സങ്കീർത്തനങ്ങൾ 39:1-7
സങ്കീർത്തനങ്ങൾ 39:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാൻ പറഞ്ഞു. ഞാൻ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൗനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു. എന്റെ ഉള്ളിൽ ഹൃദയത്തിനു ചൂടുപിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു. യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ. ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സ് നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ. മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല. എന്നാൽ കർത്താവേ, ഞാൻ ഏതിനായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കൽ വച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 39:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാവുകൊണ്ടു പാപം ചെയ്യാതിരിക്കാൻ ഞാൻ എന്റെ ജീവിതചര്യകളെ സൂക്ഷിക്കുമെന്നും; ദുഷ്ടർ അടുത്തുള്ളപ്പോൾ നാവിനു കടിഞ്ഞാണിടുമെന്നും ഞാൻ പറഞ്ഞു. ഞാൻ മിണ്ടാതെ മൗനംപാലിച്ചു, എന്റെ മൗനം നിഷ്ഫലമായിരുന്നു. എന്റെ വേദന വർധിച്ചുകൊണ്ടിരുന്നു. ആകുലചിന്തയാൽ എന്റെ ഹൃദയം തപിച്ചു. ചിന്തിച്ചപ്പോൾ എന്റെ ഉള്ളിൽ തീയാളി; ഞാൻ മൗനം വെടിഞ്ഞു പറഞ്ഞു: “സർവേശ്വരാ, എന്റെ ജീവിതം എന്ന് അവസാനിക്കുമെന്നും; എന്റെ ആയുസ്സ് എത്രയെന്നും അറിയിക്കണമേ. എന്റെ ആയുസ്സ് എത്ര ക്ഷണികമെന്ന് ഞാൻ അറിയട്ടെ.” അവിടുന്ന് എന്റെ ജീവിതകാലം അത്യന്തം ഹ്രസ്വമാക്കിയിരിക്കുന്നു. അവിടുന്ന് എന്റെ ആയുസ്സിനു വില കല്പിക്കുന്നില്ല. ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം. അവന്റെ ജീവിതം വെറും നിഴൽപോലെ, അവൻ ബദ്ധപ്പെടുന്നതു വെറുതെ. അവൻ ധനം സമ്പാദിക്കുന്നു, ആര് അനുഭവിക്കുമെന്ന് അറിയുന്നില്ല. സർവേശ്വരാ, ഞാൻ എന്തിനായി കാത്തിരിക്കുന്നു? അവിടുന്നാണല്ലോ എന്റെ പ്രത്യാശ.
സങ്കീർത്തനങ്ങൾ 39:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നാവ് കൊണ്ടു പാപം ചെയ്യാതിരിക്കുവാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും, ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്‍റെ അധരം കടിഞ്ഞാണിട്ട് അടക്കിവക്കും എന്നും ഞാൻ പറഞ്ഞു. ഞാൻ സംസാരിക്കാതെ ഊമനായിരുന്നു; നന്മയായ കാര്യങ്ങൾ പോലും ഉച്ചരിയ്ക്കാതെ മൗനമായിരുന്നു; എന്‍റെ ഉള്ളിൽ സങ്കടം പൊങ്ങിവന്നു. എന്‍റെ ഹൃദയത്തിന് ചൂട് പിടിച്ചു, എന്‍റെ ധ്യാനത്തിൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു. യഹോവേ, എന്‍റെ അവസാനത്തെക്കുറിച്ചും, എന്‍റെ ആയുസ്സ് എത്ര എന്നതും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയട്ടെ. ഇതാ, അവിടുന്ന് എന്‍റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സ് തിരുമുമ്പാകെ ഏതുമില്ല; ഏതു മനുഷ്യനും ഉറച്ച് നിൽക്കുമ്പോഴും ഒരു ശ്വാസം മാത്രമാകുന്നു. സേലാ. നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽപോലെ നടക്കുന്നു; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു; അവർ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല. “എന്നാൽ കർത്താവേ, ഞാൻ എന്തിനായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ അങ്ങയിൽ വച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 39:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാൻ പറഞ്ഞു. ഞാൻ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൗനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു. എന്റെ ഉള്ളിൽ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു. യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ. ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ. മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല. എന്നാൽ കർത്താവേ, ഞാൻ ഏതിന്നായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 39:1-7 സമകാലിക മലയാളവിവർത്തനം (MCV)
“എന്റെ വഴികളെ ഞാൻ ശ്രദ്ധിക്കുമെന്നും എന്റെ നാവിനെ പാപംചെയ്യാതെ കാത്തുകൊള്ളുമെന്നും; ദുഷ്ടർ എന്റെ മുമ്പിലുള്ളേടത്തോളം ഞാൻ എന്റെ വായ് കടിഞ്ഞാണിട്ടു സൂക്ഷിക്കും,” എന്നും ഞാൻ പറഞ്ഞു. അതുകൊണ്ട് ഞാൻ പരിപൂർണനിശ്ശബ്ദതയോടെയിരുന്നു, നന്മയായതുപോലും ഉച്ചരിക്കാതിരുന്നു. അപ്പോൾ എന്റെ ആകുലതകൾ അധികരിച്ചു; എന്റെ ഹൃദയമെന്നുള്ളിൽ ചൂടുപിടിച്ചു എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ എന്റെ നാവുകൊണ്ട് ഞാൻ സംസാരിച്ചു: “യഹോവേ, എന്റെ ജീവിതാന്ത്യവും എന്റെ ആയുർദൈർഘ്യവും എനിക്കു കാട്ടിത്തന്നാലും; എന്റെ ജീവിതം എത്ര ക്ഷണഭംഗുരം എന്നു ഞാൻ അറിയട്ടെ. എന്റെ ദിനങ്ങൾ അവിടന്ന് കേവലം നാലുവിരൽ ദൈർഘ്യം മാത്രമാക്കിയിരിക്കുന്നു; എന്റെ ആയുഷ്കാലം തിരുമുമ്പിൽ ഏതുമില്ലാത്തതുപോലെയിരിക്കുന്നു. മാനവജീവിതം കേവലമൊരു നിശ്വാസംമാത്രം, ഏറ്റവും സുരക്ഷിതരെന്നു കരുതുന്നവർക്കുപോലും. സേലാ. “മനുഷ്യർ വെറും ഒരു നിഴൽപോലെ സഞ്ചരിക്കുന്നു; അവർ വ്യർഥമായി തിടുക്കത്തിൽ ധനം കൂട്ടിവെക്കുന്നു ആർ അത് അനുഭവിക്കുമെന്ന് അവർ അറിയുന്നില്ല. “എന്നാൽ കർത്താവേ, ഞാനിപ്പോൾ എന്തിനായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ അങ്ങയിലാകുന്നു.