സങ്കീർത്തനങ്ങൾ 65:1-8
സങ്കീർത്തനങ്ങൾ 65:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, സീയോനിൽ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നെ നേർച്ച കഴിക്കുന്നു. പ്രാർഥന കേൾക്കുന്നവനായുള്ളോവേ, സകല ജഡവും നിന്റെ അടുക്കലേക്കു വരുന്നു. എന്റെ അകൃത്യങ്ങൾ എന്റെ നേരേ അതിബലമായിരിക്കുന്നു; നീയോ ഞങ്ങളുടെ അതിക്രമങ്ങൾക്കു പരിഹാരം വരുത്തും. നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിനു നീ തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും. ഭൂമിയുടെ എല്ലാ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു. അവൻ ബലം അരയ്ക്കു കെട്ടിക്കൊണ്ട് തന്റെ ശക്തിയാൽ പർവതങ്ങളെ ഉറപ്പിക്കുന്നു. അവൻ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു. ഭൂസീമാവാസികളും നിന്റെ ലക്ഷ്യങ്ങൾ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.
സങ്കീർത്തനങ്ങൾ 65:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, സീയോനിൽ വസിക്കുന്ന അങ്ങയെ സ്തുതിക്കുന്നത് ഉചിതമല്ലോ. അങ്ങേക്കുള്ള നേർച്ചകൾ ഞങ്ങൾ നിറവേറ്റും. പ്രാർഥന കേൾക്കുന്ന ദൈവമേ, സർവമനുഷ്യരും തങ്ങളുടെ പാപഭാരവുമായി തിരുസന്നിധിയിൽ വരുന്നു. ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങളെ കീഴടക്കുമ്പോൾ, അവിടുന്ന് അവ തുടച്ചുനീക്കുന്നു. അവിടുത്തെ ആലയത്തിന്റെ അങ്കണത്തിൽ പാർക്കാൻ, അവിടുന്നു തിരഞ്ഞെടുത്തു കൊണ്ടുവന്ന ജനം അനുഗൃഹീതർ. ഞങ്ങൾ അവിടുത്തെ ആലയത്തിൽനിന്ന്, വിശുദ്ധമന്ദിരത്തിൽനിന്നു തന്നെ, ലഭിക്കുന്ന അനുഗ്രഹങ്ങൾകൊണ്ടു തൃപ്തരാകും. ഞങ്ങളെ രക്ഷിക്കുന്ന ദൈവമേ, അവിടുന്നു ഞങ്ങൾക്കുവേണ്ടി അദ്ഭുതങ്ങൾ പ്രവർത്തിച്ചു. ഞങ്ങളുടെ അപേക്ഷ കേട്ട് ഞങ്ങളെ വിടുവിച്ചു. അവിടുന്നാണ് സർവഭൂമിയുടെയും വിദൂരത്തുള്ള സമുദ്രങ്ങളുടെയും പ്രത്യാശ. അവിടുന്നു സ്വശക്തിയാൽ പർവതങ്ങളെ ഉറപ്പിച്ചു നിർത്തിയിരിക്കുന്നു. അവിടുന്നു ശക്തി ധരിച്ചിരിക്കുന്നു. ആഴിയുടെ മുഴക്കവും തിരമാലകളുടെ ഗർജനവും അവിടുന്നു ശമിപ്പിക്കുന്നു. വിജാതീയരുടെ കലഹം അവിടുന്ന് ഇല്ലാതാക്കുന്നു. ഭൂമിയുടെ വിദൂരസീമകളിൽ വസിക്കുന്നവരും അവിടുത്തെ അദ്ഭുതപ്രവൃത്തികൾ കണ്ടു ഭയപ്പെടുന്നു. ഭൂമിയുടെ കിഴക്കുമുതൽ പടിഞ്ഞാറേ അറ്റം വരെയുള്ളവർ, അവിടുത്തെ പ്രവൃത്തികൾ കണ്ടു ഘോഷിച്ചുല്ലസിക്കുന്നു.
സങ്കീർത്തനങ്ങൾ 65:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവമേ, സീയോനിൽ അങ്ങയെ സ്തുതിക്കുന്നത് യോഗ്യം തന്നെ; അങ്ങേക്കു തന്നെ നേർച്ച കഴിക്കുന്നു. പ്രാർത്ഥന കേൾക്കുന്ന ദൈവമേ, സകലജഡവും തിരുസന്നിധിയിലേക്ക് വരുന്നു. എന്റെ അകൃത്യങ്ങൾ എന്റെ നേരെ പ്രബലമായിരിക്കുന്നു; അങ്ങ് ഞങ്ങളുടെ അതിക്രമങ്ങൾക്ക് പരിഹാരം വരുത്തും. തിരുപ്രാകാരങ്ങളിൽ വസിക്കേണ്ടതിന് അങ്ങ് തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ അങ്ങേയുടെ വിശുദ്ധമന്ദിരമായ ആലയത്തിലെ നന്മകൊണ്ട് തൃപ്തരാകും. ഭൂമിയുടെ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയായ ദൈവമേ, അവിടുന്ന് ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു. ദൈവം ബലം അരയ്ക്ക് കെട്ടിക്കൊണ്ട് തന്റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു. ദൈവം സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജനതകളുടെ കലഹവും ശമിപ്പിക്കുന്നു. ഭൂസീമാവാസികളും അവിടുത്തെ അടയാളങ്ങൾ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളെ അവിടുന്ന് ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.
സങ്കീർത്തനങ്ങൾ 65:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവമേ, സീയോനിൽ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നേ നേർച്ച കഴിക്കുന്നു. പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു. എന്റെ അകൃത്യങ്ങൾ എന്റെ നേരെ അതിബലമായിരിക്കുന്നു; നീയോ ഞങ്ങളുടെ അതിക്രമങ്ങൾക്കു പരിഹാരം വരുത്തും. നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും. ഭൂമിയുടെ എല്ലാഅറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിന്നും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്കു ഉത്തരമരുളുന്നു. അവൻ ബലം അരെക്കു കെട്ടിക്കൊണ്ടു തന്റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു. അവൻ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു. ഭൂസീമാവാസികളും നിന്റെ ലക്ഷ്യങ്ങൾ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമനത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.
സങ്കീർത്തനങ്ങൾ 65:1-8 സമകാലിക മലയാളവിവർത്തനം (MCV)
ദൈവമേ, സീയോനിൽ സ്തുതി അങ്ങേക്ക് യോഗ്യം; അങ്ങേക്കുതന്നെ ഞങ്ങൾ നേർച്ചയർപ്പിക്കും. പ്രാർഥനയ്ക്ക് ഉത്തരമരുളുന്ന ദൈവമേ, സകലജനവും അങ്ങയുടെ അടുക്കലേക്കു വരും ഞങ്ങളുടെ പാപങ്ങൾ ഞങ്ങളെ മൂടിക്കളഞ്ഞെങ്കിലും അവിടന്ന് ഞങ്ങളുടെ അതിക്രമങ്ങൾ ക്ഷമിച്ചിരിക്കുന്നു. അങ്ങയുടെ വിശുദ്ധമന്ദിരാങ്കണത്തിൽ വസിക്കേണ്ടതിന് അങ്ങ് തെരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യർ അനുഗൃഹീതർ. അവിടത്തെ നിവാസസ്ഥാനമായ വിശുദ്ധമന്ദിരത്തിലെ നന്മകളാൽ ഞങ്ങൾ സംതൃപ്തരാകും. ഭൂമിയിലെ സകലസീമകൾക്കും വിദൂര സമുദ്രങ്ങൾക്കും പ്രത്യാശയായിരിക്കുന്ന ഞങ്ങളുടെ രക്ഷകനായ ദൈവമേ, അങ്ങ് അത്ഭുതകരമായ നീതിപ്രവൃത്തികളാൽ ഞങ്ങൾക്ക് ഉത്തരമരുളുന്നു. അവിടന്ന് ബലം അരയ്ക്കുകെട്ടിക്കൊണ്ട് അവിടത്തെ ശക്തിയാൽ പർവതങ്ങളെ ഉറപ്പിച്ചു. അവിടന്ന് സമുദ്രങ്ങളുടെ ഗർജനവും തിരമാലകളുടെ അലർച്ചയും രാഷ്ട്രങ്ങളുടെ കലഹവും ശമിപ്പിച്ചു. ഭൂമിയിലെല്ലായിടത്തും പാർക്കുന്ന ജനം അവിടത്തെ അത്ഭുതങ്ങൾനിമിത്തം വിസ്മയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളിൽനിന്ന് അവിടന്ന് ആനന്ദഗീതം ആലപിക്കുമാറാക്കുന്നു.