സങ്കീർത്തനങ്ങൾ 119:9-20
സങ്കീർത്തനങ്ങൾ 119:9-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നത് എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നെ. ഞാൻ പൂർണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്ക് ഇടവരരുതേ. ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിനു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ എന്റെ അധരങ്ങൾകൊണ്ട് നിന്റെ വായുടെ വിധികളെയൊക്കെയും വർണിക്കുന്നു. ഞാൻ സർവസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു. ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. ജീവിച്ചിരിക്കേണ്ടതിന് അടിയനു നന്മ ചെയ്യേണമേ; എന്നാൽ ഞാൻ നിന്റെ വചനം പ്രമാണിക്കും. നിന്റെ ന്യായപ്രമാണത്തിലെ അദ്ഭുതങ്ങളെ കാണേണ്ടതിന് എന്റെ കണ്ണുകളെ തുറക്കേണമേ. ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറച്ചുവയ്ക്കരുതേ. നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ട് എന്റെ മനസ്സ് തകർന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:9-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു യുവാവിന് എങ്ങനെ നിർമ്മലനായി ജീവിക്കാൻ കഴിയും? അവിടുത്തെ വചനപ്രകാരം ജീവിക്കുന്നതിനാൽ തന്നെ. ഞാൻ സർവാത്മനാ അങ്ങയെ അന്വേഷിക്കും. അവിടുത്തെ കല്പനകൾ വിട്ടുനടക്കാൻ എനിക്ക് ഇടയാകരുതേ. അങ്ങേക്കെതിരെ പാപം ചെയ്യാതിരിക്കാൻ, അവിടുത്തെ വചനം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. സർവേശ്വരാ, അങ്ങ് വാഴ്ത്തപ്പെടട്ടെ; അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. അവിടുന്നു നല്‌കിയ കല്പനകൾ, ഞാൻ പ്രഘോഷിക്കും. സമ്പൽസമൃദ്ധി ഉണ്ടായാലെന്നപോലെ, അവിടുത്തെ കല്പനകൾ അനുസരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. അവിടുത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കും. അവിടുത്തെ വഴികളിൽ ഞാൻ ദൃഷ്‍ടിയൂന്നും. അവിടുത്തെ ചട്ടങ്ങളിൽ ഞാൻ ആനന്ദിക്കുന്നു. അവിടുത്തെ വചനം ഞാൻ വിസ്മരിക്കുകയില്ല. സർവേശ്വരാ, അവിടുത്തെ ദാസനോടു കൃപയുണ്ടാകണമേ. ഞാൻ ജീവിച്ചിരുന്നു അവിടുത്തെ വചനം അനുസരിക്കട്ടെ. അങ്ങയുടെ ധർമശാസ്ത്രത്തിലെ അദ്ഭുതസത്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ. ഞാൻ ഭൂമിയിൽ പരദേശിയാണല്ലോ. അങ്ങയുടെ കല്പനകൾ എന്നിൽനിന്നു മറച്ചുവയ്‍ക്കരുതേ. അങ്ങയുടെ കല്പനകൾക്കുവേണ്ടിയുള്ള, അഭിവാഞ്ഛയാൽ എന്റെ മനസ്സു കത്തുന്നു.
സങ്കീർത്തനങ്ങൾ 119:9-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഒരു ബാലൻ തന്‍റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ? അങ്ങേയുടെ വചനപ്രകാരം തന്‍റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ. ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്നു; അങ്ങേയുടെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ. ഞാൻ അങ്ങേയോട് പാപം ചെയ്യാതിരിക്കേണ്ടതിന് അങ്ങേയുടെ വചനം എന്‍റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. യഹോവേ, അവിടുന്ന് വാഴ്ത്തപ്പെട്ടവൻ; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ എന്‍റെ അധരങ്ങൾ കൊണ്ടു അങ്ങേയുടെ വായിൽനിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു. ഞാൻ സർവ്വസമ്പത്തിലും എന്നപോലെ അങ്ങേയുടെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ധ്യാനിക്കുകയും അങ്ങേയുടെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു. ഞാൻ അങ്ങേയുടെ ചട്ടങ്ങളിൽ പ്രമോദിക്കും; അങ്ങേയുടെ വചനം മറക്കുകയുമില്ല. ജീവിച്ചിരുന്ന് അങ്ങേയുടെ വചനം പ്രമാണിക്കേണ്ടതിന് അടിയന് നന്മ ചെയ്യേണമേ. അങ്ങേയുടെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന് എന്റെ കണ്ണുകളെ തുറക്കേണമേ. ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; അങ്ങേയുടെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ. അങ്ങേയുടെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട് എന്‍റെ മനസ്സു തകർന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:9-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ. ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്കു ഇടവരരുതേ. ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ. ഞാൻ എന്റെ അധരങ്ങൾകൊണ്ടു നിന്റെ വായുടെ വിധികളെ ഒക്കെയും വർണ്ണിക്കുന്നു. ഞാൻ സർവ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു. ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; എന്നാൽ ഞാൻ നിന്റെ വചനം പ്രമാണിക്കും. നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ. ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ. നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകർന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:9-20 സമകാലിക മലയാളവിവർത്തനം (MCV)
ഒരു യുവാവ് തന്റെ മാർഗം നിർമലമായി സൂക്ഷിക്കുന്നതെങ്ങനെ? അവിടത്തെ വചനം അനുസരിച്ച് ജീവിക്കുന്നതിനാൽത്തന്നെ. ഞാനങ്ങയെ പൂർണഹൃദയത്തോടെ അന്വേഷിക്കുന്നു; അവിടത്തെ കൽപ്പനകളിൽനിന്നു വ്യതിചലിക്കാൻ എനിക്കിടവരരുതേ. അങ്ങേക്കെതിരായി പാപംചെയ്യാതിരിക്കാൻ, അവിടത്തെ വചനം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. യഹോവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. തിരുവായിൽനിന്നു പൊഴിയുന്ന അനുശാസനങ്ങളെല്ലാം ഞാൻ എന്റെ അധരങ്ങളാൽ വർണിക്കുന്നു. മഹാസമ്പത്തിലൊരാൾ ആഹ്ലാദിക്കുന്നതുപോലെ ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടരുന്നതിൽ ആനന്ദിക്കുന്നു. അവിടത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കുകയും അവിടത്തെ മാർഗങ്ങളിൽ ദൃഷ്ടിയുറപ്പിക്കുകയും ചെയ്യുന്നു. അവിടത്തെ ഉത്തരവുകളിൽ ഞാൻ ആനന്ദിക്കുന്നു; അവിടത്തെ വചനം ഞാനൊരിക്കലും നിരസിക്കുകയില്ല. ഞാൻ ജീവിച്ചിരുന്ന് അങ്ങയുടെ വചനം അനുസരിക്കേണ്ടതിന് ഈ ദാസന്റെമേൽ ദയകാണിക്കണമേ. അവിടത്തെ ന്യായപ്രമാണത്തിലെ വൈശിഷ്ട്യങ്ങളെ ദർശിക്കേണ്ടതിന് അടിയന്റെ കണ്ണുകളെ തുറക്കണമേ. ഈ ഭൂമിയിൽ ഞാനൊരു പ്രവാസിയാണ്; അവിടത്തെ കൽപ്പനകൾ എന്നിൽനിന്നു മറച്ചുവെക്കരുതേ. അവിടത്തെ നിയമങ്ങളോട് എപ്പോഴുമുള്ള അഭിവാഞ്ഛനിമിത്തം എന്റെ പ്രാണൻ ക്ഷയിച്ചുപോകുന്നു.