സങ്കീർത്തനങ്ങൾ 119:101-106

സങ്കീർത്തനങ്ങൾ 119:101-106 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അങ്ങയുടെ വചനം അനുസരിക്കാൻവേണ്ടി, എല്ലാ ദുർമാർഗങ്ങളിൽനിന്നും ഞാൻ പിന്തിരിയുന്നു. ഞാൻ അങ്ങയുടെ കല്പനകളിൽനിന്നു വ്യതിചലിച്ചിട്ടില്ല. അങ്ങാണല്ലോ അവ എന്നെ പഠിപ്പിച്ചത്. അങ്ങയുടെ വചനം എനിക്ക് എത്ര മധുരം! അവ എന്റെ വായ്‍ക്ക് തേനിനെക്കാൾ മധുരമുള്ളത്. അങ്ങയുടെ പ്രമാണങ്ങളിലൂടെയാണു ഞാൻ വിവേകം നേടുന്നത്. അതുകൊണ്ടു ദുഷ്ടമാർഗങ്ങളോട് എനിക്കു വെറുപ്പാണ്. അങ്ങയുടെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്‍ക്കു പ്രകാശവുമാകുന്നു. അങ്ങയുടെ നീതിയുക്തമായ കല്പനകൾ അനുസരിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്തു; ഞാനതു പാലിക്കും.

സങ്കീർത്തനങ്ങൾ 119:101-106 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അങ്ങേയുടെ വചനം പ്രമാണിക്കേണ്ടതിന് ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു. അങ്ങ് എന്നെ ഉപദേശിച്ചിരിക്കുകയാൽ ഞാൻ അങ്ങേയുടെ വിധികൾ വിട്ടുമാറിയിട്ടില്ല. തിരുവചനം എന്‍റെ നാവിന് എത്ര മധുരം! അവ എന്‍റെ വായ്ക്ക് തേനിലും നല്ലത്. അങ്ങേയുടെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു. അങ്ങേയുടെ വചനം എന്‍റെ കാലിന് ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു. അങ്ങേയുടെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് ഞാൻ സത്യംചെയ്തു; അത് ഞാൻ നിവർത്തിക്കും.

സങ്കീർത്തനങ്ങൾ 119:101-106 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാൻ സകല ദുർമ്മാർഗ്ഗത്തിൽനിന്നും കാൽ വിലക്കുന്നു. നീ എന്നെ ഉപദേശിച്ചിരിക്കയാൽ ഞാൻ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല. തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു. നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു. നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.

സങ്കീർത്തനങ്ങൾ 119:101-106 സമകാലിക മലയാളവിവർത്തനം (MCV)

തിരുവചനം പാലിക്കേണ്ടതിനുവേണ്ടി, ഞാൻ എന്റെ പാതകളെ സകലദുർമാർഗങ്ങളിൽനിന്നും അകറ്റിയിരിക്കുന്നു. അവിടത്തെ നിയമങ്ങളിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല, അങ്ങുതന്നെയാണല്ലോ എന്നെ അഭ്യസിപ്പിച്ചത്. തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിനെക്കാൾ മാധുര്യമേറിയത്. അവിടത്തെ പ്രമാണങ്ങളിൽനിന്ന് ഞാൻ അറിവ് ആർജിക്കുന്നു; അതിനാൽ സകലവ്യാജവഴികളും ഞാൻ വെറുക്കുന്നു. അങ്ങയുടെ വചനം എന്റെ പാദങ്ങൾക്കു ദീപവും, എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ പിൻതുടരുമെന്ന്, ഞാൻ ഒരു ശപഥംചെയ്തിരിക്കുന്നു; അതു ഞാൻ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു.