സങ്കീർത്തനങ്ങൾ 119:105-144
സങ്കീർത്തനങ്ങൾ 119:105-144 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും. ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ പ്രാണത്യാഗം ചെയ്വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്കു കെണി വച്ചിരിക്കുന്നു; എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല. ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു. നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു. ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു. നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു. എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമികളേ, എന്നെ വിട്ടകന്നു പോകുവിൻ. ഞാൻ ജീവിച്ചിരിക്കേണ്ടതിനു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ. ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളിൽ ഞാൻ നിരന്തരം രസിക്കും. നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെയൊക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർഥമാകുന്നു. ഭൂമിയിലെ സകല ദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ട് നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു. നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു. ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചു കൊടുക്കരുതേ. അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. എന്റെ കണ്ണ് നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു. നിന്റെ ദയയ്ക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ. യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബലമാക്കിയിരിക്കുന്നു. അതുകൊണ്ട് നിന്റെ കല്പനകൾ എനിക്കു പൊന്നിലും, തങ്കത്തിലും അധികം പ്രിയമാകുന്നു. ആകയാൽ നിന്റെ സകല പ്രമാണങ്ങളും ഒത്തതെന്ന് എണ്ണി, ഞാൻ സകല വ്യാജമാർഗത്തെയും വെറുക്കുന്നു. നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവയെ പ്രമാണിക്കുന്നു. നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ ഞാൻ എന്റെ വായ് തുറന്നു കിഴയ്ക്കുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യേണമേ. എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കും. അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ട് എന്റെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു. യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നെ. നീ നീതിയോടും അത്യന്ത വിശ്വസ്തതയോടുംകൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു. എന്റെ വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ട് എന്റെ എരിവ് എന്നെ സംഹരിക്കുന്നു. നിന്റെ വചനം അതിവിശുദ്ധമാകുന്നു. അതുകൊണ്ട് അടിയന് അതു പ്രിയമാകുന്നു. ഞാൻ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല. നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു. കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു. നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു ബുദ്ധി നല്കേണമേ.
സങ്കീർത്തനങ്ങൾ 119:105-144 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്‍ക്കു പ്രകാശവുമാകുന്നു. അങ്ങയുടെ നീതിയുക്തമായ കല്പനകൾ അനുസരിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്തു; ഞാനതു പാലിക്കും. ഞാൻ അത്യധികം കഷ്ടതയിലായിരിക്കുന്നു. സർവേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്‌കണമേ. പരമനാഥാ, ഞാനർപ്പിക്കുന്ന സ്തോത്രങ്ങൾ സ്വീകരിക്കണമേ. അവിടുത്തെ കല്പനകൾ എന്നെ പഠിപ്പിക്കണമേ. എന്റെ പ്രാണൻ എപ്പോഴും അപകടത്തിലാണ്. എങ്കിലും ഞാൻ അവിടുത്തെ ധർമശാസ്ത്രം മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്കു കെണി ഒരുക്കിയിരിക്കുന്നു; എങ്കിലും ഞാൻ അങ്ങയുടെ പ്രമാണങ്ങളിൽ നിന്നു വ്യതിചലിക്കുന്നില്ല. അങ്ങയുടെ കല്പനകളാണ് എന്റെ ശാശ്വതാവകാശം; അവ എന്റെ ആനന്ദമാകുന്നു. അങ്ങയുടെ ചട്ടങ്ങൾ എന്നേക്കും പാലിക്കുമെന്നു ഞാൻ തീരുമാനിച്ചിരിക്കുന്നു. കപടഹൃദയമുള്ളവരെ ഞാൻ വെറുക്കുന്നു. എന്നാൽ ഞാൻ അങ്ങയുടെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നു. എന്റെ സങ്കേതവും പരിചയും അവിടുന്നാകുന്നു. ഞാൻ അങ്ങയുടെ വാഗ്ദാനത്തിൽ പ്രത്യാശ വയ്‍ക്കുന്നു. ദുഷ്കർമികളേ, എന്നെ വിട്ടുപോകുവിൻ, ഞാൻ എന്റെ ദൈവത്തിന്റെ കല്പനകൾ അനുസരിക്കട്ടെ. എന്നെ താങ്ങണമേ, അങ്ങയുടെ വാഗ്ദാന പ്രകാരം, ഞാൻ ജീവിച്ചിരിക്കട്ടെ; എന്റെ പ്രത്യാശ അപമാനകാരണമാകരുതേ. എന്നെ താങ്ങണമേ. ഞാൻ സുരക്ഷിതനായിരിക്കട്ടെ. അങ്ങനെ അവിടുത്തെ കല്പനകളെ ഞാൻ എപ്പോഴും ആദരിക്കട്ടെ. അങ്ങയുടെ ചട്ടങ്ങളിൽനിന്നു വ്യതിചലിക്കുന്നവരെ അവിടുന്നു പരിത്യജിക്കുന്നു. അവരുടെ കൗശലം വ്യർഥമാണ്. ഭൂമിയിലെ സകല ദുഷ്ടന്മാരെയും വിലകെട്ടവരായി അവിടുന്ന് എറിഞ്ഞു കളയുന്നു. ഞാൻ അവിടുത്തെ കല്പനകളെ സ്നേഹിക്കുന്നു. അങ്ങയോടുള്ള ഭയത്താൽ എന്റെ ശരീരം വിറകൊള്ളുന്നു. അങ്ങയുടെ വിധികളെ ഞാൻ ഭയപ്പെടുന്നു. നീതിയും ന്യായവുമാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. മർദകന്മാർക്ക് എന്നെ ഏല്പിച്ചു കൊടുക്കരുതേ. അങ്ങയുടെ ദാസനു നന്മ ഉറപ്പുവരുത്തണമേ. അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. അവിടുത്തെ രക്ഷയും നീതിപൂർവമായ വാഗ്ദാനത്തിന്റെ പൂർത്തീകരണവും കാത്തിരുന്ന് എന്റെ കണ്ണു കുഴയുന്നു. അങ്ങയുടെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നോടു വർത്തിക്കണമേ. അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. ഞാൻ അങ്ങയുടെ ദാസനാകുന്നു. അങ്ങയുടെ കല്പനകൾ ഗ്രഹിക്കാൻ എനിക്കു വിവേകം നല്‌കണമേ. സർവേശ്വരാ, അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം ഇതാകുന്നു. അവിടുത്തെ ധർമശാസ്ത്രം അവർ ലംഘിച്ചിരിക്കുന്നുവല്ലോ. ഞാൻ അങ്ങയുടെ കല്പനകളെ പൊന്നിനെയും തങ്കത്തെയുംകാൾ സ്നേഹിക്കുന്നു. അതുകൊണ്ട് അവിടുത്തെ ചട്ടങ്ങളുടെ മാർഗത്തിൽ നടക്കാൻ ഞാനിഷ്ടപ്പെടുന്നു. ഞാൻ എല്ലാ ദുർമാർഗങ്ങളെയും വെറുക്കുന്നു. അങ്ങയുടെ കല്പനകൾ അദ്ഭുതകരമാകുന്നു; അതുകൊണ്ടു ഞാൻ അവ അനുസരിക്കുന്നു. അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോൾ പ്രകാശം ലഭിക്കുന്നു. അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു. അവിടുത്തെ കല്പനകൾക്കുവേണ്ടിയുള്ള അഭിവാഞ്ഛയാൽ, ഞാൻ ആർത്തിയോടെ വായ് തുറക്കുന്നു. അങ്ങയെ സ്നേഹിക്കുന്നവരോടു ചെയ്യുന്നതുപോലെ എന്നിലേക്കു തിരിഞ്ഞ് എന്നോടു കരുണ ചെയ്യണമേ. അങ്ങയുടെ വാഗ്ദാനപ്രകാരം എന്റെ കാലടികളെ പതറാതെ സൂക്ഷിക്കണമേ. അധർമങ്ങൾ എന്നെ കീഴടക്കാതിരിക്കട്ടെ. പീഡകരിൽനിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ പ്രമാണങ്ങൾ ഞാൻ അനുസരിക്കും. അങ്ങയുടെ ദാസനെ കരുണയോടെ കടാക്ഷിക്കണമേ. അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. മനുഷ്യർ അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാത്തതുകൊണ്ട്, എന്റെ കണ്ണിൽനിന്നു കണ്ണുനീർ നീർച്ചാലുപോലെ ഒഴുകുന്നു. സർവേശ്വരാ, അവിടുന്നു നീതിമാനാകുന്നു. അവിടുത്തെ വിധികൾ നീതിനിഷ്ഠമാണ്. നീതിയോടും വിശ്വസ്തതയോടും അവിടുന്നു കല്പനകൾ നല്‌കിയിരിക്കുന്നു. എന്റെ ശത്രുക്കൾ അവിടുത്തെ വചനം അവഗണിക്കുന്നതിനാൽ, അവരോടുള്ള കോപം എന്നിൽ ജ്വലിക്കുന്നു. അവിടുത്തെ വാഗ്ദാനം വിശ്വസ്തമെന്നു തെളിഞ്ഞതാണ്. ഈ ദാസൻ അതിനെ സ്നേഹിക്കുന്നു. ഞാൻ നിസ്സാരനും നിന്ദിതനുമാണ്, എങ്കിലും അങ്ങയുടെ കല്പനകൾ ഞാൻ വിസ്മരിക്കുന്നില്ല. അങ്ങയുടെ നീതി ശാശ്വതവും അവിടുത്തെ ധർമശാസ്ത്രം സത്യവുമാകുന്നു. കഷ്ടതയും വേദനയും എന്നെ ഗ്രസിച്ചിരിക്കുന്നു. എങ്കിലും അങ്ങയുടെ കല്പനകൾ എനിക്ക് ആനന്ദം പകരുന്നു. അവിടുത്തെ കല്പനകൾ എന്നും നീതിനിഷ്ഠമാകുന്നു. ഞാൻ ജീവിച്ചിരിക്കുന്നതിന് എനിക്കു വിവേകം നല്‌കണമേ.
സങ്കീർത്തനങ്ങൾ 119:105-144 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങേയുടെ വചനം എന്‍റെ കാലിന് ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. അങ്ങേയുടെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് ഞാൻ സത്യംചെയ്തു; അത് ഞാൻ നിവർത്തിക്കും. ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; അങ്ങേയുടെ വിധികൾ എനിക്ക് ഉപദേശിച്ചു തരേണമേ. എന്‍റെ ജീവന്‍ എപ്പോഴും അപകടത്തില്‍ ആയിരിക്കുന്നു; എങ്കിലും അങ്ങേയുടെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്ക് കെണി വച്ചിരിക്കുന്നു; എങ്കിലും ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല. ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ എന്‍റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു. അങ്ങേയുടെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ ഞാൻ എന്റെ ഹൃദയം ചായിച്ചിരിക്കുന്നു. ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു. അങ്ങ് എന്‍റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു. എന്റെ ദൈവത്തിന്റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമ്മികളേ, എന്നെവിട്ടു പോകുവിൻ. ഞാൻ ജീവിച്ചിരിക്കേണ്ടതിന് അങ്ങേയുടെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ. ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങേണമേ; അങ്ങേയുടെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും. അങ്ങേയുടെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും അങ്ങ് നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു. ഭൂമിയിലെ സകലദുഷ്ടന്മാരെയും അങ്ങ് മാലിന്യംപോലെ നീക്കിക്കളയുന്നു; അതുകൊണ്ട് അങ്ങേയുടെ സാക്ഷ്യങ്ങൾ എനിക്ക് പ്രിയമാകുന്നു. അങ്ങയെക്കുറിച്ചുള്ള ഭയം നിമിത്തം എന്‍റെ ദേഹം വിറയ്ക്കുന്നു; അങ്ങേയുടെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു. ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ. അടിയന്‍റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. എന്റെ കണ്ണ് അങ്ങേയുടെ രക്ഷയെയും അങ്ങേയുടെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു. അങ്ങേയുടെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്, അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ അങ്ങേയുടെ ദാസൻ ആകുന്നു; അങ്ങേയുടെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്ക് ബുദ്ധി നല്കേണമേ. യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; അവർ അങ്ങേയുടെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു. അതുകൊണ്ട് അങ്ങേയുടെ കല്പനകൾ എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു. അതുകൊണ്ട് അങ്ങേയുടെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി, ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു. അങ്ങേയുടെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവ പ്രമാണിക്കുന്നു. അങ്ങേയുടെ വചനങ്ങളുടെ വികാശനം പ്രകാശം പ്രദാനം ചെയ്യുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. അങ്ങേയുടെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് അങ്ങ് ചെയ്യുന്നതുപോലെ എങ്കലേക്ക് തിരിഞ്ഞ് എന്നോട് കൃപ ചെയ്യേണമേ. എന്‍റെ കാലടികൾ അങ്ങേയുടെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കും. അടിയന്‍റെമേൽ തിരുമുഖം പ്രകാശിപ്പിച്ച് അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. അവർ അങ്ങേയുടെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ എന്‍റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു. യഹോവേ, അങ്ങ് നീതിമാനാകുന്നു; അങ്ങേയുടെ വിധികൾ നേരുള്ളവ തന്നെ. അങ്ങ് നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി അങ്ങേയുടെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു. എന്റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട് എന്റെ എരിവ് എന്നെ സംഹരിക്കുന്നു. അങ്ങേയുടെ വചനം അത്യന്തം വിശുദ്ധമാകുന്നു; അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു. ഞാൻ എളിയവനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ മറക്കുന്നില്ല. അങ്ങേയുടെ നീതി ശാശ്വതനീതിയും അങ്ങേയുടെ ന്യായപ്രമാണം സത്യവുമാകുന്നു. കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും അങ്ങേയുടെ കല്പനകൾ എന്റെ പ്രമോദമാകുന്നു. അങ്ങേയുടെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്ക് ബുദ്ധി നല്കേണമേ.
സങ്കീർത്തനങ്ങൾ 119:105-144 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും. ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ. ഞാൻ പ്രാണത്യാഗം ചെയ്വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല. ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു. നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു. ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു. നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു. എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന്നു ദുഷ്കർമ്മികളേ, എന്നെ വിട്ടകന്നു പോകുവിൻ. ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ. ഞാൻ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളിൽ ഞാൻ നിരന്തരം രസിക്കും. നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു. ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു. നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചം കൊള്ളുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു. ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്കു എന്നെ ഏല്പിച്ചുകൊടുക്കരുതേ. അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. എന്റെ കണ്ണു നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു. നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ. യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു. അതുകൊണ്ടു നിന്റെ കല്പനകൾ എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു. ആകയാൽ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാൻ സകലവ്യാജമാർഗ്ഗത്തേയും വെറുക്കുന്നു. നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു. നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ ഞാൻ എന്റെ വായ് തുറന്നു കിഴെക്കുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ. എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. മനുഷ്യന്റെ പീഡനത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കും. അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ. അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്റെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു. യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നേ. നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു. എന്റെ വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു എന്റെ എരിവു എന്നെ സംഹരിക്കുന്നു. നിന്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു. ഞാൻ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല. നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു. കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു. നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ.
സങ്കീർത്തനങ്ങൾ 119:105-144 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങയുടെ വചനം എന്റെ പാദങ്ങൾക്കു ദീപവും, എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ പിൻതുടരുമെന്ന്, ഞാൻ ഒരു ശപഥംചെയ്തിരിക്കുന്നു; അതു ഞാൻ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. ഞാൻ വളരെയധികം സഹനമനുഭവിച്ചിരിക്കുന്നു; യഹോവേ, അവിടത്തെ വചനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ. യഹോവേ, എന്റെ അധരങ്ങളിൽനിന്നുള്ള സ്വമേധാസ്തോത്രങ്ങൾ സ്വീകരിച്ച്, അവിടത്തെ നിയമങ്ങൾ എന്നെ അഭ്യസിപ്പിക്കണമേ. എന്റെ ജീവൻ മിക്കപ്പോഴും അപകടത്തിലാണ്, എന്നാലും ഞാൻ അങ്ങയുടെ ന്യായപ്രമാണം മറക്കുകയില്ല. ദുഷ്ടർ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു, എങ്കിലും ഞാൻ അവിടത്തെ പ്രമാണങ്ങളിൽനിന്നും അകന്നുമാറിയിട്ടില്ല. അവിടത്തെ നിയമവ്യവസ്ഥകൾ എന്നെന്നേക്കുമുള്ള എന്റെ പൈതൃകാവകാശമാണ്; അവതന്നെയാണ് എന്റെ ഹൃദയത്തിന്റെ ആനന്ദം. അവിടത്തെ ഉത്തരവുകൾ അന്ത്യംവരെ ആചരിക്കാൻ ഞാൻ എന്റെ ഹൃദയം സജ്ജമാക്കിയിരിക്കുന്നു. ഇരുമനസ്സുള്ള മനുഷ്യരെ ഞാൻ വെറുക്കുന്നു, എന്നാൽ, അവിടത്തെ ന്യായപ്രമാണത്തെ ഞാൻ സ്നേഹിക്കുന്നു. അവിടന്ന് എന്റെ സങ്കേതവും പരിചയും ആകുന്നു; ഞാൻ എന്റെ പ്രത്യാശ അങ്ങയുടെ തിരുവചനത്തിൽ അർപ്പിച്ചിരിക്കുന്നു. അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകന്നുപോകൂ, ഞാൻ എന്റെ ദൈവത്തിന്റെ കൽപ്പനകൾ പാലിക്കട്ടെ! അവിടത്തെ വാഗ്ദാനപ്രകാരം എന്നെ നിലനിർത്തണമേ, അപ്പോൾ ഞാൻ ജീവിക്കും; എന്റെ പ്രതീക്ഷകൾ തകർത്തുകളയരുതേ. എന്നെ താങ്ങിനിർത്തണമേ, അങ്ങനെ ഞാൻ വിടുവിക്കപ്പെടും; അവിടത്തെ ഉത്തരവുകൾക്ക് ഞാൻ അതീവപരിഗണനനൽകും. അവിടത്തെ ഉത്തരവുകൾ നിരാകരിച്ച്, അതിൽനിന്നും വ്യതിചലിക്കുന്നവരെ അങ്ങ് നിരസിക്കുന്നു, കാരണം അവരുടെ ദിവാസ്വപ്നങ്ങൾ വ്യർഥമത്രേ. ഭൂമിയിലെ സകലദുഷ്ടതയും അങ്ങ് ലോഹക്കിട്ടംപോലെ ഉപേക്ഷിക്കുന്നു; അതിനാൽ ഞാൻ അവിടത്തെ നിയമവ്യവസ്ഥകളെ പ്രണയിക്കുന്നു. അങ്ങയോടുള്ള ഭയംനിമിത്തം എന്റെ ശരീരം വിറകൊള്ളുന്നു; അവിടത്തെ നിയമങ്ങൾക്കുമുന്നിൽ ഞാൻ ഭയാദരവോടെ നിൽക്കുന്നു. നീതിനിഷ്ഠവും ന്യായമായതും ഞാൻ പ്രവർത്തിച്ചിരിക്കുന്നു; എന്റെ പീഡകരുടെ കൈയിലേക്ക് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ. അടിയന്റെ നന്മ അവിടന്ന് ഉറപ്പാക്കണമേ; അഹങ്കാരികൾ എന്നെ അടിച്ചമർത്താൻ അനുവദിക്കരുതേ. അങ്ങയുടെ രക്ഷയ്ക്കായി, അവിടത്തെ നീതിനിഷ്ഠമായ വാഗ്ദാനത്തിനായി കാത്തിരുന്ന്, എന്റെ കണ്ണുകൾ മങ്ങിപ്പോകുന്നു. അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി അടിയനോട് ഇടപെടണമേ, അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. ഞാൻ അവിടത്തെ ദാസനാകുന്നു; അവിടത്തെ നിയമവ്യവസ്ഥകൾ മനസ്സിലാക്കാനുള്ള വിവേകം എനിക്കു നൽകിയാലും. യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം, അവിടത്തെ ന്യായപ്രമാണം ലംഘിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ കൽപ്പനകൾ സ്വർണത്തെക്കാളും തങ്കത്തെക്കാളും ഞാൻ ഇഷ്ടപ്പെടുന്നു, അതുനിമിത്തം അവിടത്തെ പ്രമാണങ്ങളെല്ലാം ശരിയെന്നു ഞാൻ അംഗീകരിക്കുന്നു, എല്ലാ കപടമാർഗവും ഞാൻ വെറുക്കുന്നു. അവിടത്തെ നിയമവ്യവസ്ഥകൾ അതിശയകരം; ആയതിനാൽ ഞാൻ അവ അനുസരിക്കുന്നു. അവിടത്തെ വചനം തുറക്കപ്പെടുമ്പോൾ അതു പ്രകാശപൂരിതമാകുന്നു; ഇതു ലളിതമാനസരെ പ്രബുദ്ധരാക്കുന്നു. അവിടത്തെ കൽപ്പനകൾക്കായുള്ള അഭിവാഞ്ഛയാൽ, ഞാൻ വായ് തുറക്കുകയും കിതയ്ക്കുകയുംചെയ്യുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവരോട് അവിടന്ന് എപ്പോഴും ചെയ്യുന്നതുപോലെ, എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ. തിരുവചനപ്രകാരം എന്റെ കാലടികളെ നയിക്കണമേ; ഒരു അകൃത്യവും എന്റെമേൽ വാഴാതിരിക്കട്ടെ. മനുഷ്യരുടെ പീഡനത്തിൽനിന്നും എന്നെ വീണ്ടെടുക്കണമേ, അപ്പോൾ ഞാൻ അവിടത്തെ പ്രമാണങ്ങൾ പ്രാവർത്തികമാക്കും. അവിടത്തെ ദാസന്റെമേൽ അങ്ങയുടെ മുഖം പ്രകാശിപ്പിച്ച് അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. ജനം അവിടത്തെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ, എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു. യഹോവേ, അവിടന്നു നീതിമാൻ ആകുന്നു, അവിടത്തെ നിയമങ്ങളും നീതിയുക്തമായവ. അവിടന്നു നടപ്പാക്കിയ നിയമവ്യവസ്ഥകൾ നീതിയുള്ളവ; അവ പൂർണമായും വിശ്വാസയോഗ്യമാകുന്നു. എന്റെ ശത്രുക്കൾ തിരുവചനം തിരസ്കരിക്കുന്നതുകൊണ്ട്, എന്റെ തീക്ഷ്ണത എന്നെ ദഹിപ്പിക്കുന്നു. അവിടത്തെ വാഗ്ദാനങ്ങൾ സ്‌ഫുടംചെയ്തവയാണ്, അതിനാൽ അങ്ങയുടെ ദാസൻ അവ സ്നേഹിക്കുന്നു. ഞാൻ വിനയാന്വിതനും നിന്ദിതനുമെങ്കിലും, അവിടത്തെ പ്രമാണങ്ങളൊന്നും ഞാൻ മറക്കുന്നില്ല. അവിടത്തെ നീതി ശാശ്വതവും ന്യായപ്രമാണം സത്യവും ആകുന്നു. കഷ്ടതയും വിപത്തും എന്നെ പിടികൂടിയിരിക്കുന്നു, എന്നാൽ അവിടത്തെ കൽപ്പനകൾ എനിക്ക് ആനന്ദം പകരുന്നു. അവിടത്തെ നിയമവ്യവസ്ഥകൾ എപ്പോഴും നീതിയുക്തമായവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു വിവേകം നൽകണമേ.