സങ്കീർത്തനങ്ങൾ 68:32-35
സങ്കീർത്തനങ്ങൾ 68:32-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു പാട്ടു പാടുവിൻ; കർത്താവിനു കീർത്തനം ചെയ്‌വിൻ. സേലാ. പുരാതന സ്വർഗാധിസ്വർഗങ്ങളിൽ വാഹനമേറുന്നവനു പാടുവിൻ! ഇതാ, അവൻ തന്റെ ശബ്ദത്തെ, ബലമേറിയൊരു ശബ്ദത്തെ കേൾപ്പിക്കുന്നു. ദൈവത്തിനു ശക്തി കൊടുപ്പിൻ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു. ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് നീ ഭയങ്കരനായി വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിനു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 68:32-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു കീർത്തനം പാടുവിൻ. ആകാശത്തിൽ, പുരാതനമായ സ്വർഗങ്ങളിൽ, സഞ്ചരിക്കുന്ന സർവേശ്വരനു സ്തുതി പാടുവിൻ. അവിടുത്തെ ഗംഭീരനാദം ശ്രദ്ധിക്കുക. ദൈവം സർവശക്തനെന്നു പ്രഘോഷിക്കുവിൻ; അവിടുന്ന് ഇസ്രായേലിനെ ഭരിക്കുന്ന രാജാവാകുന്നു. അവിടുത്തെ ശക്തി ആകാശം വെളിപ്പെടുത്തുന്നു. ഇസ്രായേലിന്റെ ദൈവം തന്റെ വിശുദ്ധമന്ദിരത്തിൽ ഭീതിദനാണ്. അവിടുന്നു തന്റെ ജനത്തിനു ശക്തിയും ബലവും നല്കുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ.
സങ്കീർത്തനങ്ങൾ 68:32-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ; കർത്താവിന് കീർത്തനം ചെയ്യുവിൻ. സേലാ. പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവനു പാടുവിൻ! ഇതാ, കർത്താവ് തന്‍റെ ശബ്ദത്തെ, ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു. ദൈവത്തിന്‍റെ ശക്തി അംഗീകരിക്കുവിൻ; അവിടുത്തെ മഹിമ യിസ്രായേലിന്മേലും അവിടുത്തെ ബലം മേഘങ്ങളിലും വിളങ്ങുന്നു. ദൈവമേ, അങ്ങേയുടെ വിശുദ്ധമന്ദിരത്തിൽ നിന്ന് അവിടുന്ന് ഭയങ്കരനായി ശോഭിക്കുന്നു; യിസ്രായേലിന്‍റെ ദൈവം തന്‍റെ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു.
സങ്കീർത്തനങ്ങൾ 68:32-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഭൂമിയിലെ രാജ്യങ്ങളെ ദൈവത്തിന്നു പാട്ടുപാടുവിൻ; കർത്താവിന്നു കീർത്തനം ചെയ്‌വിൻ. സേലാ. പുരാതനസ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവന്നു പാടുവിൻ! ഇതാ, അവൻ തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേൾപ്പിക്കുന്നു. ദൈവത്തിന്നു ശക്തി കൊടുപ്പിൻ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു. ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്നു നീ ഭയങ്കരനായി വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന്നു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 68:32-35 സമകാലിക മലയാളവിവർത്തനം (MCV)
ഭൂമിയിലെ സകലരാജ്യങ്ങളുമേ, ദൈവത്തിനു പാടുക, കർത്താവിന് സ്തോത്രഗാനം ആലപിക്കുക, സേലാ. ആകാശോന്നതങ്ങളിൽ, പുരാതനമായ ആകാശങ്ങളിൽ നെടുകെയും കുറുകെയും സഞ്ചരിക്കുന്നവന്, തന്റെ അത്യുച്ചനാദത്താൽ മേഘഗർജനം നടത്തുന്നവനുതന്നെ. ദൈവത്തിന്‍റെ ശക്തി വിളംബരംചെയ്യുക, അവിടത്തെ മഹിമ ഇസ്രായേലിന്മേലും അവിടത്തെ ശക്തി ആകാശങ്ങളിലും വിളങ്ങുന്നു. ദൈവമേ, അങ്ങയുടെ വിശുദ്ധമന്ദിരത്തിൽ അങ്ങ് വിസ്മയാവഹനാണ്; ഇസ്രായേലിന്റെ ദൈവം തന്‍റെ ജനത്തിന് അധികാരവും ശക്തിയും നൽകുന്നു.