സങ്കീർത്തനങ്ങൾ 51:1-17
സങ്കീർത്തനങ്ങൾ 51:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. നിന്നോടുതന്നെ ഞാൻ പാപം ചെയ്തു; നിനക്ക് അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിനു തന്നെ. ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു. അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ. ഞാൻ നിർമ്മലനാകേണ്ടതിന് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന് എന്നെ കഴുകേണമേ. സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ. എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറയ്ക്കേണമേ. എന്റെ അകൃത്യങ്ങളെയൊക്കെയും മായിച്ചുകളയേണമേ. ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ. നിന്റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കയുമരുതേ. നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ. അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികൾ നിങ്കലേക്കു മനം തിരിയും. എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവ് നിന്റെ നീതിയെ ഘോഷിക്കും. കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണിക്കും. ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല. ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സ്; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
സങ്കീർത്തനങ്ങൾ 51:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, അവിടുത്തെ അചഞ്ചല സ്നേഹത്തിനൊത്തവിധം എന്നോടു കനിവുണ്ടാകണമേ. അവിടുത്തെ മഹാകരുണയ്‍ക്കൊത്തവിധം എന്റെ പാപങ്ങൾ മായിച്ചുകളയണമേ. എന്റെ അകൃത്യങ്ങൾ നിശ്ശേഷം കഴുകിക്കളയണമേ, എന്റെ പാപം നീക്കി എന്നെ ശുദ്ധീകരിക്കണമേ. എന്റെ അപരാധങ്ങൾ ഞാനറിയുന്നു, എന്റെ പാപങ്ങളെക്കുറിച്ച് ഞാൻ എപ്പോഴും ബോധവാനാണ്. അങ്ങേക്കെതിരെ, അതേ അങ്ങേക്ക് എതിരായി തന്നെ, ഞാൻ പാപം ചെയ്തു. അവിടുത്തെ മുമ്പിൽ തിന്മ പ്രവർത്തിച്ചു. നീതിയുക്തമായാണ് അവിടുന്ന് എന്നെ കുറ്റം വിധിച്ചത്. അവിടുത്തെ ന്യായവിധി കുറ്റമറ്റതുതന്നെ. ജനിച്ചനാൾ തൊട്ട് ഞാൻ പാപിയാണ്, അമ്മയുടെ ഉദരത്തിൽ ഉളവായപ്പോൾ മുതൽതന്നെ. ഹൃദയപരമാർഥതയാണല്ലോ അവിടുന്ന് ആഗ്രഹിക്കുന്നത്. എന്റെ അന്തരംഗത്തിൽ അവിടുന്ന് ജ്ഞാനം ഉപദേശിക്കണമേ. ഞാൻ നിർമ്മലനാകാൻ, ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ. ഞാൻ ഹിമത്തെക്കാൾ വെണ്മയുള്ളവനാകാൻ എന്നെ കഴുകണമേ. ആഹ്ലാദവും സന്തോഷവും എനിക്കുണ്ടാകട്ടെ. അവിടുന്നു തകർത്ത എന്റെ അസ്ഥികൾ ആനന്ദിക്കട്ടെ. എന്റെ സർവപാപങ്ങളും ക്ഷമിക്കണമേ. എന്റെ അകൃത്യങ്ങൾ മായിച്ചുകളയണമേ. ദൈവമേ, നിർമ്മലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ, അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ. തിരുസന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ, അവിടുത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയരുതേ. അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും നല്‌കണമേ. അങ്ങയെ അനുസരിക്കുന്ന ആത്മാവിനെ എനിക്കു നല്‌കണമേ. അവിടുത്തെ വഴികൾ ഞാൻ അധർമികളെ പഠിപ്പിക്കും, അവർ അങ്ങയിലേക്കു മടങ്ങിവരും. എന്റെ രക്ഷകനായ ദൈവമേ, രക്തപാതകത്തിൽനിന്ന് എന്റെ ജീവനെ രക്ഷിക്കണമേ. അവിടുത്തെ രക്ഷയെ ഞാൻ ഘോഷിക്കും. സർവേശ്വരാ, എന്റെ അധരങ്ങളെ തുറക്കണമേ. ഞാൻ അങ്ങയെ സ്തുതിക്കും. യാഗങ്ങളിൽ അങ്ങു സംപ്രീതനല്ല; അല്ലെങ്കിൽ അവ ഞാൻ അർപ്പിക്കുമായിരുന്നു. ഹോമയാഗത്തിലും അങ്ങു പ്രസാദിക്കുന്നില്ല. അനുതാപംകൊണ്ട് ഉരുകുന്ന ഹൃദയമാണ് ദൈവത്തിനു സ്വീകാര്യമായ യാഗം. ദൈവമേ, തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ അങ്ങു നിരസിക്കുകയില്ലല്ലോ.
സങ്കീർത്തനങ്ങൾ 51:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവമേ, അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നോട് കൃപയുണ്ടാകേണമേ; അങ്ങേയുടെ ബഹുവിധമായ കാരുണ്യപ്രകാരം എന്‍റെ ലംഘനങ്ങൾ മായിച്ചുകളയേണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കണമേ; എന്‍റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. എന്‍റെ ലംഘനങ്ങൾ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. അങ്ങയോടു തന്നെ ഞാൻ പാപംചെയ്തു; അവിടുത്തേക്ക് അനിഷ്ടമായത് ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ അവിടുന്ന് നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിയ്ക്കുന്നുവല്ലോ. ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭംധരിച്ചു. അന്തർഭാഗത്തെ സത്യമല്ലോ അവിടുന്ന് ഇച്ഛിക്കുന്നത്; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ. ഞാൻ നിർമ്മലനാകേണ്ടതിന് എന്‍റെ പാപങ്ങളെ കഴുകേണമേ എന്നെ ശുദ്ധീകരിക്കണമേ; ഞാൻ ഹിമത്തെക്കാൾ വെണ്മയാകേണ്ടതിന് എന്നെ കഴുകേണമേ. സന്തോഷവും ആനന്ദവും എന്നെ കേൾപ്പിക്കേണമേ; അവിടുന്ന് ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ. എന്‍റെ പാപങ്ങൾ കാണാത്തവിധം തിരുമുഖം മറയ്ക്കേണമേ; എന്‍റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയേണമേ. ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കണമേ. തിരുസന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ അങ്ങേയുടെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കുകയുമരുതേ. അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ. അപ്പോൾ ഞാൻ അതിക്രമക്കാരോട് അവിടുത്തെ വഴികൾ ഉപദേശിക്കും; പാപികൾ നിങ്കലേക്ക് മനം തിരിഞ്ഞുവരും. ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ! രക്തം ചിന്തിയ പാപത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ; എന്നാൽ എന്റെ നാവ് അങ്ങേയുടെ നീതിയെ ഘോഷിക്കും. കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ; എന്നാൽ എന്റെ വായ് അങ്ങേക്ക് സ്തുതിപാടും. ഹനനയാഗം അവിടുന്ന് ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ അങ്ങേക്ക് പ്രസാദവുമില്ല. ദൈവത്തിന് പ്രസാദകരമയിരിക്കുന്ന ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സല്ലയോ? തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, അവിടുന്ന് നിരസിക്കുകയില്ല.
സങ്കീർത്തനങ്ങൾ 51:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ. ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു. അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ. ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ. സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ. എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ; എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ. ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ. നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ. നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ. അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികൾ നിങ്കലേക്കു മനംതിരിയും. എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും. കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും. ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല. ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
സങ്കീർത്തനങ്ങൾ 51:1-17 സമകാലിക മലയാളവിവർത്തനം (MCV)
ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുയോജ്യമായവിധത്തിൽ, അടിയനോടു കരുണയുണ്ടാകണമേ; അങ്ങയുടെ മഹാകാരുണ്യംനിമിത്തം എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ. എന്റെ എല്ലാവിധ അകൃത്യങ്ങളും കഴുകിക്കളഞ്ഞ് എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ. എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കൺമുമ്പിലുണ്ട്. അവിടത്തേക്കെതിരായി, അവിടത്തോടുമാത്രം ഞാൻ പാപംചെയ്തിരിക്കുന്നു അവിടത്തെ ദൃഷ്ടിയിൽ ഞാൻ തിന്മ പ്രവർത്തിച്ചിരിക്കുന്നു; ആകയാൽ അവിടത്തെ ന്യായത്തീർപ്പുകൾ നീതിയുക്തവും അവിടത്തെ വിധിന്യായം ന്യായയുക്തവുമാകുന്നു. ഇതാ ഞാൻ പിറന്നത് പാപിയായിട്ടാണ്, എന്റെ അമ്മ എന്നെ ഗർഭംധരിച്ചപ്പോൾത്തന്നെ ഞാൻ പാപിയാണ്. അന്തരാത്മാവിലെ സത്യമാണല്ലോ അവിടന്ന് അഭിലഷിക്കുന്നത്; ഹൃദയാന്തർഭാഗത്തിലും എന്നെ ജ്ഞാനം അഭ്യസിപ്പിച്ചു. ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ, അപ്പോൾ ഞാൻ നിർമലനാകും; എന്നെ കഴുകണമേ, അപ്പോൾ ഞാൻ ഹിമത്തെക്കാൾ വെണ്മയുള്ളവനാകും. ആനന്ദവും ആഹ്ലാദവും എന്നെ കേൾപ്പിക്കണമേ; അവിടന്ന് തകർത്ത അസ്ഥികൾ ഉല്ലസിക്കട്ടെ. എന്റെ പാപങ്ങളിൽനിന്നും തിരുമുഖം മറയ്ക്കണമേ എന്റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയണമേ. ദൈവമേ, നിർമലമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ, അചഞ്ചലമായ ഒരാത്മാവിനെ എന്നിൽ പുതുക്കണമേ. അവിടത്തെ സന്നിധാനത്തിൽനിന്ന് എന്നെ പുറന്തള്ളുകയോ അവിടത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയുകയോ അരുതേ. അവിടത്തെ രക്ഷയുടെ സന്തോഷത്തിലേക്ക് എന്നെ മടക്കിവരുത്തണമേ, അനുസരിക്കാൻ ഒരുക്കമുള്ള ഒരു ആത്മാവിനെ അനുവദിച്ചുനൽകി എന്നെ താങ്ങിനിർത്തണമേ. അപ്പോൾ ഞാൻ അതിക്രമികൾക്ക് അവിടത്തെ വഴികൾ അഭ്യസിപ്പിച്ചുകൊടുക്കും, അങ്ങനെ പാപികൾ തിരുസന്നിധിയിലേക്ക് മടങ്ങിവരികയും ചെയ്യും. ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ, രക്തംചൊരിഞ്ഞ കുറ്റത്തിൽനിന്ന് എന്നെ വിടുവിക്കണമേ, അപ്പോൾ എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി പാടും. കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ; എന്റെ നാവ് അവിടത്തെ സ്തുതിഗാനമാലപിക്കട്ടെ. അവിടന്ന് യാഗം അഭിലഷിക്കുന്നില്ലല്ലോ, അങ്ങനെയായിരുന്നെങ്കിൽ ഞാനത് അർപ്പിക്കുമായിരുന്നു. ദഹനയാഗങ്ങളിൽ അവിടന്ന് പ്രസാദിക്കുന്നതുമില്ല. ദൈവത്തിന് ഹിതകരമായ യാഗം തകർന്ന മനസ്സല്ലോ; പശ്ചാത്താപത്താൽ തകർന്ന ഹൃദയത്തെ ദൈവമേ, അവിടന്നൊരിക്കലും നിരസിക്കുകയില്ലല്ലോ.