സങ്കീർത്തനങ്ങൾ 50:8-15
സങ്കീർത്തനങ്ങൾ 50:8-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു. നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല. കാട്ടിലെ സകല മൃഗവും പർവതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. മലകളിലെ പക്ഷികളെയൊക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നെ. എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എൻറേതത്രേ. ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ? ദൈവത്തിനു സ്തോത്രയാഗം അർപ്പിക്ക; അത്യുന്നതനു നിന്റെ നേർച്ചകളെ കഴിക്ക. കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.
സങ്കീർത്തനങ്ങൾ 50:8-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ യാഗങ്ങളെച്ചൊല്ലി ഞാൻ നിന്നെ ശകാരിച്ചില്ല. നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പിലുണ്ട്. നിന്റെ കാളയെയോ നിന്റെ ആട്ടിൻപറ്റത്തിൽ നിന്നു കോലാട്ടുകൊറ്റനെയോ എനിക്കാവശ്യമില്ല. കാട്ടിലെ സകല മൃഗങ്ങളും കുന്നുകളിൽ മേയുന്ന ആയിരമായിരം ആടുമാടുകളും എൻറേതാണ്. ആകാശത്തിലെ പക്ഷികൾ എനിക്കുള്ളവയാണ്; വയലിൽ സഞ്ചരിക്കുന്നവയെല്ലാം എൻറേതാണ്. എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറയുകയില്ല. ലോകവും അതിലുള്ള സമസ്തവും എൻറേതാണല്ലോ. ഞാൻ കാളയുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്റെ രക്തം കുടിക്കുമോ? സ്തോത്രം ആയിരിക്കട്ടെ നീ ദൈവത്തിന് അർപ്പിക്കുന്ന യാഗം. അത്യുന്നതനു നിന്റെ നേർച്ചകൾ അർപ്പിക്കുക. കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിന്നെ രക്ഷിക്കും, നീ എന്നെ പ്രകീർത്തിക്കുകയും ചെയ്യും.
സങ്കീർത്തനങ്ങൾ 50:8-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിന്‍റെ ഹനനയാഗങ്ങളെക്കുറിച്ച് ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഉണ്ടല്ലോ. നിന്‍റെ വീട്ടിൽനിന്ന് ഒരു കാളയെയോ നിന്‍റെ തൊഴുത്തുകളിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയോ ഞാൻ എടുക്കുകയില്ല. കാട്ടിലെ സകലമൃഗങ്ങളും ആയിരം കുന്നുകളിലെ കന്നുകാലികളും എനിക്കുള്ളവയാകുന്നു. മലകളിലെ പക്ഷികളെ എല്ലാം ഞാൻ അറിയുന്നു; വയലിലെ വന്യമൃഗങ്ങളും എനിക്കുള്ളവ തന്നെ. “എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല; ലോകവും അതിലുള്ള സകലവും എന്‍റെതാകുന്നു. ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ? ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക; അത്യുന്നതനായ ദൈവത്തിന് നിന്‍റെ നേർച്ചകൾ കഴിക്കുക. കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.“
സങ്കീർത്തനങ്ങൾ 50:8-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു. നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല. കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ. എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ. ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ? ദൈവത്തിന്നു സ്തോത്രയാഗം അർപ്പിക്ക; അത്യുന്നതന്നു നിന്റെ നേർച്ചകളെ കഴിക്ക. കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
സങ്കീർത്തനങ്ങൾ 50:8-15 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളുടെ യാഗങ്ങൾനിമിത്തമോ നിങ്ങൾ നിരന്തരം അർപ്പിക്കുന്ന ഹോമയാഗങ്ങൾനിമിത്തമോ ഞാൻ നിങ്ങളെ ശാസിക്കുന്നില്ല. നിങ്ങളുടെ തൊഴുത്തിൽനിന്നുള്ള കാളയോ ആലയിൽനിന്നുള്ള കോലാടോ എനിക്ക് ആവശ്യമില്ല; ആയിരം കുന്നുകളിൽ മേഞ്ഞുകൊണ്ടിരിക്കുന്ന കന്നുകാലികളും വനത്തിലെ സകലമൃഗങ്ങളും എന്റെ സ്വന്തം. പർവതങ്ങളിലെ എല്ലാ പറവയെയും ഞാൻ അറിയുന്നു, വയലിലെ സകലജന്തുക്കളും എന്റെ വകയാണ്. എനിക്കു വിശക്കുന്നെങ്കിൽ ഞാൻ നിന്നോടു പറയുകയില്ല, കാരണം, ലോകവും അതിലുള്ള സമസ്തവും എന്റേതാണ്. ഞാൻ കാളകളുടെ മാംസം ഭുജിക്കുമോ? കോലാടുകളുടെ രക്തം പാനംചെയ്യുമോ? “ദൈവത്തിനു സ്തോത്രയാഗങ്ങൾ അർപ്പിക്കുക, അത്യുന്നതന് നിന്റെ നേർച്ചകൾ അർപ്പിക്കുക, അനർഥദിനങ്ങളിൽ എന്നെ വിളിച്ചപേക്ഷിക്കുക; അപ്പോൾ ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.”