിരിക്കുന്നു, അധമപാതാളത്തിൽനിന്നുതന്നെ.