സങ്കീർത്തനങ്ങൾ 18:30-50
സങ്കീർത്തനങ്ങൾ 18:30-50 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവത്തിന്റെ വഴി തികവുള്ളത്; യഹോവയുടെ വചനം ഊതിക്കഴിച്ചത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളൂ? എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്റെ വഴി കുറവു തീർക്കുകയും ചെയ്യുന്ന ദൈവം തന്നെ. അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു. അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു. നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലംകൈ എന്നെ താങ്ങി നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. ഞാൻ കാലടി വയ്ക്കേണ്ടതിന് നീ വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല. ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. അവർക്ക് എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു. യുദ്ധത്തിനായി നീ എന്റെ അരയ്ക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു. എന്നെ പകയ്ക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന് നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി. അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവൻ ഉത്തരമരുളിയതുമില്ല. ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു. ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു. അവർ കേൾക്കുമ്പോൾ തന്നെ എന്നെ അനുസരിക്കും; അന്യജാതിക്കാർ എന്നോട് അനുസരണഭാവം കാണിക്കും. അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗങ്ങളിൽനിന്ന് അവർ വിറച്ചുംകൊണ്ടു വരുന്നു. യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ. ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു. അവൻ ശത്രുവശത്തുനിന്ന് എന്നെ വിടുവിക്കുന്നു; എന്നോട് എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കൈയിൽനിന്ന് നീ എന്നെ വിടുവിക്കുന്നു. അതുകൊണ്ട് യഹോവേ, ഞാൻ ജാതികളുടെ മധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും. അവൻ തന്റെ രാജാവിനു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തനു ദയ കാണിക്കുന്നു; ദാവീദിനും അവന്റെ സന്തതിക്കും എന്നേക്കുംതന്നെ.
സങ്കീർത്തനങ്ങൾ 18:30-50 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തിന്റെ വഴി തികവുറ്റത്; സർവേശ്വരന്റെ വാക്കുകൾ വിശ്വാസ്യം; തന്നിൽ അഭയം പ്രാപിക്കുന്നവർക്ക് അവിടുന്ന് പരിചയാണ്. സർവേശ്വരനല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ അഭയശില ഏത്? അവിടുന്നു ശക്തികൊണ്ട് എന്റെ അരമുറുക്കുന്നു; അവിടുന്ന് എന്റെ പാത സുഗമമാക്കുന്നു. അവിടുന്ന് എന്റെ കാലുകൾക്ക് മാൻപേടയുടെ വേഗം നല്‌കി, അവിടുന്ന് എന്നെ ഉയർന്ന ഗിരികളിൽ സുരക്ഷിതനായി നിർത്തി. അവിടുന്ന് എന്നെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു, താമ്രവില്ലുപോലും എനിക്കു കുലയ്‍ക്കാം. അവിടുന്ന് എനിക്ക് രക്ഷയുടെ പരിച നല്‌കിയിരിക്കുന്നു; അവിടുത്തെ വലങ്കൈ എന്നെ താങ്ങുന്നു അവിടുത്തെ കാരുണ്യം എന്നെ വലിയവനാക്കിയിരിക്കുന്നു. അവിടുന്ന് എന്റെ പാത വിശാലമാക്കി; എന്റെ കാലുകൾ വഴുതിയില്ല. എന്റെ ശത്രുക്കളെ ഞാൻ പിന്തുടർന്നു പിടിച്ചു; അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. എഴുന്നേല്‌ക്കാത്തവിധം അവരെ ഞാൻ തകർത്തു; അവർ എന്റെ കാൽക്കീഴിൽ അമർന്നു. യുദ്ധത്തിനായി ബലംകൊണ്ട് അവിടുന്ന് എന്റെ അര മുറുക്കി; വൈരികളുടെമേൽ എനിക്കു വിജയം നല്‌കി. എന്റെ ശത്രുക്കളെ അവിടുന്ന് പലായനം ചെയ്യിച്ചു, എന്നെ പകച്ചവരെ ഞാൻ നശിപ്പിച്ചു. അവർ സഹായത്തിനുവേണ്ടി നിലവിളിച്ചു, എന്നാൽ വിടുവിക്കാൻ ആരും ഉണ്ടായിരുന്നില്ല. അവർ സർവേശ്വരനോടു നിലവിളിച്ചു; എന്നാൽ അവിടുന്ന് ഉത്തരമരുളിയില്ല. കാറ്റിൽ പാറുന്ന ധൂളിപോലെ ഞാൻ അവരെ തകർത്തു; വഴിയിലെ ചെളിപോലെ ഞാൻ അവരെ കോരിക്കളഞ്ഞു. ജനത്തിന്റെ പ്രക്ഷോഭത്തിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു. അവിടുന്ന് എന്നെ ജനതകളുടെ അധിപതിയാക്കി; എനിക്ക് അപരിചിതരായിരുന്ന ജനം എന്നെ സേവിച്ചു. എന്നെക്കുറിച്ചു കേട്ട മാത്രയിൽ അവർ എന്നെ നിരസിച്ചു; അന്യജനതകൾ എന്നോടു യാചിച്ചു. അവരുടെ ധൈര്യം ചോർന്നുപോയി, കോട്ടകളിൽനിന്ന് അവർ വിറച്ചുകൊണ്ട് ഇറങ്ങിവന്നു. സർവേശ്വരൻ ജീവിക്കുന്നു; എന്റെ അഭയശില വാഴ്ത്തപ്പെടട്ടെ. എനിക്കു രക്ഷ നല്‌കുന്ന ദൈവം സ്തുതിക്കപ്പെടട്ടെ. എന്റെ ശത്രുക്കളുടെമേൽ ദൈവം എനിക്കു വിജയം നല്‌കി, ജനതകളെ അവിടുന്ന് എനിക്കു കീഴ്പെടുത്തി. എന്റെ ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ വിടുവിച്ചു; വൈരികളുടെമേൽ എനിക്കു വിജയം നല്‌കി, അക്രമികളിൽനിന്ന് എന്നെ രക്ഷിച്ചു. അതുകൊണ്ട് സർവേശ്വരാ, അന്യജനതകളുടെ മധ്യേ ഞാൻ അവിടുത്തെ പ്രകീർത്തിക്കും. അവിടുത്തെ ഞാൻ വാഴ്ത്തിപ്പാടും. അവിടുന്നു തിരഞ്ഞെടുത്ത രാജാവിന് അങ്ങ് വൻവിജയങ്ങൾ നല്‌കുന്നു. തന്റെ അഭിഷിക്തനോടു സുസ്ഥിരസ്നേഹം കാട്ടുന്നു. ദാവീദിനോടും അവന്റെ സന്തതികളോടും തന്നെ.
സങ്കീർത്തനങ്ങൾ 18:30-50 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവത്തിന്‍റെ വഴി തികവുള്ളത്; യഹോവയുടെ വചനം നിർമ്മലമായത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. യഹോവയല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്? എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ. കർത്താവ് എന്‍റെ കാലുകളെ പേടമാന്‍റെ കാലുകൾക്ക് തുല്യമാക്കി, ഉന്നതങ്ങളിൽ എന്നെ നിർത്തുന്നു. എന്‍റെ കൈകളെ അവിടുന്ന് യുദ്ധം അഭ്യസിപ്പിക്കുന്നു; എന്‍റെ ഭുജങ്ങൾ താമ്രചാപം കുലക്കുന്നു. അവിടുത്തെ രക്ഷ എന്ന പരിച അവിടുന്ന് എനിക്ക് തന്നിരിക്കുന്നു; അങ്ങേയുടെ വലങ്കൈ എന്നെ താങ്ങി അങ്ങേയുടെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. ഞാൻ കാലടി വെക്കേണ്ടതിന് ദൈവം എന്‍റെ വഴികൾക്ക് വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല. ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്ന് പിടിച്ചു; അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. അവർ എഴുന്നേല്ക്കാത്തവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു. യുദ്ധത്തിനായി അവിടുന്ന് എന്‍റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിർത്തവരെ എനിക്ക് കീഴടക്കിത്തന്നിരിക്കുന്നു. എന്നെ വെറുക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന് അവിടുന്ന് എന്‍റെ ശത്രുക്കളെ പിന്തിരിഞ്ഞ് ഓടുമാറാക്കി. അവർ നിലവിളിച്ചു; രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയോട് നിലവിളിച്ചു; അവിടുന്ന് ഉത്തരം അരുളിയതുമില്ല. ഞാൻ അവരെ കാറ്റിൽ പറക്കുന്ന പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിപോലെ ഞാൻ അവരെ എറിഞ്ഞുകളഞ്ഞു. ജനത്തിന്‍റെ കലഹങ്ങളിൽനിന്ന് അവിടുന്ന് എന്നെ വിടുവിച്ചു; ജനതതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു. അവർ എന്നെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ അനുസരിക്കും; അന്യജനതകൾ എന്നോട് വിധേയത്വം കാണിക്കും. അന്യജനതകൾ ക്ഷയിച്ചുപോകുന്നു; അവരുടെ ഒളിയിടങ്ങളിൽനിന്ന് അവർ വിറച്ചുകൊണ്ട് വരുന്നു. യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ. ദൈവം എനിക്ക് വേണ്ടി പ്രതികാരം ചെയ്യുകയും ജനതകളെ എനിക്ക് കീഴടക്കിത്തരുകയും ചെയ്യുന്നു. എന്‍റെ കർത്താവ് ശത്രുവിന്‍റെ കയ്യിൽനിന്ന് എന്നെ വിടുവിക്കുന്നു; എന്നോട് എതിർക്കുന്നവർക്കുമേൽ എന്നെ ഉയർത്തുന്നു; സാഹസക്കാരന്‍റെ കയ്യിൽനിന്ന് എന്നെ വിടുവിക്കുന്നു. അതുകൊണ്ട് യഹോവേ, ഞാൻ ജനതകളുടെ മദ്ധ്യത്തിൽ അങ്ങേക്കു സ്തോത്രം ചെയ്യും; അവിടുത്തെ നാമത്തെ ഞാൻ കീർത്തിക്കും. ദൈവം തന്‍റെ രാജാവിന് മഹാരക്ഷ നല്കുന്നു; തന്‍റെ അഭിഷിക്തനോട് ദയ കാണിക്കുന്നു; ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.
സങ്കീർത്തനങ്ങൾ 18:30-50 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നേ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു? എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീർക്കുകയും ചെയ്യുന്ന ദൈവം തന്നേ. അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു. അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലെക്കുന്നു. നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല. ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. അവർക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്റെ കാൽകീഴിൽ വീണിരിക്കുന്നു. യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു. എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി. അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവൻ ഉത്തരമരുളിയതുമില്ല. ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു. ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു. അവർ കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാർ എന്നോടു അനുസരണഭാവം കാണിക്കും. അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്നു അവർ വിറെച്ചുംകൊണ്ടുവരുന്നു. യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നേ. ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു. അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കയ്യിൽ നിന്നു നീ എന്നെ വിടുവിക്കുന്നു. അതുകൊണ്ടു യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും. അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നേക്കും തന്നേ.
സങ്കീർത്തനങ്ങൾ 18:30-50 സമകാലിക മലയാളവിവർത്തനം (MCV)
ദൈവത്തിന്റെ മാർഗം പൂർണതയുള്ളത്: യഹോവയുടെ വചനം കുറ്റമറ്റത്; തന്നിൽ അഭയം തേടുന്നവരെയെല്ലാം അവിടന്ന് സംരക്ഷിക്കുന്നു. യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവമല്ലാതെ ആ ശില ആരാണ്? ശക്തിയാൽ യഹോവ എന്നെ യുദ്ധസജ്ജനാക്കുന്നു എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്നതു ദൈവമാണ്. അവിടന്ന് എന്റെ കാലുകളെ മാൻപേടയുടെ കാലുകൾക്കു സമമാക്കുന്നു; ഉന്നതികളിൽ പാദമൂന്നിനിൽക്കാൻ അവിടന്ന് എന്നെ സഹായിക്കുന്നു. എന്റെ കരങ്ങളെ അവിടന്ന് യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു; എന്റെ കൈകൾക്കു വെങ്കലവില്ലുകുലയ്ക്കാൻ കഴിവുലഭിക്കുന്നു. അവിടത്തെ രക്ഷ എനിക്കു പരിചയായി നൽകി, അവിടത്തെ വലതുകരം എന്നെ താങ്ങിനിർത്തുന്നു; അവിടത്തെ സഹായം എന്നെ വലിയവനാക്കിയിരിക്കുന്നു. അവിടന്ന് എന്റെ കാലടികൾക്കായി രാജവീഥി ഒരുക്കിയിരിക്കുന്നു, അതിനാൽ എന്റെ കണങ്കാലുകൾ വഴുതുന്നതുമില്ല. ഞാൻ എന്റെ ശത്രുക്കളെ പിൻതുടർന്നു, ഞാൻ അവരെ കീഴ്പ്പെടുത്തി; അവരെ ഉന്മൂലനംചെയ്യുന്നതുവരെ ഞാൻ പിന്തിരിഞ്ഞില്ല. ഉയിർത്തെഴുന്നേറ്റുവരാൻ കഴിയാതവണ്ണം ഞാൻ അവരെ തകർത്തുകളഞ്ഞു; അവരെന്റെ കാൽക്കൽ വീണടിഞ്ഞു. ശക്തിയാൽ അവിടന്ന് എന്നെ യുദ്ധസജ്ജനാക്കുന്നു അവിടന്ന് എന്റെ ശത്രുക്കളെ എന്റെ പാദത്തിൽ നമിക്കുന്നവരാക്കിത്തീർത്തു. യുദ്ധത്തിൽ എന്റെ ശത്രുക്കളെ അങ്ങ് പുറംതിരിഞ്ഞ് ഓടിപ്പിച്ചു, എന്റെ എതിരാളികളെ ഞാൻ സംഹരിച്ചുകളഞ്ഞു. സഹായത്തിനായവർ കേണപേക്ഷിച്ചു, എന്നാൽ അവരെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല— യഹോവയോട് അപേക്ഷിച്ചു, എന്നാൽ അവിടന്ന് ഉത്തരം നൽകിയതുമില്ല. കാറ്റിൽപ്പറക്കുന്ന പൊടിപടലംപോലെ ഞാൻ അവരെ തകർത്തുകളഞ്ഞു; തെരുക്കോണിലെ ചെളിപോലെ ഞാനവരെ ചവിട്ടിക്കുഴച്ചു. ജനക്കൂട്ടത്തിന്റെ ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ വിടുവിച്ചു; അവിടന്ന് എന്നെ രാഷ്ട്രങ്ങൾക്ക് അധിപതിയാക്കി. ഞാൻ അറിയാത്ത രാഷ്ട്രങ്ങളിലെ ജനം എന്നെ സേവിക്കുന്നു, വിദേശികൾ എന്റെമുമ്പിൽ നടുങ്ങുന്നു; അവരെന്നെ കേൾക്കുന്നമാത്രയിൽത്തന്നെ അനുസരിക്കുന്നു. അവരുടെ ആത്മധൈര്യം ചോർന്നുപോയിരിക്കുന്നു; അവർ തങ്ങളുടെ ഒളിത്താവളങ്ങളിൽനിന്ന് വിറച്ചുകൊണ്ടു പുറത്തുവരുന്നു. യഹോവ ജീവിക്കുന്നു! എന്റെ പാറ വാഴ്ത്തപ്പെടട്ടെ! എന്റെ രക്ഷകനായ ദൈവം അത്യുന്നതൻ! അവിടന്ന് എനിക്കുവേണ്ടി പ്രതികാരംചെയ്യുന്ന ദൈവം, അവിടന്ന് രാഷ്ട്രങ്ങളെ എന്റെ കാൽക്കീഴാക്കി തന്നിരിക്കുന്നു, അവിടന്നെന്നെ എന്റെ ശത്രുക്കളിൽനിന്ന് രക്ഷിക്കുന്നു. എന്റെ വൈരികൾക്കുമേൽ അവിടന്നെന്നെ ഉയർത്തി; അക്രമികളിൽനിന്ന് അവിടന്നെന്നെ മോചിപ്പിച്ചു. അതുകൊണ്ട്, യഹോവേ, ഞാൻ അങ്ങയെ രാഷ്ട്രങ്ങളുടെ മധ്യേ പുകഴ്ത്തും; അവിടത്തെ നാമത്തിനു സ്തുതിപാടും. അവിടന്ന് തന്റെ രാജാവിനു മഹാവിജയം നൽകുന്നു; അവിടത്തെ അഭിഷിക്തനോട് അചഞ്ചലസ്നേഹം പ്രകടിപ്പിക്കുന്നു, ദാവീദിനോടും അദ്ദേഹത്തിന്റെ പിൻഗാമികളോടും എന്നേക്കുംതന്നെ. സംഗീതസംവിധായകന്.