സങ്കീർത്തനങ്ങൾ 119:105-112
സങ്കീർത്തനങ്ങൾ 119:105-112 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും. ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ പ്രാണത്യാഗം ചെയ്വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്കു കെണി വച്ചിരിക്കുന്നു; എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല. ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു. നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:105-112 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്‍ക്കു പ്രകാശവുമാകുന്നു. അങ്ങയുടെ നീതിയുക്തമായ കല്പനകൾ അനുസരിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്തു; ഞാനതു പാലിക്കും. ഞാൻ അത്യധികം കഷ്ടതയിലായിരിക്കുന്നു. സർവേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്‌കണമേ. പരമനാഥാ, ഞാനർപ്പിക്കുന്ന സ്തോത്രങ്ങൾ സ്വീകരിക്കണമേ. അവിടുത്തെ കല്പനകൾ എന്നെ പഠിപ്പിക്കണമേ. എന്റെ പ്രാണൻ എപ്പോഴും അപകടത്തിലാണ്. എങ്കിലും ഞാൻ അവിടുത്തെ ധർമശാസ്ത്രം മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്കു കെണി ഒരുക്കിയിരിക്കുന്നു; എങ്കിലും ഞാൻ അങ്ങയുടെ പ്രമാണങ്ങളിൽ നിന്നു വ്യതിചലിക്കുന്നില്ല. അങ്ങയുടെ കല്പനകളാണ് എന്റെ ശാശ്വതാവകാശം; അവ എന്റെ ആനന്ദമാകുന്നു. അങ്ങയുടെ ചട്ടങ്ങൾ എന്നേക്കും പാലിക്കുമെന്നു ഞാൻ തീരുമാനിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:105-112 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങേയുടെ വചനം എന്‍റെ കാലിന് ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. അങ്ങേയുടെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് ഞാൻ സത്യംചെയ്തു; അത് ഞാൻ നിവർത്തിക്കും. ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; അങ്ങേയുടെ വിധികൾ എനിക്ക് ഉപദേശിച്ചു തരേണമേ. എന്‍റെ ജീവന്‍ എപ്പോഴും അപകടത്തില്‍ ആയിരിക്കുന്നു; എങ്കിലും അങ്ങേയുടെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്ക് കെണി വച്ചിരിക്കുന്നു; എങ്കിലും ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല. ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ എന്‍റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു. അങ്ങേയുടെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ ഞാൻ എന്റെ ഹൃദയം ചായിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:105-112 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും. ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ. ഞാൻ പ്രാണത്യാഗം ചെയ്വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല. ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു. നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:105-112 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങയുടെ വചനം എന്റെ പാദങ്ങൾക്കു ദീപവും, എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ പിൻതുടരുമെന്ന്, ഞാൻ ഒരു ശപഥംചെയ്തിരിക്കുന്നു; അതു ഞാൻ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. ഞാൻ വളരെയധികം സഹനമനുഭവിച്ചിരിക്കുന്നു; യഹോവേ, അവിടത്തെ വചനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ. യഹോവേ, എന്റെ അധരങ്ങളിൽനിന്നുള്ള സ്വമേധാസ്തോത്രങ്ങൾ സ്വീകരിച്ച്, അവിടത്തെ നിയമങ്ങൾ എന്നെ അഭ്യസിപ്പിക്കണമേ. എന്റെ ജീവൻ മിക്കപ്പോഴും അപകടത്തിലാണ്, എന്നാലും ഞാൻ അങ്ങയുടെ ന്യായപ്രമാണം മറക്കുകയില്ല. ദുഷ്ടർ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു, എങ്കിലും ഞാൻ അവിടത്തെ പ്രമാണങ്ങളിൽനിന്നും അകന്നുമാറിയിട്ടില്ല. അവിടത്തെ നിയമവ്യവസ്ഥകൾ എന്നെന്നേക്കുമുള്ള എന്റെ പൈതൃകാവകാശമാണ്; അവതന്നെയാണ് എന്റെ ഹൃദയത്തിന്റെ ആനന്ദം. അവിടത്തെ ഉത്തരവുകൾ അന്ത്യംവരെ ആചരിക്കാൻ ഞാൻ എന്റെ ഹൃദയം സജ്ജമാക്കിയിരിക്കുന്നു.