സങ്കീർത്തനങ്ങൾ 119:81-88
സങ്കീർത്തനങ്ങൾ 119:81-88 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിന്റെ രക്ഷയെ കാത്തു മൂർച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവച്ച് എന്റെ കണ്ണ് നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു. പുകയത്തു വച്ച തുരുത്തിപോലെ ഞാൻ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല. അടിയന്റെ ജീവകാലം എന്തുള്ളൂ? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും? നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ. അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും. നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.
സങ്കീർത്തനങ്ങൾ 119:81-88 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ രക്ഷയ്‍ക്കായി കാത്തിരുന്നു തളരുന്നു. ഞാൻ അങ്ങയുടെ വാഗ്ദാനത്തിൽ പ്രത്യാശ വയ്‍ക്കുന്നു. അവിടുന്നു വാഗ്ദാനം ചെയ്തതു ലഭിക്കാൻ കാത്തിരുന്ന് എന്റെ കണ്ണു കുഴയുന്നു. അങ്ങ് എപ്പോൾ എന്നെ ആശ്വസിപ്പിക്കും? പുകയേറ്റ തോൽക്കുടം പോലെയായി ഞാൻ. എങ്കിലും ഞാൻ അങ്ങയുടെ ചട്ടങ്ങൾ മറന്നിട്ടില്ല. എത്രനാൾ അവിടുത്തെ ദാസൻ സഹിച്ചു നില്‌ക്കണം? എന്നെ പീഡിപ്പിക്കുന്നവരെ എന്നാണ് അവിടുന്നു ശിക്ഷിക്കുക? അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാത്ത അഹങ്കാരികൾ എന്നെ വീഴ്ത്താൻ കുഴി കുഴിച്ചിരിക്കുന്നു. അങ്ങയുടെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു. അവർ എന്നെ വ്യാജം പറഞ്ഞു ദ്രോഹിക്കുന്നു. എന്നെ സഹായിക്കണമേ. അവർ എന്റെ ഭൂലോകവാസം അവസാനിപ്പിക്കാറായി, എങ്കിലും അവിടുത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നു. അങ്ങയുടെ സുസ്ഥിരസ്നേഹത്താൽ എന്റെ ജീവനെ രക്ഷിക്കണമേ. അങ്ങയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന കല്പനകളെ ഞാൻ അനുസരിക്കട്ടെ.
സങ്കീർത്തനങ്ങൾ 119:81-88 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ അങ്ങേയുടെ രക്ഷക്കായി കാത്തിരുന്ന് തളർന്നുപോകുന്നു; അങ്ങേയുടെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിക്കും എന്നു ചിന്തിച്ച് എന്‍റെ കണ്ണ് അങ്ങേയുടെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു. ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു. എങ്കിലും അങ്ങേയുടെ ചട്ടങ്ങൾ മറക്കുന്നില്ല. അടിയന്റെ ജീവകാലം എത്ര നാൾ? എന്നെ ഉപദ്രവിക്കുന്നവരുടെമേൽ അങ്ങ് എപ്പോൾ ന്യായവിധി നടത്തും? അങ്ങേയുടെ ന്യായപ്രമാണം അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു. അങ്ങേയുടെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കേണമേ. അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു; അങ്ങേയുടെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും. അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ സംരക്ഷിക്കേണമേ; ഞാൻ അങ്ങേയുടെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും.
സങ്കീർത്തനങ്ങൾ 119:81-88 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ നിന്റെ രക്ഷയെ കാത്തു മൂർച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു. പുകയത്തു വെച്ച തുരുത്തിപോലെ ഞാൻ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല. അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും? നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു. നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കേണമേ. അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും. നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.
സങ്കീർത്തനങ്ങൾ 119:81-88 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ പ്രാണൻ അവിടത്തെ രക്ഷയ്ക്കായുള്ള വാഞ്ഛയാൽ ക്ഷീണിച്ചിരിക്കുന്നു, എങ്കിലും ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശയർപ്പിക്കുന്നു. എന്റെ കണ്ണുകൾ അവിടത്തെ വാഗ്ദത്തങ്ങളെ കാത്തു തളരുന്നു; “അവിടന്ന് എപ്പോഴാണ് എന്നെയൊന്ന് ആശ്വസിപ്പിക്കുന്നത്,” എന്നു ഞാൻ ചോദിക്കുന്നു. പുകയത്തുവെച്ചിരിക്കുന്ന വീഞ്ഞുതുരുത്തിപോലെ ആയിരിക്കുന്നെങ്കിലും, അവിടത്തെ ഉത്തരവുകൾ ഞാൻ വിസ്മരിക്കുന്നില്ല. എത്രകാലം അടിയൻ കാത്തിരിക്കണം? എന്റെ പീഡകരെ എന്നാണ് അങ്ങ് ശിക്ഷിക്കുന്നത്? അവിടത്തെ ന്യായപ്രമാണം പാലിക്കാത്ത അഹങ്കാരികൾ എനിക്കുവേണ്ടി ചതിക്കുഴികളൊരുക്കിയിരിക്കുന്നു. അവിടത്തെ കൽപ്പനകളെല്ലാം വിശ്വാസയോഗ്യമാകുന്നു; കാരണംകൂടാതെ മനുഷ്യർ എന്നെ പീഡിപ്പിക്കുന്നതിനാൽ എന്നെ സഹായിക്കണമേ. അവർ എന്നെ ഭൂമുഖത്തുനിന്ന് ഏതാണ്ട് തുടച്ചുനീക്കിയിരിക്കുന്നു, എന്നിട്ടും അടിയൻ അവിടത്തെ പ്രമാണങ്ങൾ ഉപേക്ഷിച്ചിട്ടില്ല. അവിടത്തെ അചഞ്ചലസ്നേഹത്തിൽ എന്നെ പരിരക്ഷിക്കണമേ, ഞാൻ അങ്ങയുടെ തിരുമൊഴികളാകുന്ന നിയമവ്യവസ്ഥകൾ പാലിക്കും.