സങ്കീർത്തനങ്ങൾ 140:1-13
സങ്കീർത്തനങ്ങൾ 140:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ദുഷ്ടമനുഷ്യന്റെ കൈയിൽനിന്ന് എന്നെ വിടുവിച്ച് സാഹസക്കാരന്റെ പക്കൽനിന്ന് എന്നെ പാലിക്കേണമേ. അവർ ഹൃദയത്തിൽ അനർഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിനു കൂട്ടം കൂടുന്നു. അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ട്. സേലാ. യഹോവേ, ദുഷ്ടന്റെ കൈയിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു. ഗർവികൾ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ. നീ എന്റെ ദൈവം എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേൾക്കേണമേ. എന്റെ രക്ഷയുടെ ബലമായി കർത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം ഇടുന്നു. യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ. എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,- അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ. തീക്കനൽ അവരുടെമേൽ വീഴട്ടെ; അവൻ അവരെ തീയിലും എഴുന്നേല്ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ. വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കയില്ല; സാഹസക്കാരനെ അനർഥം നായാടി ഉന്മൂലനാശം വരുത്തും. യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു. അതേ, നീതിമാന്മാർ നിന്റെ നാമത്തിനു സ്തോത്രം ചെയ്യും; നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.
സങ്കീർത്തനങ്ങൾ 140:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ദുഷ്ടരിൽനിന്ന് എന്നെ രക്ഷിക്കണമേ, അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ. അവർ ദുഷ്ടപദ്ധതികൾ നിരൂപിക്കുന്നു. നിരന്തരം അവർ കലഹങ്ങൾ ഇളക്കിവിടുന്നു. അവരുടെ നാവ് വിഷസർപ്പംപോലെ മാരകമാണ്. അവരുടെ അധരങ്ങൾക്കു കീഴിൽ അണലിവിഷമുണ്ട്; സർവേശ്വരാ, ദുഷ്ടന്മാരിൽനിന്ന് എന്നെ കാത്തുകൊള്ളണമേ. എന്നെ മറിച്ചിടാൻ ശ്രമിക്കുന്ന അക്രമികളിൽ നിന്ന് എന്നെ സംരക്ഷിക്കണമേ. അഹങ്കാരികൾ എനിക്കുവേണ്ടി കെണി ഒരുക്കിയിരിക്കുന്നു. അവർ എനിക്കായി വല വിരിച്ചിരിക്കുന്നു. വഴിയരികിൽ അവർ എനിക്കു കെണി വച്ചിരിക്കുന്നു. ‘അങ്ങാണെന്റെ ദൈവം’ എന്നു ഞാൻ സർവേശ്വരനോടു പറയുന്നു. പരമനാഥാ, എന്റെ യാചനകൾക്കു മറുപടി നല്‌കിയാലും. സർവേശ്വരാ, എന്റെ സർവേശ്വരാ, എന്റെ മഹാരക്ഷകാ, യുദ്ധദിവസം അങ്ങ് എന്നെ ശിരോകവചം അണിയിച്ചു. പരമനാഥാ, ദുഷ്ടന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കരുതേ; അവരുടെ ദുരുപായങ്ങൾ സഫലമാക്കരുതേ. എന്നെ വളഞ്ഞിരിക്കുന്നവർ തല ഉയർത്തുന്നു. അവരുടെ ഭീഷണികൾ അവരുടെമേൽ പതിക്കട്ടെ. തീക്കനൽ അവരുടെമേൽ വീഴട്ടെ. എഴുന്നേല്‌ക്കാനാവാത്തവിധം അവർ കുഴിയിൽ എറിയപ്പെടട്ടെ. ഏഷണിക്കാരൻ ദേശത്തു നിലനില്‌ക്കാതിരിക്കട്ടെ. അക്രമിയെ അനർഥം വേഗം വേട്ടയാടി നശിപ്പിക്കട്ടെ. സർവേശ്വരൻ പീഡിതനു നീതിയും ദരിദ്രനു ന്യായവും നടത്തിക്കൊടുക്കുന്നു എന്നു ഞാനറിയുന്നു. നീതിമാന്മാർ അവിടുത്തേക്കു സ്തോത്രം അർപ്പിക്കും. പരമാർഥഹൃദയമുള്ളവർ തിരുസന്നിധിയിൽ വസിക്കും.
സങ്കീർത്തനങ്ങൾ 140:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, ദുഷ്ടമനുഷ്യരുടെ കയ്യിൽനിന്ന് എന്നെ വിടുവിച്ച് സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കേണമേ. അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു; അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു; അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു; അവരുടെ അധരങ്ങൾക്ക് കീഴിൽ അണലിവിഷം ഉണ്ട്. സേലാ. യഹോവേ, ദുഷ്ടന്‍റെ കൈയിൽനിന്ന് എന്നെ കാക്കേണമേ; സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കേണമേ; അവർ എന്‍റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു. ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ. “അവിടുന്ന് എന്‍റെ ദൈവം” എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്‍റെ യാചനകൾ കേൾക്കേണമേ. എന്റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ, അങ്ങ് യുദ്ധ ദിവസത്തില്‍ എന്നെ സംരക്ഷിക്കുന്നു. യഹോവേ, ദുഷ്ടന്‍റെ ആഗ്രഹങ്ങൾ നടത്തരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്റെ ദുരുപായം സാധിപ്പിക്കുകയും അരുതേ. സേലാ. എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ. തീക്കനൽ അവരുടെ മേൽ വീഴട്ടെ; ദൈവം അവരെ തീയിലും എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ. വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്‍ക്കുകയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും. യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു. അതേ, നീതിമാന്മാർ അങ്ങേയുടെ നാമത്തിന് സ്തോത്രം ചെയ്യും; നേരുള്ളവർ അങ്ങേയുടെ സന്നിധിയിൽ വസിക്കും.
സങ്കീർത്തനങ്ങൾ 140:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ. അവർ ഹൃദയത്തിൽ അനർത്ഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു; അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ. യഹോവേ, ദുഷ്ടന്റെ കയ്യിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു. ഗർവ്വികൾ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വെച്ചിരിക്കുന്നു. സേലാ. നീ എന്റെ ദൈവം എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേൾക്കേണമേ. എന്റെ രക്ഷയുടെ ബലമായി കർത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം ഇടുന്നു. യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ. എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, - അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ. തീക്കനൽ അവരുടെ മേൽ വീഴട്ടെ; അവൻ അവരെ തീയിലും എഴുന്നേല്ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ. വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും. യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു. അതേ, നീതിമാന്മാർ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യും; നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.
സങ്കീർത്തനങ്ങൾ 140:1-13 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, അധർമം പ്രവർത്തിക്കുന്നവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ; അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ, അവർ ഹൃദയത്തിൽ ദുഷ്ടതന്ത്രങ്ങൾ ആവിഷ്കരിക്കുകയും നിരന്തരം കലഹം ഇളക്കിവിടുകയുംചെയ്യുന്നു. അവർ തങ്ങളുടെ നാവ് സർപ്പത്തിന്റേതുപോലെ മൂർച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്. സേലാ. യഹോവേ, ദുഷ്ടരുടെ കൈകളിൽനിന്ന് എന്നെ സൂക്ഷിക്കണമേ; എന്റെ കാലുകൾ കുരുക്കിൽപ്പെടുത്താൻ പദ്ധതിയിടുന്ന അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ. അഹങ്കാരികൾ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു; അവർ ഒരു വല വിരിച്ചിരിക്കുന്നു എന്റെ പാതയോരത്ത് എനിക്കായി ഒരു കുടുക്ക് ഒരുക്കിയിരിക്കുന്നു. സേലാ. “അവിടന്ന് ആകുന്നു എന്റെ ദൈവം,” എന്നു ഞാൻ യഹോവയോട് പറഞ്ഞു. യഹോവേ, കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ. കർത്താവായ യഹോവേ, ശക്തനായ രക്ഷകാ, യുദ്ധദിവസത്തിൽ അങ്ങ് എന്റെ ശിരസ്സിൽ ഒരു കവചം അണിയിക്കുന്നു. യഹോവേ, ദുഷ്ടരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കരുതേ, അവരുടെ ആഗ്രഹങ്ങൾ സഫലമാക്കരുതേ. സേലാ. എന്നെ വലയംചെയ്തിരിക്കുന്നവർ അഹങ്കാരത്തോടെ അവരുടെ ശിരസ്സുകൾ ഉയർത്തുന്നു; അവരുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന തിന്മയാൽത്തന്നെ അവരെ മൂടിക്കളയണമേ. അവരുടെമേൽ ജ്വലിക്കുന്ന കനലുകൾ പതിക്കട്ടെ; അഗ്നികൂപങ്ങളിലേക്ക് അവർ എറിയപ്പെടട്ടെ, ഒരിക്കലും കരകയറാനാകാത്തവിധം ചേറ്റുകുഴിയിലവർ നിപതിക്കട്ടെ. പരദൂഷണം പറയുന്നവർ ദേശത്ത് പ്രബലപ്പെടാതിരിക്കട്ടെ; അക്രമികളെ ദുരന്തങ്ങൾ വേട്ടയാടി നശിപ്പിക്കട്ടെ. യഹോവ പീഡിതർക്ക് ന്യായവും അഗതികൾക്ക് നീതിയും പരിപാലിക്കുമെന്ന് ഞാൻ അറിയുന്നു. നീതിനിഷ്ഠർ അവിടത്തെ നാമത്തെ വാഴ്ത്തുകയും ഹൃദയപരമാർഥികൾ തിരുസന്നിധിയിൽ വസിക്കുകയും ചെയ്യും, നിശ്ചയം.