സങ്കീർത്തനങ്ങൾ 16:1-11

സങ്കീർത്തനങ്ങൾ 16:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കയാൽ എന്നെ കാത്തുകൊള്ളേണമേ. ഞാൻ യഹോവയോടു പറഞ്ഞത്: നീ എന്റെ കർത്താവാകുന്നു; നീ ഒഴികെ എനിക്ക് ഒരു നന്മയും ഇല്ല. ഭൂമിയിലെ വിശുദ്ധന്മാരോ അവർ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാർ തന്നെ. അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല. എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് യഹോവ ആകുന്നു; നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു. അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു. എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തഃരംഗം എന്നെ ഉപദേശിക്കുന്നു. ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു. അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകയില്ല. അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും. നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാൺമാൻ സമ്മതിക്കയുമില്ല. ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണതയും നിന്റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.

സങ്കീർത്തനങ്ങൾ 16:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവമേ, ഞാൻ അങ്ങയെ അഭയം പ്രാപിക്കുന്നു. എന്നെ കാത്തുകൊള്ളണമേ. അവിടുന്നാണ് എന്റെ കർത്താവ്, ഞാൻ അനുഭവിക്കുന്ന എല്ലാ നന്മകളും അവിടുന്ന് നല്‌കിയവയാണ് എന്നു ഞാൻ സർവേശ്വരനോടു പറയും. സർവേശ്വരന്റെ വിശുദ്ധജനം എത്ര ശ്രേഷ്ഠന്മാർ! അവർ എനിക്ക് ഏറ്റവും ആദരണീയരാണ്. അന്യദേവന്മാരെ അനുഗമിക്കുന്നവർ, തങ്ങളുടെ ദുരിതം വർധിപ്പിക്കുന്നു. ആ ദേവന്മാർക്ക് ഞാൻ രക്തപാനീയ ബലികൾ അർപ്പിക്കുകയില്ല. ഞാൻ അവരുടെ നാമം വിളിച്ചപേക്ഷിക്കുകയുമില്ല. സർവേശ്വരനാണ് എന്റെ സർവസ്വവും; അവിടുന്നാണ് എന്റെ സമസ്ത ആവശ്യങ്ങളും നിറവേറ്റുന്നത്. എന്റെ ഭാവി അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ഭാഗം എനിക്ക് അളന്നുകിട്ടി, വിശിഷ്ടമായ ഓഹരി എനിക്കു നല്‌കപ്പെട്ടു. എനിക്ക് ബുദ്ധി ഉപദേശിച്ചു തരുന്ന സർവേശ്വരനെ ഞാൻ വാഴ്ത്തും. രാത്രിയിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു. സർവേശ്വരൻ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്. അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ട് ഞാൻ കുലുങ്ങുകയില്ല. അതുകൊണ്ട് എന്റെ ഹൃദയം ആഹ്ലാദിക്കുന്നു. എന്റെ അന്തരംഗം ആനന്ദിക്കുന്നു. ഞാൻ സുരക്ഷിതനായിരിക്കുന്നു. അവിടുന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല. അവിടുത്തെ ഭക്തനെ മരണഗർത്തത്തിലേക്ക് അയയ്‍ക്കുകയില്ല. ജീവന്റെ മാർഗം അവിടുന്ന് എനിക്ക് കാണിച്ചുതരുന്നു. അവിടുത്തെ സന്നിധിയിൽ ആനന്ദത്തിന്റെ പരിപൂർണതയും അവിടുത്തെ വലത്തുഭാഗത്തു ശാശ്വതമായ സന്തോഷവും ഉണ്ട്.

സങ്കീർത്തനങ്ങൾ 16:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ദൈവമേ, ഞാൻ അങ്ങയെ ശരണം ആക്കിയിരിക്കുകയാൽ എന്നെ കാത്തുകൊള്ളണമേ, ഞാൻ യഹോവയോട് പറഞ്ഞത്: “അവിടുന്നാണ് എന്‍റെ കർത്താവ്; അങ്ങയെ കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല.“ ഭൂമിയിലെ വിശുദ്ധന്മാരോ, അവർ, എനിക്ക് ഏറ്റവും പ്രമോദം നൽകുന്ന ശ്രേഷ്ഠന്മാർ തന്നെ. അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കുകയില്ല; അവരുടെ നാമങ്ങളെ എന്‍റെ നാവിന്മേൽ എടുക്കുകയുമില്ല. എന്‍റെ അവകാശത്തിന്‍റെയും പാനപാത്രത്തിന്‍റെയും പങ്ക് യഹോവ ആകുന്നു; അവിടുന്ന് എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു. അളവുനൂൽ എനിക്കായി മനോഹരദേശത്ത് വീണിരിക്കുന്നു; അതേ, എനിക്ക് നല്ല ഒരു അവകാശം ലഭിച്ചിരിക്കുന്നു. എനിക്ക് ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്‍റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു. ഞാൻ യഹോവയെ എപ്പോഴും എന്‍റെ മുമ്പിൽ വച്ചിരിക്കുന്നു; അവിടുന്ന് എന്‍റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല. അതുകൊണ്ട് എന്‍റെ ഹൃദയം സന്തോഷിച്ച് എന്‍റെ മനസ്സ് ആനന്ദിക്കുന്നു; എന്‍റെ ശരീരം നിർഭയമായി വസിക്കും. അവിടുന്ന് എന്‍റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. അങ്ങേയുടെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. ജീവന്‍റെ വഴി അങ്ങ് എനിക്ക് കാണിച്ചുതരും; അങ്ങേയുടെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും അങ്ങേയുടെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.

സങ്കീർത്തനങ്ങൾ 16:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കയാൽ എന്നെ കാത്തുകൊള്ളേണമേ, ഞാൻ യഹോവയോടു പറഞ്ഞതു: നീ എന്റെ കർത്താവാകുന്നു; നീ ഒഴികെ എനിക്കു ഒരു നന്മയും ഇല്ല. ഭൂമിയിലെ വിശുദ്ധന്മാരോ അവർ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാർ തന്നേ. അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല. എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു. അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു. എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു. ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല. അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും. നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.

സങ്കീർത്തനങ്ങൾ 16:1-11 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ ദൈവമേ, എന്നെ കാത്തുസംരക്ഷിക്കണമേ, അങ്ങയിലാണല്ലോ ഞാൻ അഭയം തേടിയിരിക്കുന്നത്. ഞാൻ യഹോവയോട്, “അങ്ങാണെന്റെ കർത്താവ്; അവിടന്നൊഴികെ എനിക്കൊരു നന്മയുമില്ല” എന്നു പറഞ്ഞു. ഭൂമിയിലുള്ള ദൈവഭക്തരെക്കുറിച്ച്, “അവർ ആദരണീയരാണ് അവരിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു” എന്നു പറഞ്ഞു. അന്യദേവന്മാരെ പിൻതുടരുന്നവരുടെ ആകുലതകൾ അനവധിയായിരിക്കും. ഞാൻ അവർക്കു രക്തബലിതർപ്പണം നടത്തുകയോ അവരുടെ നാമങ്ങൾ എന്റെ അധരങ്ങളിൽ ഉച്ചരിക്കുകയോ ചെയ്യുകയില്ല. യഹോവേ, അങ്ങുമാത്രമാണ് എന്റെ ഓഹരി, എന്റെ പാനപാത്രം; അവിടന്ന് എന്റെ ഭാഗധേയം സുരക്ഷിതമാക്കിയിരിക്കുന്നു. അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, മനോഹരമായ ഒരു ഓഹരി എനിക്കു ലഭിച്ചിരിക്കുന്നു. എനിക്കു ബുദ്ധിയുപദേശം നൽകുന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രിയിലും എന്റെ ഹൃദയം എന്നെ പ്രബോധിപ്പിക്കുന്നു. ഞാൻ യഹോവയെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു; അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല. അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു; എന്റെ ശരീരവും സുരക്ഷിതമായി വിശ്രമിക്കും, എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല, അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അനുവദിക്കുകയുമില്ല. ജീവന്റെ പാത അവിടന്ന് എന്നെ അറിയിക്കുന്നു; തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും, അവിടത്തെ വലതുഭാഗത്ത് എന്നും പ്രമോദങ്ങളുണ്ട്.