സങ്കീർത്തനങ്ങൾ 68:11-20

സങ്കീർത്തനങ്ങൾ 68:11-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കർത്താവ് ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയൊരു ഗണമാകുന്നു. സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു. നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു. സർവശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു. ബാശാൻപർവതം ദൈവത്തിന്റെ പർവതം ആകുന്നു; ബാശാൻപർവതം കൊടുമുടികളേറിയ പർവതം ആകുന്നു. കൊടുമുടികളേറിയ പർവതങ്ങളേ, ദൈവം വസിപ്പാൻ ഇച്ഛിച്ചിരിക്കുന്ന പർവതത്തെ നിങ്ങൾ സ്പർധിച്ചുനോക്കുന്നത് എന്ത്? യഹോവ അതിൽ എന്നേക്കും വസിക്കും. ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; കർത്താവ് അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നെ. നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിനു നീ മനുഷ്യരോടു, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു. നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ. ദൈവം നമുക്ക് ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ.

സങ്കീർത്തനങ്ങൾ 68:11-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ കല്പന നല്‌കുന്നു. വലിയൊരു ഗണം സ്‍ത്രീകൾ സുവാർത്ത അറിയിക്കുന്നു. രാജാക്കന്മാർ സൈന്യങ്ങളോടൊപ്പം പലായനം ചെയ്യുന്നു. നിങ്ങൾ ആടുകളുടെ ആലയിൽ ഒളിച്ചിരിക്കുന്നുവോ? വീടുകളിലുള്ള സ്‍ത്രീകൾ കവർച്ചമുതൽ പങ്കിടുന്നു. ഇതാ, വെള്ളിച്ചിറകുകളും പൊൻതൂവലുകളുമുള്ള പ്രാവുകളുടെ രൂപങ്ങൾ. സർവശക്തനായ ദൈവം രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോൻമലയിൽ ഹിമം പെയ്തു. ഉത്തുംഗമായ ബാശാൻപർവതമേ, നിരവധി കൊടുമുടികളുള്ള പർവതമേ; ദൈവം വസിക്കാൻ തിരഞ്ഞെടുത്ത പർവതത്തെ; നീ എന്തിന് അസൂയയോടെ നോക്കുന്നു? സർവേശ്വരൻ അവിടെ എന്നേക്കും വസിക്കും. ശക്തിയേറിയ ബഹുസഹസ്രം രഥങ്ങളോടുകൂടെ; സർവേശ്വരൻ സീനായിയിൽനിന്ന് വിശുദ്ധസ്ഥലത്തേക്കു വന്നു. അവിടുന്ന് ഉന്നതമായ ഗിരിയിലേക്കു കയറി ബന്ദികളെ അവിടുന്നു കൂടെ കൊണ്ടുപോയി. അവിടുന്നു മനുഷ്യരിൽനിന്ന്, അങ്ങയോടു മത്സരിച്ചവരിൽ നിന്നുപോലും കാഴ്ചകൾ സ്വീകരിച്ചു. ദൈവമായ സർവേശ്വരൻ അവിടെ വസിക്കും, ദിനംതോറും നമ്മുടെ ഭാരങ്ങളെ വഹിക്കുന്ന സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. നമ്മെ രക്ഷിക്കുന്നത് അവിടുന്നാണ്. നമ്മുടെ ദൈവം രക്ഷിക്കുന്ന ദൈവമാകുന്നു. സർവശക്തനായ സർവേശ്വരനാണ് മരണത്തിൽനിന്നുള്ള മോചനം നല്‌കുന്നത്.

സങ്കീർത്തനങ്ങൾ 68:11-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

കർത്താവ് ആജ്ഞ കൊടുക്കുന്നു; അത് വിളംബരം ചെയ്യുന്നവർ വലിയോരു കൂട്ടമാകുന്നു. സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, അതെ അവർ ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു. നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും പ്രാവിന്‍റെ ചിറക് വെള്ളികൊണ്ടും അതിന്‍റെ തൂവലുകൾ പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു. സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു. ബാശാൻപർവ്വതം ദൈവത്തിന്‍റെ പർവ്വതമാകുന്നു. ബാശാൻപർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു. കൊടുമുടികളേറിയ പർവ്വതങ്ങളേ, ദൈവം വസിക്കുവാൻ ഇച്ഛിക്കുന്ന പർവ്വതത്തെ നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നത് എന്ത്? യഹോവ അതിൽ എന്നേക്കും വസിക്കും. ദൈവത്തിന്‍റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; കർത്താവ് അവരുടെ ഇടയിൽ, സീനായി പര്‍വ്വതത്തിലെ, വിശുദ്ധമന്ദിരത്തിൽ തന്നെ ഉണ്ട്. അവിടുന്ന് ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന് അങ്ങ് മനുഷ്യരോട്, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു. നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ. നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു; മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ.

സങ്കീർത്തനങ്ങൾ 68:11-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കർത്താവു ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു. സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു. നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു. സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു. ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു. ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു. കൊടുമുടികളേറിയ പർവ്വതങ്ങളേ, ദൈവം വസിപ്പാൻ ഇച്ഛിച്ചിരിക്കുന്ന പർവ്വതത്തെ നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നതു എന്തു? യഹോവ അതിൽ എന്നേക്കും വസിക്കും. ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടികോടിയുമാകുന്നു; കർത്താവു അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നേ. നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു. നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ. ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവെക്കുള്ളവ തന്നേ.

സങ്കീർത്തനങ്ങൾ 68:11-20 സമകാലിക മലയാളവിവർത്തനം (MCV)

കർത്താവ് തന്റെ വചനം പ്രഖ്യാപിക്കുന്നു, അത് വിളംബരംചെയ്യുന്ന സുവാർത്താദൂതികൾ ഒരു വൻ സമൂഹംതന്നെയുണ്ട്: “രാജാക്കന്മാരും സൈനികരും അതിവേഗത്തിൽ പലായനംചെയ്യുന്നു; വീട്ടിൽ പാർത്തിരുന്ന സ്ത്രീകൾ കൊള്ള പങ്കിട്ടെടുക്കുന്നു. നിങ്ങൾ ആട്ടിൻതൊഴുത്തുകൾക്കിടയിൽ പാർക്കുമ്പോൾ, എന്റെ പ്രാവിന്റെ ചിറകുകൾ വെള്ളികൊണ്ടും തൂവലുകൾ മിന്നുന്ന സ്വർണംകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെയാകുന്നു.” സർവശക്തൻ ശത്രുരാജാക്കന്മാരെ ചിതറിച്ചപ്പോൾ അതു സൽമോൻ പർവതത്തിൽ മഞ്ഞുപൊഴിയുന്നതുപോലെ ആയിരുന്നു. ബാശാൻ പർവതമേ, പ്രൗഢിയുള്ള പർവതമേ, ബാശാൻ പർവതമേ, അനേകം കൊടുമുടികളുള്ള പർവതമേ, ദൈവം വാഴുന്നതിനായി തെരഞ്ഞെടുത്ത പർവതശിഖരത്തെ, അതേ, യഹോവ എന്നേക്കും അധിവസിക്കുന്ന പർവതത്തെ, അസൂയാപൂർവം നോക്കുന്നതെന്തേ? ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടിക്കോടിയും ആകുന്നു; യഹോവ സീനായിയിൽനിന്ന് അവിടത്തെ വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളിയിരിക്കുന്നു. യഹോവയായ ദൈവമേ, അങ്ങ് എന്നേക്കും വാഴേണ്ടതിനായി ആരോഹണംചെയ്തപ്പോൾ, അനേകം ബന്ധനസ്ഥരെ ഉയരത്തിലേക്കു കൊണ്ടുപോയി; അങ്ങ് മനുഷ്യരിൽനിന്ന്, മത്സരികളിൽനിന്നുപോലും കാഴ്ചദ്രവ്യങ്ങൾ സ്വീകരിച്ചിരിക്കുന്നു. അനുദിനം നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന, നമ്മുടെ രക്ഷകനായ ദൈവമായ കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ. നമ്മുടെ ദൈവം രക്ഷിക്കുന്ന ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള വിടുതൽ കർത്താവായ യഹോവയിൽനിന്നു വരുന്നു.