സങ്കീർത്തനങ്ങൾ 19:1-9
സങ്കീർത്തനങ്ങൾ 19:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകാശം ദൈവത്തിന്റെ മഹത്ത്വത്തെ വർണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകൽ പകലിനു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്ക് അറിവുകൊടുക്കുന്നു. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല. ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു. അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളനു തുല്യം; വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു. ആകാശത്തിന്റെ അറ്റത്തുനിന്ന് അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല. യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായത്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു. യഹോവാഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.
സങ്കീർത്തനങ്ങൾ 19:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആകാശം ദൈവത്തിന്റെ മഹത്ത്വത്തെ വർണിക്കുന്നു, ആകാശമണ്ഡലം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു. ദൈവത്തിന്റെ മഹത്ത്വത്തെക്കുറിച്ച്, പകൽ പകലിനോടു നിരന്തരം സംസാരിക്കുന്നു; രാത്രി രാത്രിക്ക് ആ അറിവു പകരുന്നു. വാക്കുകളില്ല, ഭാഷണമില്ല, ശബ്ദം കേൾക്കാനുമില്ല. എങ്കിലും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകൾ ഭൂമിയുടെ അറുതിവരെ എത്തുന്നു; അവിടുന്നു സൂര്യന് ആകാശത്ത് ഒരു കൂടാരം സ്ഥാപിച്ചിരിക്കുന്നു. മണവറയിൽനിന്നു മണവാളനെപ്പോലെ പുലർകാലത്ത് സൂര്യൻ അതിൽനിന്നു പുറത്തുവരുന്നു; ബലശാലിയെപ്പോലെ പ്രസന്നചിത്തനായി ഓടാൻ തുടങ്ങുന്നു. ആകാശത്തിന്റെ ഒരറ്റത്തുനിന്ന് അതു പുറപ്പെടുന്നു, മറ്റേ അറ്റംവരെ അതു യാത്ര ചെയ്യുന്നു; അതിന്റെ ചൂടിൽനിന്ന് ഒന്നിനും ഒളിക്കാനാവുകയില്ല. സർവേശ്വരന്റെ ധർമശാസ്ത്രം തികവുള്ളത്; അത് ആത്മാവിനു നവജീവൻ നല്‌കുന്നു. സർവേശ്വരന്റെ പ്രബോധനങ്ങൾ വിശ്വാസ്യമായത്; അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു. സർവേശ്വരന്റെ കല്പനകൾ നീതിനിഷ്ഠം; അവ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു. അവിടുത്തെ പ്രമാണങ്ങൾ പവിത്രമായത്; അവ കണ്ണുകളെ പ്രകാശിപ്പിക്കുന്നു. സർവേശ്വരനോടുള്ള ഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്‌ക്കുന്നു. അവിടുത്തെ വിധികൾ സത്യമായവ; അവ തികച്ചും നീതിയുക്തമാണ്.
സങ്കീർത്തനങ്ങൾ 19:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകാശം ദൈവത്തിന്‍റെ മഹത്വം വർണ്ണിക്കുന്നു; ആകാശവിതാനം അവിടുത്തെ കൈവേല വെളിപ്പെടുത്തുന്നു. ഒരു പകൽ മറ്റൊരു പകലിനോട് സംസാരിക്കുന്നു; രാത്രി രാത്രിക്ക് ജ്ഞാനം പകർന്നു കൊടുക്കുന്നു. സംഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾക്കുവാനും ഇല്ല. ഭൂമിയിൽ എല്ലായിടവും അതിന്‍റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ ദൈവം സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു. അത് മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളന് തുല്യം; വീരനെപ്പോലെ അതിന്‍റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു. ആകാശത്തിന്‍റെ ഒരറ്റത്തുനിന്ന് അതിന്‍റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല. യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; അത് പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു; അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായത്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു. യഹോവാഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമാകുന്നു; അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു.
സങ്കീർത്തനങ്ങൾ 19:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല. ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു. അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു. ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല. യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു. യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെനീതിയുള്ളവയാകുന്നു.
സങ്കീർത്തനങ്ങൾ 19:1-9 സമകാലിക മലയാളവിവർത്തനം (MCV)
ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുന്നു; ആകാശവിതാനം അവിടത്തെ കരവിരുത് വിളംബരംചെയ്യുന്നു. പകൽ പകലിനോട് നിരന്തരം സംസാരിക്കുന്നു; രാത്രി രാത്രിക്ക് വിജ്ഞാനം പകരുന്നു. അവിടെ സംഭാഷണമില്ല, വാക്കുകളില്ല; ശബ്ദാരവം കേൾക്കാനുമില്ല. എന്നിട്ടും അവയുടെ സ്വരമാധുര്യം ഭൂതലമെങ്ങും പരക്കുന്നു, അവയുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിവരെയും ചെന്നെത്തുന്നു. ആകാശത്തിൽ ദൈവം സൂര്യനൊരു കൂടാരം അടിച്ചിരിക്കുന്നു. അതു മണിയറയിൽനിന്നു പുറത്തേക്കുവരുന്ന മണവാളനെപ്പോലെയും തന്റെ ഓട്ടം ഓടിത്തികയ്ക്കുന്നതിൽ ആനന്ദിക്കുന്ന വീരശൂരനെപ്പോലെയുമാണ്. ആകാശത്തിന്റെ ഒരു കോണിലത് ഉദയംചെയ്യുന്നു മറ്റേക്കോണിലേക്ക് അത് അതിന്റെ പ്രയാണം തുടരുന്നു; അതിന്റെ ഉഷ്ണത്തിൽനിന്നോടിയൊളിക്കാൻ ഒന്നിനും കഴിയുന്നില്ല. യഹോവയുടെ ന്യായപ്രമാണം സമ്പൂർണമാണ്, അതു പ്രാണനു നവജീവൻ നൽകുന്നു. യഹോവയുടെ നിയമവ്യവസ്ഥകൾ വിശ്വാസയോഗ്യമാണ്, അതു ബുദ്ധിഹീനരെ ജ്ഞാനികളാക്കുന്നു. യഹോവയുടെ പ്രമാണങ്ങൾ കുറ്റമറ്റവയാണ്, അതു ഹൃദയത്തിന് ആനന്ദമേകുന്നു. യഹോവയുടെ ആജ്ഞകൾ പ്രകാശപൂരിതമാകുന്നു, അതു കണ്ണുകൾക്ക് വെളിച്ചമേകുന്നു. യഹോവാഭക്തി നിർമലമായത്, അത് എന്നെന്നേക്കും നിലനിൽക്കുന്നു. യഹോവയുടെ ഉത്തരവുകൾ സുസ്ഥിരമായവ, അവയെല്ലാം നീതിയുക്തമായവ.