സങ്കീർത്തനങ്ങൾ 143:7-12
സങ്കീർത്തനങ്ങൾ 143:7-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ; എന്റെ ആത്മാവ് കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറയ്ക്കരുതേ. രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്ക് ഉയർത്തുന്നുവല്ലോ. യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാൻ മറവിനായി വരുന്നു. നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവ് നേർനിലത്തിൽ എന്നെ നടത്തുമാറാകട്ടെ. യഹോവേ, നിന്റെ നാമം നിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കേണമേ. നിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെയൊക്കെയും നശിപ്പിക്കേണമേ; ഞാൻ നിന്റെ ദാസൻ ആകുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 143:7-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, വേഗം എനിക്ക് ഉത്തരമരുളണമേ. ഞാൻ ആകെ തളർന്നിരിക്കുന്നു. അങ്ങയുടെ മുഖം എന്നിൽനിന്നു മറയ്‍ക്കരുതേ. അല്ലെങ്കിൽ ഞാൻ പാതാളത്തിൽ പതിക്കുന്നവരെപ്പോലെ ആകുമല്ലോ. പ്രഭാതത്തിൽ അങ്ങയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് എന്നെ കേൾപ്പിക്കണമേ. ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ. ഞാൻ പോകേണ്ട വഴി എനിക്കു കാണിച്ചു തരണമേ. അങ്ങയോടാണല്ലോ ഞാൻ പ്രാർഥിക്കുന്നത്. സർവേശ്വരാ, ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കണമേ. അഭയം തേടി ഞാൻ അങ്ങയുടെ അടുക്കലേക്ക് ഓടിവരുന്നു. തിരുഹിതം നിറവേറ്റാൻ എന്നെ പഠിപ്പിക്കണമേ. അവിടുന്നാണല്ലോ എന്റെ ദൈവം. അങ്ങയുടെ നല്ല ആത്മാവ് എന്നെ സുരക്ഷിതമായ പാതയിലൂടെ നയിക്കട്ടെ. സർവേശ്വരാ, തിരുനാമത്തെപ്രതി എന്നെ പരിപാലിക്കണമേ. അവിടുത്തെ നീതിയാൽ എന്നെ കഷ്ടതയിൽ നിന്നു വിടുവിക്കണമേ. എന്നോടുള്ള അവിടുത്തെ അചഞ്ചലസ്നേഹത്താൽ, എന്റെ ശത്രുക്കളെ സംഹരിക്കണമേ. എന്റെ സകല വൈരികളെയും നശിപ്പിക്കണമേ. ഞാൻ അങ്ങയുടെ ദാസനല്ലോ.
സങ്കീർത്തനങ്ങൾ 143:7-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ; എന്റെ ആത്മാവ് ക്ഷീണിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ അങ്ങേയുടെ മുഖം എനിക്ക് മറയ്ക്കരുതേ. രാവിലെ അങ്ങേയുടെ ആർദ്രകരുണയെപ്പറ്റി എന്നെ കേൾപ്പിക്കേണമേ; ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ട വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം അങ്ങയിലേക്ക് ഉയർത്തുന്നുവല്ലോ. യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; അങ്ങേയുടെ അടുക്കൽ ഞാൻ സങ്കേതത്തിനായി വരുന്നു. അങ്ങേയുടെ ഇഷ്ടം ചെയ്യുവാൻ എന്നെ പഠിപ്പിക്കേണമേ. അങ്ങ് എന്‍റെ ദൈവമാകുന്നുവല്ലോ; അങ്ങേയുടെ നല്ല ആത്മാവ് നേരായ മാർഗ്ഗത്തിൽ എന്നെ നടത്തുമാറാകട്ടെ. യഹോവേ, അങ്ങേയുടെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; അങ്ങേയുടെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കേണമേ. അങ്ങേയുടെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്ന എല്ലാവരെയും നശിപ്പിക്കേണമേ; ഞാൻ അങ്ങേയുടെ ദാസൻ ആകുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 143:7-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ. രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ. യഹോവേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാൻ മറവിന്നായി വരുന്നു. നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ. യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്നു ഉദ്ധരിക്കേണമേ. നിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെ ഒക്കെയും നശിപ്പിക്കേണമേ; ഞാൻ നിന്റെ ദാസൻ ആകുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 143:7-12 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ; എന്റെ ആത്മാവ് തളർന്നിരിക്കുന്നു. അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ അങ്ങനെയായാൽ ഞാൻ ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെയാകും. പ്രഭാതം അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റിയുള്ള കേൾവിനൽകട്ടെ, കാരണം എന്റെ ആശ്രയം അങ്ങയിൽ ഞാൻ അർപ്പിക്കുന്നു. ഞാൻ പോകേണ്ടുന്ന വഴി എനിക്കു കാണിച്ചുതരണമേ, കാരണം എന്റെ ജീവൻ ഞാൻ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നു. യഹോവേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ മോചിപ്പിക്കണമേ, കാരണം എന്റെ സംരക്ഷണത്തിനായി ഞാൻ അങ്ങയുടെ അടുത്തേക്കോടുന്നു. തിരുഹിതംചെയ്യാൻ എന്നെ പഠിപ്പിക്കണമേ, കാരണം അവിടന്ന് ആകുന്നു എന്റെ ദൈവം; അങ്ങയുടെ നല്ല ആത്മാവ് നീതിപഥത്തിൽ എന്നെ നടത്തട്ടെ. യഹോവേ, തിരുനാമത്തെപ്രതി എന്റെ ജീവൻ സംരക്ഷിക്കണമേ; അവിടത്തെ നീതിയാൽ കഷ്ടതയിൽനിന്നുമെന്നെ വിടുവിക്കണമേ. അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശത്രുക്കളെ നിശ്ശബ്ദരാക്കണമേ; എന്റെ എതിരാളികളെയെല്ലാം നശിപ്പിക്കണമേ, ഞാൻ അങ്ങയുടെ സേവകനാണല്ലോ.