സങ്കീർത്തനങ്ങൾ 66:1-20
സങ്കീർത്തനങ്ങൾ 66:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സർവഭൂമിയുമായുള്ളോവേ, ദൈവത്തിനു ഘോഷിപ്പിൻ; അവന്റെ നാമത്തിന്റെ മഹത്ത്വം കീർത്തിപ്പിൻ; അവന്റെ സ്തുതി മഹത്ത്വീകരിപ്പിൻ. നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം; നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും; സർവഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവർ നിന്റെ നാമത്തിനു കീർത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിൻ. സേലാ. വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ. അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം അവനിൽ സന്തോഷിച്ചു. അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു. അവന്റെ കണ്ണ് ജാതികളെ നോക്കുന്നു; മത്സരക്കാർ തങ്ങളെത്തന്നെ ഉയർത്തരുതേ. സേലാ. വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; അവന്റെ സ്തുതിയെ ഉച്ചത്തിൽ കേൾപ്പിപ്പിൻ. അവൻ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല. ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു. നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു. നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലുംകൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു. ഞാൻ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും; എന്റെ നേർച്ചകളെ ഞാൻ നിനക്കു കഴിക്കും. ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ അവയെ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു. ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടുകൂടെ തടിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ. സകല ഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണനുവേണ്ടി ചെയ്തതു ഞാൻ വിവരിക്കാം. ഞാൻ എന്റെ വായ്കൊണ്ട് അവനോടു നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു. ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവ് കേൾക്കയില്ലായിരുന്നു. എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു; എന്റെ പ്രാർഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 66:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂവാസികളേ, ആഹ്ലാദംകൊണ്ട് ആർപ്പിട്ട് ദൈവത്തെ സ്തുതിക്കുവിൻ. അവിടുത്തെ നാമത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുവിൻ. സ്തുതികളർപ്പിച്ച് അവിടുത്തെ മഹത്ത്വപ്പെടുത്തുവിൻ. അവിടുത്തെ പ്രവൃത്തികൾ എത്ര അദ്ഭുതകരം, അവിടുത്തെ ശക്തിപ്രഭാവത്താൽ ശത്രുക്കൾ തിരുമുമ്പിൽ കീഴടങ്ങുന്നു. സർവഭൂവാസികളും അവിടുത്തെ ആരാധിക്കുന്നു. അവർ അങ്ങേക്കു സ്തോത്രം പറയുന്നു. തിരുനാമത്തിനു കീർത്തനം ആലപിക്കുന്നു. ദൈവത്തിന്റെ പ്രവൃത്തികൾ വന്നുകാണുവിൻ. മനുഷ്യരുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ എത്ര അദ്ഭുതകരം. അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി. അവർ കാൽനടയായി നദി കടന്നു. അവിടെ ദൈവത്തിന്റെ പ്രവർത്തനങ്ങളിൽ നാം സന്തോഷിച്ചു. അവിടുന്നു തന്റെ ശക്തിപ്രഭാവത്താൽ എന്നേക്കും വാഴുന്നു. അവിടുന്നു അന്യജനതകളെ സൂക്ഷിച്ചുനോക്കുന്നു. അവിടുത്തേക്ക് എതിരെ മത്സരിക്കുന്നവർ അഹങ്കരിക്കാതിരിക്കട്ടെ. ജനതകളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ. അവിടുത്തെ സ്തുതിക്കുന്ന ശബ്ദം ഉയരട്ടെ. അവിടുന്നു നമ്മെ ജീവനോടെ കാക്കുന്നു. നമ്മുടെ കാൽ വഴുതുവാൻ അവിടുന്നു സമ്മതിക്കുകയില്ല. ദൈവമേ, അവിടുന്നു ഞങ്ങളെ പരീക്ഷിച്ചു, വെള്ളി ഉലയിൽ ഉരുക്കി ശുദ്ധീകരിക്കുന്നതുപോലെ അവിടുന്നു ഞങ്ങളെ പരിശോധിച്ചു. അവിടുന്നു ഞങ്ങളെ കെണിയിൽ കുരുക്കി, ദുർവഹമായ ഭാരം ഞങ്ങളുടെ ചുമലിൽ വച്ചു. ശത്രുക്കൾ ഞങ്ങളെ ചവിട്ടിമെതിക്കാൻ അവിടുന്ന് ഇടയാക്കി. തീയിലും വെള്ളത്തിലും കൂടി ഞങ്ങൾ കടക്കേണ്ടിവന്നു. എങ്കിലും ഇപ്പോൾ അവിടുന്നു ഞങ്ങൾക്ക് ഐശ്വര്യം നല്‌കിയിരിക്കുന്നു. ഹോമയാഗങ്ങളുമായി ഞാൻ അങ്ങയുടെ ആലയത്തിൽ വരും; എന്റെ നേർച്ചകൾ ഞാൻ നിറവേറ്റും. എന്റെ കഷ്ടകാലത്ത് ഞാൻ നേർന്ന നേർച്ചകൾതന്നെ. കൊഴുത്ത മൃഗങ്ങളെ ഞാൻ ഹോമയാഗമായി അർപ്പിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും യാഗം അർപ്പിക്കും. അവയുടെ ധൂമം ആകാശത്തിലേക്കുയരും. ദൈവഭക്തരേ, വന്നു കേൾക്കുവിൻ, അവിടുന്ന് എനിക്കുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം. ഞാൻ അവിടുത്തോടു നിലവിളിച്ചു, എന്റെ നാവുകൊണ്ട് ഞാൻ അവിടുത്തെ സ്തുതിച്ചു. എന്റെ ഹൃദയത്തിൽ ദുഷ്ടത കുടികൊണ്ടിരുന്നെങ്കിൽ, സർവേശ്വരൻ എന്റെ പ്രാർഥന കേൾക്കുമായിരുന്നില്ല. എന്നാൽ അവിടുന്ന് തീർച്ചയായും എന്റെ അപേക്ഷ കേട്ടിരിക്കുന്നു. എന്റെ പ്രാർഥന അവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ. എന്റെ പ്രാർഥന അവിടുന്നു തള്ളിക്കളഞ്ഞില്ല. അവിടുത്തെ സുസ്ഥിരസ്നേഹം എന്നും എന്നോടു കാട്ടുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 66:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ; ദൈവനാമത്തിന്‍റെ മഹത്വം കീർത്തിക്കുവിൻ; അവിടുത്തെ സ്തുതി മഹത്വപൂർണമാക്കുവിൻ. “അങ്ങേയുടെ പ്രവൃത്തികൾ എത്ര ഭയങ്കരം; അങ്ങേയുടെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ അങ്ങേക്ക് കീഴടങ്ങും; സർവ്വഭൂമിയും അങ്ങയെ നമസ്കരിച്ച് പാടും; അവർ തിരുനാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. സേലാ. വന്ന് ദൈവത്തിന്‍റെ പ്രവൃത്തികളെ നോക്കുവിൻ; ദൈവം മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ. കർത്താവ് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം കർത്താവിൽ സന്തോഷിച്ചു. ദൈവം തന്‍റെ ശക്തിയാൽ എന്നേക്കും വാഴുന്നു; അവിടുത്തെ കണ്ണ് ജനതകളെ നോക്കുന്നു; മത്സരക്കാർ സ്വയം ഉയർത്തരുതേ. സേലാ. വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; കർത്താവിന്‍റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ. അവിടുന്ന് നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല. ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കും പോലെ അങ്ങ് ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു. അങ്ങ് ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു. അങ്ങ് മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു. ഞാൻ ഹോമയാഗങ്ങളുമായി അങ്ങേയുടെ ആലയത്തിലേക്ക് വരും; അങ്ങേക്കുള്ള എന്‍റെ നേർച്ചകളെ ഞാൻ കഴിക്കും. ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ അവ എന്‍റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു. ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി തടിച്ച മൃഗങ്ങളെ അങ്ങേക്ക് ഹോമയാഗം കഴിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ. സകലഭക്തന്മാരുമേ, വന്നു കേൾക്കുവിൻ; അവൻ എന്റെ പ്രാണനുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം. ഞാൻ എന്‍റെ അധരം കൊണ്ടു കർത്താവിനോട് നിലവിളിച്ചു; എന്റെ നാവിന്മേൽ അവിടുത്തെ പുകഴ്ച ഉണ്ടായിരുന്നു. ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവ് കേൾക്കുകയില്ലായിരുന്നു. എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു; എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും തന്റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 66:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സർവ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ; അവന്റെ നാമത്തിന്റെ മഹത്വം കീർത്തിപ്പിൻ; അവന്റെ സ്തുതി മഹത്വീകരിപ്പിൻ. നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം; നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും; സർവ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവർ നിന്റെ നാമത്തിന്നു കീർത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിൻ. സേലാ. വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ. അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം അവനിൽ സന്തോഷിച്ചു. അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു; അവന്റെ കണ്ണു ജാതികളെ നോക്കുന്നു; മത്സരക്കാർ തങ്ങളെ തന്നേ ഉയർത്തരുതേ. സേലാ. വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; അവന്റെ സ്തുതിയെ ഉച്ചത്തിൽ കേൾപ്പിപ്പിൻ. അവൻ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല. ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു. നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു. നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു. ഞാൻ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും; എന്റെ നേർച്ചകളെ ഞാൻ നിനക്കു കഴിക്കും. ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ അവയെ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു. ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടെ തടിപ്പിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ. സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം. ഞാൻ എന്റെ വായ് കൊണ്ട് അവനോടു നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു. ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു. എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു; എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കൽനിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 66:1-20 സമകാലിക മലയാളവിവർത്തനം (MCV)
സർവഭൂമിയുമേ, ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുക! അവിടത്തെ നാമത്തിന്റെ മഹത്ത്വം ആലപിക്കുക; അവിടത്തെ സ്തുതി തേജസ്സേറിയതാക്കുക. ദൈവത്തോടു പറയുക: “അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം! അവിടത്തെ ശക്തി അതിമഹത്തായതാണ് അതുകൊണ്ട് അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ കാൽക്കൽവീഴുന്നു. സർവഭൂമിയും തിരുമുമ്പിൽ താണുവണങ്ങുന്നു; അവർ അവിടത്തേക്ക് സ്തുതിപാടുന്നു, അവിടത്തെ നാമത്തിന് സ്തുതിഗീതം ആലപിക്കുന്നു.” സേലാ. ദൈവത്തിന്റെ പ്രവൃത്തികളെ വന്നു കാണുക, മനുഷ്യപുത്രന്മാർക്കുവേണ്ടി അവിടന്ന് വിസ്മയാവഹമായ കാര്യങ്ങൾ ചെയ്യുന്നു! അവിടന്ന് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി, അവർ നദിയുടെ അടിത്തട്ടിലൂടെ കാൽനടയായി പോയി— വരിക, നമുക്ക് ദൈവത്തിൽ ആനന്ദിക്കാം. അവിടന്ന് തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു, അവിടത്തെ കണ്ണുകൾ രാഷ്ട്രങ്ങളെ വീക്ഷിക്കുന്നു— മത്സരിക്കുന്നവർ അവിടത്തേക്കെതിരേ തങ്ങളെത്തന്നെ ഉയർത്താതിരിക്കട്ടെ. സേലാ. സകലജനതകളുമേ, നമ്മുടെ ദൈവത്തെ വാഴ്ത്തുക, അവിടത്തേക്കുള്ള സ്തുതിനാദമെങ്ങും മുഴങ്ങട്ടെ; അവിടന്ന് നമ്മുടെ ജീവനെ സംരക്ഷിച്ചു നമ്മുടെ കാലടികൾ വഴുതാൻ സമ്മതിച്ചതുമില്ല. ദൈവമേ, അവിടന്ന് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുന്നതുപോലെ അങ്ങു ഞങ്ങളെ സ്‌ഫുടംചെയ്തിരിക്കുന്നു. അവിടന്ന് ഞങ്ങളെ തടവിലാക്കുകയും ഞങ്ങളുടെ മുതുകിൽ വലിയ ഭാരം ചുമത്തുകയും ചെയ്തിരിക്കുന്നു. അവിടന്ന് മനുഷ്യരെ ഞങ്ങളുടെ തലയ്ക്കുമീതേ ഓടുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലുംകൂടി കടന്നുപോയി, എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു. ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ മന്ദിരത്തിൽ പ്രവേശിച്ച്, അങ്ങയോടുള്ള എന്റെ നേർച്ചകൾ നിറവേറ്റും— ഞാൻ ദുരിതത്തിലായിരുന്നപ്പോൾ എന്റെ അധരങ്ങൾ ഉച്ചരിച്ചതും എന്റെ വായ് സംസാരിച്ചതുമായ നേർച്ചകൾതന്നെ. ഞാൻ അങ്ങേക്ക് തടിച്ചുകൊഴുത്ത മൃഗങ്ങൾ ഹോമയാഗമായി അർപ്പിക്കും ഹൃദ്യസുഗന്ധമായി ആട്ടുകൊറ്റനെയും; ഞാൻ കാളകളെയും ആടുകളെയും അർപ്പിക്കും. സേലാ. ദൈവത്തെ ഭയപ്പെടുന്ന സകലരുമേ, വന്നു കേൾക്കുക; അവിടന്ന് എനിക്കുവേണ്ടി ചെയ്തത് ഞാൻ നിങ്ങളെ അറിയിക്കാം. ഞാൻ എന്റെ വാകൊണ്ട് അവിടത്തോട് നിലവിളിച്ചു; അവിടത്തെ സ്തുതി എന്റെ നാവിന്മേൽ ഉണ്ടായിരുന്നു. ഞാൻ എന്റെ ഹൃദയത്തിൽ പാപം പരിപോഷിപ്പിച്ചിരുന്നെങ്കിൽ, കർത്താവ് ശ്രദ്ധിക്കുകയില്ലായിരുന്നു. എന്നാൽ ദൈവം ശ്രദ്ധിച്ചിരിക്കുന്നു, നിശ്ചയം എന്റെ പ്രാർഥന കേട്ടുമിരിക്കുന്നു. എന്റെ പ്രാർഥന നിരസിക്കാതെയും അവിടത്തെ സ്നേഹം തടഞ്ഞുവെക്കാതെയുമിരുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.