സങ്കീർത്തനങ്ങൾ 19:7-10

സങ്കീർത്തനങ്ങൾ 19:7-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന്റെ ധർമശാസ്ത്രം തികവുള്ളത്; അത് ആത്മാവിനു നവജീവൻ നല്‌കുന്നു. സർവേശ്വരന്റെ പ്രബോധനങ്ങൾ വിശ്വാസ്യമായത്; അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു. സർവേശ്വരന്റെ കല്പനകൾ നീതിനിഷ്ഠം; അവ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു. അവിടുത്തെ പ്രമാണങ്ങൾ പവിത്രമായത്; അവ കണ്ണുകളെ പ്രകാശിപ്പിക്കുന്നു. സർവേശ്വരനോടുള്ള ഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്‌ക്കുന്നു. അവിടുത്തെ വിധികൾ സത്യമായവ; അവ തികച്ചും നീതിയുക്തമാണ്. അവ പൊന്നിനെയും തങ്കത്തെയുംകാൾ അഭികാമ്യം; തേനിനെയും തേൻകട്ടയെയുംകാൾ മധുരമുള്ളവ.

സങ്കീർത്തനങ്ങൾ 19:7-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; അത് പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു; അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായത്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു. യഹോവാഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമാകുന്നു; അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു. അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ; തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ.

സങ്കീർത്തനങ്ങൾ 19:7-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു. യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെനീതിയുള്ളവയാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.

സങ്കീർത്തനങ്ങൾ 19:7-10 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയുടെ ന്യായപ്രമാണം സമ്പൂർണമാണ്, അതു പ്രാണനു നവജീവൻ നൽകുന്നു. യഹോവയുടെ നിയമവ്യവസ്ഥകൾ വിശ്വാസയോഗ്യമാണ്, അതു ബുദ്ധിഹീനരെ ജ്ഞാനികളാക്കുന്നു. യഹോവയുടെ പ്രമാണങ്ങൾ കുറ്റമറ്റവയാണ്, അതു ഹൃദയത്തിന് ആനന്ദമേകുന്നു. യഹോവയുടെ ആജ്ഞകൾ പ്രകാശപൂരിതമാകുന്നു, അതു കണ്ണുകൾക്ക് വെളിച്ചമേകുന്നു. യഹോവാഭക്തി നിർമലമായത്, അത് എന്നെന്നേക്കും നിലനിൽക്കുന്നു. യഹോവയുടെ ഉത്തരവുകൾ സുസ്ഥിരമായവ, അവയെല്ലാം നീതിയുക്തമായവ. അതു സ്വർണത്തെക്കാളും തങ്കത്തെക്കാളും അമൂല്യമായവ; അതു തേനിനെക്കാളും തേനടയിലെ തേനിനെക്കാളും മാധുര്യമേറിയത്.

സങ്കീർത്തനങ്ങൾ 19:7-10

സങ്കീർത്തനങ്ങൾ 19:7-10 MALOVBSIസങ്കീർത്തനങ്ങൾ 19:7-10 MALOVBSI