സങ്കീർത്തനങ്ങൾ 65:8-13
സങ്കീർത്തനങ്ങൾ 65:8-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂസീമാവാസികളും നിന്റെ ലക്ഷ്യങ്ങൾ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു. നീ ഭൂമിയെ സന്ദർശിച്ചു നനയ്ക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്കു ധാന്യം കൊടുക്കുന്നു. നീ അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു; നീ അതിന്റെ കട്ട ഉടച്ചുനിരത്തുന്നു; മഴയാൽ നീ അതിനെ കുതിർക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു. നീ സംവത്സരത്തെ നിന്റെ നന്മകൊണ്ട് അലങ്കരിക്കുന്നു; നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു. മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്‍ടി പൊഴിക്കുന്നു; കുന്നുകൾ ഉല്ലാസം ധരിക്കുന്നു. മേച്ചൽപ്പുറങ്ങൾ ആട്ടിൻകൂട്ടങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു; താഴ്‌വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവ ആർക്കുകയും പാടുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 65:8-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂമിയുടെ വിദൂരസീമകളിൽ വസിക്കുന്നവരും അവിടുത്തെ അദ്ഭുതപ്രവൃത്തികൾ കണ്ടു ഭയപ്പെടുന്നു. ഭൂമിയുടെ കിഴക്കുമുതൽ പടിഞ്ഞാറേ അറ്റം വരെയുള്ളവർ, അവിടുത്തെ പ്രവൃത്തികൾ കണ്ടു ഘോഷിച്ചുല്ലസിക്കുന്നു. അവിടുന്നു മഴ പെയ്യിച്ച് ഭൂമിയെ പരിരക്ഷിക്കുന്നു. അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു. ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു. അവിടുന്നു ഭൂമിയെ ഒരുക്കി അവർക്കു ധാന്യം നല്‌കുന്നു. അവിടുന്നു സമൃദ്ധമായ മഴ നല്‌കി അതിന്റെ ഉഴവുചാലുകളെ നനയ്‍ക്കുന്നു. അവിടുന്നു കട്ട ഉടച്ചു നിരത്തുകയും മഴ പെയ്യിച്ച് അതിനെ കുതിർക്കുകയും ചെയ്യുന്നു. അവിടുന്നു ചെടികൾ മുളപ്പിച്ച് അതിനെ അനുഗ്രഹിക്കുന്നു. സമൃദ്ധമായ വിളവുകൊണ്ട് അവിടുന്നു സംവത്സരത്തെ കിരീടം അണിയിക്കുന്നു. അവിടുന്നു കടന്നുപോകുന്ന പാതകളിലെല്ലാം സമൃദ്ധി വർഷിക്കുന്നു. മരുഭൂമിയിലെ പുൽപ്പുറങ്ങൾ സമൃദ്ധിയായി വളരുന്നു. കുന്നുകൾ ആനന്ദമണിയുന്നു. മേച്ചിൽപ്പുറങ്ങൾ ആട്ടിൻപറ്റങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്‌വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു. അവ സന്തോഷംകൊണ്ടു ഘോഷിച്ചുല്ലസിക്കുന്നു.
സങ്കീർത്തനങ്ങൾ 65:8-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഭൂസീമാവാസികളും അവിടുത്തെ അടയാളങ്ങൾ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളെ അവിടുന്ന് ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു. അവിടുന്ന് ഭൂമിയെ സന്ദർശിച്ച് നനയ്ക്കുന്നു; അങ്ങ് അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; ഇങ്ങനെ അവിടുന്ന് ഭൂമിയെ ഒരുക്കി അവർക്ക് ധാന്യം കൊടുക്കുന്നു. അവിടുന്ന് അതിന്‍റെ ഉഴവുചാലുകളെ നനയ്ക്കുന്നു; അവിടുന്ന് അതിന്‍റെ കട്ട ഉടച്ച് നിരത്തുന്നു; മഴയാൽ അവിടുന്ന് അതിനെ കുതിർക്കുന്നു; അതിലെ മുളയെ അവിടുന്ന് അനുഗ്രഹിക്കുന്നു. അങ്ങ് സംവത്സരത്തെ അങ്ങേയുടെ നന്മകൊണ്ട് അലങ്കരിക്കുന്നു; അങ്ങേയുടെ പാതകൾ പുഷ്ടിപൊഴിക്കുന്നു. മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; കുന്നുകൾ ഉല്ലാസം ധരിക്കുന്നു. മേച്ചല്പുറങ്ങൾ ആട്ടിൻകൂട്ടങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു; താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു; അവ ആർക്കുകയും പാടുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 65:8-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഭൂസീമാവാസികളും നിന്റെ ലക്ഷ്യങ്ങൾ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമനത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു. നീ ഭൂമിയെ സന്ദർശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്കു ധാന്യം കൊടുക്കുന്നു. നീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു; നീ അതിന്റെ കട്ട ഉടെച്ചുനിരത്തുന്നു; മഴയാൽ നീ അതിനെ കുതിർക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു. നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു; നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു. മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; കുന്നുകൾ ഉല്ലാസം ധരിക്കുന്നു. മേച്ചല്പുറങ്ങൾ ആട്ടിൻ കൂട്ടങ്ങൾകൊണ്ടു നിറെഞ്ഞിരിക്കുന്നു; താഴ്‌വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവർ ആർക്കുകയും പാടുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 65:8-13 സമകാലിക മലയാളവിവർത്തനം (MCV)
ഭൂമിയിലെല്ലായിടത്തും പാർക്കുന്ന ജനം അവിടത്തെ അത്ഭുതങ്ങൾനിമിത്തം വിസ്മയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളിൽനിന്ന് അവിടന്ന് ആനന്ദഗീതം ആലപിക്കുമാറാക്കുന്നു. അവിടന്ന് ഭൂമിയെ സന്ദർശിക്കുകയും അത് നനയ്ക്കുകയും ചെയ്യുന്നു; അവിടന്ന് അതിനെ അത്യന്തം ഫലപുഷ്ടമാക്കുന്നു. ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; ഇങ്ങനെ അങ്ങ് ഭൂമിയെ ഒരുക്കി അവർക്കു ധാന്യംനൽകുന്നു. അങ്ങ് അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു; മഴയാൽ അങ്ങ് അതിനെ കുതിർക്കുകയും അതിന്റെ മുളയെ അനുഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങ് സംവത്സരത്തെ നന്മകൊണ്ട് കിരീടമണിയിക്കുന്നു, അവിടത്തെ പാതകൾ പുഷ്ടിപൊഴിക്കുന്നു. മരുഭൂമിയിലെ പുൽമേടുകൾ സമൃദ്ധിപൊഴിക്കുന്നു കുന്നുകൾ ആനന്ദം അണിഞ്ഞിരിക്കുന്നു. പുൽപ്പുറങ്ങളിൽ ആട്ടിൻപറ്റം നിറഞ്ഞിരിക്കുന്നു താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു; അവർ ആനന്ദത്താൽ ആർക്കുകയും പാടുകയുംചെയ്യുന്നു. സംഗീതസംവിധായകന്.