സങ്കീർത്തനങ്ങൾ 72:1-20

സങ്കീർത്തനങ്ങൾ 72:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവമേ, രാജാവിനു നിന്റെ ന്യായവും രാജകുമാരനു നിന്റെ നീതിയും നല്കേണമേ. അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടുംകൂടെ പരിപാലിക്കട്ടെ. നീതിയാൽ പർവതങ്ങളിലും കുന്നുകളിലും ജനത്തിനു സമാധാനം വിളയട്ടെ. ജനത്തിൽ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ; സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ. അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങി വരട്ടെ. അവന്റെ കാലത്തു നീതിമാന്മാർ തഴയ്ക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ. തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. സകല രാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകല ജാതികളും അവനെ സേവിക്കട്ടെ. അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവനു വിലയേറിയതായിരിക്കും. അവൻ ജീവിച്ചിരിക്കും; ശെബപൊന്ന് അവനു കാഴ്ചവരും; അവനുവേണ്ടി എപ്പോഴും പ്രാർഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും. ദേശത്തു പർവതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും. അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകല ജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും. താൻ മാത്രം അദ്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. അവന്റെ മഹത്ത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്ത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ. യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാർഥനകൾ, അവസാനിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 72:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും അദ്ദേഹത്തിന് അങ്ങയുടെ ധർമനിഷ്ഠയും നല്‌കണമേ. അങ്ങയുടെ ജനത്തെ അദ്ദേഹം ധർമനിഷ്ഠയോടെ ഭരിക്കട്ടെ. എളിയവരെ നീതിയോടെ പരിപാലിക്കട്ടെ. നീതിനിഷ്ഠയാൽ, കുന്നുകളിലും മലകളിലും ഐശ്വര്യം പൊലിക്കട്ടെ. എളിയവർക്കു രാജാവ് ന്യായം പാലിച്ചു കൊടുക്കട്ടെ. ദരിദ്രരെ അദ്ദേഹം രക്ഷിക്കട്ടെ; മർദകരെ തകർക്കുകയും ചെയ്യട്ടെ; സൂര്യനും ചന്ദ്രനും ഉള്ള കാലത്തോളം രാജാവിന്റെ ഭരണം നിലനില്‌ക്കട്ടെ. അദ്ദേഹത്തിന്റെ ഭരണം ജനങ്ങൾക്ക് വെട്ടിയൊരുക്കിയ പുൽപ്പുറങ്ങളിൽ പെയ്യുന്ന മഴപോലെയും, ഭൂമിയെ നനയ്‍ക്കുന്ന വന്മഴ പോലെയും ആകട്ടെ. അദ്ദേഹത്തിന്റെ ഭരണകാലത്ത് നീതി തഴച്ചുവളരട്ടെ. ചന്ദ്രനുള്ളിടത്തോളം കാലം ഐശ്വര്യം വിളയട്ടെ. സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റംവരെയും അദ്ദേഹം ഭരിക്കട്ടെ. ശത്രുക്കൾ അദ്ദേഹത്തിന്റെ മുമ്പിൽ തല കുനിക്കട്ടെ. അവർ അദ്ദേഹത്തിന്റെ പാദധൂളി രുചിക്കട്ടെ. തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ അദ്ദേഹത്തിനു കപ്പം കൊടുക്കട്ടെ. ശെബയിലെയും സെബയിലെയും ഭരണാധികാരികൾ കാഴ്ചകൾ കൊണ്ടുവരട്ടെ. എല്ലാ രാജാക്കന്മാരും അദ്ദേഹത്തെ നമിക്കട്ടെ. എല്ലാ ജനതകളും അദ്ദേഹത്തെ സേവിക്കട്ടെ. അദ്ദേഹം നിലവിളിക്കുന്ന ദരിദ്രനെയും നിസ്സഹായനായ എളിയവനെയും വിടുവിക്കുന്നു. ദരിദ്രനോടും ദുർബലനോടും അദ്ദേഹം കരുണ കാണിക്കും. ദരിദ്രരെ അദ്ദേഹം രക്ഷിക്കും. പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അദ്ദേഹം അവരെ വിടുവിക്കും. അവരുടെ ജീവൻ അദ്ദേഹത്തിനു വിലയേറിയതായിരിക്കും. അദ്ദേഹം നീണാൾ വാഴട്ടെ. ശെബയിലെ സ്വർണം അദ്ദേഹത്തിനു കാഴ്ചയായി ലഭിക്കട്ടെ. ജനങ്ങൾ അദ്ദേഹത്തിനുവേണ്ടി ഇടവിടാതെ പ്രാർഥിക്കട്ടെ. അദ്ദേഹത്തിന്റെ അനുഗ്രഹത്തിനായി എപ്പോഴും അവർ പ്രാർഥിക്കട്ടെ. ദേശത്ത് ധാന്യസമൃദ്ധി ഉണ്ടാകട്ടെ, മലകളിൽ കതിർക്കുലകൾ വിളഞ്ഞുലയട്ടെ. അവയുടെ വിളവ് ലെബാനോൻ മലകളിലെപ്പോലെ സമൃദ്ധമാകട്ടെ! വയലിൽ പുല്ലു നിറഞ്ഞു നില്‌ക്കുന്നതുപോലെ നഗരങ്ങൾ ജനങ്ങളെക്കൊണ്ടു നിറയട്ടെ. രാജാവിന്റെ നാമം എന്നും ജനങ്ങൾ സ്മരിക്കട്ടെ. സൂര്യനുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കീർത്തി നിലനില്‌ക്കട്ടെ. ജനതകൾ അദ്ദേഹം നിമിത്തം അനുഗ്രഹിക്കപ്പെടും. സർവജനതകളും അദ്ദേഹത്തെ ഭാഗ്യവാൻ എന്നു വിളിക്കും. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. അവിടുന്നു മാത്രമാണ് അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. അവിടുത്തെ മഹത്ത്വമുള്ള നാമം എന്നും വാഴ്ത്തപ്പെടട്ടെ. ഭൂമി മുഴുവൻ അവിടുത്തെ മഹത്ത്വംകൊണ്ടു നിറയട്ടെ. ആമേൻ. ആമേൻ. ഇശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർഥനകൾ ഇവിടെ അവസാനിക്കുന്നു.

സങ്കീർത്തനങ്ങൾ 72:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവമേ, രാജാവിന് അവിടുത്തെ ന്യായവും രാജകുമാരന് അവിടുത്തെ നീതിയും നല്കേണമേ. അവൻ അങ്ങേയുടെ ജനത്തെ നീതിയോടും അങ്ങേയുടെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന് സമാധാനം വിളയട്ടെ. ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ; സൂര്യചന്ദ്രന്മാരുള്ള കാലത്തോളം അവന്‍ തലമുറതലമുറയായി ജീവിക്കും. അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ. അവന്‍റെ കാലത്ത് നീതി തഴയ്ക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. മരുഭൂമിയിൽ വസിക്കുന്നവർ അവന്‍റെ മുമ്പിൽ വണങ്ങട്ടെ; അവന്‍റെ ശത്രുക്കൾ നിലത്തെ പൊടിമണ്ണ് നക്കട്ടെ. തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജനതകളും അവനെ സേവിക്കട്ടെ. അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ പ്രാണന്‍ അവന് വിലയേറിയതായിരിക്കും. അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരും; അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും. ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്‍റെ വിളവ് ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും. അവന്‍റെ നാമം എന്നേക്കും നിലനില്ക്കും; അവന്‍റെ നാമം സൂര്യൻ ഉള്ളിടത്തോളം നിലനില്ക്കും; മനുഷ്യർ അവന്‍റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ‘ഭാഗ്യവാൻ’ എന്നു പറയും. താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി യിസ്രായേലിന്‍റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. അവിടുത്തെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ഭൂമി മുഴുവനും അവിടുത്തെ മഹത്വംകൊണ്ട് നിറയുമാറാകട്ടെ. ആമേൻ, ആമേൻ. യിശ്ശായിയുടെ പുത്രനായ ദാവീദിന്‍റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 72:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതിയും നല്കേണമേ. അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ. ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ; സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ. അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ. അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ. തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ. അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും. അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും. ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും. അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും. താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ. യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 72:1-20 സമകാലിക മലയാളവിവർത്തനം (MCV)

ദൈവമേ, രാജാവിന് അങ്ങയുടെ ന്യായവും രാജകുമാരന് അങ്ങയുടെ നീതിനിഷ്ഠയും കൽപ്പിച്ചുനൽകണമേ. അദ്ദേഹം അവിടത്തെ ജനത്തെ നീതിയോടും പീഡിതരെ ന്യായത്തോടുംകൂടെ ന്യായപാലനംചെയ്യട്ടെ. പർവതങ്ങൾ ജനത്തിനു സമൃദ്ധിയും കുന്നുകൾ നീതിയുടെ ഫലങ്ങളും നൽകട്ടെ. ജനത്തിലെ പീഡിതർക്ക് അദ്ദേഹം പ്രതിരോധം തീർക്കും ദരിദ്രരുടെ മക്കളെ മോചിപ്പിക്കും; പീഡകരെ അദ്ദേഹം തകർക്കും സൂര്യനും ചന്ദ്രനുമുള്ള കാലത്തോളം എല്ലാ തലമുറകളിലുമുള്ള ജനം അദ്ദേഹത്തെ ഭയപ്പെടട്ടെ. അദ്ദേഹം വെട്ടിയൊതുക്കിയ പുൽപ്പുറങ്ങളിൽ പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വർഷംപോലെയും ആയിരിക്കട്ടെ. അദ്ദേഹത്തിന്റെ ദിനങ്ങളിൽ നീതിനിഷ്ഠർ അഭിവൃദ്ധിപ്രാപിക്കും ചന്ദ്രൻ ഉള്ളകാലത്തോളം ഐശ്വര്യസമൃദ്ധിയുണ്ടാകും. സമുദ്രംമുതൽ സമുദ്രംവരെയും യൂഫ്രട്ടീസ് നദിമുതൽ ഭൂമിയുടെ അറ്റത്തോളവും അദ്ദേഹം ഭരണംനടത്തട്ടെ. മരുഭൂവാസികൾ അദ്ദേഹത്തിന്റെമുമ്പിൽ വണങ്ങുകയും അദ്ദേഹത്തിന്റെ ശത്രുക്കൾ പൊടി നക്കുകയുംചെയ്യട്ടെ. തർശീശിലെയും വിദൂരതീരങ്ങളിലെയും ആളുകൾ അദ്ദേഹത്തിന്റെമുമ്പിൽ കപ്പംകൊണ്ടുവരട്ടെ. ശേബയിലെയും സേബയിലെയും രാജാക്കന്മാർ ഉപഹാരങ്ങൾ കൊണ്ടുവരട്ടെ. എല്ലാ രാജാക്കന്മാരും അദ്ദേഹത്തിന്റെമുമ്പിൽ താണുവണങ്ങുകയും സകലരാഷ്ട്രങ്ങളും അദ്ദേഹത്തെ സേവിക്കുകയുംചെയ്യട്ടെ. കാരണം തന്നോടു നിലവിളിക്കുന്ന ദരിദ്രരെയും ആശ്രയമറ്റ പീഡിതരെയും അദ്ദേഹം മോചിപ്പിക്കും. ബലഹീനരോടും ദരിദ്രരോടും അദ്ദേഹം കരുണകാണിക്കും അദ്ദേഹം ദരിദ്രരെ മരണത്തിൽനിന്നു രക്ഷിക്കുകയും ചെയ്യും. പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അദ്ദേഹം അവരെ മോചിപ്പിക്കും, അവരുടെ രക്തം അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടതായിരിക്കും. രാജാവ് നീണാൾ വാഴട്ടെ! ശേബയിലെ സ്വർണം അദ്ദേഹത്തിന് കാഴ്ചയായി അർപ്പിക്കപ്പെടട്ടെ. ജനം അദ്ദേഹത്തിനുവേണ്ടി നിരന്തരം പ്രാർഥിക്കുകയും ദിവസം മുഴുവൻ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്യട്ടെ. ദേശത്തുടനീളം ധാന്യം സുലഭമായി വിളയട്ടെ; കുന്നിൻമുകളിൽ അവ ആലോലമാടട്ടെ. ലെബാനോൻപോലെ അതു ഫലസമൃദ്ധമാകട്ടെ നഗരവാസികൾ വയലിലെ പുല്ലുപോലെ തഴച്ചുവളരട്ടെ. അദ്ദേഹത്തിന്റെ നാമം എന്നെന്നേക്കും നിലനിൽക്കട്ടെ; സൂര്യൻ നിലനിൽക്കുന്നകാലത്തോളം അതു സുദീർഘമായിരിക്കട്ടെ. അങ്ങനെ സകലരാഷ്ട്രങ്ങളും അദ്ദേഹത്തിലൂടെ അനുഗ്രഹിക്കപ്പെടട്ടെ, അദ്ദേഹത്തെ അനുഗൃഹീതൻ എന്ന് അവർ വാഴ്ത്തിപ്പാടട്ടെ. ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ, അവിടന്നുമാത്രം ആണല്ലോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. അവിടത്തെ മഹത്ത്വമാർന്ന നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ; സർവഭൂമിയും അവിടത്തെ മഹത്ത്വത്താൽ നിറയട്ടെ. ആമേൻ, ആമേൻ. യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർഥനകൾ സമാപ്തം.