സങ്കീർത്തനങ്ങൾ 72:7-17
സങ്കീർത്തനങ്ങൾ 72:7-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ കാലത്തു നീതിമാന്മാർ തഴയ്ക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ. തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. സകല രാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകല ജാതികളും അവനെ സേവിക്കട്ടെ. അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവനു വിലയേറിയതായിരിക്കും. അവൻ ജീവിച്ചിരിക്കും; ശെബപൊന്ന് അവനു കാഴ്ചവരും; അവനുവേണ്ടി എപ്പോഴും പ്രാർഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും. ദേശത്തു പർവതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും. അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകല ജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും.
സങ്കീർത്തനങ്ങൾ 72:7-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അദ്ദേഹത്തിന്റെ ഭരണകാലത്ത് നീതി തഴച്ചുവളരട്ടെ. ചന്ദ്രനുള്ളിടത്തോളം കാലം ഐശ്വര്യം വിളയട്ടെ. സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റംവരെയും അദ്ദേഹം ഭരിക്കട്ടെ. ശത്രുക്കൾ അദ്ദേഹത്തിന്റെ മുമ്പിൽ തല കുനിക്കട്ടെ. അവർ അദ്ദേഹത്തിന്റെ പാദധൂളി രുചിക്കട്ടെ. തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ അദ്ദേഹത്തിനു കപ്പം കൊടുക്കട്ടെ. ശെബയിലെയും സെബയിലെയും ഭരണാധികാരികൾ കാഴ്ചകൾ കൊണ്ടുവരട്ടെ. എല്ലാ രാജാക്കന്മാരും അദ്ദേഹത്തെ നമിക്കട്ടെ. എല്ലാ ജനതകളും അദ്ദേഹത്തെ സേവിക്കട്ടെ. അദ്ദേഹം നിലവിളിക്കുന്ന ദരിദ്രനെയും നിസ്സഹായനായ എളിയവനെയും വിടുവിക്കുന്നു. ദരിദ്രനോടും ദുർബലനോടും അദ്ദേഹം കരുണ കാണിക്കും. ദരിദ്രരെ അദ്ദേഹം രക്ഷിക്കും. പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അദ്ദേഹം അവരെ വിടുവിക്കും. അവരുടെ ജീവൻ അദ്ദേഹത്തിനു വിലയേറിയതായിരിക്കും. അദ്ദേഹം നീണാൾ വാഴട്ടെ. ശെബയിലെ സ്വർണം അദ്ദേഹത്തിനു കാഴ്ചയായി ലഭിക്കട്ടെ. ജനങ്ങൾ അദ്ദേഹത്തിനുവേണ്ടി ഇടവിടാതെ പ്രാർഥിക്കട്ടെ. അദ്ദേഹത്തിന്റെ അനുഗ്രഹത്തിനായി എപ്പോഴും അവർ പ്രാർഥിക്കട്ടെ. ദേശത്ത് ധാന്യസമൃദ്ധി ഉണ്ടാകട്ടെ, മലകളിൽ കതിർക്കുലകൾ വിളഞ്ഞുലയട്ടെ. അവയുടെ വിളവ് ലെബാനോൻ മലകളിലെപ്പോലെ സമൃദ്ധമാകട്ടെ! വയലിൽ പുല്ലു നിറഞ്ഞു നില്‌ക്കുന്നതുപോലെ നഗരങ്ങൾ ജനങ്ങളെക്കൊണ്ടു നിറയട്ടെ. രാജാവിന്റെ നാമം എന്നും ജനങ്ങൾ സ്മരിക്കട്ടെ. സൂര്യനുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കീർത്തി നിലനില്‌ക്കട്ടെ. ജനതകൾ അദ്ദേഹം നിമിത്തം അനുഗ്രഹിക്കപ്പെടും. സർവജനതകളും അദ്ദേഹത്തെ ഭാഗ്യവാൻ എന്നു വിളിക്കും.
സങ്കീർത്തനങ്ങൾ 72:7-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്‍റെ കാലത്ത് നീതി തഴയ്ക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ നിലത്തെ പൊടിമണ്ണ് നക്കട്ടെ. തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജനതകളും അവനെ സേവിക്കട്ടെ. അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ പ്രാണന്‍ അവന് വിലയേറിയതായിരിക്കും. അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരും; അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും. ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്‍റെ വിളവ് ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും. അവന്റെ നാമം എന്നേക്കും നിലനില്ക്കും; അവന്‍റെ നാമം സൂര്യൻ ഉള്ളിടത്തോളം നിലനില്ക്കും; മനുഷ്യർ അവന്‍റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ‘ഭാഗ്യവാൻ’ എന്നു പറയും.
സങ്കീർത്തനങ്ങൾ 72:7-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ. തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ. അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും. അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും. ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും. അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും.
സങ്കീർത്തനങ്ങൾ 72:7-17 സമകാലിക മലയാളവിവർത്തനം (MCV)
അദ്ദേഹത്തിന്റെ ദിനങ്ങളിൽ നീതിനിഷ്ഠർ അഭിവൃദ്ധിപ്രാപിക്കും ചന്ദ്രൻ ഉള്ളകാലത്തോളം ഐശ്വര്യസമൃദ്ധിയുണ്ടാകും. സമുദ്രംമുതൽ സമുദ്രംവരെയും യൂഫ്രട്ടീസ് നദിമുതൽ ഭൂമിയുടെ അറ്റത്തോളവും അദ്ദേഹം ഭരണംനടത്തട്ടെ. മരുഭൂവാസികൾ അദ്ദേഹത്തിന്റെമുമ്പിൽ വണങ്ങുകയും അദ്ദേഹത്തിന്റെ ശത്രുക്കൾ പൊടി നക്കുകയുംചെയ്യട്ടെ. തർശീശിലെയും വിദൂരതീരങ്ങളിലെയും ആളുകൾ അദ്ദേഹത്തിന്റെമുമ്പിൽ കപ്പംകൊണ്ടുവരട്ടെ. ശേബയിലെയും സേബയിലെയും രാജാക്കന്മാർ ഉപഹാരങ്ങൾ കൊണ്ടുവരട്ടെ. എല്ലാ രാജാക്കന്മാരും അദ്ദേഹത്തിന്റെമുമ്പിൽ താണുവണങ്ങുകയും സകലരാഷ്ട്രങ്ങളും അദ്ദേഹത്തെ സേവിക്കുകയുംചെയ്യട്ടെ. കാരണം തന്നോടു നിലവിളിക്കുന്ന ദരിദ്രരെയും ആശ്രയമറ്റ പീഡിതരെയും അദ്ദേഹം മോചിപ്പിക്കും. ബലഹീനരോടും ദരിദ്രരോടും അദ്ദേഹം കരുണകാണിക്കും അദ്ദേഹം ദരിദ്രരെ മരണത്തിൽനിന്നു രക്ഷിക്കുകയും ചെയ്യും. പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അദ്ദേഹം അവരെ മോചിപ്പിക്കും, അവരുടെ രക്തം അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടതായിരിക്കും. രാജാവ് നീണാൾ വാഴട്ടെ! ശേബയിലെ സ്വർണം അദ്ദേഹത്തിന് കാഴ്ചയായി അർപ്പിക്കപ്പെടട്ടെ. ജനം അദ്ദേഹത്തിനുവേണ്ടി നിരന്തരം പ്രാർഥിക്കുകയും ദിവസം മുഴുവൻ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്യട്ടെ. ദേശത്തുടനീളം ധാന്യം സുലഭമായി വിളയട്ടെ; കുന്നിൻമുകളിൽ അവ ആലോലമാടട്ടെ. ലെബാനോൻപോലെ അതു ഫലസമൃദ്ധമാകട്ടെ നഗരവാസികൾ വയലിലെ പുല്ലുപോലെ തഴച്ചുവളരട്ടെ. അദ്ദേഹത്തിന്റെ നാമം എന്നെന്നേക്കും നിലനിൽക്കട്ടെ; സൂര്യൻ നിലനിൽക്കുന്നകാലത്തോളം അതു സുദീർഘമായിരിക്കട്ടെ.