സങ്കീർത്തനങ്ങൾ 18:1-32
സങ്കീർത്തനങ്ങൾ 18:1-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും. മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കെണികളും എന്നെ തുടർന്നു പിടിച്ചു. എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോട് നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർഥന അവന്റെ ചെവിയിൽ എത്തി. ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി. അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി; അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു; തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു. അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു. അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു. അവൻ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി. അവന്റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളിൽക്കൂടി പൊഴിഞ്ഞു. യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു. അവൻ അസ്ത്രം എയ്ത് അവരെ ചിതറിച്ചു; മിന്നൽ അയച്ച് അവരെ തോല്പിച്ചു. യഹോവേ, നിന്റെ ഭർത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീർത്തോടുകൾ കാണായ്വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. ബലമുള്ള ശത്രുവിന്റെ കൈയിൽനിന്നും എന്നെ പകച്ചവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവരായിരുന്നു. എന്റെ അനർഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു. അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു. യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു. ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല. അവന്റെ വിധികളൊക്കെയും എന്റെ മുമ്പിൽ ഉണ്ട്; അവന്റെ ചട്ടങ്ങളെ ഞാൻ വിട്ടു നടന്നിട്ടുമില്ല. ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു. യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള വെടിപ്പിൻ പ്രകാരവും എനിക്കു പകരം നല്കി. ദയാലുവോടു നീ ദയാലു ആകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കൻ; നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു. എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും. നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരേ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. ദൈവത്തിന്റെ വഴി തികവുള്ളത്; യഹോവയുടെ വചനം ഊതിക്കഴിച്ചത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളൂ? എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്റെ വഴി കുറവു തീർക്കുകയും ചെയ്യുന്ന ദൈവം തന്നെ.
സങ്കീർത്തനങ്ങൾ 18:1-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എനിക്കു ശക്തിയരുളുന്ന പരമനാഥാ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. സർവേശ്വരനാണ് എന്റെ അഭയശിലയും രക്ഷാദുർഗവും. എന്റെ വിമോചകനും അവിടുന്നുതന്നെ. എന്റെ ദൈവവും ഞാൻ അഭയം പ്രാപിക്കുന്ന പാറയും എന്റെ പരിചയും എന്റെ രക്ഷയും എന്റെ അഭയസങ്കേതവും അവിടുന്നാണ്. സർവേശ്വരനു സ്തോത്രം. ഞാൻ അവിടുത്തെ വിളിച്ചപേക്ഷിച്ചു, എന്റെ ശത്രുക്കളിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു. മരണപാശങ്ങൾ എന്നെ ചുറ്റി, നിത്യവിനാശത്തിന്റെ പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി. പാതാളപാശങ്ങൾ എന്നെ വരിഞ്ഞുമുറുക്കി. മരണത്തിന്റെ കെണികൾ എന്നെ പിടികൂടി. എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു ഞാൻ നിലവിളിച്ചു. അവിടുന്നു തന്റെ ആലയത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു. എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി. അപ്പോൾ അവിടുത്തെ കോപത്താൽ ഭൂമി ഞെട്ടിവിറച്ചു. പർവതങ്ങളുടെ അടിസ്ഥാനങ്ങൾ ഇളകി. അവിടുത്തെ മൂക്കിൽനിന്നു പുക ഉയർന്നു, വായിൽനിന്നു സംഹാരാഗ്നി വമിച്ചു. ജ്വലിക്കുന്ന തീക്കനൽ ചിതറി. അവിടുന്ന് ആകാശം വളച്ച് ഇറങ്ങിവന്നു. കരിമേഘങ്ങൾ അവിടുത്തെ കാൽക്കീഴിലുണ്ടായിരുന്നു. അവിടുന്നു കെരൂബിനെ വാഹനമാക്കി പറന്നു. കാറ്റിന്റെ ചിറകുകളിൽ അവിടുന്ന് അതിശീഘ്രം പറന്നെത്തി. കൂരിരുട്ടിനെ അവിടുന്ന് ആവരണമാക്കി. ജലംപൂണ്ട കറുത്ത മേഘങ്ങൾ മേൽവിരിപ്പുമാക്കി. തിരുമുമ്പിലെ മിന്നൽപ്പിണരുകളിൽനിന്നു മേഘപാളികൾ ഭേദിച്ച് കന്മഴയും തീക്കനലും വർഷിച്ചു. സർവേശ്വരൻ ആകാശത്ത് ഇടിനാദം മുഴക്കി. അത്യുന്നതൻ തന്റെ ശബ്ദം കേൾപ്പിച്ചു; കന്മഴയും തീക്കനലും തന്നെ. അവിടുന്ന് അസ്ത്രം അയച്ചു ശത്രുക്കളെ ചിതറിച്ചു, മിന്നൽപ്പിണരുകളാൽ അവരെ തുരത്തി. സർവേശ്വരാ, അവിടുത്തെ ഭർത്സനത്താൽ, അവിടുത്തെ ക്രോധനിശ്വാസത്താൽ, ആഴിയുടെ അടിത്തട്ടു ദൃശ്യമായി, ഭൂമിയുടെ അടിസ്ഥാനങ്ങൾ അനാവൃതമായി. അവിടുന്ന് ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് അവിടുന്നെന്നെ വലിച്ചെടുത്തു. പ്രബലരായ ശത്രുക്കളിൽനിന്നും എന്നെ വെറുത്തവരിൽനിന്നും അവിടുന്ന് എന്നെ രക്ഷിച്ചു. അവർ എന്നെക്കാൾ ബലമേറിയവരായിരുന്നു. എന്റെ അനർഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു. എന്നാൽ സർവേശ്വരൻ എന്നെ താങ്ങി. ആപത്തിൽനിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു, എന്നിൽ പ്രസാദിച്ചതിനാൽ, അവിടുന്ന് എന്നെ വിടുവിച്ചു. എന്റെ നീതിക്കൊത്തവിധം, അവിടുന്ന് എനിക്കു പ്രതിഫലം നല്കി. എന്റെ കൈകളുടെ നൈർമ്മല്യത്തിനൊത്തവിധം, അവിടുന്ന് എന്നെ അനുഗ്രഹിച്ചു. സർവേശ്വരന്റെ വഴിയിൽ ഞാൻ ഉറച്ചുനിന്നു, ഞാൻ തിന്മ പ്രവർത്തിച്ച് എന്റെ ദൈവത്തിൽ നിന്ന് അകന്നുപോയില്ല. അവിടുത്തെ കല്പനകൾ അനുസരിച്ചു ഞാൻ നടന്നു. അവിടുത്തെ ചട്ടങ്ങൾ ഞാൻ ലംഘിച്ചില്ല. അവിടുത്തെ മുമ്പിൽ ഞാൻ നിഷ്കളങ്കനായിരുന്നു, തിന്മ ചെയ്യാതെ എന്നെത്തന്നെ കാത്തു. എന്റെ കൈകളുടെ നിഷ്കളങ്കത കണ്ട്, എന്റെ നീതിനിഷ്ഠയ്‍ക്കൊത്തവിധം, അവിടുന്ന് എനിക്ക് പ്രതിഫലം നല്‌കി. വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലർത്തുന്നു; നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കനായി വർത്തിക്കുന്നു; നിർമ്മലനോട് അങ്ങ് നിർമ്മലതയോടെ പെരുമാറുന്നു; വക്രബുദ്ധിയോട് അങ്ങ് ക്രൂരനായി വർത്തിക്കുന്നു. എളിയവരെ അവിടുന്നു രക്ഷിക്കുന്നു; അഹങ്കാരികളെ അവിടുന്നു താഴ്ത്തുന്നു. അവിടുന്ന് എന്റെ ദീപം തെളിക്കുന്നു; എന്റെ ദൈവമായ സർവേശ്വരൻ എന്റെ അന്ധകാരം അകറ്റുന്നു. അവിടുത്തെ സഹായത്താൽ ഞാൻ ശത്രുസൈന്യത്തെ ആക്രമിക്കും. എന്റെ ദൈവത്തിന്റെ സഹായത്താൽ ഞാൻ കോട്ട ചാടിക്കടക്കും. ദൈവത്തിന്റെ വഴി തികവുറ്റത്; സർവേശ്വരന്റെ വാക്കുകൾ വിശ്വാസ്യം; തന്നിൽ അഭയം പ്രാപിക്കുന്നവർക്ക് അവിടുന്ന് പരിചയാണ്. സർവേശ്വരനല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ അഭയശില ഏത്? അവിടുന്നു ശക്തികൊണ്ട് എന്റെ അരമുറുക്കുന്നു; അവിടുന്ന് എന്റെ പാത സുഗമമാക്കുന്നു.
സങ്കീർത്തനങ്ങൾ 18:1-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്‍റെ ബലമായ യഹോവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. യഹോവ എന്റെ ശൈലവും കോട്ടയും എന്റെ രക്ഷകനും ദൈവവും ഞാൻ ശരണമാക്കുന്ന പാറയും എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുകയും എന്‍റെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷപ്രാപിക്കുകയും ചെയ്യും. മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കെണികളും എന്നെ പിൻതുടർന്നു പിടിച്ചു. എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോട് നിലവിളിച്ചു; അവിടുന്ന് തന്‍റെ മന്ദിരത്തിൽ ഇരുന്ന് എന്‍റെ അപേക്ഷ കേട്ടു; എന്‍റെ നിലവിളിയും തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥനയും അവിടുത്തെ ചെവിയിൽ എത്തി. ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; ദൈവം കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി. അവിടുത്തെ മൂക്കിൽനിന്ന് പുകപൊങ്ങി; അവിടുത്തെ വായിൽനിന്ന് തീ പുറപ്പെട്ടു ദഹിപ്പിച്ചു; തീക്കനൽ ദൈവത്തിൽനിന്ന് ജ്വലിച്ചു. അവിടുന്ന് ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവിടുത്തെ കാല്ക്കീഴിലുണ്ടായിരുന്നു. ദൈവം കെരൂബിനെ വാഹനമാക്കി പറന്നു; കർത്താവ് കാറ്റിന്‍റെ ചിറകിന്മേൽ ഇരുന്നു സഞ്ചരിച്ചു. ദൈവം അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും മഴമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി. ദൈവം തന്‍റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിയിച്ചു. യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതനായ ദൈവം തന്‍റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു. ദൈവം അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു; മിന്നൽ അയച്ച് അവരെ തോല്പിച്ചു. യഹോവേ, അവിടുത്തെ ശാസനയാലും അങ്ങേയുടെ മൂക്കിലെ ശ്വാസത്തിന്‍റെ പ്രവാഹത്തിന്‍റെ ശക്തിയാലും സമുദ്രപാതകൾ തെളിഞ്ഞുവന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. കർത്താവ് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽ നിന്ന് എന്നെ വലിച്ചെടുത്തു. എന്‍റെ ബലമുള്ള ശത്രുവിന്റെ കൈയിൽനിന്നും എന്നെ വെറുത്തവരുടെ പക്കൽനിന്നും കർത്താവ് എന്നെ വിടുവിച്ചു; അവർ എന്നിലും ബലവാന്മാരായിരുന്നു. എന്‍റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു. കർത്താവ് എന്നെ ഒരു വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നു; എന്നിൽ പ്രമോദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു. യഹോവ എന്റെ നീതിക്കു തക്കവിധം എനിക്ക് പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിനൊത്തവിധം എനിക്ക് പകരം തന്നു. ഞാൻ യഹോവയുടെ വഴികളിൽ നടന്നു; എന്‍റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല. ദൈവത്തിന്‍റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ട്; ദൈവത്തിന്‍റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല. ഞാൻ ദൈവത്തിന്‍റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു. യഹോവ എന്റെ നീതിക്കു തക്കവണ്ണവും ദൈവത്തിന്‍റെ ദൃഷ്ടിയിൽ എന്‍റെ കൈകളുടെ വെടിപ്പിൻപ്രകാരവും എനിക്ക് പകരം നല്കി. ദയാലുവോടു അവിടുന്ന് ദയാലു ആകുന്നു; നിഷ്കളങ്കനോടു അവിടുന്ന് നിഷ്കളങ്കൻ; നിർമ്മലനോടു അവിടുന്ന് നിർമ്മലനാകുന്നു; വക്രനോടു അവിടുന്ന് വക്രത കാണിക്കുന്നു. എളിയജനത്തെ അവിടുന്ന് രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ അവിടുന്ന് താഴ്ത്തും. അവിടുന്ന് എന്റെ ദീപം കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. അവിടുത്തെ സഹായത്താൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. ദൈവത്തിന്റെ വഴി തികവുള്ളത്; യഹോവയുടെ വചനം നിർമ്മലമായത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. യഹോവയല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്? എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ.
സങ്കീർത്തനങ്ങൾ 18:1-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും. മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു. എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി. ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി. അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി; അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു. അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു. അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു. അവൻ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി. അവന്റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളിൽകൂടി പൊഴിഞ്ഞു. യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു. അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നൽ അയച്ചു അവരെ തോല്പിച്ചു. യഹോവേ, നിന്റെ ഭർത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീർത്തോടുകൾ കാണായ്വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു. ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവരായിരുന്നു. എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു. അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു. യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു. ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല. അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ടു; അവന്റെ ചട്ടങ്ങളെ ഞാൻ വിട്ടുനടന്നിട്ടുമില്ല. ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു. യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള വെടിപ്പിൻപ്രകാരവും എനിക്കു പകരം നല്കി. ദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കൻ; നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു. എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും. നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നേ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു? എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീർക്കുകയും ചെയ്യുന്ന ദൈവം തന്നേ.
സങ്കീർത്തനങ്ങൾ 18:1-32 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ ബലമായ യഹോവേ, അങ്ങയെ ഞാൻ സ്നേഹിക്കുന്നു. യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ വിമോചകനും ആകുന്നു; എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു, എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്. സ്തുത്യർഹനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു, എന്റെ ശത്രുക്കളിൽനിന്നു ഞാൻ രക്ഷനേടിയിരിക്കുന്നു. മരണപാശങ്ങൾ എന്നെ ചുറ്റിവരിഞ്ഞു; നാശപ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി. പാതാളത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുകെട്ടി; മരണക്കുരുക്കുകൾ എന്റെമേൽ വീണിരിക്കുന്നു. എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു; സഹായത്തിനായി ഞാൻ എന്റെ ദൈവത്തോടു നിലവിളിച്ചു. തന്റെ മന്ദിരത്തിൽനിന്ന് അവിടന്ന് എന്റെ ശബ്ദം കേട്ടു. എന്റെ നിലവിളി അവിടത്തെ സന്നിധിയിൽ, അതേ അവിടത്തെ കാതുകളിൽത്തന്നെ എത്തി. ഭൂമി പ്രകമ്പനത്താൽ കുലുങ്ങി, പർവതങ്ങളുടെ അടിസ്ഥാനങ്ങൾ വിറകൊണ്ടു; അവിടത്തെ കോപത്താൽ അവ ഇളകിയാടി. അവിടത്തെ നാസാരന്ധ്രങ്ങളിൽനിന്നു ധൂമപടലമുയർന്നു; സംഹാരാഗ്നി അവിടത്തെ വായിൽനിന്നും പുറപ്പെട്ടു, തീക്കനലുകൾ അവിടെ കത്തിജ്വലിച്ചു. അവിടന്ന് ആകാശം ചായ്ച്ച് ഇറങ്ങിവന്നു; കാർമുകിലുകൾ അവിടത്തെ തൃപ്പാദങ്ങൾ താങ്ങിനിന്നു. അവിടന്നു കെരൂബിൻമുകളിലേറി പറന്നു; കാറ്റിൻചിറകേറി അങ്ങ് കുതിച്ചുയർന്നു. അവിടന്ന് അന്ധകാരത്തെ തനിക്കു ആവരണവും, തനിക്കുചുറ്റും വിതാനമാക്കി നിർത്തി— ആകാശത്തിലെ കൊടുംകാർമുകിലുകളെത്തന്നെ. ആലിപ്പഴത്തോടും മിന്നൽപ്പിണരുകളോടുംകൂടെ അവിടത്തെ സാന്നിധ്യത്തിൻ പ്രഭയിൽനിന്ന് മേഘങ്ങൾ ഉയർന്നു. യഹോവ സ്വർഗത്തിൽനിന്നു മേഘനാദം മുഴക്കി; പരമോന്നതൻ തന്റെ ശബ്ദംകേൾപ്പിച്ചു, ആലിപ്പഴപ്പെയ്ത്തോടും മിന്നൽപ്പിണരുകളോടുംകൂടെ. അവിടന്നു തന്റെ അസ്ത്രമയച്ച് ശത്രുക്കളെ ചിതറിച്ചു, മിന്നൽപ്പിണരുകളാൽ അവരെ തുരത്തിയോടിച്ചു. യഹോവേ, അവിടത്തെ ശാസനയാൽ, അവിടത്തെ നാസികയിൽനിന്നുള്ള നിശ്വാസത്താൽത്തന്നെ, സമുദ്രത്തിന്റെ അടിത്തട്ടുകൾ ദൃശ്യമാക്കപ്പെട്ടു ഭൂമിയുടെ അസ്തിവാരം അനാവൃതമാക്കപ്പെട്ടു. അവിടന്ന് ഉയരത്തിൽനിന്ന് കൈനീട്ടി എന്നെ പിടിച്ചു; പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. ശക്തരായ എന്റെ ശത്രുവിൽനിന്ന്, എന്റെ വൈരിയിൽനിന്ന് എന്നെ മോചിപ്പിച്ചു, അവർ എന്നെക്കാൾ പ്രബലരായിരുന്നു. എന്റെ അനർഥനാളുകളിൽ അവർ എന്നോട് ഏറ്റുമുട്ടി, എന്നാൽ യഹോവ എന്നെ താങ്ങിനിർത്തി. അവിടന്ന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചതിനാൽ അവിടന്ന് എന്നെ മോചിപ്പിച്ചു. എന്റെ നീതിക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലംതന്നു; എന്റെ കൈകളുടെ നിർമലതയ്ക്കനുസരിച്ച് അവിടന്ന് എന്നെ ആദരിച്ചു. കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു; എന്റെ ദൈവത്തെ വിട്ടകലുമാറ് ഞാൻ ദോഷം പ്രവർത്തിച്ചില്ല. അവിടത്തെ ന്യായവിധികളെല്ലാം എന്റെ മുൻപിലുണ്ട്; അവിടത്തെ ഉത്തരവുകളിൽനിന്നു ഞാൻ വ്യതിചലിച്ചിട്ടില്ല. തിരുമുമ്പിൽ ഞാൻ നിഷ്കളങ്കതയോടെ ജീവിച്ചു ഞാൻ പാപത്തിൽനിന്നു സ്വയം അകന്നുനിൽക്കുന്നു. എന്റെ നീതിക്കനുസൃതമായി യഹോവ എനിക്കു പാരിതോഷികം നൽകിയിരിക്കുന്നു, തിരുമുമ്പിൽ എന്റെ കൈകളുടെ വിശുദ്ധിക്കനുസരിച്ചുതന്നെ. വിശ്വസ്തരോട് അവിടന്ന് വിശ്വസ്തത കാട്ടുന്നു, നിഷ്കളങ്കരോട് അവിടന്ന് നിഷ്കളങ്കതയോടെ ഇടപെടുന്നു. നിർമലരോട് അവിടന്ന് നിർമലതയോടും; എന്നാൽ വക്രതയുള്ളവരോട് അവിടന്ന് കൗശലത്തോടും പെരുമാറുന്നു. വിനയാന്വിതരെ അവിടന്ന് രക്ഷിക്കുന്നു എന്നാൽ അഹന്തനിറഞ്ഞ കണ്ണുള്ളവരെ അങ്ങ് അപമാനിക്കുന്നു. യഹോവേ, എന്റെ വിളക്ക് പ്രകാശിപ്പിക്കണമേ; എന്റെ ദൈവം എന്റെ അന്ധകാരത്തെ പ്രകാശപൂരിതമാക്കുന്നു. അങ്ങയുടെ സഹായത്താൽ എനിക്കൊരു സൈന്യത്തിനെതിരേ പാഞ്ഞുചെല്ലാൻ കഴിയും; എന്റെ ദൈവത്താൽ എനിക്കു കോട്ടമതിൽ ചാടിക്കടക്കാം. ദൈവത്തിന്റെ മാർഗം പൂർണതയുള്ളത്: യഹോവയുടെ വചനം കുറ്റമറ്റത്; തന്നിൽ അഭയം തേടുന്നവരെയെല്ലാം അവിടന്ന് സംരക്ഷിക്കുന്നു. യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവമല്ലാതെ ആ ശില ആരാണ്? ശക്തിയാൽ യഹോവ എന്നെ യുദ്ധസജ്ജനാക്കുന്നു എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്നതു ദൈവമാണ്.