സങ്കീർത്തനങ്ങൾ 119:125-136

സങ്കീർത്തനങ്ങൾ 119:125-136 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ. യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബലമാക്കിയിരിക്കുന്നു. അതുകൊണ്ട് നിന്റെ കല്പനകൾ എനിക്കു പൊന്നിലും, തങ്കത്തിലും അധികം പ്രിയമാകുന്നു. ആകയാൽ നിന്റെ സകല പ്രമാണങ്ങളും ഒത്തതെന്ന് എണ്ണി, ഞാൻ സകല വ്യാജമാർഗത്തെയും വെറുക്കുന്നു. നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവയെ പ്രമാണിക്കുന്നു. നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ ഞാൻ എന്റെ വായ് തുറന്നു കിഴയ്ക്കുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യേണമേ. എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കും. അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ട് എന്റെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു.

സങ്കീർത്തനങ്ങൾ 119:125-136 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ അങ്ങയുടെ ദാസനാകുന്നു. അങ്ങയുടെ കല്പനകൾ ഗ്രഹിക്കാൻ എനിക്കു വിവേകം നല്‌കണമേ. സർവേശ്വരാ, അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം ഇതാകുന്നു. അവിടുത്തെ ധർമശാസ്ത്രം അവർ ലംഘിച്ചിരിക്കുന്നുവല്ലോ. ഞാൻ അങ്ങയുടെ കല്പനകളെ പൊന്നിനെയും തങ്കത്തെയുംകാൾ സ്നേഹിക്കുന്നു. അതുകൊണ്ട് അവിടുത്തെ ചട്ടങ്ങളുടെ മാർഗത്തിൽ നടക്കാൻ ഞാനിഷ്ടപ്പെടുന്നു. ഞാൻ എല്ലാ ദുർമാർഗങ്ങളെയും വെറുക്കുന്നു. അങ്ങയുടെ കല്പനകൾ അദ്ഭുതകരമാകുന്നു; അതുകൊണ്ടു ഞാൻ അവ അനുസരിക്കുന്നു. അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോൾ പ്രകാശം ലഭിക്കുന്നു. അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു. അവിടുത്തെ കല്പനകൾക്കുവേണ്ടിയുള്ള അഭിവാഞ്ഛയാൽ, ഞാൻ ആർത്തിയോടെ വായ് തുറക്കുന്നു. അങ്ങയെ സ്നേഹിക്കുന്നവരോടു ചെയ്യുന്നതുപോലെ എന്നിലേക്കു തിരിഞ്ഞ് എന്നോടു കരുണ ചെയ്യണമേ. അങ്ങയുടെ വാഗ്ദാനപ്രകാരം എന്റെ കാലടികളെ പതറാതെ സൂക്ഷിക്കണമേ. അധർമങ്ങൾ എന്നെ കീഴടക്കാതിരിക്കട്ടെ. പീഡകരിൽനിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ പ്രമാണങ്ങൾ ഞാൻ അനുസരിക്കും. അങ്ങയുടെ ദാസനെ കരുണയോടെ കടാക്ഷിക്കണമേ. അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. മനുഷ്യർ അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാത്തതുകൊണ്ട്, എന്റെ കണ്ണിൽനിന്നു കണ്ണുനീർ നീർച്ചാലുപോലെ ഒഴുകുന്നു.

സങ്കീർത്തനങ്ങൾ 119:125-136 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഞാൻ അങ്ങേയുടെ ദാസൻ ആകുന്നു; അങ്ങേയുടെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്ക് ബുദ്ധി നല്കേണമേ. യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; അവർ അങ്ങേയുടെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു. അതുകൊണ്ട് അങ്ങേയുടെ കല്പനകൾ എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു. അതുകൊണ്ട് അങ്ങേയുടെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി, ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു. അങ്ങേയുടെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്‍റെ മനസ്സ് അവ പ്രമാണിക്കുന്നു. അങ്ങേയുടെ വചനങ്ങളുടെ വികാശനം പ്രകാശം പ്രദാനം ചെയ്യുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. അങ്ങേയുടെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് അങ്ങ് ചെയ്യുന്നതുപോലെ എങ്കലേക്ക് തിരിഞ്ഞ് എന്നോട് കൃപ ചെയ്യേണമേ. എന്‍റെ കാലടികൾ അങ്ങേയുടെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. മനുഷ്യന്‍റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കും. അടിയന്‍റെമേൽ തിരുമുഖം പ്രകാശിപ്പിച്ച് അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. അവർ അങ്ങേയുടെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ എന്‍റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു.

സങ്കീർത്തനങ്ങൾ 119:125-136 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ. യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു. അതുകൊണ്ടു നിന്റെ കല്പനകൾ എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു. ആകയാൽ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാൻ സകലവ്യാജമാർഗ്ഗത്തേയും വെറുക്കുന്നു. നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു. നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ ഞാൻ എന്റെ വായ് തുറന്നു കിഴെക്കുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ. എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. മനുഷ്യന്റെ പീഡനത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കും. അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ. അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്റെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു.

സങ്കീർത്തനങ്ങൾ 119:125-136 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ അവിടത്തെ ദാസനാകുന്നു; അവിടത്തെ നിയമവ്യവസ്ഥകൾ മനസ്സിലാക്കാനുള്ള വിവേകം എനിക്കു നൽകിയാലും. യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം, അവിടത്തെ ന്യായപ്രമാണം ലംഘിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ കൽപ്പനകൾ സ്വർണത്തെക്കാളും തങ്കത്തെക്കാളും ഞാൻ ഇഷ്ടപ്പെടുന്നു, അതുനിമിത്തം അവിടത്തെ പ്രമാണങ്ങളെല്ലാം ശരിയെന്നു ഞാൻ അംഗീകരിക്കുന്നു, എല്ലാ കപടമാർഗവും ഞാൻ വെറുക്കുന്നു. അവിടത്തെ നിയമവ്യവസ്ഥകൾ അതിശയകരം; ആയതിനാൽ ഞാൻ അവ അനുസരിക്കുന്നു. അവിടത്തെ വചനം തുറക്കപ്പെടുമ്പോൾ അതു പ്രകാശപൂരിതമാകുന്നു; ഇതു ലളിതമാനസരെ പ്രബുദ്ധരാക്കുന്നു. അവിടത്തെ കൽപ്പനകൾക്കായുള്ള അഭിവാഞ്ഛയാൽ, ഞാൻ വായ് തുറക്കുകയും കിതയ്ക്കുകയുംചെയ്യുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവരോട് അവിടന്ന് എപ്പോഴും ചെയ്യുന്നതുപോലെ, എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ. തിരുവചനപ്രകാരം എന്റെ കാലടികളെ നയിക്കണമേ; ഒരു അകൃത്യവും എന്റെമേൽ വാഴാതിരിക്കട്ടെ. മനുഷ്യരുടെ പീഡനത്തിൽനിന്നും എന്നെ വീണ്ടെടുക്കണമേ, അപ്പോൾ ഞാൻ അവിടത്തെ പ്രമാണങ്ങൾ പ്രാവർത്തികമാക്കും. അവിടത്തെ ദാസന്റെമേൽ അങ്ങയുടെ മുഖം പ്രകാശിപ്പിച്ച് അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. ജനം അവിടത്തെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ, എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു.