സങ്കീർത്തനങ്ങൾ 21:1-13

സങ്കീർത്തനങ്ങൾ 21:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, രാജാവ് നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു. അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവനു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ. നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയിൽ വയ്ക്കുന്നു. അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെതന്നെ. നിന്റെ രക്ഷയാൽ അവന്റെ മഹത്ത്വം വലിയത്; മാനവും തേജസ്സും നീ അവനെ അണിയിച്ചു. നീ അവനെ എന്നേക്കും അനുഗ്രഹ സമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു. രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതിരിക്കും. നിന്റെ കൈ നിന്റെ സകല ശത്രുക്കളെയും കണ്ടുപിടിക്കും; നിന്റെ വലങ്കൈ നിന്നെ പകയ്ക്കുന്നവരെ പിടികൂടും. നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും. നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും. അവർ നിനക്കു വിരോധമായി ദോഷം വിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു. നീ അവരെ പുറം കാട്ടുമാറാക്കും; അവരുടെ മുഖത്തിനുനേരേ അസ്ത്രം ഞാണിന്മേൽ തൊടുക്കും. യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കേണമേ; ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 21:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, അവിടുത്തെ ശക്തിയിൽ രാജാവ് സന്തോഷിക്കുന്നു; അവിടുന്നു നല്‌കിയ വിജയത്തിൽ അദ്ദേഹം ആഹ്ലാദിക്കുന്നു. അദ്ദേഹത്തിന്റെ അഭിലാഷം അവിടുന്നു നിറവേറ്റി; അപേക്ഷ നിഷേധിച്ചതുമില്ല. ശ്രേഷ്ഠമായ അനുഗ്രഹങ്ങൾ നല്‌കി, അവിടുന്ന് അദ്ദേഹത്തെ എതിരേറ്റു; തങ്കക്കിരീടം അദ്ദേഹത്തിന്റെ ശിരസ്സിൽ അണിയിച്ചു. അദ്ദേഹം അവിടുത്തോടു ജീവൻ യാചിച്ചു; അവിടുന്ന് അതു നല്‌കി. സുദീർഘവും അനന്തവുമായ നാളുകൾ തന്നെ. അവിടുത്തെ സഹായത്താൽ അദ്ദേഹത്തിന്റെ മഹത്ത്വം വർധിച്ചു; അവിടുന്നു പ്രതാപവും മഹത്ത്വവും അദ്ദേഹത്തിന്റെമേൽ ചൊരിഞ്ഞു. അവിടുന്ന് അദ്ദേഹത്തെ എന്നേക്കും അനുഗ്രഹപൂർണനാക്കി; തിരുസാന്നിധ്യത്തിന്റെ സന്തോഷത്താൽ ആനന്ദിപ്പിച്ചു. രാജാവ് സർവേശ്വരനിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ അചഞ്ചലസ്നേഹത്താൽ അദ്ദേഹം നിർഭയനായിരിക്കും. അങ്ങയുടെ കരം എല്ലാ ശത്രുക്കളെയും പിടിക്കും; അങ്ങയുടെ വലങ്കൈ അങ്ങയെ ദ്വേഷിക്കുന്നവരെ പിടിച്ചുകെട്ടും. സർവേശ്വരൻ പ്രത്യക്ഷപ്പെടുമ്പോൾ അവിടുന്ന് അവരെ ജ്വലിക്കുന്ന ചൂളപോലെയാക്കും; അവിടുത്തെ ഉഗ്രരോഷം അവരെ വിഴുങ്ങും; അഗ്നി അവരെ ദഹിപ്പിക്കും. അവിടുന്ന് അവരുടെ സന്തതികളെ ഭൂമുഖത്തുനിന്നും അവരുടെ മക്കളെ മനുഷ്യരുടെ ഇടയിൽ നിന്നും നശിപ്പിക്കും. അവർ അങ്ങേക്കെതിരെ ദോഷം നിരൂപിച്ചാലും അങ്ങേക്കെതിരെ ദുഷ്ടപദ്ധതികൾ ആവിഷ്കരിച്ചാലും വിജയിക്കയില്ല. അവിടുന്ന് അവരെ തുരത്തും; അവരുടെ മുഖത്തിനു നേരേ അസ്ത്രം എയ്യും. സർവേശ്വരാ, അങ്ങയുടെ ശക്തിയാൽ അവിടുത്തെ മഹത്ത്വം വെളിപ്പെടുത്തണമേ; അങ്ങയുടെ ശക്തിപ്രഭാവത്തെ ഞങ്ങൾ പാടിപ്പുകഴ്ത്തും.

സങ്കീർത്തനങ്ങൾ 21:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവേ, രാജാവ് അങ്ങേയുടെ ബലത്തിൽ സന്തോഷിക്കുന്നു; അവിടുത്തെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു. അവന്‍റെ ഹൃദയത്തിലെ ആഗ്രഹം അവിടുന്ന് അവന് നല്കി; അവന്‍റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ. സമൃദ്ധമായ അനുഗ്രഹങ്ങളാൽ അവിടുന്ന് അവനെ എതിരേറ്റ്, തങ്കക്കിരീടം അവന്‍റെ തലയിൽ വയ്ക്കുന്നു. അവൻ അങ്ങേയോട് ജീവൻ ചോദിച്ചു; അവിടുന്ന് അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ. അങ്ങേയുടെ സഹായത്താൽ അവന്‍റെ മഹത്വം വർദ്ധിച്ചു; ബഹുമാനവും തേജസ്സും അവിടുന്ന് അവനെ അണിയിച്ചു. അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു; തിരുസന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു. രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്‍റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും. അങ്ങേയുടെ കൈ അങ്ങേയുടെ സകലശത്രുക്കളെയും കണ്ടുപിടിക്കും; അങ്ങേയുടെ വലങ്കൈ അങ്ങയെ വെറുക്കുന്നവരെ പിടികൂടും. അവിടുന്ന് പ്രത്യക്ഷപ്പെടുമ്പോൾ അവരെ തീച്ചൂളപോലെയാക്കും; യഹോവ തന്‍റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും. അങ്ങ് അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും. അവർ അങ്ങേക്കു വിരോധമായി ദോഷം വിചാരിച്ചു; അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു. അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും; അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും. യഹോവേ, അങ്ങേയുടെ ശക്തിയിൽ ഉയർന്നിരിക്കണമേ; ഞങ്ങൾ പാടി അങ്ങേയുടെ ബലത്തെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 21:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, രാജാവു നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു. അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ. നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയിൽ വെക്കുന്നു. അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ തന്നേ. നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു. നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു. രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും. നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും; നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടികൂടും. നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും. നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും. അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു. നീ അവരെ പുറം കാട്ടുമാറാക്കും; അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും. യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കേണമേ; ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 21:1-13 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, അവിടത്തെ ശക്തിയിൽ രാജാവ് ആനന്ദിക്കുന്നു, അവിടന്നു നൽകുന്ന വിജയത്തിൽ അദ്ദേഹം എത്രയധികം ആഹ്ലാദിക്കുന്നു! അവിടന്ന് അദ്ദേഹത്തിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റിയിരിക്കുന്നു അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്നുള്ള അപേക്ഷ നിരാകരിച്ചതുമില്ല. സേലാ. അനുഗ്രഹസമൃദ്ധിയോടെ അവിടന്ന് അദ്ദേഹത്തെ സ്വാഗതംചെയ്തിരിക്കുന്നു തങ്കക്കിരീടം അദ്ദേഹത്തിന്റെ ശിരസ്സിൽ അണിയിച്ചുമിരിക്കുന്നു. അദ്ദേഹം അങ്ങയോട് തന്റെ ജീവനുവേണ്ടി യാചിച്ചു, അങ്ങത് അദ്ദേഹത്തിനു നൽകുകയും ചെയ്തു— അനന്തകാലത്തേക്കുള്ള ദീർഘായുസ്സുതന്നെ. അവിടന്ന് നൽകിയ വിജയത്താൽ അദ്ദേഹത്തിന്റെ മഹത്ത്വം വർധിച്ചു; അവിടന്ന് അദ്ദേഹത്തിന്മേൽ പ്രതാപവും മഹത്ത്വവും വർഷിച്ചിരിക്കുന്നു. നിത്യകാലത്തേക്കുള്ള അനുഗ്രഹം അവിടന്ന് അദ്ദേഹത്തിനു നൽകിയിരിക്കുന്നു അവിടത്തെ സന്നിധിയുടെ സന്തോഷത്താൽ അവിടന്ന് അദ്ദേഹത്തെ ആനന്ദിപ്പിക്കുന്നു. കാരണം രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ അചഞ്ചലസ്നേഹത്താൽ അദ്ദേഹം കുലുങ്ങുകയില്ല. അവിടന്ന് അങ്ങയുടെ ശത്രുക്കളെ മുഴുവനും പിടിച്ചടക്കും അവിടത്തെ വലതുകരം അങ്ങയുടെ വിരോധികളെ ആക്രമിച്ച് കൈയടക്കും അവിടന്ന് പ്രത്യക്ഷനാകുമ്പോൾ അങ്ങ് അവരെ ഒരു എരിയുന്ന തീച്ചൂളപോലെ ദഹിപ്പിക്കും. തന്റെ ക്രോധത്താൽ യഹോവ അവരെ വിഴുങ്ങിക്കളയും അവിടത്തെ അഗ്നി അവരെ ഇല്ലാതാക്കും. അവിടന്ന് അവരുടെ പിൻതലമുറയെ ഭൂമിയിൽനിന്ന് തുടച്ചുനീക്കും, മനുഷ്യകുലത്തിൽനിന്ന് അവരുടെ സന്തതികളെയും. അവർ അങ്ങേക്കെതിരേ തിന്മ ആസൂത്രണംചെയ്ത് ദുഷ്ടത മെനയുന്നു; എന്നാലും അവർ വിജയിക്കുകയില്ല. അവർക്കുനേരേ അവിടന്ന് അസ്ത്രങ്ങൾ തൊടുക്കുമ്പോൾ അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും. യഹോവേ, അവിടത്തെ ശക്തിയിൽ അങ്ങ് ഉന്നതനായിരിക്കട്ടെ; ഞങ്ങൾ പാടും; അങ്ങയുടെ ശക്തിപ്രഭാവത്തെ സ്തുതിക്കും. സംഗീതസംവിധായകന്. “ഉഷസ്സിൻ മാൻപേട,” എന്ന രാഗത്തിൽ.