സങ്കീർത്തനങ്ങൾ 147:1-7
സങ്കീർത്തനങ്ങൾ 147:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനെ സ്തുതിക്കുവിൻ! നമ്മുടെ ദൈവത്തിനു സ്തുതിഗീതം ആലപിക്കുന്നത് എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തെ പാടി സ്തുതിക്കുന്നത് ഉചിതംതന്നെ. സർവേശ്വരൻ യെരൂശലേമിനെ പണിയുന്നു. അവിടുന്നു പ്രവാസികളായ ഇസ്രായേല്യരെ തിരികെ കൊണ്ടുവരുന്നു. മനം തകർന്നവർക്ക് അവിടുന്നു സൗഖ്യം നല്‌കുന്നു. അവരുടെ മുറിവുകൾ വച്ചുകെട്ടുന്നു. അവിടുന്നു നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു. അവയ്‍ക്കെല്ലാം അവിടുന്നു പേരു നല്‌കുന്നു. നമ്മുടെ സർവേശ്വരൻ വലിയവനും സർവശക്തനുമാകുന്നു. അവിടുത്തെ ജ്ഞാനത്തിന് അതിരില്ല. സർവേശ്വരൻ എളിയവരെ ഉയർത്തുന്നു. അവിടുന്നു ദുഷ്ടരെ നിലംപരിചാക്കുന്നു. സർവേശ്വരനു സ്തോത്രഗീതം ആലപിക്കുവിൻ; കിന്നരം മീട്ടി നമ്മുടെ ദൈവത്തെ സ്തുതിക്കുവിൻ
സങ്കീർത്തനങ്ങൾ 147:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയെ സ്തുതിപ്പിൻ; നമ്മുടെ ദൈവത്തിനു കീർത്തനം പാടുന്നത് നല്ലത്; അതു മനോഹരവും സ്തുതി ഉചിതവും തന്നെ. യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു. അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവയ്ക്കൊക്കെയും പേർ വിളിക്കുന്നു. നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന് അന്തമില്ല. യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവൻ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു. സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിനു കീർത്തനം ചെയ്വിൻ
സങ്കീർത്തനങ്ങൾ 147:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയെ സ്തുതിക്കുവിൻ; നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; അത് മനോഹരവും സ്തുതി ഉചിതവും തന്നെ. യഹോവ യെരൂശലേമിനെ പണിയുന്നു; കർത്താവ് യിസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. മനം തകർന്നവരെ കർത്താവ് സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു. ദൈവം നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവയ്ക്ക് എല്ലാം പേര്‍ വിളിക്കുന്നു. നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു; അവിടുത്തെ വിവേകത്തിന് അന്തമില്ല. യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവിടുന്ന് ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു. സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ
സങ്കീർത്തനങ്ങൾ 147:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയെ സ്തുതിപ്പിൻ; നമ്മുടെ ദൈവത്തിന്നു കീർത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ. യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു. മനംതകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു. അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു. നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു; അവന്റെ വിവേകത്തിന്നു അന്തമില്ല. യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവൻ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു. സ്തോത്രത്തോടെ യഹോവെക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന്നു കീർത്തനം ചെയ്വിൻ
സങ്കീർത്തനങ്ങൾ 147:1-7 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയെ വാഴ്ത്തുക. നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്രയോ നല്ലത്, അവിടത്തെ സ്തുതിക്കുന്നത് എത്ര മനോഹരവും ഉചിതവും ആകുന്നു! യഹോവ ജെറുശലേമിനെ പണിയുന്നു; അവിടന്ന് ഇസ്രായേലിലെ അഭയാർഥികളെ കൂട്ടിച്ചേർക്കുന്നു. ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു. അവിടന്ന് നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കുന്നു അവ ഓരോന്നിനെയും പേരുവിളിക്കുന്നു. നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു; അവിടത്തെ വിവേകത്തിന് പരിമിതികളില്ല. യഹോവ വിനയാന്വിതരെ പരിപാലിക്കുന്നു എന്നാൽ ദുഷ്ടരെ അവിടന്ന് തറപറ്റിക്കുന്നു. യഹോവയ്ക്ക് നന്ദിയോടെ പാടുക; കിന്നരംമീട്ടി നമ്മുടെ ദൈവത്തിന് സംഗീതം ആലപിക്കുക.