സങ്കീർത്തനങ്ങൾ 37:5-7
സങ്കീർത്തനങ്ങൾ 37:5-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നെ ആശ്രയിക്ക; അവൻ അതു നിർവഹിക്കും. അവൻ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്ന് അവനായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുത്.
സങ്കീർത്തനങ്ങൾ 37:5-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്നെത്തന്നെ സർവേശ്വരനെ ഭരമേല്പിക്കുക; അവിടുന്നു നിനക്കുവേണ്ടി പ്രവർത്തിക്കും. അവിടുന്നു നിന്റെ നീതിയെ പകൽവെളിച്ചം പോലെയും നിന്റെ പരമാർഥതയെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. സർവേശ്വരന്റെ മുമ്പിൽ സ്വസ്ഥനായിരിക്കുക. അവിടുന്നു പ്രവർത്തിക്കാൻവേണ്ടി ക്ഷമയോടെ കാത്തിരിക്കുക. ധനം നേടുന്നവനെക്കുറിച്ചോ ചതി കാട്ടുന്നവനെക്കുറിച്ചോ നീ അസ്വസ്ഥനാകേണ്ടാ.
സങ്കീർത്തനങ്ങൾ 37:5-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക; കർത്താവിൽ തന്നെ ആശ്രയിക്കുക; അവിടുന്ന് അത് നിവർത്തിക്കും. കർത്താവ് നിന്റെ നീതിയെ പ്രഭാതം പോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് കർത്താവിനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്.
സങ്കീർത്തനങ്ങൾ 37:5-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും. അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.
സങ്കീർത്തനങ്ങൾ 37:5-7 സമകാലിക മലയാളവിവർത്തനം (MCV)
നിന്റെ വഴി യഹോവയെ ഭരമേൽപ്പിക്കുക; യഹോവയിൽത്തന്നെ ആശ്രയിക്കുക, അവിടന്നു നിന്നെ സഹായിക്കും: അവിടന്ന് നിന്റെ നീതിയെ ഉഷസ്സുപോലെ പ്രകാശപൂർണമാക്കും, നിന്റെ കുറ്റവിമുക്തി മധ്യാഹ്നസൂര്യനെപ്പോലെയും. യഹോവയുടെ സന്നിധിയിൽ മൗനമായിരിക്കുക അവിടത്തേക്കായി ക്ഷമാപൂർവം കാത്തിരിക്കുക; അധർമം പ്രവർത്തിക്കുന്നവർ തങ്ങളുടെ വഴികളിൽ മുന്നേറുമ്പോൾ അസ്വസ്ഥരാകേണ്ടതില്ല, അവർ തങ്ങളുടെ കുതന്ത്രങ്ങൾ പ്രാവർത്തികമാക്കുമ്പോഴും.