സങ്കീർത്തനങ്ങൾ 33:6-19

സങ്കീർത്തനങ്ങൾ 33:6-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി; അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു. സകല ഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ. അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി. യഹോവ ജാതികളുടെ ആലോചനയെ വ്യർഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു. യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു. യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്ക് അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളത്. യഹോവ സ്വർഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെയൊക്കെയും കാണുന്നു. അവൻ തന്റെ വാസസ്ഥലത്തുനിന്നു സർവഭൂവാസികളെയും നോക്കുന്നു. അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെയൊക്കെയും അവൻ ഗ്രഹിക്കുന്നു. സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല. ജയത്തിനു കുതിര വ്യർഥമാകുന്നു; തന്റെ ബലാധിക്യംകൊണ്ട് അതു വിടുവിക്കുന്നതുമില്ല. യഹോവയുടെ ദൃഷ്‍ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നെ.

സങ്കീർത്തനങ്ങൾ 33:6-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

തന്റെ വചനത്താൽ സർവേശ്വരൻ ആകാശത്തെ സൃഷ്‍ടിച്ചു; അവിടുത്തെ കല്പനയാൽ വാനഗോളങ്ങൾ ഉണ്ടായി. അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴികൾക്ക് അവിടുന്നു കലവറ തീർത്തു. ഭൂമി മുഴുവൻ സർവേശ്വരനെ ഭയപ്പെടട്ടെ; ഭൂവാസികൾ മുഴുവനും അവിടുത്തെ മുമ്പിൽ ഭയഭക്തിയോടെ നില്‌ക്കട്ടെ. അവിടുന്നു കല്പിച്ചു; പ്രപഞ്ചം ഉണ്ടായി. അവിടുന്ന് ആജ്ഞാപിച്ചു; അതു സ്ഥാപിതമായി. സർവേശ്വരൻ അന്യജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു; അവരുടെ പദ്ധതികൾ അവിടുന്നു നിഷ്ഫലമാക്കുന്നു. സർവേശ്വരന്റെ പദ്ധതികൾ ശാശ്വതമായിരിക്കും; അവിടുത്തെ നിരൂപണങ്ങൾ എന്നേക്കും നിലനില്‌ക്കും. സർവേശ്വരൻ ദൈവമായിരിക്കുന്ന ജനത അനുഗ്രഹിക്കപ്പെട്ടത്; അവിടുന്നു സ്വന്തജനമായി തിരഞ്ഞെടുത്ത ജനം ധന്യർ. സർവേശ്വരൻ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു. സ്വർഗസിംഹാസനത്തിലിരുന്ന് അവിടുന്നു സർവഭൂവാസികളെയും നോക്കുന്നു; അവരുടെ ഹൃദയങ്ങൾ രൂപപ്പെടുത്തിയവൻ; അവരുടെ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കുന്നു. സൈന്യബാഹുല്യംകൊണ്ടു രാജാവ് വിജയം നേടുന്നില്ല; സ്വശക്തികൊണ്ട് യോദ്ധാവ് രക്ഷപെടുന്നുമില്ല. പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്ന മോഹം വ്യർഥം. അതിന്റെ ശക്തികൊണ്ട് ആരും വിജയം വരിക്കുന്നില്ല. സർവേശ്വരൻ തന്റെ ഭക്തന്മാരെയും തന്റെ സുസ്ഥിരസ്നേഹത്തിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവരെയും കരുണയോടെ കടാക്ഷിക്കുന്നു. അവിടുന്ന് അവരെ മരണത്തിൽനിന്നു രക്ഷിക്കുന്നു; ക്ഷാമകാലത്ത് അവരെ പോറ്റുന്നു.

സങ്കീർത്തനങ്ങൾ 33:6-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവയുടെ വചനത്താൽ ആകാശവും അവിടുത്തെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി; കർത്താവ് സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു; അവിടുന്ന് ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു. സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവിടുത്തെ ശങ്കിക്കട്ടെ. കർത്താവ് അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു; അവിടുന്ന് കല്പിച്ചു; എല്ലാം പ്രത്യക്ഷമായി. യഹോവ ജനതകളുടെ ആലോചന വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു. യഹോവയുടെ ആലോചന ശാശ്വതമായും അവിടുത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു. യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും അവിടുന്ന് തനിക്കു അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്. യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു; മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു. അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന് സർവ്വഭൂവാസികളെയും നോക്കുന്നു. കർത്താവ് അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികൾ സകലവും അവിടുന്ന് ഗ്രഹിക്കുന്നു. സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; ബലാധിക്യം കൊണ്ടു വീരൻ രക്ഷപെടുന്നതുമില്ല. ജയത്തിന് കുതിര വ്യർത്ഥമാകുന്നു; തന്‍റെ ബലാധിക്യം കൊണ്ടു അത് വിടുവിക്കുന്നതുമില്ല. യഹോവയുടെ ദൃഷ്ടി തന്‍റെ ഭക്തന്മാരുടെമേലും തന്‍റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ.

സങ്കീർത്തനങ്ങൾ 33:6-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി; അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു. സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ. അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി. യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു. യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു. യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു. യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു. അവൻ തന്റെ വാസസ്ഥലത്തുനിന്നു സർവ്വഭൂവാസികളെയും നോക്കുന്നു. അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെ ഒക്കെയും അവൻ ഗ്രഹിക്കുന്നു. സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരൻ രക്ഷപ്പെടുന്നതുമില്ല. ജയത്തിന്നു കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യംകൊണ്ടു അതു വിടുവിക്കുന്നതുമില്ല. യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.

സങ്കീർത്തനങ്ങൾ 33:6-19 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു, തിരുവായിലെ ശ്വാസത്താൽ താരഗണങ്ങളും. അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു; ആഴിയെ കലവറകളിൽ സംഭരിക്കുന്നു. സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ; ഭൂസീമവാസികളെല്ലാം തിരുമുമ്പിൽ ഭയഭക്തിയോടെ നിലകൊള്ളട്ടെ. കാരണം, അവിടന്ന് അരുളിച്ചെയ്തു, അവയുണ്ടായി; അവിടന്ന് കൽപ്പിച്ചു, അവ സ്ഥാപിതമായി. യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു; ജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു. എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവിടത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറകളോളവും. യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്, അവിടന്ന് തന്റെ അവകാശമായി തെരഞ്ഞെടുക്കപ്പെട്ട ജനതയും. യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു; സകലമാനവവംശത്തെയും വീക്ഷിക്കുന്നു; അവിടന്നു തന്റെ നിവാസസ്ഥാനത്തുനിന്ന് ഭൂമിയിലെ സകലനിവാസികളെയും നിരീക്ഷിക്കുന്നു— അവിടന്ന് അവരുടെയെല്ലാം ഹൃദയങ്ങളെ രൂപപ്പെടുത്തുന്നു, അവരുടെ പ്രവൃത്തികളെല്ലാം അവിടന്ന് ശ്രദ്ധിക്കുന്നു. സൈന്യബലത്താൽ ഒരു രാജാവും വിജയശ്രീലാളിതനാകുന്നില്ല; തന്റെ കായികബലത്താൽ ഒരു സേനാനിയും രക്ഷപ്പെടുന്നില്ല. പടക്കുതിരയെക്കൊണ്ട് വിജയിക്കാമെന്ന ആശ വ്യർഥം; അതിന്റെ വൻശക്തിയാൽ, നിന്നെ രക്ഷിക്കാൻ അതിനു കഴിയുകയുമില്ല. എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലും അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശ അർപ്പിക്കുന്നവരിലുമുണ്ട്, അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും ക്ഷാമകാലത്ത് അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.