സങ്കീർത്തനങ്ങൾ 85:1-9

സങ്കീർത്തനങ്ങൾ 85:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു. നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപമൊക്കെയും നീ മൂടിക്കളഞ്ഞു. സേലാ. നിന്റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു; നിന്റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു. ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കേണമേ. നീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം ദീർഘിച്ചിരിക്കുമോ? നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ? യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്റെ രക്ഷ ഞങ്ങൾക്കു നല്കേണമേ. യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും; അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കേണ്ടതിന് അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും. തിരുമഹത്ത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്റെ രക്ഷ അവന്റെ ഭക്തന്മാരോട് അടുത്തിരിക്കുന്നു നിശ്ചയം.

സങ്കീർത്തനങ്ങൾ 85:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, അവിടുത്തെ ദേശത്തോട് അവിടുന്നു കരുണകാട്ടി. അവിടുന്ന് ഇസ്രായേലിന്റെ ഐശ്വര്യം പുനഃസ്ഥാപിച്ചു. അവിടുത്തെ ജനത്തിന്റെ അകൃത്യം അവിടുന്നു ക്ഷമിച്ചു. അവരുടെ സർവപാപങ്ങളും പൊറുത്ത് അവരോടുള്ള കോപം അവിടുന്നു അടക്കി, അവിടുത്തെ ക്രോധം അവരോട് കാട്ടിയില്ല. ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ. ഞങ്ങളോടുള്ള രോഷത്തിന് അറുതി വരുത്തിയാലും. അവിടുന്ന് എന്നേക്കും ഞങ്ങളോടു കോപിക്കുമോ? തലമുറകളോളം അവിടുത്തെ രോഷം നീണ്ടുനില്‌ക്കുമോ? അവിടുത്തെ ജനം അങ്ങയിൽ ആനന്ദിക്കാൻ അവിടുന്ന് ഞങ്ങൾക്കു നവജീവൻ നല്‌കുകയില്ലേ? പരമനാഥാ, അവിടുത്തെ അചഞ്ചലസ്നേഹം ഞങ്ങളോടു കാട്ടണമേ. ഞങ്ങളെ രക്ഷിക്കണമേ. സർവേശ്വരനായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും, ആത്മാർഥതയോടെ തന്റെ സന്നിധിയിലേക്കു തിരിയുന്ന ജനത്തിന്, അവിടുത്തെ ഭക്തന്മാർക്കു തന്നെ, അവിടുന്നു സമാധാനമരുളും. അങ്ങയെ ഭയപ്പെടുന്നവരെ രക്ഷിക്കാൻ, അവിടുന്ന് എപ്പോഴും ഒരുങ്ങിയിരിക്കുന്നു. അവിടുത്തെ തേജസ്സ് നമ്മുടെ ദേശത്തു കുടികൊള്ളും.

സങ്കീർത്തനങ്ങൾ 85:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവേ, അങ്ങ് അങ്ങേയുടെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്‍റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു. അങ്ങേയുടെ ജനത്തിന്‍റെ അകൃത്യം അവിടുന്ന് മോചിച്ചു; അവരുടെ പാപം സകലവും അവിടുന്ന് മൂടിക്കളഞ്ഞു. സേലാ. അങ്ങേയുടെ ക്രോധം മുഴുവനും അവിടുന്ന് അടക്കിക്കളഞ്ഞു; അങ്ങേയുടെ ക്രോധത്തിന്‍റെ ഭയാനകതയിൽ നിന്ന് അവിടുന്ന് പിന്മാറിയിരിക്കുന്നു. ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള അങ്ങേയുടെ നീരസം മതിയാക്കേണമേ. അവിടുന്ന് സദാകാലവും ഞങ്ങളോട് കോപിക്കുമോ? തലമുറതലമുറയോളം അങ്ങേയുടെ കോപം നിലനില്‍ക്കുമോ? അങ്ങേയുടെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന് അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ? യഹോവേ, ഞങ്ങളോട് ദയ കാണിക്കേണമേ; അവിടുത്തെ രക്ഷ ഞങ്ങൾക്ക് നല്കേണമേ. യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും; ദൈവം തന്‍റെ ജനത്തിനും തന്‍റെ ഭക്തന്മാർക്കും സമാധാനം അരുളും. അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ. തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് ദൈവത്തിന്‍റെ രക്ഷ തന്‍റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം.

സങ്കീർത്തനങ്ങൾ 85:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു. നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം ഒക്കെയും നീ മൂടിക്കളഞ്ഞു. സേലാ. നിന്റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു; നിന്റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു. ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കേണമേ. നീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം ദീർഘിച്ചിരിക്കുമോ? നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ? യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്റെ രക്ഷ ഞങ്ങൾക്കു നല്കേണമേ. യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും; അവർ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും. തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന്നു അവന്റെ രക്ഷ അവന്റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.

സങ്കീർത്തനങ്ങൾ 85:1-9 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, അവിടന്ന് അങ്ങയുടെ ദേശത്തോട് കരുണകാണിച്ചിരിക്കുന്നു; യാക്കോബിന്റെ സൗഭാഗ്യങ്ങൾ പുനഃസ്ഥാപിച്ചിരിക്കുന്നു. അവിടന്ന് അങ്ങയുടെ ജനത്തിന്റെ അകൃത്യം ക്ഷമിക്കുകയും അവരുടെ പാപങ്ങൾ മറയ്ക്കുകയും ചെയ്തിരിക്കുന്നു. സേലാ. അങ്ങയുടെ ക്രോധമെല്ലാം അങ്ങ് പിൻവലിക്കുകയും ഉഗ്രകോപത്തിൽനിന്ന് പിന്തിരിയുകയും ചെയ്തുവല്ലോ. ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ, ഞങ്ങളോടുള്ള അങ്ങയുടെ അതൃപ്തി നീക്കിക്കളയണമേ. അങ്ങ് ഞങ്ങളോട് എപ്പോഴും കോപിക്കുമോ? അങ്ങയുടെ കോപം തലമുറകളിലേക്ക് നീണ്ടുനിൽക്കുമോ? അവിടത്തെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന് അവിടന്ന് ഞങ്ങളെ പുനരുജ്ജീവിപ്പിക്കുകയില്ലേ? യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം ഞങ്ങളിൽ ചൊരിയണമേ, അവിടത്തെ രക്ഷ ഞങ്ങൾക്ക് അനുവദിച്ചുനൽകണമേ. യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ ശ്രദ്ധിക്കും; തന്റെ വിശ്വസ്തസേവകരായ തന്റെ ജനത്തിന് അവിടന്ന് സമാധാനം അരുളും— അങ്ങനെ അവർ അവരുടെ ഭോഷത്തത്തിലേക്കു മടങ്ങാതിരിക്കട്ടെ. ദൈവമഹത്ത്വം നമ്മുടെ ദേശത്ത് വസിക്കേണ്ടതിന്, അവിടത്തെ രക്ഷ തന്നെ ഭയപ്പെടുന്നവർക്ക് സമീപസ്ഥമായിരിക്കുന്നു.