സങ്കീർത്തനങ്ങൾ 42:1-5

സങ്കീർത്തനങ്ങൾ 42:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നീർച്ചാലുകളിലേക്കു പോകാൻ കാംക്ഷിക്കുന്ന മാൻപേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങേക്കായി കാംക്ഷിക്കുന്നു. എന്റെ ഹൃദയം ദൈവത്തിനായി, ജീവിക്കുന്ന ദൈവത്തിനായിതന്നെ, ദാഹിക്കുന്നു. എപ്പോഴാണ് എനിക്ക് തിരുസന്നിധാനത്തിലെത്തി, തിരുമുഖം ദർശിക്കാൻ കഴിയുക? കണ്ണുനീരാണ് എനിക്കു രാപ്പകൽ ആഹാരം, ‘നിന്റെ ദൈവം എവിടെ’ എന്നു പറഞ്ഞ്, അവർ നിരന്തരം എന്നെ പരിഹസിക്കുന്നു. ജനക്കൂട്ടത്തോടൊത്ത് ദേവാലയത്തിലേക്കു പോയതും സ്തോത്രഗീതങ്ങളും ആനന്ദഘോഷങ്ങളും ഉയർത്തിക്കൊണ്ട് നീങ്ങിയ തീർഥാടകരോടൊത്ത് ഞാൻ ദേവാലയത്തിലേക്കു നയിക്കപ്പെട്ടതും ഓർക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു. എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? എന്തിന് അസ്വസ്ഥനാകുന്നു? ദൈവത്തിൽ പ്രത്യാശ വയ്‍ക്കുക. എന്റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പ്രകീർത്തിക്കും.

സങ്കീർത്തനങ്ങൾ 42:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവ് നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു. എന്റെ ആത്മാവ് ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി തന്നെ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും. നിന്റെ ദൈവം എവിടെ എന്ന് അവർ എന്നോടു നിത്യം പറയുന്നതുകൊണ്ട് എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായിത്തീർന്നിരിക്കുന്നു. ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നത് ഓർത്ത് എന്റെ ഉള്ളം എന്നിൽ പകരുന്നു. എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്? ദൈവത്തിൽ പ്രത്യാശ വയ്ക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 42:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

മാൻ നീർത്തോടുകളിലേക്ക് ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്‍റെ ആത്മാവ് അങ്ങയോട് ചേരുവാൻ കാംക്ഷിക്കുന്നു. എന്‍റെ ആത്മാവ് ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി തന്നെ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും?. “നിന്‍റെ ദൈവം എവിടെ?” എന്നു അവർ എന്നോട് നിരന്തരം ചോദിക്കുന്നതുകൊണ്ട് എന്‍റെ കണ്ണുനീർ രാവും പകലും എനിക്ക് ആഹാരമായി തീർന്നിരിക്കുന്നു. ഉത്സവം ആചരിക്കുന്ന ജനസമൂഹത്തോടൊപ്പം സന്തോഷത്തോടും ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചും ഞാൻ ദൈവാലയത്തിലേക്ക് പോകുന്നത് ഓർക്കുമ്പോൾ എന്‍റെ ഹൃദയം തരളിതമാകുന്നു. എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നതെന്തിന്? ദൈവത്തിൽ പ്രത്യാശ വെക്കുക; കർത്താവ് എന്‍റെ മേൽ മുഖം പ്രകാശിപ്പിച്ച് രക്ഷിക്കുന്ന ദൈവവുമാകുന്നു എന്നു ഞാൻ ഇനിയും അവിടുത്തെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 42:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു. എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും. നിന്റെ ദൈവം എവിടെ എന്നു അവർ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായ്തീർന്നിരിക്കുന്നു. ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നതു ഓർത്തു എന്റെ ഉള്ളം എന്നിൽ പകരുന്നു. എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 42:1-5 സമകാലിക മലയാളവിവർത്തനം (MCV)

നീർച്ചാലുകൾക്കായി കൊതിക്കുന്ന പേടമാനിനെപ്പോലെ, എന്റെ ദൈവമേ, എന്റെ പ്രാണൻ അങ്ങേക്കായി കൊതിക്കുന്നു. ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായിത്തന്നെ ദാഹിക്കുന്നു. എപ്പോഴാണെനിക്കു തിരുസന്നിധിയിലെത്തി ദൈവത്തെ ദർശിക്കാനാകുന്നത്? രാവും പകലും കണ്ണുനീർ എന്റെ ഭക്ഷണമായി മാറിയിരിക്കുന്നു, “നിന്റെ ദൈവം എവിടെ?” എന്ന് എന്റെ ശത്രുക്കൾ നിരന്തരം ചോദിക്കുകയും ചെയ്യുന്നു. ഞാൻ എന്റെ ആത്മാവിനെ തിരുസന്നിധിയിൽ പകരുമ്പോൾ, ഉത്സവമാചരിക്കുന്ന ജനസഞ്ചയത്തിന്റെ മുന്നിൽ ഞാൻ നടന്നതും ആഹ്ലാദത്തിമിർപ്പോടും സ്തോത്രഗീതങ്ങളോടുംകൂടെ ദൈവാലയത്തിലേക്കു ഞാൻ ഘോഷയാത്രയായി പോയതുമെല്ലാംതന്നെ! എന്റെ സ്‌മൃതിപഥത്തിൽ ഓടിയെത്തുന്നു. എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, എന്റെ രക്ഷകനും എന്റെ ദൈവവുമേ, ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.

സങ്കീർത്തനങ്ങൾ 42:1-5

സങ്കീർത്തനങ്ങൾ 42:1-5 MALOVBSIസങ്കീർത്തനങ്ങൾ 42:1-5 MALOVBSI