സങ്കീർത്തനങ്ങൾ 31:21-24

സങ്കീർത്തനങ്ങൾ 31:21-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്ക് അദ്ഭുതമായി കാണിച്ചിരിക്കുന്നു. ഞാൻ നിന്റെ ദൃഷ്‍ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാൻ നിന്നെ വിളിച്ചപേക്ഷിച്ചപ്പോൾ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു. യഹോവയുടെ സകല വിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവർത്തിക്കുന്നവനു ധാരാളം പകരം കൊടുക്കുന്നു. യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ.

സങ്കീർത്തനങ്ങൾ 31:21-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ; ഉപരോധിക്കപ്പെട്ട നഗരത്തിൽ അകപ്പെട്ടവനെപ്പോലെയായിരുന്നു ഞാൻ. അപ്പോൾ അവിടുന്ന് എന്നോട് തന്റെ അചഞ്ചലസ്നേഹം അദ്ഭുതകരമാംവിധം കാണിച്ചു. തിരുസന്നിധിയിൽനിന്നു ഞാൻ പുറന്തള്ളപ്പെട്ടല്ലോ എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു. എന്നാൽ ഞാൻ സഹായത്തിനായി അപേക്ഷിച്ചപ്പോൾ, അവിടുന്ന് എന്റെ നിലവിളി കേട്ടു. ഭക്തന്മാരേ, സർവേശ്വരനെ സ്നേഹിക്കുവിൻ. സർവേശ്വരൻ വിശ്വസ്തരെ കാത്തുസൂക്ഷിക്കുന്നു. അഹങ്കാരികളെ അവിടുന്നു കഠിനമായി ശിക്ഷിക്കുന്നു. സർവേശ്വരനെ പ്രത്യാശയോടെ കാത്തിരിക്കുന്നവരേ, ദുർബലരാകരുത്; ധൈര്യമായിരിക്കുവിൻ.

സങ്കീർത്തനങ്ങൾ 31:21-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്‍റെ ദയ എനിക്ക് അത്ഭുതകരമായി കാണിച്ചിരിക്കുന്നു. “ഞാൻ അങ്ങേയുടെ ദൃഷ്ടിയിൽനിന്ന് ഛേദിക്കപ്പെട്ടുപോയി” എന്നു ഞാൻ എന്‍റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ എന്‍റെ യാചനയുടെ ശബ്ദം അവിടുന്ന് കേട്ടു. യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, കർത്താവിനെ സ്നേഹിക്കുവിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവർത്തിക്കുന്നവന് ധാരാളം പകരം കൊടുക്കുന്നു. യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിക്കുവിൻ; നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ.

സങ്കീർത്തനങ്ങൾ 31:21-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു. ഞാൻ നിന്റെ ദൃഷ്ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാൻ നിന്നെ വിളിച്ചപേക്ഷിച്ചപ്പോൾ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു. യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവർത്തിക്കുന്നവന്നു ധാരാളം പകരം കൊടുക്കുന്നു. യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.

സങ്കീർത്തനങ്ങൾ 31:21-24 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ വാഴ്ത്തപ്പെടട്ടെ, കാരണം ശത്രുവിനാൽ വളയപ്പെട്ട പട്ടണത്തിൽ ഞാൻ ആയിരുന്നപ്പോൾ വിസ്മയകരമാംവിധത്തിൽ അവിടത്തെ അചഞ്ചലസ്നേഹം എന്നോടു കാണിച്ചിരിക്കുന്നു. “അങ്ങയുടെ ദൃഷ്ടിയിൽനിന്ന് ഞാൻ ഛേദിക്കപ്പെട്ടിരിക്കുന്നു!” എന്ന് എന്റെ പരിഭ്രമത്തിൽ ഞാൻ നിലവിളിച്ചു. എന്നിട്ടും ഞാൻ സഹായത്തിനായി കേണപ്പോൾ, കരുണയ്ക്കായുള്ള എന്റെ യാചന അവിടന്ന് കേട്ടിരിക്കുന്നു. യഹോവയുടെ സകലവിശ്വസ്തജനമേ, അവിടത്തെ സ്നേഹിക്കുക! യഹോവയോട് വിശ്വസ്തരായിരിക്കുന്നവർക്ക് അവിടന്ന് സംരക്ഷണം നൽകുന്നു, എന്നാൽ നിഗളികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകുന്നു. യഹോവയിൽ പ്രത്യാശ അർപ്പിക്കുന്ന എല്ലാവരുമേ, ശക്തരായിരിക്കുക, സുധീരരായിരിക്കുക.