സങ്കീർത്തനങ്ങൾ 40:1-5
സങ്കീർത്തനങ്ങൾ 40:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു. നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി. അവൻ എന്റെ വായിൽ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും. യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.
സങ്കീർത്തനങ്ങൾ 40:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ യഹോവയ്ക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞ് എന്റെ നിലവിളി കേട്ടു. നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി. അവൻ എന്റെ വായിൽ പുതിയൊരു പാട്ടു തന്നു, നമ്മുടെ ദൈവത്തിനു സ്തുതിതന്നെ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും. യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അദ്ഭുതപ്രവൃത്തികളും ഞങ്ങൾക്കുവേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.
സങ്കീർത്തനങ്ങൾ 40:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ സഹായത്തിനായി ഞാൻ ക്ഷമയോടെ കാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു. ഭയാനകമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവിടുന്ന് എന്നെ പിടിച്ചുകയറ്റി. അവിടുന്ന് എന്നെ പാറമേൽ നിർത്തി; എന്റെ കാലടികൾ സുരക്ഷിതമാക്കി. അവിടുന്ന് എന്റെ അധരങ്ങളിൽ ഒരു പുതിയ പാട്ടു നല്‌കി. നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗീതം തന്നെ. പലരും ഇതുകണ്ട് ഭയഭക്തിയോടെ സർവേശ്വരനെ ആശ്രയിക്കും. സർവേശ്വരനെ ശരണമാക്കുന്നവർ അനുഗൃഹീതർ; വ്യാജദേവന്മാരെ ആരാധിക്കുന്ന ഗർവിഷ്ഠരെ അവർക്ക് ആശ്രയിക്കേണ്ടിവരില്ല. എന്റെ ദൈവമായ സർവേശ്വരാ, അവിടുന്നു ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ച അദ്ഭുതങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള അവിടുത്തെ കരുതലും എത്ര വലുതാകുന്നു. എങ്ങനെയാണ് അവ ഞാൻ വർണിക്കുക; അവ അസംഖ്യമാണല്ലോ. അങ്ങേക്കു സമനായി ആരുമില്ല.
സങ്കീർത്തനങ്ങൾ 40:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്റെ നിലവിളി കേട്ടു. നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്‍റെ ചുവടുകളെ സ്ഥിരമാക്കി. അവിടുന്ന് എന്‍റെ വായിൽ ഒരു പുതിയ പാട്ട് തന്നു, നമ്മുടെ ദൈവത്തിന് സ്തുതി തന്നെ; പലരും അത് കണ്ടു ഭയപ്പെട്ട് യഹോവയിൽ ആശ്രയിക്കും. യഹോവയെ തന്‍റെ ആശ്രയമാക്കുകയും നിഗളികളെയും വ്യാജദൈവങ്ങളിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. എന്റെ ദൈവമായ യഹോവേ, അവിടുന്ന് ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കുവേണ്ടിയുള്ള അങ്ങേയുടെ വിചാരങ്ങളും അനവധി ആകുന്നു; അങ്ങേക്ക് തുല്യൻ ആരുമില്ല; ഞാൻ അവയെപ്പറ്റി വിവരിച്ച് പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാത്തവിധം അധികമാകുന്നു.
സങ്കീർത്തനങ്ങൾ 40:1-5 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; അവിടന്ന് എങ്കലേക്കു ചാഞ്ഞ് എന്റെ നിലവിളി കേട്ടു. വഴുവഴുപ്പുള്ള കുഴിയിൽനിന്നും ചേറ്റിൽനിന്നും ചെളിയിൽനിന്നും അവിടന്ന് എന്നെ ഉദ്ധരിച്ചു; അവിടന്ന് എന്റെ പാദങ്ങൾ ഒരു പാറമേൽ ഉറപ്പിച്ചു എനിക്കു നിൽക്കാൻ ഉറപ്പുള്ള ഒരിടംനൽകി. എന്റെ അധരങ്ങൾക്ക് അവിടന്നൊരു പുതുഗീതമേകി, നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗാനംതന്നെ. പലരും അതുകണ്ട് യഹോവയെ ഭയപ്പെടുകയും അങ്ങയിൽ ആശ്രയംവെക്കുകയും ചെയ്യും. അഹന്തനിറഞ്ഞവരിൽ ആശ്രയിക്കാതെയും വ്യാജദൈവങ്ങളിലേക്കു തിരിയാതെയും യഹോവയിൽ ആശ്രയിക്കുന്ന മനുഷ്യർ അനുഗൃഹീതർ. എന്റെ ദൈവമായ യഹോവേ, അവിടന്നു ഞങ്ങൾക്കുവേണ്ടി ചെയ്ത അത്ഭുതങ്ങളും അവിടന്നു ഞങ്ങൾക്കായി ആസൂത്രണംചെയ്ത പദ്ധതികളും അനവധിയാകുന്നു. അവിടത്തോട് സദൃശനായി ആരുമില്ല; അവിടത്തെ പ്രവൃത്തികളെക്കുറിച്ച് ഉദ്ഘോഷിക്കുന്നതിനും വിവരിക്കുന്നതിനും തുനിഞ്ഞാൽ അവ വർണനാതീതമായിരിക്കും.