സങ്കീർത്തനങ്ങൾ 146:1-10

സങ്കീർത്തനങ്ങൾ 146:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക. ജീവനുള്ളെന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും. നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്. അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു. യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു. പീഡിതന്മാർക്ക് അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്ക് അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചുവിടുന്നു. യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചു കളയുന്നു. യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ. യഹോവയെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 146:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനെ സ്തുതിക്കുവിൻ, എന്റെ ആത്മാവേ, സർവേശ്വരനെ സ്തുതിക്കുക, എന്റെ ആയുഷ്കാലം മുഴുവൻ ഞാൻ സർവേശ്വരനെ സ്തുതിക്കും. ജീവകാലം മുഴുവൻ ഞാൻ എന്റെ ദൈവത്തിനു സ്തുതിഗീതം പാടും. പ്രഭുക്കന്മാരിൽ ആശ്രയം വയ്‍ക്കരുത്; മനുഷ്യരിൽ ശരണപ്പെടരുത്; അവർക്ക് സഹായിക്കാൻ കഴിയുകയില്ല. ശ്വാസം പോകുമ്പോൾ അവർ മണ്ണിലേക്കു മടങ്ങുന്നു. അതോടെ അവരുടെ പദ്ധതികളും ഇല്ലാതാകുന്നു. യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവൻ, തന്റെ ദൈവമായ സർവേശ്വരനിൽ പ്രത്യാശ വയ്‍ക്കുന്നവൻ, അനുഗൃഹീതൻ. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ചത്. അവിടുന്ന് എന്നേക്കും വിശ്വസ്തത പാലിക്കുന്നു. അവിടുന്നു പീഡിതർക്ക് നീതി നടത്തിക്കൊടുക്കുന്നു. വിശക്കുന്നവർക്ക് ആഹാരം നല്‌കുന്നു. സർവേശ്വരൻ ബദ്ധരെ മോചിപ്പിക്കുന്നു. സർവേശ്വരൻ അന്ധർക്കു കാഴ്ച നല്‌കുന്നു. അവിടുന്നു കൂനുള്ളവരെ നേരെ നില്‌ക്കുമാറാക്കുന്നു, നീതിമാന്മാരെ സ്നേഹിക്കുന്നു. സർവേശ്വരൻ പരദേശികളെ പരിപാലിക്കുന്നു. അനാഥരെയും വിധവകളെയും അവിടുന്നു സംരക്ഷിക്കുന്നു. എന്നാൽ അവിടുന്നു ദുഷ്ടന്മാരുടെ വഴികളെ നാശത്തിലേക്കു നയിക്കുന്നു. സർവേശ്വരൻ എന്നേക്കും രാജാവായി വാഴുന്നു. സീയോനേ, നിന്റെ ദൈവം എക്കാലവും വാഴും. സർവേശ്വരനെ സ്തുതിക്കുവിൻ.

സങ്കീർത്തനങ്ങൾ 146:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവയെ സ്തുതിക്കുവിൻ; എൻ മനമേ, യഹോവയെ സ്തുതിക്കുക. ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിനു കീർത്തനം ചെയ്യും. നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്; സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്. അവന്‍റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു; അന്നു തന്നെ അവന്‍റെ നിരൂപണങ്ങൾ നശിക്കുന്നു. യാക്കോബിന്‍റെ ദൈവം സഹായമായി തന്‍റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. ദൈവം ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; കർത്താവ് എന്നേക്കും വിശ്വസ്തനായിരിക്കുന്നു. പീഡിതന്മാർക്ക് ദൈവം ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്ക് ദൈവം ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു. യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. യഹോവ പരദേശികളെ പരിപാലിക്കുന്നു; കർത്താവ് അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി ദൈവം മറിച്ചുകളയുന്നു. യഹോവ എന്നേക്കും വാഴും; സീയോനേ, നിന്‍റെ ദൈവം തലമുറതലമുറയോളം തന്നെ.

സങ്കീർത്തനങ്ങൾ 146:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക. ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും. നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു; സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു. അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു. യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു. പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു. യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു. യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ. യഹോവയെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 146:1-10 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക. ഞാൻ എന്റെ ആയുഷ്കാലമൊക്കെയും യഹോവയെ വാഴ്ത്തും; എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും. നിങ്ങളുടെ ആശ്രയം പ്രഭുക്കന്മാരിലും രക്ഷിക്കാൻ കഴിയാത്ത മനുഷ്യരിലും ആകരുത്. അവരുടെ ആത്മാവ് വേർപെടുമ്പോൾ, അവർ മണ്ണിലേക്കുതന്നെ തിരികെച്ചേരുന്നു; അന്നുതന്നെ അവരുടെ പദ്ധതികളും മണ്ണടിയുന്നു. യാക്കോബിന്റെ ദൈവം തന്റെ സഹായവും അവരുടെ ദൈവമായ യഹോവയിൽ പ്രത്യാശയും അർപ്പിച്ചിരിക്കുന്നവർ അനുഗൃഹീതർ. ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സർവത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്— അവിടന്ന് എന്നെന്നും വിശ്വസ്തനായിരിക്കുന്നു. പീഡിതർക്ക് അവിടന്ന് നീതി നിർവഹിച്ചുകൊടുക്കുകയും വിശന്നിരിക്കുന്നവർക്ക് ആഹാരം നൽകുകയുംചെയ്യുന്നു. യഹോവ തടവുകാരെ മോചിപ്പിക്കുന്നു, യഹോവ അന്ധർക്ക് കാഴ്ചനൽകുന്നു, യഹോവ കുനിഞ്ഞിരിക്കുന്നവരെ ഉയർത്തുന്നു, യഹോവ നീതിനിഷ്ഠരെ സ്നേഹിക്കുന്നു. യഹോവ പ്രവാസികളെ സംരക്ഷിക്കുകയും അനാഥരെയും വിധവമാരെയും പരിപാലിക്കുകയുംചെയ്യുന്നു, എന്നാൽ അവിടന്ന് ദുഷ്ടരുടെ പദ്ധതികൾ വിഫലമാക്കുന്നു. യഹോവ എന്നേക്കും വാഴുന്നു, സീയോനേ, നിന്റെ ദൈവം എല്ലാ തലമുറകളിലും.